Followers

Thursday, January 3, 2013

സരയുവിന്റെ മനസ്സ്



മാധവ് കെ വാസുദേവൻ

നിലാമഴയില്‍ കുളിച്ചു നിന്ന രാത്രിയുടെ സരസ്വതിയാമം കഴിഞ്ഞിട്ടും
മനസ്സില്‍ നിന്നും മായുന്നില്ല അമ്പേറ്റു വീണു പിടഞ്ഞ പക്ഷിയും
പറന്നുപോയ അതിന്റെ ജീവനും.

മനസ്സില്‍ പതഞ്ഞോഴുകിയ ക്രോധക്കടലിനെ ശാന്തമായ അരുവിയാക്കിയിട്ടും.
മനസ്സ് മാത്രം മടിച്ചു നിന്നു. നരകയറി ജഡ പിടിച്ച താടിയില്‍ തടവി ഒരു
നെടുവീര്‍പ്പോടെ എഴുനേറ്റു സ്നാനത്തിനു നദിയിലേക്കു നടന്നു.

നിലാവില്‍ മുങ്ങി നില്‍ക്കുന്ന രാത്രി. ശീതള വള്ളികളില്‍ വിടരുന്ന പൂക്കള്‍ ഇറുത്തു
നദിയുടെ മാറില്‍ അര്‍ച്ചന നടത്തി. കൈക്കുമ്പിളില്‍ ജലം കോരി സൂര്യദേവന്
സമര്‍പ്പിച്ചു. മോക്ഷ ദായക മന്ത്രം ഗായത്രി ചൊല്ലി മുങ്ങി നിവര്‍ന്നപ്പോള്‍ മനസ്സിന്റെ
ഭാരം കുറഞ്ഞ പോലെ. പിന്നെ ആശ്രമത്തിലേക്കു നടന്നു.

ദേവി സീത പൂജാ സാമിഗ്രികള്‍ എല്ലാം ഒരുക്കി വെച്ചിരിക്കുന്നു. പ്രിയ ലവനും
കുശനും ഹോമ കുണ്ണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുന്നു അരുണി കമ്പുകള്‍ കൊണ്ട്.
വേദ മന്ത്രങ്ങളുടെ പൊരുള്‍ കുഞ്ഞു മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തപ്പോള്‍
അവരുടെ മുഖത്തും തന്റെ മനസ്സിലും ഒരു പുതിയ ആത്മ പ്രകാശത്തിന്റെ തിളക്കം.
അതില്‍ ഉണര്‍ന്നു വന്നു ഇഷ്വാകു വംശത്തിന്റെ തായ് വേരുകള്‍. തന്റെ മുന്നിലിരിക്കുന്നത്‌
സൂര്യ വംശത്തിന്റെ യുവ രാജാവ്.

മന്ത്രങ്ങളുടെ ഉരുക്കഴിച്ചു പ്രാര്‍ത്ഥിച്ചു. ആശ്രമ കാവാടം കടന്നു സരയുവിന്റെ തീരത്തേക്ക്
നടന്നു. അലസമായി ഒഴുക്കുന്ന അവളുടെ മുഖത്തു ഘനീഭവിച്ച ദു:ഖം. അവളുടെ മാറില്‍
വിടര്‍ന്ന ചെന്താമാരകള്‍ക്കു പഴയ ഭംഗിയില്ല. മൈഥിലിയുടെ വേദന അവള്‍ ഏറ്റെടുത്തപ്പോലെ.
നീറിയ മനസ്സോടെ അവള്‍ എന്തോ മൊഴിഞ്ഞുവോ തന്നോട്.