dr. m m basheer
മലയാളകവിത പ്രധാനമായും മൂന്നു കൈവഴികളിലൂടെയാണ് വളർന്നു കൊണ്ടിരിക്കുന്നത്.
മലയാളപദങ്ങളും തമിഴുപദങ്ങളും കൂടിച്ചേർന്ന മണിപ്രവാളരീതി, ശുദ്ധമലയാളപദങ്ങൾ മാത്രമുള്ള നാടോടിപ്പാടുരീതി. കാവ്യരംഗത്ത് ഒരേകാലത്തുതന്നെ വ്യത്യസ്തമായ രചനാസമ്പ്രദായങ്ങളും കാവ്യശൈലികളും നിലവിലുണ്ടാവും. തമിഴിലെ അക്ഷരമാല ഉപയോഗിച്ച് ഏതുക, മോന എന്നീ പ്രാസവിശേഷങ്ങളോടെ രചിക്കപ്പെട്ട ധാരാളം കാവ്യങ്ങൾ 12-ാം നൂറ്റാണ്ടോടെ ഉണ്ടായിരുന്നിരിക്കണം. എന്നാൽ, ആ വകുപ്പിൽ പെടുത്താവുന്നതായി 'രാമചരിതം' മാത്രമേ നമുക്കു കിട്ടിയിട്ടുള്ളു. ആ കൃതിയുടെ കാലം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധമോ 13-ാം നൂറ്റാണ്ടിന്റെ പൂർവാർധമോ ആവാം. കേരളത്തിലേയ്ക്ക് കൂടിയേറിയ ആര്യന്മാർ ഇവിടത്തെ ദ്രാവിഡരായ ആൾക്കാരുമായി ഇടപഴകിയതിന്റെ ഫലമായി മലയാളവും സംസ്കൃതവും ഇടകലർന്ന ഒരു മിശ്രഭാഷ രൂപപ്പെടുകയുണ്ടായി. ആ മിശ്രഭാഷയുടെ സംസ്കരിച്ച രൂപമാണ് മണിപ്രവാളം. മണിപ്രാവാളത്തെ നിർവചിച്ചുകൊണ്ട് 14-ാം നൂറ്റാണ്ടിലുണ്ടായ ലക്ഷണഗ്രന്ഥമാണ് 'ലീലാതിലകം' ഭാഷാസംസ്കൃത യോഗോ മണിപ്രവാളം' എന്ന് മണിപ്രവാളത്തെ നിർവചിച്ച് ലക്ഷണം പറഞ്ഞുപോകുന്ന കൂട്ടത്തിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന 'പാട്ട്' എന്ന കാവ്യരീതിയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
'ദ്രാവിഡസംഘാതക്ഷരനിബന്ധമെതുകാമോനാ വൃത്തവിശേഷയുക്തം പാട്ട്' എന്ന് പാട്ടിനെ നിർവചിക്കുന്നുമുണ്ട്. മണിപ്രവാളവും പാട്ടും പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ നാടോടിസംസ്കാരത്തിന്റെ ഈടുവെയ്പ്പായ നാടോടിപ്പാട്ടുകൾ വായ്ത്താരികളായി ജനമധ്യത്തിൽ ഉണ്ടായിരുന്നു. ജനമനസ്സുകളിൽ നിന്ന് തലമുറകളിലേക്ക് പരന്നൊഴുകിയ നാടോടിപ്പാട്ടുകൾ പാട്ടുപ്രസ്ഥാനത്തോടോ മണിപ്രവാളപ്രസ്ഥാനത്തോടോ ഒരുതരത്തിലും കടപ്പെട്ടിരുന്നില്ല. മണിപ്രവാളം സമൂഹത്തിലെ ഉന്നത വർഗങ്ങൾക്കുവേണ്ടിയുള്ളതായിരുന്നുവേങ്കിൽ, പാട്ടും നാടോടിപ്പാട്ടും സാധാരണ ജനങ്ങളുടെ കാവ്യസംസ്കാരത്തിന്റെ പ്രകാശനങ്ങളായിരുന്നു. മണിപ്രവാളവും പാട്ടും ലിഖിതരൂപത്തിൽ പ്രചരിച്ചപ്പോൾ നാടോടിപ്പാട്ടുകൾ വായ്ത്താരികളായിട്ടാണ് പ്രചരിച്ചതു. അതിനാൽ കാലകാലങ്ങളിൽ വന്ന ഭാഷാപരമായ മാറ്റങ്ങൾക്കു നാടോടിപ്പാട്ടുകൾ വിധേയമായിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുത്തച്ഛൻ വന്നുപിറക്കുമ്പോൾ കേരളത്തിന്റെ ജനജീവിതം സംസ്കാരികമായി തകർന്ന അവസ്ഥയിലായിരുന്നു. പോർട്ടുഗീസുകാരുടെ വരവോടെ കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരുന്നു. ക്ഷേത്രഭരണാധികാരികളായിരുന്ന നമ്പൂതിരിമാർ ജന്മികളായി ഉയരുകയും ദൈവത്തിന്റെ ദാസികളായിരുന്ന ദേവദാസികൾ വേശ്യകളായി അധഃപതിക്കുകയും ചെയ്തു. പോർട്ടുഗീസുകാർ നാട്ടുഭരണാധികാരികളെ പാട്ടിലാക്കി കച്ചവടം കുത്തകയാക്കി മാറ്റി. ചന്തകളിൽ സാധനങ്ങൾ ആർക്കുവേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കു നിഷേധിക്കപ്പെട്ടു. ഒരു നിശ്ചിത വിലയ്ക്ക് പോർട്ടുഗീസുകാർക്ക് വിറ്റുകൊള്ളണം എന്ന നിയമം വന്നതോടെ സ്വാതന്ത്ര്യവിപണി നഷ്ടപ്പെടുകയും സാധാരണ കർഷകർ സാമ്പത്തികമായി തകരുകയും സദാചാരമൂല്യങ്ങൾ കീഴ്മേൽമറിയുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് എഴുത്തച്ഛന്റെ അവതാരം.
എഴുത്തച്ഛന് പല തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടേണ്ടിയിരുന്നത്.
വിദേശികളുടെ ആക്രമണത്തിനും ചൂഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയാവസ്ഥ. തകർച്ചയിലേക്ക് അടിതെറ്റി വീണുകൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥ. ആകെക്കൂടി ധാർമ്മികത്തകർച്ചയും മൂല്യച്യുതിയുടേതുമായ ഒരു കാലഘട്ടത്തിൽ കവി എന്ന നിലയിൽ തന്റെ ദൗത്യം എന്ത് എന്ന ചിന്ത എഴുത്തച്ഛനെ അലട്ടിയിട്ടുണ്ടാവണം. ആധ്യാത്മികമായ ഉന്നതിയിലൂടെയല്ലാതെ സമൂഹത്തിനു രക്ഷപ്പെടാൻ മറ്റുമാർഗ്ഗമൊന്നുമില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഹരിനാമകീർത്തനവും രാമായണവും മഹാഭാരതവും ഒക്കെ കാവ്യവിഷയങ്ങളായി സ്വീകരിച്ച് മൂല്യസംസ്ഥാപനത്തിന് അദ്ദേഹം തയ്യാറായത്. കാലഘട്ടത്തിന്റെ ദുഷിച്ചുപോയ ധാർമിക മൂല്യങ്ങളെ പുനഃസ്ഥാപിക്കുക എന്നതാണ് കവി എന്ന നിലയിൽ തന്റെ കർത്തവ്യം എന്ന് എഴുത്തച്ഛൻ തിരിച്ചറിയിക്കുകയും അതിനായി കാവ്യോപാസന നടത്തുകയും ചെയ്തു.
തന്റെ ലക്ഷ്യം പൂർണ്ണമാകണമെങ്കിൽ ആദ്ധ്യാത്മികവിഷയങ്ങൾ കൈകാര്യം ചെയ്യാൻ പോന്ന, ശക്തവും സുന്ദരവുമായ ഭാഷയും ശൈലിയും ആവശ്യമാണെന്ന് എഴുത്തച്ഛനു ബോധ്യമായി. പാട്ടുസാഹിത്യത്തിന്റെ പൈന്തുടർച്ചക്കാരനായിരുന്നു അദ്ദേഹം. പക്ഷേ, രാമചരിതകാരന്റേയോ നിരണംകവികളുടെയോ പാട്ടുകളെ അനുസ്മരിപ്പിക്കുന്ന പാട്ട് താൻ പാടേണ്ടതില്ല എന്ന് എഴുത്തച്ഛൻ നിശ്ചയിച്ചു. തനിക്കു മുമ്പ്, തന്റെ ലക്ഷ്യം മുന്നിൽകണ്ട് പാടിയ എഴുത്തച്ഛൻ നിശ്ചയിച്ചു. തനിക്കു മുമ്പ് തന്റെ ലക്ഷ്യം മുന്നിൽകണ്ട് പാടിയ നിരണംകവികൾക്ക് എന്തു സംഭവിക്കുന്നുവേന്നോ, അവരുടെ ദോഷം എന്തായിരുന്നുവേന്നോ എഴുത്തച്ഛൻ ചിന്തിച്ചിട്ടുണ്ടാവണം. രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ പുരാണേതിഹാസങ്ങളെ തന്നെയാണ് നിരണംകവികളും ഉപജീവിച്ച് കാവ്യരചന നടത്തിയത്. അവരുടെ ഭാഷക്ക് പരിമിതികളുണ്ടെന്നും ആ ഭാഷ ഒരിക്കലും ജനമനസ്സുകൾ സ്വീകരിക്കുന്നില്ല എന്നും എഴുത്തച്ഛൻ തിരിച്ചറിഞ്ഞു.
പ്രൗഢമായ മണിപ്രവാളകാവ്യരചനാരീതി കൃത്രിമമാണെന്നും സുഖലോലുപന്മാരായ പണ്ഡിതന്മാർക്കല്ലാതെ സാധാരണക്കാർക്ക് അത് ഇഷ്ടപ്പെടുകയോ സ്വീകാര്യമാവുകയോ ഇല്ല എന്നും അദ്ദേഹം മനസ്സിലാക്കി. നാടൻപാട്ടുകളും നാടോടിഗാനങ്ങളും ജനഹൃദയങ്ങളിൽ പെട്ടെന്ന് കടന്നുചെല്ലാൻ പോന്നതാണ് എന്നകാര്യം എഴുത്തച്ഛൻ മനസ്സിലാക്കിയിരുന്നു. എങ്കിലും വായ്ത്താരികളിലെ അവ്യവസ്ഥിതത്വവും പ്രാദേശികമായ സ്വാധീനങ്ങളും നാടോടിപ്പാട്ടുകളിലെ ഭാഷയെ കടന്നാക്രമിച്ച് ദുഷിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യവും ശക്തവും ധ്വന്യാത്മകവുമായ ഒരു ഭാഷ വേണ്ടിയിരുന്നു. പാട്ട്, മണിപ്രവാളം, നാടോടിപ്പാട്ടുകൾ-ഈ മൂന്നു കാവ്യ സമ്പ്രദായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കാൻ എഴുത്തച്ഛനെ പ്രേരിപ്പിച്ച ഘടകങ്ങൾ അതൊക്കെ ആയിരുന്നു.
മണിപ്രവാളത്തിന്റെ ചാരുതകൾ സ്വീകരിച്ചു. മലയാളത്തിനു യോജിക്കാത്തവ ഒഴിവാക്കി; പാട്ടിലെ തമിഴ്ചുവയുള്ള പദങ്ങളും പ്രയോഗങ്ങളും ഉപേക്ഷിച്ചു; നാടോടിപ്പാട്ടുകളിലെ തെളിമയുറ്റ പദങ്ങളും പ്രയോഗങ്ങളും കൈക്കൊണ്ടു. മലയാളപദങ്ങളും സംസ്കൃതപദങ്ങളും ഇണക്കിച്ചേർത്ത് മലയാളത്തിന്റെ ആത്മസത്ത ഉൾക്കൊള്ളാൻ പോന്ന അതിശക്തമായ ഒരു ഭാഷയ്ക്ക് എഴുത്തച്ഛൻ രൂപം നൽകി. ഭാഷ എല്ലാപേർക്കും സ്വീകാര്യമാവണം എന്നും കവിതയ്ക്ക് ഉത്കർഷം ലഭിക്കണം എന്നും അദ്ദേഹത്തിനു വ്യക്തമായ ബോധമുണ്ടായിരുന്നു. "നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ/ക്രമക്കണക്കേ ശരണം" എന്ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും "പൈതലാം മലയാളഭാഷതൻ ശരിയായ ജാതകം/കുറിച്ചിട്ടതത്തിരുനാരായം താൻ" എന്ന് വള്ളത്തോൾ നാരായണമേനോനും എഴുത്തച്ഛന്റെ ഭാഷയെ പുകഴ്ത്തിയത് അത് വരുംകാല മലയാളത്തെയാകെ സ്വാധീനിക്കാൻ പോന്നതായിരുന്നു എന്നതുകൊണ്ടുതന്നെ.
എഴുത്തച്ഛന്റെ ഭാഷ മണിപ്രവാളമല്ല, മലയാളപദങ്ങളും സംസ്കൃത പദങ്ങളും ഇടകലർന്നു വരുന്നതുകൊണ്ട് അങ്ങനെ തോന്നാം. മലയാളത്തിന്റെ ചത്തവും ചൂരും ചൊരുക്കുമുള്ള മലയാളപദങ്ങളും പ്രയോഗങ്ങൾക്കുമാണ് എഴുത്തച്ഛൻ പ്രാധാന്യം നൽകിയിരിക്കുന്നത്. നാടകീയമുഹൂർത്തങ്ങൾ ചിത്രീകരിക്കുമ്പോഴും വൈകാരികസന്ദർഭങ്ങൾ ആവിഷ്കരിക്കുമ്പോഴും എഴുത്തച്ഛൻ മലയാളത്തിലേക്ക് മാറുന്നു. ഏതു കാലഘട്ടത്തിലെ കവികളുമായി തട്ടിച്ചുനോക്കിയാലും മലയാളത്തിലെ തനിപ്പദങ്ങൾ എഴുത്തച്ഛൻ ധാരാളമായി ഉപയോഗിച്ചിട്ടുള്ളതു കാണാം. മണിപ്രവാളസങ്കൽപത്തെയും നാടൻപാട്ടു സങ്കൽപത്തെയും ഔചിത്യപൂർവ്വം പരിഷ്കരിച്ച് പാട്ടുസാഹിത്യത്തിൽ പ്രയോഗിച്ച് ഫലിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത് എന്ന് നിരീക്ഷിച്ചാൽ അതായിരിക്കും സത്യം.
എഴുത്തച്ഛൻ രണ്ടുകാര്യങ്ങളാണ് ചെയ്തത്. സാംസ്കാരികമായി തലതിരിഞ്ഞുപോയ ഒരു സമൂഹത്തെ ധാർമ്മികോദ്ബോധനങ്ങളിലൂടെ, സദാചാരമൂല്യപ്രചാരണത്തിലൂടെ നേർവഴികാട്ടുകയും, ആദ്ധ്യാത്മികമായ ഒരു സാഹിത്യസംസ്കാരം വളർത്തിയെടുക്കുകയും ചെയ്തു. അതൊക്കെ സൂക്ഷ്മമായും ശക്തമായും പറയാനുള്ള ഒരു ഭാഷ സൃഷ്ടിച്ചു. ആ ഭാഷ എഴുത്തച്ഛന്റെ മാത്രം ഭാഷയായി ഒതുങ്ങിപ്പോകാതെ ഏക്കാളത്തിന്റെയും നിലവാരഭാഷയായി മാറി. അത് കാലഘട്ടങ്ങളിലെ കവികളെ നിരന്തരം സ്വാധീനിക്കുകയും അതേസമയം എഴുത്തച്ഛന്റെ ഭാഷയുടെ സ്വാധീനമുണ്ട് എന്ന തോന്നൽപോലും ഉണ്ടാക്കാതെ സ്വതന്ത്രമായി വളരാൻ അനുവദിക്കുകയും ചെയ്തു. ഇന്നും മലയാളത്തിന്റെ നിലവാരം എഴുത്തച്ഛൻ രൂപപ്പെടുത്തിയ ശൈലികളിലും പ്രയോഗങ്ങളിലും അടികളിലും പതിഞ്ഞുകിടക്കുന്നു. ആശാനും വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പും മാത്രമല്ല, വൈലോപ്പിള്ളിയും ഇടശ്ശേരിയും ഒ.എൻ.വിയും സുഗതകുമാരിയും അയ്യപ്പപ്പണിക്കരും ചെറിയാൻ കെ.ചെറിയാനും ബാലചന്ദ്രനും സച്ചിദാന്ദനും ശങ്കരപ്പിള്ളയും വിനയചന്ദ്രനും എല്ലാം എഴുത്തച്ഛന്റെ ഭാഷയിൽ നിന്ന് ഊർജ്ജം സ്വീകരിച്ചിരിക്കുന്നു.
അതേസമയം ആ കവികൾക്കെല്ലാം സ്വന്തമായ വഴികളിലൂടെ സഞ്ചരിക്കാനും അപ്പോഴും മലയാളഭാഷയുടെയും കവിതയുടെയും മൂലസ്രോതസ്സിന്റെ പാരമ്പര്യത്തിലേക്കു നയിക്കാനും പ്രേരിപ്പിക്കുന്ന ഒരു ഭാഷാഘടകം എഴുത്തച്ഛന്റെ കാവ്യഭാഷയിൽ നിന്ന് അത്ഭുതകരമായി അവരുടെയെല്ലാം കവിതകളിൽ ഉൾച്ചേർന്നിരിക്കുന്നു. ഇതുകൊണ്ടാവാം, എൻ.കൃഷ്ണപിള്ള ഇങ്ങനെ പറഞ്ഞത്: "സാഹിത്യത്തിലെ പൂർവ ഭാഷാരീതികളുടെ സ്വാഭാവികപരിണാമമായിരുന്നു എഴുത്തച്ഛന്റെ ഭാഷ. പക്ഷേ, എഴുത്തച്ഛന്റെ ഭാഷാരീതിവരെ പരിണമിച്ച് നിലവാരപ്പെട്ട മലയാളപദ്യഭാഷയ്ക്ക് അതിനപ്പുറം പറയത്തക്ക യാതൊരു പരിവർത്തനവും ആധുനിക കവിത്രയത്തിന്റെയും പിന്നീടുവന്ന പ്രമാണികളുടെയും കൃതികളിൽ കാണുന്നില്ല...." അതുതന്നെയാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്നു കരുതുന്നതിന്റെ പൊരുൾ. അതുതന്നെയാണ് കവി എന്ന നിലയിൽ എഴുത്തച്ഛന്റെ സായൂജ്യവും സാക്ഷാത്കാരവും.
ആധാരഗ്രന്ഥങ്ങൾ
1. എൻ.കൃഷ്ണപിള്ള, കൈരളിയുടെ കഥ, കോട്ടയം: എസ്പിസിഎസ്, 1975.
2. ഡോ.കെ.എം.ജോർജ്ജ് (എഡി.), സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, കോട്ടയം: എസ്പിസിഎസ്, 1558.
3. എ.ശ്രീധരമേനോൻ, കേരളസാംസ്കാരം, കോട്ടയം: എസ്പിസിഎസ് 1978.
4. ദേശമംഗലം രാമകൃഷ്ണൻ (എഡി.), കാവ്യഭാഷയിലെ പ്രശ്നങ്ങൾ, തിരുവനന്തപുരം: 1993.
ആധാരഗ്രന്ഥങ്ങൾ
1. എൻ.കൃഷ്ണപിള്ള, കൈരളിയുടെ കഥ, കോട്ടയം: എസ്പിസിഎസ്, 1975.
2. ഡോ.കെ.എം.ജോർജ്ജ് (എഡി.), സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, കോട്ടയം: എസ്പിസിഎസ്, 1558.
3. എ.ശ്രീധരമേനോൻ, കേരളസാംസ്കാരം, കോട്ടയം: എസ്പിസിഎസ് 1978.
4. ദേശമംഗലം രാമകൃഷ്ണൻ (എഡി.), കാവ്യഭാഷയിലെ പ്രശ്നങ്ങൾ, തിരുവനന്തപുരം: 1993.