ഷെമിബിജു
വളഞ്ഞു പുളഞ്ഞും
ചിലപ്പോള്‍ നിവര്‍ന്നും
കൈയെത്തിയാല്‍ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
റെയില്‍പ്പാത പോലെ
നാം സമരേഖകള്‍ ......
വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിന്റെ
വെളിച്ചപ്പാട് തുള്ളലില്‍
ചിതറിപ്പോയ കാഞ്ചന മണികള്‍ ..
നിന്റെ അസാന്നിധ്യത്തില്‍
പിന്നിട്ട സന്ധ്യകള്‍ ..
എന്റെ ചുമര്‍ചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിന്റെ മൌനം ....
ഇടനേരങ്ങളില്‍
ഒച്ചയില്ലാതെ വന്ന
ഓര്‍മ്മകളില്‍
നീയൊരു
കടങ്കഥയായി ...........
ഇന്ന്
തൂവല്‍ മിനുക്കമുള്ള
നനുത്ത മൂടല്‍ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോള്‍ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനല്‍ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിര്‍ക്കുന്ന
ഈ പുലര്‍ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളില്‍ വീണ്
കാലപ്പകര്‍ച്ച കൊണ്ട്
മുത്തായി തീരുന്ന
നീര്‍കണിക പോലെ
നീയെന്‍റെ ഉള്ളിന്‍റെയുള്ളില്‍
ഭദ്രമായിരുപ്പുണ്ട് .______