praphullan tripunithura
ചെണ്ടയും ചേങ്ങിലയും ഒരുമിച്ചു കൊണ്ടുനടക്കുകയും, എടയ്ക്ക കൊട്ടിപാടുകയും ശംഖുവിളിയ്ക്കുകയുമൊക്കെ ചെയ്യുന്ന ആ ക്ഷേത്രകലാകാരൻ മാസത്തിലൊരിയ്ക്കൽ ആ അന്തരീക്ഷത്തിനു ഉണർവ്വേകുന്നു. ക്ഷേത്രവാദ്യങ്ങളുടെ ശംഖൊലി ഉയരുമ്പോൾ അടുത്തുള്ള എല്ലാ വീട്ടുകാരും ഓർക്കും, നാളെ പുതിയ മാസം പിറക്കുകയാണ്.
ഏതെങ്കിലും ഒരു മാസത്തിൽ അയാൾ തന്റെ ജോലിയ്ക്കെത്താത്തത്തായി ആ ഗ്രാമവാസികൾക്കു അറിവില്ല. മഴയായാലും മഞ്ഞായാലും വേനലയാലും കൗപീനവും ഇറക്കംകുറഞ്ഞ ഒരൊറ്റമുണ്ടും മാത്രം ധരിച്ച് അയാൾ ഭഗവൽസേവയ്ക്കെത്തും. ആ ഗ്രാമവാസികൾക്കു അയാളെക്കുറിച്ച് ഇത്രമാത്രമറിയാം; ഇരുപതോ മുപ്പതോ നാഴികകൾക്കപ്പുറത്തെങ്ങോ ഉള്ള കിഴക്കേടത്തു മാരാത്തെ അംഗമാണയാൾ. അവിവാഹിതനാണ്. അമ്മയും വിധവയായ സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇതൊക്കെ മാരാർതന്നെ പറഞ്ഞുകേട്ട അറിവാണ്. അയാൾ അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പലരും അന്വേഷിക്കുമായിരുന്നു. അവിടത്തെ ഷാരസ്യാരും അതേപ്പറ്റി തിരക്കിയിരുന്നു. വ്യക്തമായി ഒരു മറുപടി പറയാതെ അപ്പോഴെല്ലാം അയാൾ ഒഴിഞ്ഞുമാറി. പക്ഷേ ഒരുകാര്യം അയാൾ പറയുമായിരുന്നു:- മാസത്തിലൊരിയ്ക്കൽമാത്രമുള്ള ഈ ജോലികൊണ്ട് എങ്ങനെയാണ് ഒരു കുടുംബം പുലർത്തുക? ഇതുകൂടാതെ വീടിരിയ്ക്കുന്ന കൊച്ചുപുരയിടത്തിൽനിന്ന് ഒന്നും കിട്ടാനില്ല!'
ഒരു ദിവസം ഷാരസ്യാർ പതിവിലും നേരത്തെ ഉണർന്നു. ഒന്നുകൂടി ഉറങ്ങിയാൽ ഉണരുമ്പോൾ നേരം നന്നേ വെളുത്തുപോകും. ശരറാന്തലും തൂക്കി അവർ ക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ടു. തമസ്സിന്റെ വാഴ്ചയാണെങ്ങും, ക്ഷേത്രം തുറന്നിട്ടില്ല. നാലമ്പലത്തിന്റെ ഒരു മൂലയിലുള്ള മരപ്പാളികൾക്കിടയിലൂടെ നോക്കിയപ്പോൾ അവർ ഞെട്ടിപ്പോയി. അരണ്ട നാട്ടുവെളിച്ചത്തിൽ അവർ വ്യക്തമായി കണ്ടു-സംക്രാന്തിമാരാർ ഉത്തരത്തിൽ കാലുകൾ പിണച്ച് തലകീഴായി തൂങ്ങിക്കിടക്കുന്നു. അവർക്ക് വീണ്ടും നോക്കാൻ ശക്തിയുണ്ടായില്ല. ഒരലർച്ചയോടെ അവർ താഴെവീണു. ബോധരഹിതയായി.
ഓർമ്മവീണപ്പോൾ ഷാരസ്യാരുടെ മുമ്പിൽ ഒരു വിളറിയ ചിരിയോടെ മാരാർ നിൽക്കുന്നു. അയാൾ അവരെ വീശുകയും മുഖത്തു വെള്ളം തളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവർ കാര്യമെന്തെന്നു തിരക്കി. അയാൾ പറഞ്ഞു.
"അങ്ങിനെ തലകീഴായി തൂങ്ങിക്കിടന്നാണ് ഞാനുറങ്ങുക. പണ്ടൊക്കെ തൂങ്ങിക്കിടന്നു പുളയാറുണ്ട്. ഇപ്പൊഴതുമാറി. ഇതു ഒരു രോഗമാണ്. ഇക്കാര്യം ആരോടും പറയരുത്. പറഞ്ഞാൽ എന്റെ പണിപോകും."
....അപ്പോഴേയ്ക്കും ഉദയത്തിന്റെ ചുവന്ന വെണ്മപതുക്കെ പരന്നു തുടങ്ങിയിരുന്നു.
അതുപോലെ ഒരുദിവസം രാത്രി ഉണ്ണിനമ്പൂതിരി പൂജകഴിഞ്ഞ് പോയതിനുശേഷം പതിവിനു വിപരീതമായി ക്ഷേത്രത്തിലേയ്ക്കുതന്നെ മടങ്ങിവന്നപ്പോൾ മാരാർ കാൽ മേൽപ്പോട്ടാക്കി കൈകളിൽ നിൽക്കുകയായിരുന്നു. ഉത്തരശയനത്തിന്റെ തയ്യാറെടുപ്പ്. അദ്ദേഹവും കാര്യം തിരക്കി. ശീർഷാസനം എടുക്കുകയാണെന്നു മാരാർ പറഞ്ഞപ്പോൾ ഉണ്ണിനമ്പൂതിരിയ്ക്കു സംശയിക്കാനൊന്നും തോന്നിയില്ല.
പിന്നീടൊരുദിവസം, മറ്റൊരു സംക്രാന്തിദിവസം അവിടത്തുകാരനായ ഒരു മോഷ്ടാവു ഓടുപൊക്കി ക്ഷേത്രത്തിനകത്തുകടന്നു. (സംക്രാന്തിയും ഒന്നാം തീയതിയുമാണ് ഭഗവതിയ്ക്കു തിരുവാഭരണങ്ങൾ ചാർത്തുക) തൂങ്ങി നിൽക്കുന്ന മാരാരുടെ ശരീരംകണ്ട് മോഷ്ടാവ് ഭയന്നോടി. അതിനുശേഷം സംക്രാന്തി ദിവസങ്ങളിൽ മാരാർ ക്ഷേത്രത്തിനകത്തു തലകീഴായി തൂങ്ങിക്കിടക്കുകയാണെന്നവാർത്ത ആ നാട്ടിൻപുറത്തു ചിലരെങ്കിലും അറിഞ്ഞു. പലരും വളരെ രഹസ്യമായി കാര്യം തിരക്കി. ആരും ആ വാർത്ത മനയ്ക്കൽ അറിയിക്കാൻ ധൈര്യപ്പെട്ടില്ല.
ഒരുദിവസം വളരെ അകലെയുള്ള മറ്റൊരു പട്ടണത്തിൽനിന്നും ഒരാൾ ക്ഷേത്രത്തിനോടു തൊട്ടുള്ള വളപ്പുവാങ്ങുന്നതിനായി മനയ്ക്കലെത്തി. ക്ഷേത്രംകൂടി പരിപാലിച്ചു പോരണമെങ്കിൽ അടുത്തുള്ള ആ സ്ഥലം വിൽക്കാതെ നിവൃത്തിയില്ലായിരുന്നു. ആൾ വന്നത് വിശേഷപ്പെട്ട സംക്രാന്തിദിനത്തിൽത്തന്നെ. യാദൃശ്ചികമായി വന്ന ആൾ മാരാരെ കണ്ടു. രണ്ടുപേരും പഴയ പരിചയക്കാരായിരുന്നു. വളരെനേരം സംസാരിച്ചു. അപ്പോൾ ആ പഴയ സംഭവം രണ്ടുപേരുടെയും മനസ്സിന്റെ സ്ക്രീനിലൂടെ കടന്നുപോയി. തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലുടമയായിരുന്നു അയാൾ. പണ്ട് അയാളുടെ ഹോട്ടലിൽ, സപ്ലെ, ക്ലീനിംഗ് തുടങ്ങി എല്ലാ ജോലികളും മാരാർ ചെയ്തിരുന്നു. ണല്ലോരു പാചകക്കാരനും കൂടിയായിരുന്നു മാരാർ. വിശ്വസ്ഥനും കാര്യക്ഷമതയുള്ളവനുമായ മാരാരെ ഹോട്ടലുടമയ്ക്കു നന്നേ ഇഷ്ടമായിരുന്നു. പക്ഷേ ഒരു ദിവസം അർദ്ധരാത്രിയിലുണ്ടായ ആ സംഭവം ഒരു ഞെട്ടലോടെ മാത്രമേ അവർക്കു ഓർക്കാനാവൂ. അദ്ദേഹം രാത്രി കടയടച്ചശേഷം മറ്റൊരു സുഹൃത്തുമായി ഉത്സവം കാണാൻ പോയതായിരുന്നു. മടങ്ങുംവഴി തന്റെ അടച്ചിട്ട കടയുടെ ഉള്ളിൽനിന്നും തട്ടുംമുട്ടുംകേട്ടു. അയാൾ പീടികയുടെ നിരപ്പലകയുടെ ഇടയിലൂടെ നോക്കിയപ്പോൾ മാരാർ ഉത്തരത്തിൽ തലകീഴായി കിടന്നു വില്ലുപോലെ വളയുകയും പലകമേൽ കൈമുട്ടുകൾകൊണ്ട് ഇടിയ്ക്കുകയുമൊക്കെ ചെയ്യുന്നതാണു കണ്ടത്. ഹോട്ടലുടമ ഒച്ചയുണ്ടാക്കി. ആളുകൾ ഓടിക്കൂടി. ഇതൊരു സ്ഥിരംപതിവാണെന്നും ഒരു രോഗമാണെന്നും മാരാർക്കു തുറന്നു സമ്മതിയ്ക്കേണ്ടി വന്നു. ഏതായാലും കണക്കു തീർത്തു പിറ്റേന്നുതന്നെ മാരാരെ അവിടെനിന്നും പറഞ്ഞുവിട്ടു. ചികിത്സയ്ക്കായി കുറച്ചു സംഖ്യയും കൊടുത്തു. പോകുമ്പോൾ മാരാർ കണ്ണുതുടച്ചുകൊണ്ടു പറഞ്ഞു:...." ഇത് ഏഴാമത്തെ സ്ഥലത്തുനിന്നാണ് ഇതേ കാരണത്താൽ എന്നെ ഒഴിവാക്കിവിടുന്നത്...."
പിറ്റേമാസത്തെ സംക്രാന്തിയ്ക്ക് പതിവുപോലെ ക്ഷേത്രത്തിൽ ചെന്നപ്പോൾ ഉണ്ണിനമ്പൂതിരി പതിവില്ലാത്തവിധം തന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്നുതോന്നി. സന്ധ്യയ്ക്കു ഷാരസ്യാർ വന്നപ്പോൾ പറഞ്ഞു: 'മാരാരുടെ തലകീഴായുള്ള ശയനത്തിന്റെ കാര്യം മനയ്ക്കൽ അറിഞ്ഞിരിയ്ക്കുന്നു. സ്ഥലം വാങ്ങാൻ വന്ന ഹോട്ടലുടമയാണു പറഞ്ഞത്.'
രാത്രി ഊണുകഴിഞ്ഞപ്പോൾ മനയ്ക്കലെ വലിയ നമ്പൂതിരി മാരാരെ വിളിപ്പിച്ചു. ഈ കാര്യത്തെപ്പറ്റി മാരാരോട് നേരിട്ടുതന്നെ ചോദിച്ചു. ആ ചോദ്യത്തിനു ഒരു ഇടിവെട്ടിന്റെ ശബ്ദമുണ്ടെന്നു മാരാർക്കുതോന്നി; എട്ടാമത്തെ ജോലിസ്ഥലത്തുനിന്നും തന്നെ പിരിച്ചുവിടുമോ? അയാൾ നടയ്ക്കൽ പോയി പ്രാർത്ഥിച്ചു; താൻ ശംഖുവിളിച്ചുണർത്തിയും കൊട്ടിപ്പാടിക്കൊണ്ട് അപദാനങ്ങൾ വാഴ്ത്തിയും പ്രദക്ഷിണത്തിനു വാദ്യഘോഷങ്ങളൊരുക്കിയും നിരവധി വർഷങ്ങൾ സേവിച്ച ഭഗവതിയോട്, ആരോഗ്യം നന്നേ ക്ഷയിച്ചുതുടങ്ങിയ ഈ കാലത്ത് ഇനിയും മറ്റൊരു സ്ഥലത്തുപോയി ജോലി സമ്പാദിക്കാനും പ്രവൃത്തിയെടുക്കാനും തനിക്കുവയ്യ. ഈ ജോലികൂടി നഷ്ടപ്പെടാൻ താനെങ്ങോട്ടു പോകും? തന്റെ അമ്മയും സഹോദരിയും മരുമകളും എന്തുചെയ്യും?
അടുത്ത പ്രഭാതം വിരിയുന്നതിനു മുമ്പ് ശാന്തിക്കാരനും ഷാരസ്യാരും പതിവുപോലെ വന്നുചേർന്നു. ക്ഷേത്രത്തിന്റെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടിരുന്നില്ല. പള്ളിയുണർത്തൽ ഉണ്ടായില്ല. ക്ഷേത്രത്തിനകത്തു മുഴുവൻ അവർ അന്വേഷിച്ചു. മാരാരെ കണ്ടില്ല...കിണറ്റിൽനിന്നും ജലമെടുക്കാൻ നോക്കിയപ്പോൾ ബക്കറ്റുമാത്രമുണ്ടവിടെ; കയർ കാണാനില്ല. ശ്രീകോവിൽ തുറന്നു പതിവുപോലെ വിളക്കുവച്ചശേഷം ഉണ്ണിനമ്പൂതിരി ടോർച്ചുമായി നാലമ്പലത്തിനുപുറത്തും മാരാരെ തിരക്കി. എങ്ങും കണ്ടില്ല. ശ്രീകോവിലിനു മുമ്പിൽ കെട്ടിത്തൂക്കിയിട്ടിരുന്ന 'ഇടയ്ക്ക' ചരടുപൊട്ടി താഴെ വീണുകിടക്കുന്നു....ഇന്നലെ അത്താഴപ്പൂജയ്ക്കും അത് മന്ദ്രസംഗീതം പൊഴിച്ചതാണല്ലോ!
ക്ഷേത്രസങ്കേതത്തിനു പുറത്ത് ഹോട്ടലുടമയ്ക്കു വിൽക്കാൻപോകുന്ന സ്ഥലത്ത് അതിരിലുള്ള ഒരു പ്ലാവിൻ കൊമ്പിൽ സംക്രാന്തിമാരാരുടെ ചേതനയറ്റ ശരീരം തൂങ്ങിക്കിടന്നു; തലകീഴായല്ല-തല മുകളിലേയ്ക്കായി!
........പണ്ട് സംക്രാന്തിദിവസം ഉണ്ടാകാറുള്ള പതിവുവാദ്യങ്ങൾ ഇപ്പോൾ ആ ക്ഷേത്രത്തിലില്ല. വർഷത്തിൽ രണ്ടോ മൂന്നോ വിശേഷാവസരങ്ങളിലേയ്ക്കു മാത്രമായി അതു ചുരുങ്ങിപ്പോയിരിക്കുന്നു. പക്ഷേ, ഇന്നും അർദ്ധരാത്രിക്കുശേഷം ആ ക്ഷേത്രപരിസരത്തുകൂടെ ഏകനായി യാത്ര ചെയ്യേണ്ടിവന്നാൽ ഇടയ്ക്കകൊട്ടുന്നതിന്റേയും ശംഖുവിളിക്കുന്നതിന്റെയും സ്വരം കേൾക്കാമത്രെ! സംക്രാന്തിദിവസം രാത്രിയിൽ നാടൻബീഡിയുടെ ഗന്ധം ആ ക്ഷേത്രാന്തരീക്ഷത്തിന്റെ പ്രത്യേകതയാണെന്നും ആ ഗ്രാമവാസികൾ വിശ്വസിച്ചുപോരുന്നു.