
പഞ്ചഭൂതങ്ങളിൽ
ജലാകാരം പൂണ്ടവൾ
ഒഴുകുകയെന്നതത്രെ നിയോഗം
സത്വരജസ്തമോഭാവങ്ങളിലൂടെ
ധർമ്മത്തിന്റെ ശ്രുതിഭേദങ്ങളായി
നിരന്തരം അപഹാസ്യയാക്കപ്പെടുന്ന വിശ്വത്തിൽ
കപടനാട്യത്തിന്റെ പർദ്ദയണിഞ്ഞവർക്കായി
ഒരിക്കലും ഒഴുകുവാനാകില്ല
പാതി മുറിഞ്ഞ സംഗീതം കണക്കെ
ചുളി വീണ ഓർമ്മകൾ കണക്കെ
ഗതി മുറിഞ്ഞുകിടന്നു പല വിധം
കുടിലതയുടെ ചാട്ടവാറുകൾ ആക്രോശിച്ചു.
“പെയ്തു നിറയേണ്ട ഒഴിയുക വേഗമെന്ന്”
വിഷമാലിന്യങ്ങളെറിഞ്ഞ് മൃതപ്രായയാക്കി
നിറം കെടുത്തി,അരൂപയാക്കി
ധാർഷ്ട്യത്തിന്റെ കൊമ്പു മുളച്ചവർ...........
കുത്തനേയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ
ഞെങ്ങി ഞരങ്ങി ഒഴുകി
വെളിച്ചത്തിന്റെ രഥ്യയിലേക്കായി
ആകാശത്തിന്റെ കാതര നീലിമ അപ്പോഴും
കാതിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു
ഒഴുകുക......ഒഴുകുക............ഒഴുകി...ഒഴുകി
സ്ഫടികസമാനമാക്കുകീ ഭൂമിയെ....................