Followers

Showing posts with label haridas valamangalam. Show all posts
Showing posts with label haridas valamangalam. Show all posts

Friday, September 30, 2011

കിളിച്ചൊല്ലൽ




ഹരിദാസ് വളമംഗലം


കിളിച്ചൊല്ലൽ -1
ഹരിദാസ്‌ വളമംഗലം
വഴിയിൽ നിന്നൊരു
കിളിച്ചൊല്ലു പറന്നുപോയ്‌
ഒരു തൂവൽപോലുമനക്കാതെ
അതുമൊരുവഴിയതിൻദിക്കേത്കാലവും
മഴയിലിടവഴിയിൽ കലങ്ങി

കിളിച്ചൊല്ലൽ- 2

പഴയ തെച്ചിപ്പൂചുവന്നകുളക്കര
കറുകപടർന്ന പച്ചച്ചതീരം
നിറമേഴുമേഴായിരംനിഴലുമുണ്ടവിടെയും
അറിവ്‌ കിളിച്ചൊല്ലലല്ലോ.


Friday, July 29, 2011

കിളിപ്പാട്ട്‌


ഹരിദാസ്‌ വളമംഗലം

ഭീതിയും ഹിപ്പോക്രസി
വികസിച്ചുണ്ടായൊരു
ചാരുശീലവും
പാടിക്കേൾപ്പിക്കുപനംതത്തേ
പുതിയതുഞ്ചത്തിരുന്നാകവെ
തെറ്റിപ്പോയ കഥവീണ്ടുമീ-
ക്കാതിലാവർത്തിച്ചുരചെയ്യൂ.

Sunday, January 2, 2011

ദുരവസ്ഥ


haridas valamangalam

വെയിൽ വെൺതാപത്തിന്റെ
മണലായിളയുടെ
പടുവിസ്തൃതികളിൽ
പടർന്നു കിടക്കവേ
ഇലകളിളംകാറ്റിൽ
രാഗമാലപിക്കൊന്നരരയാൽ
ഹരിതത്തിൻ സ്വപ്നങ്ങൾ വിരിയിക്കെ
തണലിൻ ജലമേനിയകമാർദ്രമായ്‌
സ്നേഹസുകൃതം ബുദ്ധന്നുള്ളിൽ
നിറച്ചു, പക്ഷേയിന്നും
*കറുത്ത കനലുകൾ
തിന്നുന്നു കിനാക്കളെ,
കവിക്കു മോക്ഷം കിട്ടാതിപ്പൊഴുമലയുന്നു.
('ദുരവസ്ഥ'യിൽ 'കറുത്ത തീ'യെന്ന ആശാന്റെ പ്രയോഗം)



അറിവ്‌


പ്രേമവും മരണവും
രണ്ടുമൊന്നാണെന്ന്‌
താരകാകാശവും താരും തളിരും

Tuesday, November 30, 2010

അനാഥന്റെ കളി


haridas valamangalam

കുടുംബമില്ലാത്ത
പാരമ്പര്യമില്ലാത്ത
ചരിത്രമില്ലാത്ത
കഥകളുടെ
ബലത്താൽ ജീവിക്കുന്ന
നീ
ദുർബ്ബലൻ
ഒരു കുട്ടിയുടെ
ചോദ്യം മതി
നിന്റെ സിംഹാസനം
വീഴാൻ
എന്നാൽ
ഏതു ചോദ്യത്തിൽ നിന്നും
ഒളിച്ചുരക്ഷപ്പെടുന്ന
നിന്റെ കളി അതിശയകരം

വിലാസം
ഹരിദാസ്‌ വളമംഗലം

ഇടം
പേര്‌
വീട്‌
വാക്കിൽ
വളവുകളിൽ
വഴക്കങ്ങളിൽ
നീ
അടുത്തും അകലെയുമായി?

സ്നേഹം
ഹരിദാസ്‌ വളമംഗലം

വാളിനേക്കാൾ
വേഗം മുറിക്കുന്നത്‌
ക്ഷതങ്ങളേക്കാൾ
വിങ്ങുന്നത്‌
ജീവിതം വിധിച്ചിട്ടില്ലാത്തത്‌
മരണത്തെവരിക്കുന്നത്‌
മുക്തിയുടെ
ആകാശ
ദിഗ്‌
സമുദ്ര
സമാധിപൂകുന്നത്‌.

Saturday, October 30, 2010

നാരായണഗുരു


haridas valamangalam

വേറെയാരുണ്ടതുമിതുമെല്ലാം
ഏകമാമറിവാണെന്നറിഞ്ഞോൻ
വേറെയേതുമുനിയപരന്റെ
വേവകറ്റുകമോക്ഷമായ്‌ കണ്ടോൻ
വേറെയേതൊരാചാര്യനഖില-
ക്ഷേമശാസ്ത്രമരുളിക്കനിഞ്ഞോൻ
വേറെയേതു സന്യാസിയവശന്റെ
മോചനത്തിനു പോരുനയിച്ചോൻ
വേറെയാരലിവിന്റെ നവാക്ഷരീ-
മന്ത്രമേ വരമന്ത്രമെന്നോതിയോൻ.

(അനുകമ്പാദശകത്തിലെ 'അരുള്ളവനാണു ജീവി' എന്നത്‌ നവാക്ഷരീമന്ത്രം)

Thursday, July 1, 2010

കവിതകൾ


haridas valamangalam

ഇല
ഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്‌
പകൽപോലെ വിസ്മയിക്കുന്നത്‌
അലിവുപോൽ തൊടുന്നത്‌
ആകാശംവായിക്കുന്നത്‌
ആഴിയിലേക്കു വേരുള്ളത്‌
ആദിയുടെ പതാകയായത്‌

നിനക്ക്‌
നിനക്ക്‌ തീയുടെ ഹൃദയം
അത്‌ നിറഞ്ഞ സ്നേഹമായ്‌
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത്‌ വിശുദ്ധപാപമായ്‌
തിളയ്ക്കുന്നെപ്പൊഴും

ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്‌.


ചരിത്രം
ഹരിദാസ്‌ വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്‌
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച്‌ കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു