Followers

Thursday, January 3, 2013

എന്തെ അറിഞ്ഞീല മുന്നേ :-



സുരേഷ് മേനോൻ



എന്തെന്തു കരുതലുകളായിരുന്നു...
എത്ര നീണ്ട കാത്തിരിപ്പായിരുന്നു...
നിന്റെ കരളുരുകി , മനമുരുകി തീരും വരേയ്ക്കും...
എന്റെ തനുവും കനവും കരിയും വരേയ്ക്കും .....

എന്തെ ഞാന്‍ കണ്ടില്ല മുന്നേ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

തൊട്ടു നോക്കി മഞ്ഞ ചെമ്പെന്ന്
ഞാന്‍ മുക്രയിടും വരേയ്ക്കും
തനിത്തങ്കമായിരുന്നില്ലേ നീ !
ഉരച്ചു കാട്ടി മാറ്റ് അറിയിച്ചു തന്ന കാലമേ ,
എന്തിത്ത്ര വൈകി നീ
കണ്‍ മുന്നിലിങ്ങെത്തുവാന്‍? ...

പകല്‍ പോലുമിരുള്‍ ആക്കി
മാറ്റിയാ തിമിരമേ
എന്തിത്ത്ര വൈകീ നീ
വഴിയൊഴിഞ്ഞീടുവാന്‍ ......

എന്തെ ഞാന്‍ കണ്ടില്ല മുന്നേ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

വിസര്‍ജ്ജ്യം മുഷിച്ച വിരിപ്പ് മാറ്റി ,
പുതിയതെടുത്തു വിരിയ്ക്കവേ-
കണ്ണാണ് കണ്ണിനോടു ചോദിച്ചത്
മുഷിഞ്ഞോരുള്ളു മാറ്റാന്‍ എന്തെ വഴി ?

തിളച്ച വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ
തോര്‍ത്തിന്നു ദേഹത്ത് പതിയുമ്പോള്‍-
നെഞ്ചകം പൊള്ളിച്ച് പതിയുമ്പോള്‍...
അറിയുന്നു നിന്‍ നിശ്വാസത്തിനു
രാമച്ചത്തിന്റെ തണുപ്പാണിന്നും !
ഓര്‍ക്കുന്നു നിന്‍ വിയര്‍പ്പിന്നു
രാമച്ചത്തിന്റെ സുഗന്ധമായിരുന്നെന്നും......!

എന്തെ ഞാന്‍ കണ്ടില്ല മുന്നേ ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

സമയമേറെയില്ലയീ വഴിയമ്പല
ത്തിണ്ണയിലിനി യെനിയ്ക്കായ്
സമയമേറെയില്ലായിനീ
യങ്ങെത്തീടുവാനെന്നുമറിയുന്നു....

കൂട് മാറ്റത്തിന്റെ ആകുലതകളെക്കാള്‍
സമയത്തിലേയ്ക്ക് കടക്കുവാനുള്ള കിതപ്പിനെക്കാള്‍
നീണ്ടു കുറുകുന്ന എന്റെ ശ്വാസ നിശ്വാസങ്ങളെക്കാള്‍

ഒരു പിന്‍ വിളിക്കായ് ചെവിയോര്‍ക്കുമ്പോള്‍-
ആണ് ഞാന്‍ അറിഞ്ഞത്....

ഇനി ഞാന്‍ കാണില്ലല്ലോ നിന്നെ
ഇനി ഞാന്‍ കേള്‍ക്കില്ലല്ലോ നിന്നെ ....!!!

എന്തെ ഞാന്‍ കണ്ടില്ല മുന്നേ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?