Followers

Monday, October 25, 2010

എരിഞ്ഞടങ്ങല്‍


v dethan

ചിതയില്‍ തീയുടെ ചുവന്ന നാവുകള്‍
ചികയുന്നമ്മ തന്‍ മൃത ശരീരത്തെ
നരക വേദന സഹിച്ചു നീറിയ
കരാള രാവുകള്‍ക്കറുതിയാകുന്നു;
പല ജന്മത്തിലെ പരമ ദു:ഖങ്ങ-
ളൊരുമിച്ചേകിയ വടുക്കള്‍ മായുന്നു.

അതുല സൗഭാഗ്യ പ്രഭ പരത്തിലു-
മൊളി കെടുത്തിയ പുലരി;യോര്‍ക്കാതെ-
യകാല വൈധവ്യ മിരുള്‍ പരത്തിയ
ചകിത മദ്ധ്യാഹ്നം;തനയര്‍ നീട്ടിയ
തരള ഹസ്തങ്ങള്‍ തനിക്കു വേണ്ടെന്നു
ശഠിച്ച സായാഹ്നം;കടുത്തൊരീ ജീവ-
കഥ കനലുകള്‍ കടിച്ചു തിന്നുന്നു;
കരിയായ്,ചാരമായ് പരിണമിക്കുന്നു.

സ്വയമുരുകിയും വെളിച്ചമേകുവാന്‍
മെഴുതിരിയായിട്ടുയര്‍ന്നു കത്തിയും
പെരും തണുപ്പിനെയകറ്റി നിര്‍ത്തുവാന്‍
നെരിപ്പോടായകമ മര്‍ന്നു നീറിയും
പുലര്‍ന്ന ത്യാഗത്തിന്‍ വിശിഷ്ട ജീവിതം
ചിതയിലെത്തീയില്‍ ദഹിച്ചു തീരുമ്പോള്‍,
കളങ്കമേശാതെ ചൊരിഞ്ഞ വാത്സല്യം
നുകര്‍ന്ന കൈശോര വ്യഥ,നിലയ്ക്കാത്ത
വിലാപമായിട്ടു വളര്‍ച്ച പ്രാപിക്കേ
ഉലയുന്നു തേങ്ങലടക്കി നില്പവര്‍.

മനുഷ്യ ജീവിത മഹാകഥയിലെ-
യവസാന കാണ്ഡമെഴുതും കാലത്തി-
ന്നനിവാര്യ കൃത്യമിതെന്നു ചിന്തിച്ചു
മനസ്സു ശാന്തത പുണരാന്‍ നോക്കിലും
നിറയും കണ്ണുനീര്‍ മറയ്ക്കുന്നൂകാഴ്ച;
വിറ കൊള്ളും നാവില്‍ മുറിയുന്നൂ വാക്കും.
......................