Followers

Saturday, October 30, 2010

കഥ -കുശിനി


ajith

ചോരച്ചൂര്‌ പാകത്തിന്‌ കലർന്ന സുഖശീതോഷ്ണത്തിൽ യുദ്ധതന്ത്രാലയത്തിലെ കസേരയിൽ പിന്നോക്കം ചാഞ്ഞിരുന്ന പ്രസിഡന്റ്‌ ടൈയൊന്നയച്ചപ്പോഴും വലിഞ്ഞ്‌ മുറുകിയ അക്ഷാംശങ്ങളോ രേഖാംശങ്ങളോ അയഞ്ഞില്ല.
സ്ക്രീനിലെ ഒലിവിലത്താളിൽ തെളിഞ്ഞ വിശുദ്ധവചനം ഡി.ടി.എസ്സിന്റെ ചാലുകളിലങ്ങുനിന്നേ ഇഴഞ്ഞ്‌ വന്ന മണൽക്കാറ്റിലുതിർന്നുപോയി.
മണൽക്കാറ്റിന്റെ തോർച്ചയിൽ നിഴലായി വീശിയെത്തി സ്തംഭിച്ച പീരങ്കിക്കുഴലിന്‌ പിന്നിലായി കവചിത വാഹനത്തിൽ മുഖംമൂടിയണിഞ്ഞിരുന്ന സൈനികനോരാൾ പ്രേക്ഷക മനസ്സിൽ ശക്തമായി മുഖമുയർത്തി. അയാളുടെ ഇടത്‌ കൈ മാസ്കിന്‌ മുന്നിലൊരു ബൈനോക്കുലർ ചേർത്തുവച്ചപ്പോൾ ബീഭത്സതയ്ക്കകമ്പടി വന്ന സ്വനവിന്യാസങ്ങൾ ശബ്ദനാളിയിൽ കുടുങ്ങി മൗനം വമിച്ചു.
"ഭുംംം....."
സ്ക്രീനിന്റെ വലതുവശത്ത്‌ താഴെയായി നിന്ന പീരങ്കിക്കുഴലിന്റെ അഗ്നിസ്ഖലനം പ്രതിരോധ സ്റ്റേറ്റ്‌ സെക്രട്ടറിയുടെ ഇടുപ്പെല്ലുകൾക്കിടയിലൊരു സീൽക്കാരത്തെ ഉറക്കമുണർത്തി.
"ഡാം ദെം....ഡാം ദെം....."
പീരങ്കിപ്പുകയിൽനിന്നു മെല്ലെ അനാവൃതമാകുന്ന പൗരുഷത്തിന്റെ വന്യതയിൽ സ്റ്റേറ്റ്‌ സെക്രട്ടറിയുടെ വെമ്പുന്ന പെണ്മ വാക്കായ്‌ മദിച്ചു.
പ്രോപ്പഗണ്ടാ സെക്രട്ടറി സൗണ്ട്ട്രാക്ക്‌ ഓഫ്‌ ചെയ്തു.
"സീ, ഡബ്ല് ഇംപാക്ട്‌ മൈനസ്‌ സൗണ്ട്‌ സ്റ്റിൽ ഗീവ്സ്‌യു ഹെവി ഇംപാക്ട്‌"
സ്ക്രീനിൽ നിശ്ശബ്ദതയുടെ പാളികൾക്കിടയിലെ ശൂരപരാക്രമങ്ങളിൽ നിഴൽചേർന്ന അപഹാസ്യതയിൽ പ്രസിഡന്റിന്റെ മനസ്സുരഞ്ഞു.
"സംതിങ്ങ്‌ സോംബർ ഷുഡ്ബി ആഡഡ്‌"
"ഓകെ. വി ഹാവ്‌ എ ലോട്ട്‌ ടു ചൂസ്‌ ഫ്രം."
വിഭിന്നങ്ങളായ മുഖാവരണങ്ങളിൽ പ്രാണൻ പൊതിഞ്ഞ്‌ പോരിലെ ദുർമ്മുഖങ്ങൾ സ്ക്രീനിൽ നാടകീയമായി തെളിയുകയും യുദ്ധഗതിയിൽ മുങ്ങി മറയുകയും ചെയ്തു.
കൺതടങ്ങളിൽ കറുപ്പ്‌ മെഴുകിയവ.
മുഖത്ത്‌ കരിവിരൽ വര പുരണ്ടവ.
പട്ടിമുഖം പോലെ. പന്നിമുഖം പോലെ.
ഓരോന്നിലും വട്ടുകെട്ടിയ ദുഃഖഛവി.
"ഓകെ ചൂസ്‌ ദാറ്റ്‌ എക്സ്പ്രസ്സസ്‌ ദ മോസ്റ്റ്‌."
അടുത്ത ഭാഗത്തിലേക്കെന്ന്‌ പ്രസിഡന്റ്‌ വാക്ക്‌ ചൂണ്ടി.
"ദ ഹൗൾ"
സ്ക്രീനിൽ തിരക്കിന്റെ ലയത്തിലാഴ്‌ന്ന നഗരത്തിനുമേൽ വിടർന്ന ടൈറ്റിൽ ധൂളിയായ്പ്പറഞ്ഞുമറന്നു.
ആശങ്കയുടെ പകളിലേക്ക്‌ മരണപ്പാച്ചിലിന്റെ അണയറുത്ത മൃത്യുഭേരിയായി സൈറൺ.
ബ്രേക്കിനിടയിൽപ്പെട്ട്‌ വേഗത്തിന്റെ കഴുത്തമർന്ന വണ്ടികളുടെ നിലവിളി.
ഹാന്റ്ബാഗിൽ നിന്നും കാറിന്റെ സീറ്റിൽനിന്നും മടിശ്ശീലയിൽനിന്നും മുഖത്തേയ്ക്കുള്ള കൈയെത്തുംദൂരം താണ്ടാൻ മാസ്കുകളുടെ ഹർഡിൽസ്‌ കുതിപ്പുകൾ.
സെക്യൂരിറ്റിഗാർഡുകളുടെ പരക്കംപാച്ചിൽ
ഷോപ്പിംഗ്‌ കോമ്പ്ലക്സിലെ മാസ്ക്‌ കൗണ്ടറിനുമുന്നിൽ തിക്കും തിരക്കും. നിലവിളികൾക്ക്‌ മീതെ നിലവിളികളുമായി സൈറൺ.
ക്യാമറ നൊടിയിടയിൽ കാഴ്ചകളിലൂടെ തെന്നിമറിഞ്ഞ്‌ തിരിച്ചെത്തുമ്പോഴേക്കും നഗരമാകെ മുഖംമൂടികളുടെ തിക്കും തിരക്കും. കുഞ്ഞിനോടൊപ്പം മുഖംമൂടിയില്ലാതെ വിതുമ്പുന്ന അമ്മയിലും തിരകക്കിനെ വകഞ്ഞ്‌ മാറ്റി അവരിലേക്ക്‌ മുന്നേറുന്ന സുരക്ഷാഭടനിലും ക്യാമറ മാറിമാറി കണ്ണോടിക്കുമ്പോഴേക്കും അയാൾ കൈയിലുയർത്തിയ മാസ്കുമായി അമ്മയുടെ അരികിലെത്തുന്നു. വിഷവാതകം പ്രാണനിൽ പിണയുന്നതിനുമുമ്പേ മാസ്കിലൊളിച്ച അമ്മയുടെയും കുഞ്ഞിന്റെയും കൃതാർത്ഥതയിൽ സൈനികനുയർത്തിയ പതാക പാറിക്കളിക്കവേ സൈറൺ പതിഞ്ഞുതാഴ്‌ന്നു.
"ഗുഡ്ഡ്‌" പ്രസിഡന്റ്‌ മുഖ്യ പ്രചാരകനെ നോക്കി. "ഹൗഡിഡ്‌ യു മാനേജ്‌ ടു ഡു സച്ച്‌ മാർവലസ്‌ മിശ്ചീഫ്‌?"
"ബൈ ആസിഡ്‌ സംതിങ്ങ്‌ ടു ആന്റ്‌ മൈനസിങ്ങ്‌ സംതിങ്ങ്‌ ഫ്രം എ വുൾഫ്സ്‌ ഹൗൾ"
മുഖ്യപ്രചാരകൻ പെരുംകുരുത്തക്കേടിന്റെ പൊരുളഴിച്ചു.
സ്ക്രീനിൽ പ്രൗഢശാന്തമൊരു ഓയിൽ റിഗ്‌.
ക്യാമറയുടെ കണ്ണിലും കടക്കണ്ണിലും പതിഞ്ഞ എണ്ണക്കുഴലുകളുടെ ശിൽപവിന്യാസം കണ്ടിരുന്നവരുടെ സിരാപടലങ്ങളിൽ ആസക്തി പുള്ളിപ്പുലിക്കൂട്ടങ്ങളായി കൂത്താടി.
കോശങ്ങളോരോന്നിലും ജ്വലനസന്നദ്ധമെന്ന ആർത്തിരമ്പിൽ എന്നെയുംകൂടൊന്ന്‌ കൊണ്ടുപോകൂ എന്ന മുറവിളി.
സ്ക്രീനിലൂടെ അവസാന ടൈറ്റിലും ഒഴുകി മാഞ്ഞു.
"സർ, ദിസ്‌ ഈസ്‌ ജസ്റ്റ്‌ ഏ ഹാൻഡ്‌ ഫുൾ ഫ്രം ദി ഇൻടെൻഡഡ്‌ വാർ ബ്രോഡ്കാസ്റ്റ്‌" വീഡിയോ ർറൂമിലെ തെളിഞ്ഞ വിളക്കുകളെ സാക്ഷി നിർത്തി പ്രചാരണ സെക്രട്ടറി പ്രസിഡന്റിനോട്‌ പറഞ്ഞു.
"മേ ബി യൂ ഹാവ്‌ ഫോർസീൻ തിങ്ങ്സ്‌ എക്സാട്ലി" പ്രസിഡന്റിന്റെ പ്രശംസ ഊഷ്മളമൊരു ഹസ്തദാനമായി. പുറത്തെ പുൽത്തകിടിയിൽ മാധ്യമപ്രവർത്തകർക്ക്‌ മുന്നിൽ യുദ്ധ സന്നാഹങ്ങളെ പ്രസിഡന്റ്‌ ഷെർലക്‌ ഹോമിയൻ തല വാചകത്തിലൊതുക്കി.
"ഇറ്റ്സ്‌ ദി കേസ്‌ ഓഫ്‌ എ മിസ്സിങ്ങ്‌ ഗ്യാസ്‌."
ന്യൂയോർക്കിലെ കുടുസ്സുകളിലൊന്നിൽ രാകിമിനുങ്ങുകളായിരുന്ന വിശപ്പ്‌ പ്രസരണി ചൊരിഞ്ഞ വെണ്ണവാക്കുകളിലേക്ക്‌ പിഞ്ചിത്തുടങ്ങിയ കോട്ടിനുള്ളിൽ ചാഞ്ഞിരുന്ന ഊരകല്ലിന്മേലമർന്നു.
"ആന്റ്‌ എ സ്നിഫിങ്ങ്‌ മാസ്ക്‌"