Followers

Saturday, October 30, 2010

ഒരു സുവർണ്ണ സ്വപ്നം


chathanath achyuthanunni

ചരിത്രത്തിന്റെ ചക്രച്ചുറ്റിൽ
ചിതറിത്തെറിച്ച ഒരു തീപ്പൊരി
വീണ്ടും ആത്മാവിൽ ആളിപ്പടരുന്നു

ഇരുളടഞ്ഞ പാതാളത്തിന്റെ
ഇടവഴികളിൽ അലഞ്ഞു നടന്ന ഒരു ദിവാസ്വപ്നം
വീണ്ടും ജീവനിൽ പൂത്തുവിരിയുന്നു

ഓരോ കാലവർഷച്ചതിയുടേയും അറുതിയിൽ
ആകാശത്തിന്റെ പരിഹാസച്ചിരിയായി
മഞ്ഞവെയിലുകൾ തെളിയുമ്പോൾ
ഒരു വഞ്ചനയുടെ പുണ്യപുരാണം
ചുരുളഴിയുന്നു....

ദാനനീർക്കിണ്ടിയുടെ മുരലിൽക്കൂടി
ഒഴുകിവീണ ചോരത്തുള്ളികളിൽ
ധർമ്മവും അധർമ്മവും അലിഞ്ഞുചേർന്ന്‌
തിരച്ചറിയാതാവുന്നു....

വിണ്ടലങ്ങളിൽ ഉരുണ്ടുപെരുകിയ
കറുത്തിരുണ്ട ദുരന്തം
അതിരില്ലാത്ത സ്വപ്നഭൂമികളെ
അബോധത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു...

ഉടഞ്ഞുതകർന്ന കിരീടമണികൾക്കു മുകളിൽ
ചിതറിനുറുങ്ങിയ മണിമാലകൾക്കു മുകളിൽ
ആയിരം ഇന്ദ്രചാപകിരണങ്ങൾ
പൂത്തുവിരിയുന്നു.

ദിനരാത്രങ്ങളുടെ ആരക്കാലുകളുയർന്നും താഴ്‌ന്നും
കാലത്തിന്റെ തേർച്ചക്രങ്ങൾ
നിമ്നോന്നതമായ ഹൃദയരഥ്യയിലൂടെ
ഉരുണ്ടുനീങ്ങുമ്പോൾ
പൂത്തുലഞ്ഞ പ്രാചീനമായ ഇന്ദ്രചാപങ്ങളിൽ
ഓരോ വസന്തവും ഞെട്ടിയുണരുന്നു....

ഓരോ കാലവർഷച്ചതിയുടേയും
അറുതിയിൽ
ചരിത്രത്തിന്റെ ചക്രച്ചുറ്റിൽ
ചിതറിത്തെറിച്ച ഒരു തീപ്പൊരി
അന്തരാത്മാവിൽ ആളിപ്പടരുന്നു.

ഇണചേരുന്ന ധർമ്മാധർമ്മങ്ങളുടെ
നിത്യരഹസ്യം
കൊഴിഞ്ഞുപോയ ദിവസം പോലെ
ഉതിർന്നുവീണ കുന്നിമണിപോലെ
അടർന്നുതെറിച്ച ഭൂമിയെപ്പോലെ
പാതി കറുത്തും പാതി ചുവന്നും

ഇരുണ്ട പാതാളഗഹ്വരങ്ങളിൽ
ഒരു വസന്തത്തിന്റെ ഇടിമുഴക്കം
തിളങ്ങുന്ന മകുടമാണിക്യങ്ങളുടെ
ശോണസൗന്ദര്യചലനം.

ആകാശഭൂമികളിൽ ഞാണേറ്റി
ആകർണ്ണം കുഴിച്ച കുലവില്ലിൽ
മന്ദ്രഗംഭീരമായ യുഗസംഗീതം

അനന്തവിചിത്രമായ
വർണ്ണഗന്ധതാളങ്ങളിൽ
ഒരു സുവർണ്ണസ്വപ്നം.