m faizal
മുരീദ് ബര്‍ഗോറ്റി
[പലസ്തീന്‍ കവി]
നമ്മുടെ ചങ്ങാതിമാര്‍ക്കിടയില്‍
ശയ്യകളിലെ വെടുപ്പുള്ള തലയണകളില്‍
കിടന്നു മരിക്കുന്നതും നന്ന്.
വിളറി ശൂന്യമായ നെഞ്ചില്‍
കൈകള്‍ വെച്ച് മരിക്കുന്നത് നന്ന്.
മുറിവുകളില്ലാതെ,
ചങ്ങലകളില്ലാതെ,
ബാനറുകളില്ലാതെ,
പരാതികളില്ലാതെ
വെടുപ്പുള്ള മരണം നല്ലതാണ്.
കുപ്പായങ്ങളില്‍ തുളകള്‍ വീഴാതെ,
വാരിയെല്ലുകളില്‍ തെളിവില്ലാതെ,
കവിളിനടിയില്‍ വെളുത്ത
തലയണയോടെ,
വഴിയോരങ്ങളിലല്ല,
മരിക്കുന്നത് നന്ന്.
നമ്മള്‍ സ്നേഹിക്കുന്നവരില്‍
കൈകള്‍ സ്വസ്ഥമായി വെച്ച്,
നിരാശരായ ഡോക്ടര്‍മാരാലും നഴ്സുമാരാലും
ചുറ്റപ്പെട്ട്,
ദിവ്യസുന്ദരമായ യാത്രാമൊഴികളല്ലാതെ
മറ്റൊന്നുമില്ലാതെ,
ചരിത്രത്തെ ഗൌനിക്കാതെ,
ഈ ലോകത്തെ അതിന്റെ പാട്ടിന് വിട്ട്,
എന്നെങ്കിലുമൊരിക്കല്‍
ആരെങ്കിലുമൊരാള്‍
ഇതെല്ലാം മാറ്റുമെന്ന്
പ്രതീക്ഷിച്ചുകൊണ്ട്.