Followers

Thursday, January 3, 2013

അണയാത്ത ജ്യോതി...

ലീല എം പോകുക സഖി ,വിട -
യേകുന്നു കണ്ണീരോടെ,
കാമഭ്രാന്തരില്ലാത്ത
മറ്റൊരു ലോകത്തേക്ക് .
നീ കൊളുത്തിയ പ്രതി-
ഷേധത്തിന്‍ അഗ്നി ,നിത്യം
അണയാതെ  സൂക്ഷിക്കാം ;
വാക്ക് തരുന്നു ഞങ്ങള്‍
***             ***           ***

ഭാരതം ,സംസ്കാരത്തിന്‍
മാതൃകാ സ്ഥാനം ,സ്ത്രീയെ
മാന്യയായ്‌ കരുതിയ
പുണ്യമാം പൂങ്കാവനം .
ഓര്‍ക്കുകയാണ് ഞാനെന്‍ 
മാതൃഭൂമിതന്‍ മഹാ -
സംസ്കൃതി  വിളങ്ങിയ
നല്ല നല്ല നാളുകള്‍ .
നാടിനെ സ്നേഹിച്ചവര്‍
നന്മയില്‍ മോദിച്ചവര്‍
നല്ലത് ചൊല്ലി സ്ത്രീയെ
കരുതി ദേവതയായ്.!

 
അവള്‍ക്കായ് കാവ്യമെത്ര
രചിച്ചു, പ്രകൃതിതന്‍
പ്രതിബിംബമായ് കണ്ടു
സ്തുതിഗീതികള്‍ പാടി...?! .
അവള്‍ക്കായ് സ്മാരകങ്ങള്‍
ഉയര്‍ത്തി പ്രഭുതികള്‍,
അവള്‍ക്കായ്‌ സാമ്രാജ്യങ്ങള്‍
ത്യജിച്ചു സുകൃതികള്‍ !
വിജയങ്ങള്‍ക്ക് പിന്നില്‍
ശക്തിയായിരുന്നവള്‍,
ലോക സംസ്കാരത്തിന്റെ
അടിസ്ഥാനമായവള്‍ ....!
എത്രയോ വസന്തങ്ങള്‍
വിടര്‍ത്തിയവള്‍ ,സ്നേഹ -
വര്‍ത്തിയായ്‌ ,ഭൂവില്‍ ശാന്തി -
വിളക്കായ്  തെളിഞ്ഞവള്‍....!
ത്യാഗമാണവള്‍ ,ക്ഷമാ -
ശീലയാണവള്‍  , സീതാ -
ദേവിയാണവള്‍  ,ഝാന്‍സി-
റാണിയായ്  ശോഭിച്ചവള്‍ ....!
ഐശ്വര്യലക്ഷ്മിയവള്‍ 
അക്ഷര സിദ്ധിയവള്‍
ഭദ്രകാളിയായ് ദുഷ്ട -
നിഗ്രഹം നടത്തുവോള്‍ ...!!

ഭാരത മാതാവിന്റെ 
അരുമപ്പെണ്‍കൊടികള്‍,
ഏറെയുണ്ടേറ്റു പാടാന്‍ 
അവര്‍ തന്‍ മാഹാത്മ്യങ്ങള്‍...!!
കൌതുകക്കുഞ്ഞായവള്‍ 
ഭൂമിയില്‍ ജനിക്കുന്നു.
ബാല്യ കൌമാരങ്ങള്‍  തന്‍
വേദിയില്‍ ആറാടുന്നു....!

യൗവനം പ്രകൃതിതന്‍
നില നില്‍പ്പിന്‍ ഭാഗമായ്,
പ്രണയമുഹൂര്‍ത്തങ്ങള്‍
തീര്‍ത്തവള്‍  രാജിക്കുന്നു...!!

ഭാര്യയായ്  പുരുഷനെ  
പൂര്‍ണ്ണനാക്കുന്നു ,പിന്നെ
അമ്മയായ് തലമുറ
വളര്‍ത്തിയെടുക്കുന്നു...!!
'സ്ത്രീ'യെന്നതൊരു  നാമം 
എങ്കിലും ജ്വലിപ്പവള്‍
ജീവിതയാത്രയിതില്‍
ഭിന്നമാം വേഷങ്ങളില്‍.

കാല ചക്രങ്ങള്‍ എത്ര 
കടന്നേ പോയ് , ഭാരതം
ഹീനമാം  സംസ്കാരത്തിന്‍ -
ചുഴിയില്‍ പുതഞ്ഞു പോയ്‌ .

എപ്പൊഴോ ദുര്‍ഭൂതങ്ങ-
ളിത്തിരു മണ്ണിന്‍ മാറില്‍
ദുഷ്ടത തന്‍ വിത്തുകള്‍
കൃത്യമായ് വിതച്ചു പോയ്...!
.
അമ്മ,പെങ്ങന്മാര്‍ ,കുഞ്ഞു
മക്കളെന്നില്ല ഭേദം 
കാമഭ്രാന്തന്മാര്‍  മണ്ണില്‍ 
പുളച്ചു മദിക്കുന്നു....!


സൗമ്യ ,ശാരിമാര്‍  ,ജ്യോതി
പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം  
എത്രയോ പെണ്‍ ജന്മങ്ങള്‍......!!

മാധ്യമങ്ങളീ    വാര്‍ത്ത 
ഘോഷമാക്കുന്നു ,പത്രം
പീഡനപ്പേജൊരുക്കി
കോപ്പികള്‍ കൂട്ടീടുന്നു....!

അച്ഛനെ ശങ്കയോടെ
നോക്കിയിരിപ്പു  മകള്‍,
മകളെ സ്നേഹിക്കുവാന്‍
അച്ഛനും പേടിക്കുന്നു....!

 ചേട്ടനും കാട്ടീടുമോ
ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍-
മുഖിയായ് മാറീടുന്നു.?!

മകളെ മാറോടു ചേര്‍-
ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും
അവളെ ഞടുക്കുന്നു...!!

തന്നിലേയ്ക്കൊതുങ്ങുവാന്‍ 
പെണ്ണവള്‍ പിടയുന്നു ,
ചുറ്റിലും ഭയം   മൌന-
സ്ഫോടനം തുടരുന്നു....!!

സ്വസ്ഥത സമാധാനം
ഒക്കെയും നഷ്ടപ്പെട്ട് 
ഭാരതമശാന്തിതന്‍ 
തീയിലൂടൊഴുകുന്നു ...!

മാറുമോ സ്ഥിതിയിത് ?
മാറണം! മനുഷ്യത്വം
മരവിച്ചൊരു ലോകം
നശിച്ചാല്‍ അതുഭേദം ..!

ഉണരൂ വേഗം യുവ
ജനതേ , അലസത
കളയൂ ,കളയെല്ലാം
വെട്ടിയരിഞ്ഞൊതുക്കൂ   ...! 

ഒട്ടുമേ വേണ്ട, ദയാ -
ദാക്ഷണ്യം,  കടും ശിക്ഷ
കൊടുക്കുന്നതേ  യുക്തം ,
കാലവിളംബമെന്യെ ....! 

കൊല്ലരുത് ,വേരോടെ 
ഛേദിച്ചു കളയണം,
പുഴുത്തു ചത്തീടട്ടെ 
വിഷ വിത്തുകള്‍  മൊത്തം ...!

 നീതിപീഠമേ  കണ്ണു -
തുറക്കൂ, പുതിയൊരു
ന്യായ വ്യവസ്ഥ  വ്യക്തം
എഴുതിച്ചേര്‍ക്കൂ  ശക്തം...!!!