Followers

Saturday, October 30, 2010

അശ്ലീലമാകുന്ന ആചാരവെടി !

chithrakaran

കേരളത്തില്‍ ഇപ്പോള്‍ ചത്തുപോകുന്ന പ്രജകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെങ്കില്‍ പോലീസിന്റെ ആചാരവെടി നിര്‍ബന്ധമായിരിക്കുന്നു ! വെടിയുടെ അകംബടിയില്ലാതെ പരലോകത്തുചെന്നാല്‍ ഒരു വെലയുമില്ലാത്ത അവസ്ഥ ! ഇത്രയും പറഞ്ഞത് ആചാരവെടിയുടെ അകംബടിയുമായി പരലോകത്തെത്തിയ നല്ല മനസ്സുകളോടുള്ള അനാദരവുകൊണ്ടോ, അസൂയകൊണ്ടോ , വൈരാഗ്യംകൊണ്ടോ ഒന്നുമല്ല. നമ്മുടെ സാമൂഹ്യ അപചയങ്ങള്‍ ഔദ്യോഗികമായി ആചാരവല്‍ക്കരിക്കപ്പെട്ട് നാം അറിയാതെത്തന്നെ നമ്മുടെ നശിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധങ്ങളെ കൂടുതല്‍ വേഗത്തില്‍ നാശം ത്വരിതപ്പെടുത്തുന്ന ...കക്ഷിരാഷ്ട്രീയ പ്രീണനവിദ്യകള്‍ കണ്ടു മടുപ്പനുഭവപ്പെടുന്നതുകൊണ്ട് ചിത്രകാരന്‍ പറഞ്ഞുപോകുന്നതാണ്.

ആചാരവെടിക്കെതിരെ ചിത്രകാരനെന്തിനു പ്രതികരിക്കണം? ആര്‍ക്കുംകഷ്ടനഷ്ടങ്ങളുണ്ടാക്കാത്തതും, ഒരു മാന്യ വ്യക്തിക്ക് മരണാനന്തരം നല്‍കുന്ന ഒരു ബഹുമാനവുമായി നല്‍കുന്ന ആചാരവെടി നിര്‍ദോഷമാണെന്നേ സാധാരണക്കാരന്‍ പറയു. ചിത്രകാരന്‍ സാധാരണക്കാരനല്ലല്ലോ :) ഹഹഹഹഹ...
മരണാനന്തര ചടങ്ങുകളിലെങ്കിലും ഒരു പരിപാവനത, നമ്മളെല്ലാം മണ്ണായിതീരുന്ന തുല്യരായ മനുഷ്യജന്മമാണെന്ന ഒരു തിരിച്ചറിവ്.... ഇതെല്ലാം ഇല്ലാതാക്കുന്നു ഇവന്മാരുടെ വെടി.

യുദ്ധ മുന്നണിയില്‍ വച്ച് കൊല്ലപ്പെടുന്ന ഒരു ധീര ജവാന്റെ മരണാനന്തര ചടങ്ങില്‍ പട്ടാളത്തിന്റെ അച്ചടക്കം വിടാതുള്ള മൃതദേഹത്തെ അവസാനമായി ആദരിക്കുന്ന ചടങ്ങെന്ന നിലയില്‍ ആചാരവെടി ചിത്രകാരന്‍ സഹിക്കും.
തോക്കു താഴെവെക്കാതെ ജാഗരൂഗരായി അച്ചടക്കത്തോടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന പട്ടാളത്തിന്റെ ആചാരവെടിക്ക് ഔചിത്യമുണ്ട്. ഡ്യൂട്ടിക്കിടയില്‍ വീര ചരമം പ്രാപിക്കുന്ന പോലീസുകാരന്റെ ശവസംസ്ക്കാര ചടങ്ങിലും ആചാരവെടിക്ക് സാംഗത്യമുണ്ട്. എന്നാല്‍ സാധാരണ പൌരന്മാരും, കലാകാരന്മാരും, സാഹിത്യ ജീവികളും, പത്രക്കാരും, രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ജാതി-മത വര്‍ഗ്ഗീയ പ്രമുഖരും, കൊട്ടേഷന്‍ അംഗങ്ങളും, കോണ്ട്രാക്റ്റന്മാരും ചത്തുപോകുംബോള്‍ നടത്തുന്ന ആചാരവെടി ഭരിക്കുന്ന കക്ഷിയുടെ വോട്ടുബാങ്ക് പ്രീണനവുമായി ബന്ധപ്പെട്ട പുതിയൊരു ആചാരമാണ്, ഇപ്പോള്‍ അനുഷ്ടാനവും ! ഈ ആചാരവെടി ഇനി വികസിച്ച് വികസിച്ച് എല്ല പൌരന്മാര്‍ക്കും ആചാരവെടിയോടെയുള്ള അന്തിമോപചാരം ജനകീയ അഭിലാക്ഷമായിമാറുമെന്ന് പ്രതീക്ഷിക്കാം.അതിനെത്തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ആചാരവെടിക്കു മാത്രമായി പോലീസിന്റെ ഒരു സംഘത്തെതന്നെ നിയോഗിച്ച് ധാരാളം യുവാക്കള്‍ക്ക് ജോലികൊടുക്കാനുമാകും. (ഇവര്‍ ഭാവിയില്‍ വെടിശാന്തിക്കാര്‍ എന്ന് അറിയപ്പെടും.) ഭരിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം ശാന്തിപ്പണികളേ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവികം.

ഒരു കലാകാരനോ, സാഹിത്യകാരനോ, രാഷ്ട്രീയക്കാരനോ, കൊള്ളക്കാരനോ, രാജ്യദ്രോഹിക്കോ, നല്‍കേണ്ട അര്‍ഹിക്കുന്ന മരണാനന്തര ആദരം നമ്മുടെ ജനം എന്നും നല്‍കുന്നുണ്ട്. ജനക്കൂട്ടം അത് നല്‍കുന്നുണ്ട്. അതിനിടയിലേക്ക് അധികാരത്തിന്റെ ചിഹ്നവുമായി, അധികാരത്തിന്റെ അംഗീകാരമുദ്രയുമായി,അധികാരത്തിന്റെ ശബ്ദവുമായി, അധികാരത്തിന്റെ അസമത്വവുമായി നമ്മുടെ ഭരണാധികാരികള്‍ കയറിച്ചെല്ലാന്‍ ധൈര്യപ്പെടുന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജന്മിത്വത്തിന്റേയും, നാടുവാഴിത്വത്തിന്റേയും, രാജവാഴ്ച്ചയുടേയും, മാടംബിത്വത്തിന്റേയും സാംസ്കാരിക മൂല്യബോധത്താലാണ്. നമ്മേ ഭരിക്കുന്നത് ആ സാംസ്കാരികതയാണെങ്കില്‍, നമ്മുടെ ജനാധിപത്യവും, സ്വാതന്ത്യവും, പൌരബോധവും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളും അനാഥമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നമ്മുടെ ആധുനിക മൂല്യങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം ! പഴയമൂല്യങ്ങളെ വാരിപ്പുണരാം :)