Followers

Thursday, January 3, 2013

രാംലീല

ടി.ജെ.വർക്കി
ബാല്യത്തെ
മുറ്റത്തും വരാന്തയിലും
അമ്മയുടെ
പൊന്നുമ്മ മടിയിലും
വിതറിയിട്ടു...

കൌമാരത്തെ
തൊടിയില്‍
ഓന്തുകള്‍ പായും
കരിയിലപ്പാട്ടിനും
മാചുവട്ടിലും
പേരചുവട്ടിലും
അണ്ണാറക്കണ്ണന്
കൂട്ടിനും വിട്ടു...

(കാല്‍വയ്പുകള്‍ തോറും
അമ്മ
ഓടിവന്നുനിറയും..
പതുക്കെ...സൂക്ഷിച്ച്...
എന്നൊക്കെ
പെയ്തു പെയ്തു നില്‍ക്കും...)

പാവം യൌവ്വനത്തെയൊ
പൊള്ളുന്ന
പഞ്ചാരമണലില്‍
വെയിലിലേക്ക്
നീട്ടിവിരിച്ചിട്ട്
കാറ്റിനും കോളിനും വിട്ടു....

വാര്‍ദ്ധക്യം
അത്
ആകാശത്തിന്റെ
ഒറ്റയിലയില്‍ പൊതിഞ്ഞെടുത്ത്
രാംലീല കണ്ടുമടങ്ങും വഴി
ആല്‍ച്ചുവട്ടില്‍
മറന്നു വയ്ക്കുകയായിരുന്നു......