Followers

Thursday, January 3, 2013

ആശയങ്ങളും അധ:പ്പതനങ്ങളും സംഘർഷങ്ങളും മോചനവും.

വെണ്മാറനല്ലൂർ നാരായണൻ

=================================
ആശയങ്ങളുടെ ലോകത്തേയ്ക്ക് മനുഷ്യൻ കടക്കുന്നത്, ... കരിങ്കല്ല് ചെത്തിമിനുക്കാനും കമ്പുകൾ വളച്ച് കെട്ടി അമ്പും വില്ലും തീർക്കാനും, കുടിൽ പണിയാനും കഴിയുമെന്ന് അറിഞ്ഞതിന് ശേഷമാകണം.
ആശയങ്ങൾ മനുഷ്യനെ, മറ്റ് മനുഷ്യരിൽ നിന്ന് വിഭിന്നനാക്കി. ആശയങ്ങൾ പ്രചരിച്ചതോടെ ജീവിതമെന്നത് ഭാവനാശക്തിയുടെ സൃഷ്ടിയുമായി മാറി. ജൈവപരമായി സമാന സത്വമാണെങ്കിലും, പുറമേ അണിയുന്ന ചട്ടപോലെ മനസ്സ് വളർന്ന് പൊതിഞ്ഞു.

മനസ്സിൽ (വസ്ത്രത്തിൽ) പരിവർത്തിതനാകാനുള്ള കഴിവും, പരിവർത്തിതനായി പരിവർത്തനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും. പുരോഗതിയെന്ന തലത്തിലേക്ക്, തനിമയാർന്നൊരു സ്വത്വത്തിലേക്ക്, അവനെ വളർത്തി.
ഒരു വ്യക്തിയിൽ നിലവിൽവരുന്ന പരിവർത്തനങ്ങൾ വിജയകരമാകുമ്പോൾ മറ്റുള്ളവർ അനുകരിക്കുകയും, ക്രമേണ ആശയ ഘടനയായി നിലവിൽ വരുകയും ചെയ്യുന്നു.

പരിവർത്തിതനാകുന്ന പ്രവണതയ്ക്ക് പാതകൾ തീർത്തുകൊണ്ട്, മതപരവും ആചാരപരവും ... ഇന്ന് ശാസ്ത്രപരവുമായ വിദ്യാഭ്യാസ പദ്ധതികൾ നിലവിൽ വരുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ ഘടനകളെല്ലാം എല്ലാ വ്യക്തികൾക്കും ഒരേപോലെ അനുയോജ്യമല്ലാതെ വരാം. അടിച്ചേൽപ്പിക്കപ്പെടുമ്പോൾ വിഘടനങ്ങളും വികലതകളും നിലവിൽ വരാം.

പുതിയ വളർച്ചകൾക്ക് അനുവാദം നൽകാതെ, തനിമയാർന്ന ആശയസ്വത്വത്തിൽ തളച്ചിടാനുള്ള ശ്രമങ്ങളെല്ലാം ... ആ ആശയാനുവാദത്താൽ, പ്രാധമീകങ്ങൾ സുലഭമായി ലഭിച്ചുകഴിഞ്ഞ, ശാന്തമോ അലസമോ ആയ, സ്വസ്ഥത ആഗ്രഹിക്കുന്നവരിൽ നിന്നാവും.

സ്ഥിരമായി ഒരേവിള കൃഷിചെയ്യുമ്പോൾ, അനുരൂപമായ കളകളും പ്രാണികളും കിളികളും ചുറ്റും തമ്പടിയ്ക്കും. തറയിലും വിളവിലും പോരടികൾ അരങ്ങേറും. വളം കുറയും , വിളവ് കുറയും, വളവ് കൂടും.

മറ്റൊരു വിളയിലേക്ക്
മാറുകയെന്നാൽ, ... വിതയും പണിയും പണിത്തരങ്ങളും, പണിയുന്ന കാലവും മാറുകയെന്ന അനിശ്ചിതത്വം നിലവിൽ വരും. സ്വസ്ഥത ആർജ്ജിക്കാൻ കഴിഞ്ഞവർക്ക് മാറ്റം അസ്വസ്ഥതയായി തോന്നാം.
------------------
സഹസ്രാബ്ദങ്ങളിലൂടെ അനേകം മാറ്റങ്ങൾക്ക് തയ്യാറായ ജനതതിയാണ് ഇന്ത്യയിൽ വസിക്കുന്നത്.

കാർഷിക സസ്യജാല വിളനിലമെന്നപോലെ, ആശയങ്ങളുടേയും വിളനിലമായിരുന്നു സിന്ധു ഗംഗാ സരസ്വതി സമതതലങ്ങളും ഹിമാലയ സാനുക്കളും. ലഭ്യമായ കഥകളും പുസ്തകങ്ങളും പഠിച്ച് പരീക്ഷിച്ച് ... ഋഷിമാരും യോഗികളും സന്യാസിമാരും, ജന്മസിദ്ധ മുനികളും, ജീവിച്ചിരുന്ന സമതലം.

ഒരു പ്രസ്ഥാനമായി വളരാതെ ഓലക്കുടിലുകളിലും ഗുഹാമുഖങ്ങളിലും തങ്ങിനിന്ന് മറഞ്ഞ ആശയങ്ങൾ. പിൽക്കാലങ്ങളിൽ, ജനതതി വളർന്നുവന്ന സാഹചര്യത്തിൽ, പലരും പലരുടേയും ആശയങ്ങൾ അനുരൂപമെന്ന് കണ്ട് വളർത്തി കൂടെവളർന്നു.

25-ല്പരം ഋഷികളുടെ ആശയങ്ങൾ അനുരൂപ ഘടനയിലാക്കി, ഋഷിസമാനമായി, തനിമയ്ക്കുള്ളിൽ ഒതുങ്ങുന്ന പ്രസ്ഥാനമായി ബ്രാഹ്മണ പ്രസ്ഥാനം നിലവിൽവന്നു. ആശയ വിശ്വാസങ്ങളിൽ തളയ്ക്കപ്പെടാതെ, സ്വതന്ത്രമായി ജീവിക്കുകയെന്ന ചിന്തയിൽ, ചാർവ്വാകന്മാരുടെ വലിയൊരു നിരയും അവരുടേതായ മാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്നു.

താർക്കിക സദസുകളിലും കുംഭമേളകളിലും ...ചിന്തകളും ആശയ രൂപീകരണങ്ങളും അനവരതം തുടർന്നിരുന്നു... അങ്ങനെയാണ് ജൈനപ്രസ്ഥാനവും ബുദ്ധമതപ്രസ്ഥാനവും നിലവിൽ വരുന്നത്. അവയ്ക്കും ബ്രാഹ്മണ സമാനമായൊരു ഒറ്റപ്പെടൽ അകമ്പടിയായുണ്ടായിരുന്നു.

ശിവതത്വത്തേക്കാൾ (ശ്രദ്ധിക്കുക ശിവനെന്ന ദേവരൂപമല്ല ... തത്വമാണ്. രൂപം പിന്നീട് നൽകപ്പെട്ടതാണ്) വിഷ്ണുതത്വമാണ് പ്രധാനമെന്നും, കൃഷ്ണനാണ് ശ്രീരാമനേക്കാൾ അനുയോജ്യമെന്നും ... ഇതൊന്നുമല്ല ഹനുമാനാണ് ആരാധ്യനെന്നും... അങ്ങനെ അനേകം ആശയങ്ങൾ ... അനുരൂപമെന്ന് തോന്നിയ ആശയങ്ങളിൽ ജീവിതം വാർത്തെടുക്കാൻ ശ്രമിച്ചവരാണ് ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ പുരാതനർ.

ഇവിടുള്ള വിഭിന്നത
തന്നെയാണ് ആത്മ സ്വാതന്ത്ര്യത്തിന്റെ ഉത്ഘോഷണങ്ങൾ! വളരെ സ്വതന്ത്രമായ സാഹചര്യങ്ങളാണ് ഇന്ന് ഇവിടെ നിലനിൽക്കുന്നതെന്ന് അറിയണമെങ്കിൽ അന്യനാടുകളിലെ സാഹചര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി.

ആശയങ്ങളിലേക്ക് കടക്കുന്ന മനുഷ്യൻ വിഭിന്നനായി മാറുന്നു. ആശയങ്ങൾ ജീവിത പാതകളായി മാറുമ്പോൾ വിഘടനങ്ങളും പോരടികളും നിലവിൽ വരുന്നു.
--------------------------------
ആശയങ്ങളിലൂടെ ആത്മസ്വാതന്ത്ര്യം നേടാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവരാണ് ഏകാന്തപഥികരായി വിശ്വലയനം തേടുന്ന യോഗികൾ.

അദ്വൈതം സ്വീകരിച്ച ശങ്കരാചാര്യരുടെ " നഹി നഹി രക്ഷതി ഡുക്രിഞ് കരണേ" എന്നവാക്കുകൾ അതിന് സാക്ഷ്യം നിൽക്കുന്നു.

ഒന്നിപ്പിക്കുന്ന യോഗം ... മനസ്സിനെ, അതിന്റെ കാരണമായ പ്രജ്ഞയിൽ ലയിപ്പിക്കുകയും, തിരിച്ച് മനസ്സിലേക്ക് വന്ന്, ആശയ മുക്തമായ ലോകദർശനം നേടുകയുമെന്നതാണ്.

അത് വ്യക്തികൾക്ക് കഴിഞ്ഞേക്കാം, സമൂഹത്തിനൊന്നാകെ ആവുമോ?!