Followers

Showing posts with label r manu. Show all posts
Showing posts with label r manu. Show all posts

Saturday, May 4, 2013

കാളിന്ദി


ആർ.മനു
(കാളിന്ദി എന്നും കൃഷ്ണകഥയുടെ കാൽപനിക സാക്ഷിയും മിത്തുമാണ്‌. കാർവർണ്ണ ജീവിതത്തിലെ ഗോപാലബാല്യം മുതൽ അസ്ത്രമുനയിലെ ഹരിശോഭയുടെ അവസാനം വരെ.)
ഒഴുകുന്നു, കാളിന്ദി
ഒരു നേർത്ത തേങ്ങലലയായ്‌
മഥുരയിലമ്പാടിയിലെ
ഗോക്കൾ മേയുന്ന ഗിരിഗോവർദ്ധന
ഹരിതാഭ താഴ്‌വരകളിൽ
മഴവീണു തുള്ളിയനാവുകളിടയർ
വഴിതെളിച്ചെത്തിയ കടവിലെ
പ്രണയകൽപ്പടവുകൾ
കളിവാക്കു ചൊല്ലിയ പ്രേമ സല്ലാപ
മിഴിനീർതോരാത്ത രാവുകളേറ്റും
വൃന്ദാവനത്തിലെ രാധ പാടുന്ന
മധു ഹൃദയസാഗര വേണുവായ്‌
പൂക്കളായ്‌ കൊഴിയുന്നു പുഴകളിൽ
ചെറുരാഗമോതും കളകളാരവം
മറയുന്നു പൈക്കളെ മേയ്ക്കുമാ
ഗോപമുരളീരവസാന്ദ്രമേളം
ചെറുവിരലമ്പാടിക്കുടവിരിച്ച
ഗോവർദ്ധനത്തണൽ പരന്നൊഴുകിയ
മധുരകാളിന്ദീതീര വിരഹാർദ്ര
ഗോപികാ പാദസ്വനം
നേരിൽ നീരൊഴുക്കായ കാളിന്ദി,
ചോളവയൽ നനഞ്ഞൊഴുകു
മുഴവുചാൽ കീറും കലപ്പയിൽ
തെളിയും കൽപാന്ത നക്ഷത്രബിംബം,
യാദവനന്യോന്യമെയ്യുവാനസ്ത്രം വിളയും
എരകപ്പുൽപ്പാടങ്ങൾ കൊയ്തരക്തം

ദ്വാരക കടലെടുക്കും നിമിഷങ്ങളെ
കാത്തു കനലെരിയും കദനരാവുതൻ
നീലസംഗീത വർണ്ണസമുദ്രം
നിറഞ്ഞൊഴുകിപ്പരന്ന കാളിന്ദി
പ്രളയസൗഖ്യം കിനിയും, പ്രണയതീര
മോക്ഷമലയിടിഞ്ഞൊഴുകും കാളിന്ദി.
ഉഗ്രാഫണം ചീറ്റും വിഷം തീണ്ടി
നാഗസ്വരൂപ നൃത്തമാടും കാളിന്ദി
ഒഴുകുന്നവൊരു വിലാപമൊഴിയായ്‌
മഞ്ഞത്തുകിൽ ചേല ചൂടിയണയും
നിഴൽപടരും സാന്ദ്രസ്വരലയമായ
ഹരിശോഭനിറയുന്ന കാളിന്ദി.

Wednesday, February 1, 2012

യാത്രാന്ത്യക്കുറിപ്പ്‌

ആർ.മനു

ഇവിടെഞ്ഞാനെത്തിനിൽക്കുന്നു
നീണ്ടമൗനങ്ങളിടിവെട്ടി വീഴുന്ന
പെരുമഴകളിലീക്കൊച്ചു
നീർച്ചുഴികളി,ലിലകളിൽപടരുന്ന
നഗരാന്ധകാരാന്തരത്തിൽ

ജന്മനേത്രങ്ങളീ ബീജങ്ങളുലയുന്ന-
യാശുപത്രിക്കിടക്കകളിലുയരുന്ന
തേങ്ങലുകളിവിടെ താരാട്ടുമില്ല.
ഓർമ്മയിലെനാളങ്ങളീജീവരൂപങ്ങൾ
അവിരാമബിന്ദുക്കളുയിരിന്റെ
ചോദ്യങ്ങളുലകിന്റെ നീറ്റലുകൾ.
ഒരു കണികയായ്‌ കനൽക്കൂട്ടങ്ങളെരിയുന്ന
കണ്ണിൻതിളക്കങ്ങളീച്ചോറ്റുപാത്
രങ്ങൾ,
കവലയിലെ വേദാന്ത മൊഴികളിൽ മുറിയുന്നവ.

പാതിവെന്താഗാത്രങ്ങ, ളലിയാത്ത
പിണ്ഡങ്ങളലയുന്ന ഗംഗാതീരം
വേദകാതങ്ങൾ താണ്ടുന്ന പടയണി
നാദകോമരങ്ങളെല്ലാം മടുത്തൊടുവിൽ
നിണമൂറിനിൽക്കുന്ന സഹ്യശൈലങ്ങളും
നിളനിറച്ചൊഴുക്കുന്നയസുരവാതങ്ങളും

ഓടിമറയുന്ന തെയ്യങ്ങളൊപ്പമെത്തുന്നപൈതങ്ങൾ
ഉഷ്ണസ്വപ്നങ്ങൾ വേവുന്ന മുറിവിന്റെ
നീറ്റലുകളൂതിത്തണുപ്പിച്ച്‌ ശീതവാതം
വഴിയോരപ്പലകയിലെഴുതാത്ത വരികളും.

രാഘവനിവിടെ,
സീതയെത്തിരഞ്ഞൊടുവിലലയുന്നു.
സരയൂവാർത്തുകരയുന്നു
വാല്മീകി ജട പിഴുതുമാറ്റി!

നാലുകെട്ടിന്റെ പടിചവിട്ടവേ
എട്ടുപതിറ്റാണ്ടായമുത്തശ്ശി
ചൊല്ലിയതോർമ്മയിലൊരു
നനവായ്‌ തെളിവായ്‌ ദുഃസ്വപ്ന
വീഥികളിലരയിലേലസ്സുപോലെ-
യൊളിവാർന്നു നിൽക്കുന്നു
'പടിയിറങ്ങി പടിയിറങ്ങി
പാതാളനടുവിലെത്തുന്നു.'

Saturday, December 31, 2011

വേർപാട്‌



ആർ.മനു

ഇലച്ചാർത്തിന്റെ സാന്ത്വനമായി

ഉഴുതുമറിച്ച മണ്ണിന്റെ മണമായി
പൊതിച്ചെന്നിൽ നിന്നൂറ്റിയ
തലച്ചോറിന്റെ തിളക്കത്തിലെ
കാൽച്ചവിട്ടേറ്റ തലമുറകൾ നീണ്ട
ശവം തീനിയുറുമ്പുകളുടെ സ്വരമായ്‌
ആരുമറിയാതെ പുൽമേടുകളിലെ
കീടവും കൂണും മുളച്ച
ശവക്കോട്ടതൻ തേങ്ങളിൽ നിന്നു
മൊരുയാത്രാമൊഴിയുമായ്‌
കവിതയെന്നെ വിട്ടുപോകുന്നു.

പെങ്ങൾ തൻ ഗർഭത്തുടിപ്പും

ഭാര്യയുടെ വിയർപ്പിൻ പുളിപ്പും
കാമിനീ, നിന്റെയഴുകിയ പല്ലുകളും
പിന്നെയച്ഛന്റെ മരണവാറണ്ടുകളിലമ്മ
മുഷ്ടിച്ചിതലുകളിലെനിക്കായ്‌ ഭാഗം കുറിച്ച
കവിതയെന്നെ വിട്ടുപോകുന്നു

കടമ്പുപൂക്കും കൊടുങ്കാറ്റിന്റെയോർമ്മയായ്‌

കടവുകാക്കും കഴുതയുടെ മോങ്ങളിൽ
കനിവുനേർത്ത കരിനിഴലിലും
കാട്ടുചെടിയുടെ കൊടുമുകളിലും,
നുരപതഞ്ഞൊഴുകുന്ന
സോമസായന്തനങ്ങളിൽ
ഒഴിവുതീരാത്ത മരണപത്രമായ്‌
കവിതയെന്നെ വിട്ടുപോകുന്നു.

ഇതുവിഷവിത്തു വിരിയുന്ന

വേർപിരിയലീ
രാസലായനീത്തളങ്ങളിൽ
കെട്ടുമുറിഞ്ഞൂരിത്തെറിച്ചു
നഷ്ടമാകുന്നുവാശ്വാസഗേഹങ്ങളെന്
റെ
ശിഷ്ടകാലത്തിലോ കേതുഭാവങ്ങളും.

Friday, July 29, 2011

നേർവെളിച്ചം (നിലാവ്‌)


ആർ.മനു
ചുറ്റുപാടുകൾ ചിലപ്പോൾ നമ്മിൽ ദുഃഖകിരണങ്ങളായും
മറ്റു ചിലപ്പോഴവ നേർവഴിയിലൂടെ നാട്ടുവെളിച്ചവുമായെ
ത്തുന്നു. ദുഃഖത്തിന്റെ ഹിമകണികകളുടെ തണുപ്പും
പ്രകാശത്തിന്റെ വേഗതയേറിയ ഉഷ്ണവും നാമറിയാതെ
എങ്ങനെയോ ഇഴചേർന്നലിഞ്ഞിരിക്കുന്നു.

Sunday, January 2, 2011

കാരിക്കേച്ചർ


r manu
"മനസ്സേകം വചസ്സേകം കർമ്മണ്യേകം മഹാത്മന"
മനസ്സും വചസ്സും കർമ്മവും ഒന്നാക്കിയ ചിലർ ആരാ
ധനയോടെ നമ്മുടെ മനസ്സിലെ റോൾ മോഡലുകളാ
കാറുണ്ട്‌. ഇവിടെ അവർ വാക്കുകൾ കൊണ്ട്‌
തീർത്ത കാരിക്കേച്ചറുകളാകുന്നു.

Tuesday, November 30, 2010

മഹാത്മയം


r manu
ചെറുമന്ദസ്മിതം, മൃദു പാദസ്പന്ദനം
അരവയർഭക്ഷണം, അർദ്ധനഗ്നകായം
കൊടിയവേനൽ മഴയേതുമറിയാതെ ജീവിതം
കൊടുങ്കാറ്റുകളൊടിക്കാതെ പ്രളയനീർച്ചാലു
കലപ്പകീറിയ ഹരിരാമമന്ത്രത്തിലൊരു
സത്യമായ്‌ തെളിയും മൺവിളക്കിൻ പ്രകാശം

വിരലുകൾ പിഞ്ചിയ ജീവിതച്ചർക്കതിരിച്ചും
കരിയടുപ്പിൻ കനലൂതിയൂതിജ്വലിപ്പിച്ചും
കൈക്കുടന്നക്കടൽജലം നീറ്റിയ കൃശഗാത്ര
ഭൂമിതന്നഭിമാന ജ്വര നവസാര സാന്ദ്രത.

കിളിവാതിൽ കടന്നെത്തുമഴിവെളിച്ചം
ജലപാനമരുതാതെ സഹനപീഢനമായ്‌
ഈ മഹാഭൂമിതൻ സ്വാതന്ത്ര്യ സ്വപ്നമായ്‌
പൂർണ്ണനിലാവിൻ മോഹനതേജോമയം.

Saturday, October 30, 2010

മദർ


r manu

പൂക്കൾ വിടർന്നു പരന്ന സൗരഭ്യമായ്‌
സ്വപ്നം തെളിഞ്ഞു പറന്ന പ്രാവായ്‌
സ്നേഹം നിറഞ്ഞു പെയ്ത മഴയായ്‌
ഈ ഭൂമിതൻ ശോഭ പകർന്നവൾ

കൈ പിടിച്ചു കുട്ടി നടത്തിയ കൈതവം
മാറണച്ചു ചേർത്തു തഴുകിയമ്മയായ്‌
വിരൽ തൊട്ടു തീണ്ടി മാറ്റിയ വേദനാനാഢീ
വായ്‌ നിറച്ചുരുളയൂട്ടിയ വാത്സല്യ സാന്ത്വനം
ആയിരം തിരി തെളിച്ച കൈവിളക്കുകൾ
ആരീരം പാടിയന്നം പകരും മടിത്തട്ടുകൾ
താരകം കൺകളിൽ തെളിർ കോരിയിട്ട മധുചുംബനം
മണ്ണിലെ മനുഷ്യന്റെ കരുണയായ്‌ നിറയും മനസ്സ്‌.

Saturday, August 7, 2010

അഭി മന്യു


r manu

(പ­തി­നെ­ട്ട­ക്ഷൗ­ഹി­ണി­കൾ ചേർന്ന, ഭേദി­ക്കാനാ
കാത്ത പത്മ­വ്യൂ­ഹ­ങ്ങ­ളി­ലേക്ക്‌ അഭി­മ­ന്യു­മാർ മാത്രമേ
കടന്നു ചെല്ലു­ന്നു­ള്ളൂ. വെറുതെ ചിരിച്ചും കളിച്ചും മരണ
ത്തിനായ്‌ മാത്രം പിറ­ക്കുന്നുവെന്ന­റി­ഞ്ഞ്‌)

പട­യൊ­രു­ക്ക­ത്തി­ന്റെ­യ­ക്ഷൗ­ഹിണി മധ്യ
ത്തില­ഭി­മന്യു വീണ്ടും തനി­യെ­യാ­കുന്നു
പുത്ര­നെ­യോർക്കാൻ മറ­ക്കു­മി­ന്ദ്ര­ധ­നുസ്സ്‌ സാക്ഷി
പ്രാർത്ഥ­ന­പോലും കേൾക്കാത്ത പത്മ­വ്യൂഹം

കുരു­ക്ഷേ­ത്ര­ഭൂ­മി­യിൽ കുത­റു­വാ­നാ­കാതെ
ശകു­നി­മാർ തീർക്കുന്ന തിര­യിൽ
മാതു­ലൻ പാതി പഠി­പ്പിച്ച സൂത്രം
പാഴ്ക്കു­റി­ശ്ശീ­ല­ച്ചി­ന്തു­ക­ളാ­യ്‌.

ജയ­ദ്ര­ഥ­ശ­ര­ങ്ങ­ളെ­ക്കാ­ത്തു­നിൽക്കും വിധി
മുഹൂർത്ത­ത്തിലീ തേർചക്രം സാക്ഷി
ചുറ്റു­മു­രാളി വേഷ­മാ­ടി­ത്ത­ഴു­കി­യെത്തും
മൃത്യു­വിൻ ഹിമ­സ്പർശനം സാക്ഷി,

കടിഞ്ഞൂൽ പിറ­ന്ന­വൻ കൈവി­ട്ടു­പോകും
സുഭ­ദ്ര­തൻ നിദ്രാ­വി­ഹീന രാവു­കൾ,
പിറ­ക്കാൻ പോകും തന­യ­നെ­യോർത്തു
വിറ­കൊ­ള്ളു­മു­ത്തര തേങ്ങ­ലായ്‌ നിറ­യുന്നു

മക­നേ, നിൻമുഖം കാത്തു­നിൽക്കാതെ
മാറ്റി­വ­യ്ക്കാ­നൊ­ന്നു­മി­ല്ലാ­ത്ത­ച്ഛൻ
ജീവി­ത­ത്തിന്റെ തീരാ­ക്കടം കൊണ്ടു തീർത്തൊരീ
ചെതു­മ്പിച്ച ഞാണൊലി മാത്രം പക­രുന്നു
വെറുതെ ചിരിച്ചും കളി­ച്ചു­മ­ച്ഛ­നെ­പ്പോലെ
മര­ണ­ത്തി­നായ്‌ പിറക്കും നിന­ക്കാ­യ്‌.

Wednesday, April 14, 2010

വൈദേഹി പോകുന്നു



r manu
വൈദേഹി ഇന്ത്യൻ സ്ത്രീയുടെ ത്രികാലങ്ങളറിയുന്ന പ്രതീകമാണ്‌. രാമന്റെ അയനത്തിനപ്പുറം, നശ്വരമായ ദേഹമില്ലാത്ത വൈദേഹി... വിദേഹരാജാവിന്റെ മകൾ വൈദേഹി ലങ്കയിൽ നിന്നും തിരിച്ചു കോസലരാജ്യത്തേക്കു പോകാതെ, രാമന്റെ അയനമായ രാമായണത്തിൽ നിന്നുതന്നെ തിരിച്ചുപോകുന്നു, സരയൂവിലേക്ക്‌. ഒരുപക്ഷെ അതായിരിക്കാം രാമൻ ഒടുവിൽ സരയൂവിലേക്കിറങ്ങിപ്പോകാനും നിദാനം. (മായാസീത സങ്കൽപത്തിനെ മറ്റൊരു തലത്തിൽ സങ്കൽപിച്ച കാവ്യാവലംബം)
പ്രിയ രാമ, പോകട്ടെ ഞാനിനി
നിന്റെ രാമായണത്തിൽ നിന്നും
സിരവിളിക്കുമേകാന്ത
കനൽ രാവുകളിൽ നിന്നും
മാറ്റുതിരയുമ്പോഴെന്നെ നീ കാട്ടിലെറിയേണ്ട
പ്രജാവിലാപത്താലരണി കടയേണ്ട
ഈ പാപം പകുക്കാൻ
പ്രിയ സൗമിത്രിയെത്തേടേണ്ട.
നീ നേരെനടന്നു
കടക്കുകീ ചിത്രകൂടക്കടവുകൂടി
തിരികെനിന്നെയും കാത്തു
ഗുഹനവിടെയുണ്ട്‌. പിന്നെ
പതിന്നാലുസംവത്സരം. കടിഞ്ഞൂൽ പിറന്നോനെ
കാണാത്ത ദുഃഖമുണ്ട്‌.
ഈ വൈദേഹിയെയോർത്തു നീ
വെറുതെയരച വേണ്ട നിമിഷങ്ങൾ കളയേണ്ട
വിരലുകളിലാളുന്ന വേദനയിലേ
മിഥിലയിലെ കാഞ്ചനക്കൂട്ടിലെ
കിളിമകൾ ചൊന്നതേ സത്യം
ഗതിയറിയാത്ത മനസ്സിന്റെ ദേശം
ഓർമ്മയുടെ പാലം കടക്കുന്നു.
ഹേരാമ, നീയോർക്ക, ഞാനിളം കണ്ണടയാത്ത സീത
ഇടിനാദമുടയുന്നയാരവം വിലചൊല്ലിയോ നീ
ജനകന്റെ പ്രിയമകൾക്കായ്‌
എന്തിനെന്റൂർമ്മിളയെ
നിലവറയിലറിയാത്തയപശ്ശകുനമാക്കി,
അടവിയിൽ നീയെനിക്കെന്റെ
മധുകാലവും മൃദുമോഹവും തന്നു.
നിന്റെ തിരുപാദപതനമേറ്റ-
ശ്ശിലയിൽ നിന്നുയരേണ്ടവളഹല്യയോ?
രാമശരമേറ്റുപിടയുന്ന ഹൃദയങ്ങളെവിടെ?
വനമാലിനിരകളിലെ താര!
തേങ്ങളിലൊഴുകുന്ന മണ്ഡോദരി!
കോസലരാജ്യയരമനച്ചിതകളി-
ലൊടുങ്ങേണ്ട മിഥിലയിലെ
ശ്ശാന്തദേഹിമാരിനിയെത്ര രാമ?!
അരച, നീയെയ്തയമ്പിനേക്കാളുള്ളിലുലയുന്നു
ലങ്കയിലശോകങ്ങൾ പൂത്തിറങ്ങുന്ന ഗന്ധം
രാവണവചസ്സുകളിലലയടിക്കും
പിതൃവിഷാദം പെയ്തൊഴിയുന്ന മൗനം*
മതിരാമ, രഘുവംശകുലോത്തമ,
നമുക്കീ കാഴ്ചവേഷങ്ങളിനിയഴിക്കാം
നെഞ്ചിലൊരു ഗദ്ഗദം തടയുന്നുവോ?
എന്റെ മുടിനാരുകുരുങ്ങിയ, തിമിര
നോവുകളിലൊരു നിശാഗന്ധി പൂക്കും
വിപിനപുളിനങ്ങളിലൊരു നാളു
തെളിയുമതു നിനക്കെന്റെ നേരുരാമ
ഹരിരാമ, നിന്റെ
വൈകുണ്ഠത്തിലിനി വരുന്നില്ലയീ
ദേഹമില്ലാത്ത, ഓർമ്മകളിൽ കുളിർചുരന്ന
പിന്നെയുറഞ്ഞുമാടുന്ന വൈദേഹി
ഈ കൊടിയ വനനിബിഢങ്ങ-
ളിലെനിക്കെന്തു കുളിരെന്റെ
ചുവടു നീളുന്നു രാമ...
ഹിമശൈലമുടികളിലെ
തപംകൊണ്ട ഗുഹകൾ വിളിക്കുന്നു...
ഭരതവീഥികളിലാശ്വാസമാകുന്ന
കുങ്കുമാങ്കിത തെരുവുകൾ വിളിക്കുന്നു....
ഒരു കാലിലെ ചിലമ്പൂരിയെറിഞ്ഞു
പുരമെരിക്കുന്ന കണ്ണകി,
മറുവേദതാളുകളിലെ നവശാരദ,
വിളിക്കുന്നുവേന്നെ
നിറനേത്രചോളമുഖികൾ
വിതുമ്പും മണൽക്കാടുകൾ
നേർത്ത കനിവിന്റെയിതൾ വിടരുമസ്തമയ
സൂര്യ കിരണങ്ങളൊഴുകുന്നസരയൂവും വിളിക്കുന്നു
രാമ
ഇതിഹാസകൽപിതം
* കമ്പരാമായണം - സീത രാവണപുത്രിയാണെന്ന്‌ വ്യാഖ്യാനം.