Followers

Saturday, October 30, 2010

കഥ -നാലമ്പലത്തിന്റെ നൊമ്പരം -1


praphullan tripunithura
പരിഷ്കാരത്തിന്റെ പ്രസരിപ്പ്‌ വളരെ കുറച്ചു മാത്രം പരന്നിട്ടുള്ള നന്മകൾ നിറഞ്ഞ ഗ്രാമം. അഗ്രഹാരത്തിന്റെ എല്ലാമായ അങ്ങാടിയിൽനിന്നും വയലിന്റെ വക്ഷസ്സിലേയ്ക്കു ചെന്നവസാനിക്കുന്ന ചെമ്മണ്ണുപാത. അവിടെ അമ്പലത്തിന്റെ അടുപ്പം അറിയിയ്ക്കുന്ന പഴയ ആൽത്തറയിലെ പുതിയ ആൽ. അവിടെനിന്നും വലിയ വരമ്പിലൂടെ ഒരു ഫർലോങ്ങ്‌ നടന്നാൽ 'കരീക്കാട്ട്‌' ക്ഷേത്രമായി; പടവുകൾ പൊട്ടിത്തകർന്നു നിരന്നു തുടങ്ങിയ പഴയ ക്ഷേത്രക്കുളവും ചോർന്നൊലിക്കുന്ന ചുറ്റമ്പലവുമുള്ള മനവക ക്ഷേത്രം.

ആ ക്ഷേത്രത്തിൽ മനയ്ക്കലെ ഉണ്ണിനമ്പൂതിരിതന്നെ വിളക്കുവെയ്ക്കുകയും പൂജ ചെയ്യുകയും ചെയ്യും. പിന്നെയുള്ളത്‌ ഷാരസ്യാരാണ്‌. നിത്യവും രണ്ടുനേരവും ഭഗവതിയ്ക്കു ചാർത്താൻ അവർ ഓരോ മാലയുണ്ടാക്കിക്കൊടുക്കും; പൂജയ്ക്കുള്ള പൂക്കളും. ശ്രീകോവിലിനുചുറ്റും അടിച്ചുതളിച്ചു വൃത്തിയാക്കുന്നതും അവരാണ്‌. ആ സ്ത്രീ ക്ഷേത്രത്തിന്റെ തെക്കേ വളപ്പിൽതന്നെയുള്ള 'ഷാരത്തെ' അംഗമാണ്‌.
മുമ്പ്‌ എല്ലാമാസത്തിലും സംക്രാന്തിദിവസം അവിടെ പൂർണ്ണരൂപത്തിലുള്ള പൂജ നടക്കുമായിരുന്നു. മാസത്തിലെ ഒടുവിലത്തെ ദിവസത്തെ ദീപാരാധനയും അത്താഴപൂജയും പിറ്റേന്നു കാലത്തെ പൂജകളും നടക്കുമ്പോഴാണ്‌ ഒരു മാരാരുടെ ആവശ്യം; അതിനുവേണ്ടി പതിവായിവരാറുള്ള ആളായിരുന്നു കിഴക്കേടത്തു പരമേശ്വരമാരാർ.

മാരാർ അങ്ങാടിയിൽ ബസ്സിറങ്ങി ഭഗവതി വിലാസം ഹോട്ടലിൽ നിന്നും ഒരു ചായയും കുടിച്ച്‌ നടക്കും. വയലിനടുത്തുള്ള കടയിൽ നിന്നും വിസ്തരിച്ചൊന്നു മുറുക്കും. ഒരു കെട്ടു നാടൻ ബീഡിയും അരയിൽ തിരുകി ചുറ്റുംകൂടുന്ന എല്ലാവരോടും കുശലംചോദിച്ച്‌ ക്ഷേത്രത്തിലേയ്ക്കു നടക്കും. ബസ്റ്റോപ്പിലും ചായക്കടയിലുമൊക്കെ മാരാർ വരുമ്പോൾ ആ ഗ്രാമവാസികൾ പറയും......"ഓ....സംക്രാന്തിയായി" ജീവിതത്തിൽ നിന്നും ഒരുമാസം കൊഴിഞ്ഞുപോയത്‌ അപ്പോഴാണ്‌ അവർ ഓർക്കുക. ആ ഗ്രാമവും ക്ഷേത്രവുംപോലെ. മലയാളമാസവും സംക്രാന്തിയുംപോലെ ആ ഗ്രാമവാസികളും 'സംക്രാന്തിമാരാരും' തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടുപോയിരുന്നു....