പ്രിയാസയൂജ്
മകനേ ഇത് ഇന്നിന്‍റെ കാഴ്ചകള്‍
കാണുക നീ രണ്ടു കണ്ണും തുറന്ന്
നാളെ നീ വാഴേണ്ട ലോകമാണിത്
ഇന്നേയറിയുക കുഞ്ഞേ നീ സത്യത്തെ
ചിതലായി മാറുന്ന അഭിനവരാജാക്കള്‍
തുണതന്ന വീടും തിന്നങ്ങു തീര്‍ക്കുന്നു
വാത്സല്യമോടെ ചേര്‍ത്തൊരാ സ്നേഹത്തിന്‍
മജ്ജയും മാംസവും ഊറ്റിക്കുടിച്ചങ്ങു
കയറുന്നധികാര ശൈലങ്ങളില്‍
പാല്‍തന്ന കൈകളും കൊത്തിനോവിക്കുന്ന
ദുഷ്ടനാം പാമ്പായി മാറുന്ന രാഷ്ട്രീയം
ജനവിധി നേടുവാന്‍ മാത്രമായിന്നവന്‍
വാഗ്ദാനസാഗരം കണ്ഠത്തിലേറ്റുന്നു
വെളുക്കെച്ചിരിക്കുന്നു, കൈകള്‍ പിടിക്കുന്നു
ചിരിക്കുന്ന ഗാന്ധിയെ ദാനമായ് നല്‍കുന്നു
ഇനിയെത്ര കാണണം ഇനിയെത്ര കേള്‍ക്കണം
ജനാധിപത്യത്തിന്‍റെ ഇരകളായ് പോയില്ലേ?
സദാചാരമേറെ പാടുന്ന നേതാക്കളില്‍
തെല്ലുമേയില്ല സാമൂഹ്യബോധം
തങ്ങളില്‍കൊല്ലിച്ചു, സിംഹാസനങ്ങളില്‍
സ്വന്തം ഇരിപ്പിടം ഭദ്രമാക്കുന്നവര്‍
പാവങ്ങളെ കഷ്ടപ്പെടുത്തുവാനായേറെ
നിയമങ്ങളും ചുമ്മാ തീര്‍ക്കുന്നവര്‍
അവയൊക്കെയെങ്ങനെ ലംഘിക്കണമെന്നു
അലിവോടെയവര്‍ തന്നെ കാട്ടിത്തരും
ദാരിദ്ര്യമെല്ലാം തീര്‍ത്തിടുമെന്നവര്‍
ദൈവത്തെപ്പോലങ്ങുരുവിട്ടീടും
അതിനായ് മാത്രം പാവമവര്‍ പിന്നെ
ദരിദ്രരില്‍ നിന്നങ്ങകന്നു നില്‍ക്കും
സമ്പന്നതയെ പരിഹസിക്കും
സമ്പന്നരോടങ്ങു ചേര്‍ന്നു നില്‍ക്കും
അഴിമതിക്കെതിരായി രണഭേരി മുഴക്കും
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കും
മിതവ്യയമെന്ന വാക്കാവര്‍ത്തിക്കും
രാജകീയതയിലെന്നും വിലസുമവര്‍
ദുര്‍ന്നടപ്പിന്‍ ജീവചിത്രമാണവര്‍
ജനസേവനമല്ലവരുടെ ആപ്തവാക്യം
സ്വയംസേവനം മാത്രമാണാകെ ലക്ഷ്യം
മകനേ അറിയുക നമ്മുടെ നാടിനെ
നന്മയെ പുലര്‍ത്തുവാനായി നീ വളരുക
നാളെയീ നാടിന്‍റെ രാജാവു നീയാകാം
മാവേലി നാടിനെ ഉള്ളില്‍ നിറയ്ക്കുക
നീക്കുക ഇന്നിന്‍റെ കളങ്കങ്ങളൊക്കെയും
നന്മതന്‍ നിറമുള്ള പതാക നീ നാട്ടുക.