padmadas
അമ്മിഞ്ഞയാണെന്നുകരുതിബാല്യത്തിൽ സ്വയമുണ്ടുകിടന്ന്
തൊടുകറി തൊട്ടുനക്കാനുതകുമെന്ന്
കൗമാരം കിന്നാരം പറഞ്ഞത്
ചന്ദനക്കുറിയണിയാനും
സീമന്തരേഖയിൽ കുങ്കുമം ചാർത്താനും
പോരുമെന്ന് പിന്നീടറിഞ്ഞത്
മഷി പുരട്ടിയാൽ
ജനാധിപത്യത്തിന്റെ അടയാളമാകുമെന്ന്
യൗവ്വനം പാഴറിവുതന്നത്
ദക്ഷിണയ്ക്കുതകുമെന്ന്
പുരാണം ഓതിപ്പഠിപ്പിച്ചതു
എന്തായിട്ടെന്താ?
സിംഹാസനത്തിലമർന്നിരുന്ന
ഒരാൾക്കുനേരെ
ചൂണ്ടിയനാൾ മുതൽ
വാതം പിടിച്ചുകിടപ്പിലാണ്
എന്റെ
പുന്നാരവിരൽ!
വാക്ക്
പദ്മദാസ്
വഴി തെറ്റിയ ഒരു വാക്ക്
പടി കയറി വന്നപ്പോഴാണ്
കവിത നക്ഷത്രമായത്.