shahulhameed k t
മൂന്നുവർഷംമുമ്പ് ഇവിടം വിടുമ്പോൾ, അയാളുടെ ഉള്ളിന്റെയുള്ളിൽ ഫുജൈറയിലെ അറബിയുടെ മിസ്തുബിഷി തന്റെ കൈകളാൽ വളവുകളും തിരിവുകളും പിന്നിടുകയായിരുന്നു. പക്ഷേ, എത്തിപ്പെട്ടത് അറബിയുടെ ഒട്ടകത്തൊഴുത്തിൽ! തീവണ്ടി നിന്നപ്പോൾ, ചുമന്ന സിഗ്നൽ ലൈറ്റിനെ നോക്കി അയാൾ ബാഗുമായി പുറത്തിറങ്ങി. പാടത്തെ വിണ്ട മൺകട്ടയിലൂടെ നടന്ന് പുഴയിലേക്കിറങ്ങുമ്പോൾ ഇല്ലിക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ അയാളെ തടഞ്ഞു. "നിങ്ങളെങ്ങോട്ടാണ്...?" "എന്റെ പുഴയിലേക്ക്..." "അങ്ങോട്ട് പോവരുത്ത്." ബാഗും ചെരിപ്പും കരയിൽവച്ച് അവനെ തള്ളിമാറ്റി അയാൾ പുഴയിലേക്കോടി. ചൂടുള്ള മണൽത്തരികളിൽ തലോടി. പുഴയിലിരുന്നു മണൽ കൈക്കുമ്പിളിലെടുത്തു. ചുറ്റും പരന്ന നിഴൽ കണ്ട് മുഖമുയർത്തി. മൂന്ന് ഒട്ടകങ്ങൾ. കറപിടിച്ച പല്ലുകൾ കാട്ടി അയവിറക്കുന്ന അവയ്ക്കിടയിലൂടെ വന്ന തൊപ്പിയണിഞ്ഞ മനുഷ്യൻ നീണ്ട താടി തലോടി പറഞ്ഞു. "സഹോദരാ മരുഭൂമി ഷൂട്ട്ചെയ്യാൻ രാജസ്ഥാനിലേക്കു പോവാൻ നിർമ്മാതാവിന്റെ കൈയിൽ പണമില്ലാത്തതുകൊണ്ടാ ഞങ്ങളിവിടെ. നിങ്ങളങ്ങോട്ടെങ്ങാനും മാറിയിരുന്നെങ്കിൽ ഇവിടെ ക്യാമറവയ്ക്കാമായിരുന്നു...?"
ഒരു ഞെട്ടലോടെ അയാൾ അവിടെനിന്നും എഴുന്നേറ്റുമാറി. പിന്നെ എങ്ങോട്ടെന്നില്ലാതെ പുഴയിലൂടെ അലയുമ്പോഴും അയാൾ ചോദ്യമാവർത്തിച്ചുകൊണ്ടേയിരുന്നു. "എന്റെ പുഴയെവിടെ? എവിടെ?