Followers

Thursday, January 3, 2013

കുറിമാനം

ഹഫ്സ ആലുംകൽ

തിരിച്ചു വരാത്ത ഏതോ രാത്രിയിലേക്കാണ്‌
നീ പടിയിറങ്ങിപ്പോയത്
കാത്തിരുപ്പിന്‌ നീളം വെച്ചപ്പോള്‍
കാറ്റുമത് പറഞ്ഞ് പിരിഞ്ഞു

തീരാത്ത പൊരിവെയിലില്‍
ഞാന്‍ നടന്നു കുഴയുന്നു

ഒരിക്കലേതോ രാക്കിനാവില്‍
വാതില്‍ക്കല്‍ നീയെത്തിയെന്നു
സ്വപ്നം കണ്ടു

ഉറക്കം മടങ്ങിപ്പോയ
ഒത്തിരി രാത്രികളുടെ
ആവര്‍ത്തനമായിരുന്നതും

തനിച്ചായതിലല്ല
തളര്‍ന്ന് വീണതിലുമല്ല
തിരിച്ചു നീന്താനൊരു തുഴ
അതായിരുന്നു ഈ കാത്തിരിപ്പ്

ഉച്ചക്കാറ്റിളകാതിരുന്ന
വറുതിക്കാലത്ത്
ഏതോ നഗര പാലികയുടെ
കുറിമാനം
പുതിയ ചില്ല് ചിത്രത്തിനു താഴെ
വിശ്രമിക്കുന്നുണ്ട്
കാത്തിരിക്കാനുള്ള
ജീവിതാശയുടെ മേലുള്ള
അവസാനത്തെ ആണി