Followers

Monday, October 25, 2010

ജനങ്ങളുടെ കവിc p aboobacker

പ്രിയങ്കരനായ കവി വി. ടി. കുമാരന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം കേരള സാഹിത്യ അക്കാദമി സപ്‌തംബര്‍ 5 ന്‌ വടകര ടൗണ്‍ ഹാളില്‍ ഡോ. സുകുമാര്‍ അഴീ
ക്കോട്‌ പ്രകാശനം ചെയ്‌തു. ഒക്ടോബര്‍ 11 അദ്ദേഹ ത്തിന്റെ 24 മത് ചരമവാര്‍ഷികമാണ്‌. 60 വയസ്സ്‌ വരെ മാത്രമേ വി. ടി. ജീവിച്ചിരുന്നുള്ളൂ. അവസാനത്തെ ആറേഴ്‌ വര്‍ഷങ്ങളും ശൈശവകാലവും ഒഴിച്ചുനിര്‍ത്തി യാല്‍ ജീവിതത്തിന്റെ ഓരോനിമിഷവും അര്‍ത്ഥവത്താ ക്കിയ കവിയായിരുന്നു വി.ടി.

പക്ഷേ, വി. ടി. എന്നാല്‍ കുറുമ്പ്രനാട്‌ താലൂക്കിനപ്പുറത്ത്‌ വി. ടി. ഭട്ടതിരിപ്പാടായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവും കഥാകാരനുമായ വി. ടി. ഭട്ടതിരിപ്പാട്‌ കൂടുതലറിയപ്പെട്ടുവെന്നതിലല്ല ഇവിടെ ഖേദം. മഹാ പ്രതിഭാശാലിയായ വി. ടി. കുമാരന്‍ വിസ്‌മരിക്കപ്പെട്ടു വെന്നതിലാണ്‌. രണ്ട്‌ വി.ടി. മാര്‍ക്ക്‌ ഒരുമിച്ച്‌ നില്‌ക്കാനിടമില്ലാത്തത്ര സങ്കുചിതമായ്‌ പോയതെന്തേ കൈരളിയെന്നത്ഭുതം കൂറുകമാത്രമേ നിര്‍വ്വാഹമുള്ളൂ. രണ്ട്‌ സി.പി. മാര്‍ക്ക്‌ ഒരുമിച്ച്‌ നില്‌ക്കാനാവാത്ത തിനാല്‍ സി. പി. മത്തായിയെന്ന ബാങ്കറെ കുത്തുപാള യെടുപ്പിച്ച പാരമ്പര്യമുള്ള നാടാണ്‌ കേരളം. സി. പി. രാമസ്വാമി അയ്യരാവട്ടെ അവസാനം മൂക്ക്‌ നഷ്ടമായി കേരള ത്തില്‍ നിന്ന്‌ കെട്ടുകെട്ടി. ( കൂട്ടത്തില്‍ പറയട്ടെ ഇപ്പോള്‍ പ്രധാനമായി ഒരു സി. പി. മാത്രമേ നിലനില്‌ക്കുന്നുള്ളൂ വെന്ന സമാശ്വാസത്തിലാണ്‌ ഞാന്‍ )

എന്തുകൊണ്ടോ വി. ടി.
കുറുമ്പ്രനാട്‌ താലൂക്കിനപ്പുറത്ത്‌ അറിയപ്പെട്ടില്ല. അത്രമാത്രമേ അതിനെ പറ്റി പറയാന്‍ കഴിയൂ. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എല്ലാ നേതാക്കളുമായും അടുത്ത പരിചയമുള്ള ആളായിരുന്നു അദ്ദേഹം. പണ്ഡിതന്മാര്‍ക്ക്‌ വി. ടി. യുടെ ഉദാരമായ പാണ്ഡിത്യം അറിയാമായിരുന്നു. പക്ഷേ കുറുമ്പ്രനാട്ടിലെ ഈ അദ്ധ്യാപകകവിയെ അംഗീകരിക്കാന്‍, മനസാ അംഗീകരിച്ചാലും വാഴ്‌ത്തിപ്പറയാന്‍, ആരും തയ്യാറായില്ല. കേരളസാഹിത്യ അക്കാദമി പോലും ഇപ്പോഴാണല്ലോ ഈ കവിയുടെ ഒരു സമാഹാരം പുറത്തിറക്കുന്നത്‌. അക്കാദമിയുടെ ഒരുഗുണം ഒരു സാഹിത്യകാരനെ അയാളുടെ ജീവിതകാലത്ത്‌ അംഗീകരിക്കാതിരിക്കുകയെന്നതാണ്‌. ഒന്നുകില്‍ മരിച്ച്‌ വര്‍ഷങ്ങള്‍ കഴിയണം. എങ്കിലല്ലേ കാലാതിവര്‍ത്തിയാണ്‌ കവിയുടെ രചനകള്‍ എന്നുപറയാനാവൂ. അല്ലെങ്കിലോ ആസന്നമരണനായിരിക്കണം. അന്തരിച്ചയുവകവി സുധീഷിന്റെ കവിതാ സമാഹാരം അദ്ദേഹം ജീവിച്ചിരിക്കുന്നകാലത്ത് സാഹിത്യ അക്കാദമിപ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം രോഗാതുരനാ യതുകൊണ്ടാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പച്ചയായി വിളിച്ചുപറഞ്ഞ, ആ കാര്യം പുസ്തകത്തില്‍ അച്ചടിച്ചുവെച്ച ഒരു സമിതിയാണ് സാഹിത്യ അക്കാദമി. എത്ര ബുദ്ധിഹീനമായിരുന്നു ആ നടപടിയെന്ന് അക്കാദമി മനസ്സിലാക്കുമോ ആവോ. രോഗാതുരനല്ലെങ്കില്‍ പോലും നല്ല കവിതകളായിരുന്നു സുധീഷിന്റേത്. അക്കാദമി അദ്ധ്യക്ഷയാവട്ടെ, തന്റെ അദ്ധ്യക്ഷ പ്രഭാഷണത്തില്‍ ഈ പ്രസിദ്ധീകരണം വഴി വി. ടി. ഒരു വലിയ കവിയായി അംഗീകരിക്കപ്പെടുമെന്ന ഔദാര്യം പറയുകയും ചെയ്‌തു. അത്ര ചെറിയ കവിയാണോ വി. ടി ? സ്‌ഥാനമാനങ്ങളുള്ളവര്‍ സം
സാരിക്കുന്ന മഹദ്വചനങ്ങളെ വിലയിരുത്തുവാന്‍ നമുക്കാര്‍ക്കും കഴിയുകയില്ലതന്നെ.

ആരാണ്‌ വി. ടി. കുമാരന്‍?
കവി, ഗാനരചയിതാവ്‌, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, കമ്യൂണിസ്റ്റ്‌. തീര്‍ന്നോ എന്നുചോദിച്ചാല്‍ ഇല്ലയെന്നുത്തരം. അദ്ധ്യാപകന്‍, അദ്ധ്യാപകസംഘടനാ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍…. വീണ്ടും അങ്ങനെയെത്രയെത്ര വിശേഷണങ്ങള്‍ !. വിവരണാതീതമായ അറിവിന്റേയും സര്‍ഗ്ഗാത്മകതയുടേയും പര്യായമായിരുന്ന വി.ടി.ഏറെയെഴുതി, ഒരുപാട്‌ പ്രസംഗിച്ചു. കവിതാ പ്രസംഗങ്ങള്‍ നടത്തി. എന്തുചെയ്യുമ്പോഴും മണ്ണിനെ സ്‌നേഹിച്ചു, മനുഷ്യനെ സ്‌നേഹിച്ചു.

തത്ത്വശാസ്‌ത്രങ്ങള്‍വെറും
മണ്‍കുടങ്ങളാണതില്‍
മര്‍ത്ത്യസ്‌നേഹത്തിന്‍മധു
നിറയ്‌ക്കാന്‍ മറക്കൊല്ലേ.

ഇത്‌ വിവര്‍ത്തനമൊന്നുമല്ല. ആരുടേയും ഉദ്ധരണിയുമല്ല. വയലാറും ഒ. എന്‍. വി. യുമൊക്കെ കവിതകളിലൂടെ ജീവിതത്തിലേക്ക്‌ വരേണ്യതയുടെ, ഇതിഹാസ-പുരാണാദിവരേണ്യകാവ്യങ്ങളുടെ പ്രൗഢി കലര്‍ത്താന്‍ ശ്രമിച്ചു
വെങ്കില്‍, വി. ടി. ചെയ്‌തത്‌ ഓരോ രചനയും വഴി, കവിതയേയും ജീവിതത്തേയും ഭൂമിയിലേക്ക്‌ , തികഞ്ഞ ഭൗതികതയിലേക്ക്‌, അതിന്റെ വൈരുദ്ധ്യാത്മകതയിലേക്ക്‌ താഴ്‌ത്തി ക്കൊണ്ടുവരികയായിരുന്നു. ഇത്‌ വൈരുദ്ധ്യാത്മക ഭൗതികവാദത്തോടുള്ള എന്റെ അതിയായ പ്രതിപത്തികൊണ്ട്‌ പറയുകയാണെന്ന്‌ ചിലരെങ്കിലും ധരിച്ചേക്കാം. അല്ല. എനിക്ക്‌ ആ ദര്‍ശനത്തോട് പ്രതിപത്തിയുണ്ടാവുന്നതില്‍ അദൃശ്യമായ സ്വാധീനമായിരുന്നവരില്‍ ഒരാള്‍ വി. ടി.യേക്കാള്‍ അദ്ദേഹത്തിന്റെ കവിതകളായിരുന്നു.

മണിമുത്ത്‌ വിത്തെറിഞ്ഞ്‌
മഴമുകില്‍ കാത്തിരുന്ന്‌
എന്റെ ദൈവമേ, ഇവിടെ ഒരു കവി സംഗീതത്തെ ആകാശത്തുനിന്ന്‌ ഭൂമിയിലേക്ക്‌ കൈപിടിച്ചു കൊണ്ടുവരികയാണ്‌.
അയലവല വീശുവാനായ്‌
മറുകടലിലേലയ്യാ….

പള്ളിക്കര വി. പി. മുഹമ്മദിന്റെ അഴിമുഖം നാടകത്തിനുവേണ്ടി രചിച്ച ഈ ഗാനം മനുഷ്യജീവിതത്തിന്റെ മണം തന്റെ ഏത്‌ രചനയിലും പൂരിതമാക്കാനുള്ള വി. ടി. യുടെ മഹാസിദ്ധിയുടെ ലഘുവായൊരുദാഹ രണമാണ്‌.
ഏത്‌ കവിതയിലാണ്‌ വി. ടി. ഇത്‌ ചെയ്യാത്തത്‌ ?
ദുഷ്യന്തന്‍ ഇന്ന്‌ ആശ്രമകന്യകയെ കണ്ടാല്‍ എന്തു ഭാവമാണുണ്ടാവുക യെന്ന തലത്തിലേക്ക്‌ ശകുന്തളയേയും തോഴിമാരേയും മാനവവത്‌കരിക്കാന്‍ വി. ടി. ക്ക്‌ കഴിയുന്നു. ഇതിഹാസ-പുരാണ കഥാപാത്രങ്ങള്‍ സമൃദ്ധമായ പാണ്ഡിത്യമാണ്‌ വി.ടി.ക്കുണ്ടായിരുന്നത്‌. കവിതയിലും ഇത്‌ പ്രതിഫലിച്ചിരുന്നു. നിരൂപണങ്ങളിലും ഈ പ്രതിഫലനം വളരെ സമ്പന്നമായിരുന്നു. പക്ഷേ, പഴമയുടെ ആരാധകരാവാനല്ല , അവരുടെ ഭാവങ്ങളെ ഇന്നത്തെ അവസ്ഥയിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനും പരാവര്‍ത്തനം ചെയ്യാനും വി.ടി.ക്കുള്ള കരവിരുത്‌ അന്യാദൃശമായിരുന്നു.
ഇതൊക്കെ കേട്ടാല്‍ തോന്നുക വി. ടി. പുരാണ കഥാസന്ദര്‍ഭങ്ങളെ മാത്രം ആശ്രയിച്ച്‌ കാവ്യരചന നടത്തിയ ഒരു പണ്ഡിത കവിയാണെന്നല്ലേ? അത്‌ വി. ടി. കവിതയുടെ ഒരു സവിശേഷതമാത്രം.

അങ്ങിനെ തീരുമാനം ചെയ്‌തുനാമോമലാളേ
നമ്മുടെ നിഴലാട്ടം നിറുത്തുവാനായ്‌.

കേട്ടാല്‍ നമുക്ക്‌ തോന്നുക ഇത്‌ കേവലമായ ഒരു പ്രണയ കവിതയുടെ ഒരീരടിയാണെന്നാണ്‌. ശരിയാണ്‌, ഒരു പ്രണയ കാവ്യമാണത്‌. പക്ഷേ, പ്രണയ കാവ്യമെന്നതിനേക്കാള്‍ ആ കാലത്ത്‌ കേരളീയാദ്ധ്യാപകന്‍ അനുഭവിച്ചറിഞ്ഞ ദുരിത നൊമ്പരങ്ങളുടെ ഒരേസമയം കാല്‌പനികവും യഥാതഥവുമായ ആവിഷ്‌കാരമാണത്‌. കത്തുന്ന കത്ത്‌ എന്നാണ്‌ ആ കവിതയുടെ ശീര്‍ഷകം. ദുരിതമയമാണ്‌ അദ്ധ്യാപകന്റെ ജീവിതം. അവന്‌ പ്രണയവും ആവില്ല, ജീവിതാനന്ദങ്ങളും ആവില്ല. അതുകൊണ്ട്‌ ജീവിതത്തിന്റെ കറുത്ത ബോഡില്‍ നൈരാശ്യത്തിന്റെ വെള്ളച്ചോക്കുകൊണ്ടെഴുതുകയാണ്‌ അയാളുടെ വിധി. അതുകൊണ്ട്‌ ഈ പ്രണയം ഇനി തുടരേണ്ടതില്ല. അന്യോന്യമയച്ച കത്തുകളെല്ലാം കത്തിച്ചുകളയാം. നമുക്ക്‌ ഇതിവിടെ അവസാനിപ്പിക്കാം. വടകരയിലെ ഓരോ അദ്ധ്യാപകനും ഈ കവിത കാണാപ്പാഠമായിരുന്നുവെന്ന്‌ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. മനുഷ്യ കഥാനുഗായികളായ കൃതികളുടെ രചനകൊണ്ടാണ്‌ വി. ടി. മലയാണ്മയെ അനുഗ്രഹിച്ചത്‌.

കെ. പി. എസ്‌. മേനോന്റെ റഷ്യന്‍പനോരമയെന്ന വിഖ്യാത ഗ്രന്ഥത്തില്‍നിന്ന്‌ വായിച്ചൊരു പ്രാചീന റഷ്യന്‍ കഥാസന്ദര്‍ഭം വികസിപ്പിച്ച്‌ വി. ടി. എഴുതിയ കവിതയാണ്‌ “വോള്‍ഗയിലെ താമരപ്പൂക്കള്‍”. അന്യാദൃശമായ ഒരു പ്രണയ കഥയാണിതിലുള്ളത്‌. സ്വപത്‌നിയുടെ മാറാരോഗത്തിന്‌ ചികിത്സ ഇന്ത്യയിലെ താമരപ്പൂക്കളാണെന്ന്‌ ഉപദേശം ലഭിച്ച രാജാവ്‌ ഇന്ത്യയില്‍ താമരപ്പൂക്കള്‍ ശേഖരിക്കുന്നതിനായി സ്വയം എത്തിച്ചേരുകയാണ്‌. പ്രശാന്തമായ ഒരിടത്ത്‌ ശാന്തയെന്ന ഒരു പെണ്‍കിടാവില്‍നിന്ന്‌ താമരക്കുരുക്കള്‍ ശേഖരിച്ച്‌ രാജാവ്‌ തിരച്ചെത്തുമ്പോഴേക്ക്‌ ആസ്‌ത്രയെന്ന പ്രിയപത്‌നി അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. ശോകാകുലനായ രാജന്‍ താമരവിത്തുകളെല്ലാം വോള്‍ഗാ നദിയിലേക്ക്‌ വലി്‌ച്ചെറിയുന്നു. അതോടെയാണ്‌ വോള്‍ഗാനദിയില്‍ താമരപ്പൂക്കള്‍ വിടര്‍ന്നുതുടങ്ങിയത്‌. താമരപൂക്കുമ്പോള്‍ നിത്യഭാസുരമായ പ്രണയത്തിന്റേയും ത്യാഗത്തിന്റേയും സന്ദേശമായി അതിന്റെ സൗരഭ്യം എങ്ങും പരക്കുന്നു. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള പ്രഭാസിതമായ സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ഒരു രാഷ്ട്രീയ കവിതയായി വായിച്ചെടുക്കാം. കേവലമായ ഒരു പ്രണയ കവിതയായി ഇത്‌ എക്കാലവും നിലനില്‌ക്കും. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ മനോജ്ഞമായ ആവിഷ്‌കാരമായി ഈ കവിത പരിണമിച്ചു. ഞങ്ങള്‍ വടകരക്കാരുടെ അഭിമാനമായ ഈ കവിത പക്ഷേ, കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനപ്പുറം അംഗീകരിക്കപ്പെട്ടില്ല. ആരും അത്‌ വായിച്ചില്ല. വായിച്ചാലും കണ്ടതായി നടിച്ചില്ല. കാവിയും ചെമപ്പും തമ്മിലുള്ള സമന്വയമാണതെന്നൊക്കെ ചില നിരൂപകര്‍ എവിടെയോ അസ്ഥാനങ്ങളില്‍ എഴുതിവെച്ചു. റഷ്യയുടെ സമത്വബോധവും ഇന്ത്യയുടെ ഉള്ളറിയുന്ന ജ്ഞാനവും തമ്മിലുള്ള താദാത്മ്യമായിരുന്നു ആകവിത. സുകുമാര്‍ അഴീക്കോട്‌ തന്റെ പ്രൗഢമായ അവതാരികയില്‍ ഈ കാര്യം പറയുന്നുണ്ട്‌.

” താമരപ്പൂക്കള്‍ വാടും താമരക്കുരുനില്‌ക്കും”
താടിയില്‍ കൈയോടിച്ചുപറഞ്ഞൂ പിതാമഹന്‍.
തത്ത്വശാസ്‌ത്രങ്ങള്‍വെറും മണ്‍കുടങ്ങളാണതില്‍
മര്‍ത്ത്യസ്‌നേഹത്തിന്‍മധു നിറയ്‌ക്കാന്‍ മറക്കൊല്ലേ.കണ്ണനേയും പാണനേയും അറിയുന്ന കവിയായിരുന്നു വി. ടി. അപദാനപ്രകീര്‍ത്തകരായ പാണന്മാരുടെ നാടായിരുന്നുവല്ലോ കടത്തനാട്‌. പാണന്‍ എന്നാല്‍ പാട്ടുകാരന്‍. തച്ചോളി ഒതേനനേയും ആരോമല്‍ ചേകവരേയും പറ്റി, ഉണ്ണിയാര്‍ച്ചയെ പറ്റി എത്രയെത്ര അപദാന കാവ്യങ്ങളാണ്‌ കടത്തനാട്ടി ലുണ്ടായത്‌? വയലുകള്‍ നികന്നു പോയതോടെ വടക്കന്‍ പാട്ടുകള്‍ ടി.എച്ച്‌. കുഞ്ഞിരാമന്‍ നമ്പ്യാരുടേയും എം.സി.അപ്പുണ്ണി നമ്പ്യാരുടേയും എം.കെ.പണിക്കോട്ടിയുടേയും പുസ്‌തകങ്ങളില്‍ മാത്രമായി ചുരുങ്ങി. പിന്നെ അവ കേവലമായ ഒരു പെര്‍ഫോമിങ്ങ്‌ ആര്‍ട്ടായി തരം താണു.

രണ്ടു രചനകളിലൂടെ കവിയും ദാര്‍ശനികനും സമന്വയിക്കുന്ന കണ്ണനാണ്‌ താനെന്ന്‌ വി. ടി. തെളിയിച്ചു. കണ്ണന്‍ കാണുന്നവന്‍. ദാര്‍ശനികന്‍. നല്ല ദര്‍ശനമുണ്ടായാലേ നല്ല കവിയുണ്ടാവൂ എന്ന്‌ വി.ടി.ക്കറിയാമായിരുന്നു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ സംശോധിച്ചെടുത്ത മതിലേരി കന്നിയുടെ അവതാരികയാണ്‌ രണ്ടു രചനകളില്‍ ഒന്ന്‌. ബല്ലാഡ്‌ സാഹിത്യത്തിന്റെ മലയാളത്തിലെ അവസാനവാക്ക്‌ എന്ന പറയാനാവും വിധം സമഗ്രവും പ്രൗഢവുമാണ്‌ ആ രചന. ആഖ്യാനപരമായ കഥാകാവ്യമാണ്‌ ബല്ലഡ്‌. ഇടയ സമൂഹങ്ങളിലും കാര്‍ഷിക സമൂഹങ്ങളിലും സ്വന്തമായ ബല്ലഡുകളുണ്ട്‌. മതിലേരിക്കന്നിയെന്ന വടക്കന്‍നായികയെ നാനാരസമധുരമായ ഭാവങ്ങളിലവതരിപ്പിച്ച നാടന്‍ കവിയുടെ ഹൃദയവും മനസ്സും തന്നിലേക്കാവഹിച്ച ഒരവതാരികയാണത്‌.
കണ്ണന്‍ എന്ന കവിയാകട്ടെ വി. ടി. തന്നെ തന്നെ വേറൊരുകാലത്ത്‌ പ്രതിഷ്‌ഠിച്ച്‌ നടത്തുന്ന രചനയാണ്‌. കവിത വെറുതെ രചിക്കാനും പാടാനും മാത്രമുള്ളതല്ല, ജീവിതമാതൃക കൂടിയാണെന്ന്‌ വി. ടി. സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ചു. തച്ചോളി ഒതേനന്ടെ നാട്ടുകാരനായ ഈ കൊച്ചുകവി നാടോടിപ്പാട്ടിന്റെ കാലത്താണ്‌ ജനിച്ചിരുന്നതെങ്കില്‍

എന്തെല്ലാമെന്തെല്ലാമായിരിക്കും
എന്റെ മനസ്സിലെ സങ്കല്‌പങ്ങള്‍
എന്തെല്ലാമെന്തെല്ലാമായിരിക്കും
എന്നില്‍ കിളരുന്ന ഭാവനകള്‍
എന്തെല്ലാമെന്തെല്ലാമായിരിക്കും
എന്നെ കുറിച്ചുള്ള ധാരണകള്‍……
ചിലര്‍ പാട്ടുകണ്ണനെന്ന്‌ വിളിച്ചേക്കാം, വേറെ ചിലര്‍ പൊട്ടിക്കണ്ണനെന്നും പറയാം, ഇനി മറ്റുചിലര്‍ കരിങ്കണ്ണനെന്നും വിളിക്കാം.
നഞ്ഞുള്ള നാവാണെന്നോതിയെന്നെ
കുഞ്ഞുങ്ങള്‍പോലും ഭയന്നുനോക്കാം
പേടിയാണെന്നെ പലര്‍ക്കുമെന്നാല്‍
പാടിയാലെന്‍ ചുറ്റുമൊത്തുകൂടും.
മഞ്‌ജുളം ചേര്‍ന്നെന്‍ പദങ്ങള്‍ നിന്നാല്‍
മഞ്ഞളും നൂറും കലര്‍ന്നപോലെ

ഇത്‌ തന്നെയായിരുന്നു വി. ടി.യുടെ ജീവിതം. വാക്കുകളില്‍ നിറയെ ചുവപ്പായിരുന്നു. അത്‌ വെറുതെ ഉണ്ടാവുന്നതല്ല. ജീവിതത്തിന്റെ രസതന്ത്രത്തിലൂടെ ഉരുവപ്പെടുന്നതാണ്‌ ആ ചുവപ്പ്‌. കണക്കൊത്ത്‌ പാടിയാല്‍ ഉണക്കമരം പൊട്ടി പാലൊഴുകുമെന്നാണ്‌ മുത്തശ്ശി കണ്ണനെന്ന കവിയെ പറ്റി കരുതുന്നത്‌. കവിക്ക്‌ ജീവിതത്തിനാവശ്യമായ വിഭവങ്ങള്‍ക്ക്‌ പഞ്ഞമില്ല.
ആട്ടുന്നിടം ചെന്നാലെണ്ണകിട്ടും
ഉണ്ണുന്നിടം ചെന്നാല്‍ ചോറുകിട്ടും
നെയ്യുന്നിടം ചെന്നാല്‍ മുണ്ട്‌ കിട്ടും
കൊയ്യുന്നിടം ചെന്നാല്‍ നെല്ലുകിട്ടും
ഊരാകെ പേരുനിറഞ്ഞുനിന്നു
ഊരും കടന്നെന്റെ പേരൊഴുകി

ഈ കിറുക്കനായ കവിയെ ഏലമലയിലെ തമ്പുരാട്ടിക്കിഷ്ടമായെങ്കില്‍ അത്ഭുതപ്പെടാനെന്തുള്ളൂ? അതേസമയം അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? പക്ഷേ കണ്ണന്‍ ആരുടെയും ആജ്ഞാനുവര്‍ത്തിയാവുകയില്ല. സ്വന്തം ഇഷ്ടത്തിനേ പാടൂ. മുത്തശ്ശി ചോദിക്കുന്നുണ്ട്‌ കണ്ണനോട്‌,

കോണിക്കല്‍നിന്നിന്നു പാടിയില്ലേ,
കോയിക്കല്‍പോയൊന്നു പാടിക്കൂടേ?
ഈ വിശദീകരണം ഇനിയും നീട്ടേണ്ടതില്ല. കവിയെന്ന നിലയിലുള്ള ആത്മാഭിമാനത്തിന്റെ മാനിഫെസ്റ്റോവാണ്‌ മലയാളകവികള്‍ക്ക്‌ വി. ടി.യുടെ കണ്ണന്‍ എന്നകവി. പാര്‍ട്ടിയോ പദവിയോ പറഞ്ഞാല്‍ അതനുസരിച്ച്‌ എഴുതാനാവില്ലെന്ന ധിക്കാരമായിരുന്നു വി. ടി. യുടെ കാതല്‍.
ഗുരുര്‍ബ്രഹ്മാ… തുടങ്ങിയ കവിതകള്‍ വളരെ ഗൗരവമായ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ഇന്നത്തെ അദ്ധ്യാപകനാണ്‌ ഈ കവിതയിലെ പ്രതിപാദ്യം.

റിസള്‍ട്ട്‌ നന്നാക്കുവാനായ്‌
നോട്ട്‌സ്‌ നല്‌കുന്നയന്ത്രമേ
നീയായ്‌ ത്തീരാനറിവുകള്‍
ഏറെ ഛര്‍ദ്ദിച്ചുനോക്കിഞാന്‍

കവിയെന്നപോലെ ഒന്നാംകിട നിരൂപകനുമായിരുന്നു വി. ടി. പുഷ്‌പബാണന്‍ എന്ന തൂലികാനാമത്തില്‍ അദ്ദേഹം പ്രധാനമായും പരിചയപ്പെടുത്തിയത് കാളിദാസ സാഹിത്യമായിരുന്നു. കമ്യൂണിസ്റ്റായിരിക്കെ തന്നെ ആര്‍ഷ സംസ്‌കൃതിയുടെ വക്താവുമായിരുന്നു വി. ടി എന്നു ചുരുക്കിപ്പറയുന്നത്‌ ശരിയാവില്ല. ആര്‍ഷസംസ്‌കൃതിയെ ഭൗതികതലത്തിലേക്ക് വലിച്ചു താഴ്ത്തി, അത് മണ്ണിന്റെ സംസ്‌കൃതിയാണെന്ന് തെളിയിക്കാന്‍, അതിനെ മനുഷ്യരോടൊപ്പം സ്ഥാപിക്കാന്‍ മനുഷ്യ ജീവിതവുമായി അടുപ്പമില്ലാത്ത ഒരു സംസ്‌കൃതിയുണ്ടാവുമെന്ന്‌ അദ്ദേഹം കരുതിയിരുന്നില്ല. ” തത്ത്വങ്ങള്‍ കണ്ണുപൊത്തട്ടെ, നമുക്കൊട്ടു പൊത്തിപ്പിടിച്ചുകരയാം പതുക്കനെ” എന്ന്‌ താതകണ്വന്‍ അനസൂയാ പ്രിയംവദമാരോട്‌ പറയുന്നുണ്ട്‌ ” വനജ്യോത്സ്‌ന” എന്നകവിതയില്‍. ” നിസ്സംഗതയുടെ വെളുപ്പ്‌ എത്രമേല്‍ ഉത്‌കൃഷ്ടമായിരുന്നാലും ശുദ്ധമായ ആ വെളുപ്പിനേക്കാള്‍ ഈകവിക്ക്‌ പഥ്യം
“മാറിയിരുട്ടും വെളിച്ചവും വീശുന്ന മായികവിഭ്രാന്തി”തന്നെയായിരുന്നു, എന്ന്‌ കെ. പി. ശങ്കരന്‍ എഴുതുന്നുണ്ട്‌ ” അഞ്ചാം വേദത്തിന്റെ അണിയറ” എന്ന സമാഹാരത്തിന്റെ അവതാരികയില്‍.. ഈ വിഭ്രാന്തിയാവട്ടെ മനസ്സിന്ടെ ഉര്‍വ്വരതയത്രേ. വ്യാസോല്‌പത്തിയുടെ കഥയറിയാവുന്ന വി.ടി.ക്കെന്നല്ല, ആര്‍ക്കും, ഇതില്‍ വലിയ ആപച്ഛങ്കയൊന്നും തോന്നേണ്ട കാര്യമില്ല.
കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ആത്മസംഘര്‍ഷം ചില്ലറയൊന്നുമായിരുന്നില്ല, കവിക്ക്‌, അദ്ദേഹം പാര്‍ട്ടിയുടെ ഒദ്യോഗിക പക്ഷത്തുതന്നെ നിലയുറപ്പിച്ചു. പലര്‍ക്കും താങ്ങാവുന്നതായിരുന്നില്ല അത്‌.
കമ്യൂണിസ്റ്റാണ്‌ ഞാന്‍
എന്നെ കവിയായി-
ട്ടെണ്ണേണ്ട നിങ്ങള്‍ നിരൂപകരേ.
എന്ന്‌ പ്രഖ്യാപിച്ചകവിയെ ആര്‍ക്കാണ്‌ നഷ്ടപ്പെടാനാവുക? ഈ സംഘര്‍ഷമാണ്‌ “എന്റെ സരസ്വതി” എന്നകവിതയില്‍ വി. ടി. ആവിഷ്‌കരിക്കുന്നത്‌.

ഇടത്തല്ല, വലത്തല്ല, നടുക്കല്ലെന്‍ സരസ്വതി
വെളുത്തതാമരപ്പൂവിലുറക്കമല്ല.
തുടിക്കുന്ന ജനതതന്‍ കരളിന്റെ കരളിലെ
തുടുത്തതാമരപ്പൂവിലവള്‍ വാഴുന്നു
പടകുറിച്ചിറങ്ങിയപതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെകൊടിത്തണ്ടിലവള്‍ പാറുന്നു
അഴകിന്റെ വീണമീട്ടി തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയെന്തിയഴക്‌ പാടും.

ഈ കുറിപ്പ്‌ ഇവിടെ നിര്‍ത്തുകയാണ്‌. വി.ടി. സാഹിത്യം ഒരു വലിയ കടലാണ്‌. നിരൂപകനെന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയിലും വി. ടി. നടത്തിയ പ്രവര്‍ത്തനങ്ങളും രചനകളും ഗൗരവമാര്‍ന്ന പഠനങ്ങള്‍ക്ക്‌ വിഷയമാവേണ്ടതുണ്ട്‌. നിര്യാതനായി ഏതാണ്ട്‌ കാല്‍നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും ചാനലുകളുടേയോ മാധ്യമങ്ങളുടേയോ വിമര്‍ശക കേസരികളുടേയോ സഹായമേതുമില്ലാതെ വി. ടി. ഇന്നും കുറുമ്പ്രനാടിന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. ഈ ചെറിയ നാട്ടിലെ ആളുകളാണെങ്കില്‍ കേരളത്തെയാകമാനം ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന സഹൃദയരുമത്രേ. എഴുത്തഛനേയും, കുഞ്ചന്‍ നമ്പ്യാരേയും, ചെറുശ്ശേരിയേയും, ആധുനിക കേരളത്തിലെ കവിത്രയത്തേയും മഹാകവി ജിയേയും, പി. കുഞ്ഞിരാമന്‍നായരേയും, വൈലോപ്പിള്ളിയേയും എല്ലാം ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുന്നവരാണ്‌ ഈ ജനങ്ങള്‍. ജനങ്ങളുടെ കവിയായിരുന്നു വി. ടി. കുമാരന്‍. അപ്പോഴും സംസ്‌കൃതവും അറബിക്കും ബംഗാളി‘ ജനങ്ങളുടെ കവി ‘

_സി. പി. അബൂബക്കര്‍.
.