vijayakrishnan
മൂന്നുദിവസം കഴിഞ്ഞ് ഒരു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കോളനിയിലെ താമസക്കാരനായ സതീശനോട് ഭാര്യ സുമലത പറഞ്ഞു:
"ഇന്നലെ രാത്രി രണ്ടു മണിക്കാണ് അവൾ വീട്ടിലെത്തിയത്"
"ആര്?"
"അപ്പുറത്തെ പുതിയ താമസക്കാരി പെണ്ണ്. ആ സുന്ദരിക്കോത. മിനിയാന്നു രാത്രിയാണെങ്കിൽ അവളെത്തിയപ്പോൾ മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു."
"നീയെങ്ങനെയറിഞ്ഞു?"
"രാത്രി കാറിന്റെ ശബ്ദം കേട്ട് ഞാനുണർന്നു നോക്കി. കാറിലാണെങ്കിൽ നിറയെ ആണുങ്ങൾ. പെണ്ണായിട്ട് ഇവളും അമ്മയും മാത്രം."
"അവളൊരു സീരിയൽ നടിയല്ലേ? രാത്രി വൈകുംവരെ ഷൂട്ടിംഗുണ്ടായിരുന്നിരിക്കും."
"ഓ, ഷൂട്ടിംഗ്! അവള് പോകുന്നതു ഷൂട്ടിംഗിനൊന്നുമല്ല. പത്രത്തില് കാണാറില്ലേ, സീരിയൽ നടിയെ വാണിഭത്തിന് അറസ്റ്റ് ചെയ്തെന്നൊക്കെ? ഇവള് പോകുന്നതും അതിനാ-വാണിഭത്തിന്. അല്ലെങ്കിൽ ഇത്രേം രാത്രിവരെ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ?"
"എന്റെ സുമലതേ, നീ കിടന്നുറങ്ങാൻ നോക്ക്."
"എല്ലാവരും പറേണതാ ഞാനും പറയുന്നത്"
"ആരാ ഈ എല്ലാവരും?"
"അയൽക്കാർ. നിർമ്മലയും പ്രശാന്തയും രതിയും പദ്മാവതിയമ്മയും പ്രേമയുമൊക്കെ."
സതീശൻ പിന്നെയൊന്നും പറഞ്ഞില്ല. തിരിഞ്ഞുകിടന്ന് ഉറങ്ങാൻ ശ്രമിച്ചു.
പിറ്റേന്നു വൈകുന്നേരം സതീശൻ ഓഫീസിൽനിന്നു മടങ്ങുമ്പോൾ കോളനിക്കടുത്തുവച്ചു പ്രശാന്തയെക്കണ്ടു.
"സുമലത എന്നോടൊരുകാര്യം പറഞ്ഞു"
സതീശനെ കണ്ടപാടെ പ്രശാന്തപറഞ്ഞു.
"എന്താ?"
"നമ്മുടെ പുതിയ അയൽക്കാരി വാണിഭം നടത്താനാണ് രാത്രി പുറത്തുപോകുന്നതെന്ന്. കാര്യം ശരിയാണെന്ന് എനിക്കും മനസ്സിലായി."
സതീശൻ ഒന്നും മിണ്ടാതെ തിടുക്കപ്പെട്ടുനടന്നു.
'സതീശാ..."പിൻവിളികേട്ട് തിരിഞ്ഞുനോക്കിയപ്പോൾ പദ്മാവതിയമ്മയുണ്ട് ഓടിവരുന്നു.
"നമുക്ക് റസിഡന്റ്സ് അസ്സോസിയേഷൻകാരുമായി ഒന്നു സംസാരിച്ചാലോ?" അവർ ധൃതിപ്പെട്ടു ചോദിച്ചു.
"എന്താ കാര്യം?"
"നമ്മുടെ പുതിയ അയൽക്കാരി ആളൊട്ടും ശരിയല്ല. വാണിഭമാ അവളുടെ തൊഴില്."
"എങ്ങനെ അറിഞ്ഞു?"
"സുമലത പറഞ്ഞു."
സതീശൻ മിണ്ടാതെ തിരിഞ്ഞു നടന്നു. വീടിനോടടുത്തപ്പോൾ നിർമ്മലയേയും രതിയേയും കണ്ടു.
"സതീശൻ സാറെ, നമ്മുടെ കോളനിയില് നക്ഷത്രവേശ്യാലയമുണ്ടെന്നു പത്രത്തിൽവന്നാൽ മാനക്കേടാർക്കാ?" നിർമ്മല അണകെട്ടി നിർത്താൻ കഴിയാത്ത ധാർമ്മികരോഷത്തോടെ ചോദിച്ചു.
"നമ്മുടെ കോളനിയിലെവിടെയാ നക്ഷത്രവേശ്യാലയം?"
സതീശൻ അമ്പരന്നുചോദിച്ചു.
'സുമലത പറഞ്ഞില്ലേ?' അത്ഭുതത്തോടെ രതി അന്വേഷിച്ചു.
'എന്നിട്ട് അവളാണല്ലോ ഞങ്ങളോട് പറഞ്ഞത്, ആ സീരിയൽപെണ്ണിന്റെ വീട് നക്ഷത്രവേശ്യാലയമാണെന്ന്."
കാതു പൊത്തിപ്പിടിച്ചുകൊണ്ട് സതീശൻ വീട്ടിലേക്കു കയറിപ്പോയി.
ഒരാഴ്ച കഴിഞ്ഞപ്പോൾ കോളനിയിലെ ഒരു വീട്ടിൽ 'അമ്മ, അമ്മായിയമ്മ, മരുമകൾ' എന്ന മേഗാസീരിയലിന്റെ ഷൂട്ടിംഗ് നടന്നു. കോളനിയിലെ പുതിയ താമസക്കാരി അതിൽ പ്രധാനവേഷം അഭിനയിക്കുന്നുണ്ടായിരുന്നു. അവൾ അയൽക്കാരെയൊക്കെ ഷൂട്ടിംഗ് കാണാൻ ക്ഷണിച്ചു.
സുമലതയും കൂട്ടുകാരികളും സന്ധ്യയ്ക്ക് ജോലിയൊക്കെ തീർത്ത ശേഷം ഷൂട്ടിംഗ് കാണാൻ പോയി.
രാത്രി 12 മണികഴിഞ്ഞിരുന്നു സുമലത വീട്ടിൽ മടങ്ങിയെത്തിയപ്പോൾ. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ച് സതീശൻ ഉറങ്ങാൻ കിടന്നു.
രാത്രിയിലേപ്പോഴോ സുമലത സതീശനെ വിളിച്ചുണർത്തി. ജനറേറ്ററിന്റെ മുരൾച്ച അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
"നോക്കിയേ. മണി രണ്ടു കഴിഞ്ഞു. ഇപ്പഴും ഷൂട്ടിംഗ് തീർന്നിട്ടില്ല."
"അവർ ഷൂട്ട് ചെയ്തോട്ടെ. അതിനു നിനക്കെന്താ? ഉറക്കം തടസ്സപ്പെട്ടതിന്റെ നീരസത്തോടെ സതീശൻ ചോദിച്ചു.
അതു ശ്രദ്ധിക്കാതെ സുമലത തുടർന്നു.
"ഞാനതല്ല ഓർക്കുന്നത്. ആ പെണ്ണ് ദേ ഈ അർദ്ധരാത്രിയിലും അഭിനയിച്ചോണ്ടിരിക്കുകയാ. കഷ്ടം! എന്നിട്ടാ ഓരോരുത്തികള് അതിനെപ്പറ്റി ഓരോ അപവാദം പറഞ്ഞു നടക്കുന്നത്."
"എന്തപവാദം?"
"അതറിഞ്ഞില്ലേ, ആ പെണ്ണ് വാണിഭം നടത്തുന്നുണ്ടെന്ന്. അവളുടെ വീട് നക്ഷത്രവേശ്യാലയമാണെന്ന്. അങ്ങനെയെന്തൊക്കെയാ അവരൊക്കെ പറഞ്ഞുണ്ടാക്കിയത്.?"
"ആരൊക്കെ?"
"ആ പ്രശാന്തയും രതിയും പദ്മാവതിയമ്മയും നിർമ്മലയും പ്രേമയുമൊക്കെ."
"ങാ നീ കിടന്നുറങ്ങ്. എനിക്കുറക്കം വരുന്നു."
സതീശൻ തിരിഞ്ഞുകിടന്നു.