mathew nellickunnu
സ്ഥാപനത്തിന്റെ പേരുപോലെ തന്നെ ചരിത്രപരമാണ് അനുയായികളുടെ ബന്ധവും. എത്രപെട്ടെന്നാണ് കുരിശുയുദ്ധത്തിനു തയ്യാറായി സന്നദ്ധഭടന്മാർ അവതരിച്ചതു. സാംസന് വിശ്വസിക്കാനായില്ല. ഇവർ ആരാണ്. യുദ്ധം ചെയ്യുവാൻ ഇപ്പോൾ ഇവിടെ എന്തുണ്ടായി. സഭയുടെ ആസന്നമായ നല്ല നാളേയുടെ ദൗത്യവാഹകർ എന്ന പേരിൽ അവർ പണം പിരിക്കുന്നു. "ഇവിടെ സഭക്ക് ആസ്ഥാനം ആവശ്യമായിരിക്കുന്നു. നിങ്ങൾ പണം തരിക. അല്ലെങ്കിൽ നിങ്ങൾ അവിശ്വാസി."ഈ പുതിയ പ്രത്യയശാസ്ത്രത്തിൽ ജനം വീണിരിക്കുന്നു. എല്ലാവരും അവരവരുടെ ശേഷിയിൽ കവിഞ്ഞ് സംഭാവന നൽകുന്നു. സംഘം ആ തുകകൾ സസന്തോഷം വാങ്ങി കീശയിലിട്ടു. വിശ്വാസികൾക്കു സ്വർഗ്ഗരാജ്യം സ്വന്തമാകാൻ പോകുന്ന കാര്യമല്ലേ?മൽവാൻചാണ്ടീസാണ് നേതാവ്. ഒരു പറ്റം കുഞ്ഞാടുകളുമായി മൽവാൻ ഓരോ വീട്ടിലും കയറിച്ചെന്ന് സൂക്തങ്ങൾ വിളമ്പുന്നു. സൂക്തം ഉൾക്കൊണ്ട് എല്ലാവരും പണം നൽകുന്നു. ക്രമേണ ജനത്തിന്റെ മോഹങ്ങൾ വിരിഞ്ഞു. ഒരു കൂറ്റൻ കെട്ടിടം പണുതുയർത്താൻ അധികകാലം വേണ്ടി വന്നില്ല. ഒരു ദിവസം തമ്മിൽ കണ്ടപ്പോൾ സാംസൺ ചോദിച്ചു.
"എന്താണ് നിങ്ങളുടെ മനസ്സിലിരുപ്പ്?"
"ഇവിടം ഞങ്ങൾ സഭയുടെ ആസ്ഥാനമാക്കും." മൽവാന്റെ മറുപടി. "എല്ലാ കുഞ്ഞാടുകളും ഇവിടെ കേന്ദ്രീകരിക്കും."
"പിന്നെന്തിനാണ് ഈ മദ്യപാനവും ചീട്ടുകളിയും. ഒക്കെ"
അത് പിള്ളാരുടെ ഒരു നേരമ്പോക്ക്. "രാത്രികാലങ്ങളിൽ അവിടെ നേരിയ വെളിച്ചവും കിലുക്കവും, കുശുകുശുക്കലും, സൽക്കാരങ്ങളും നടക്കുന്നുണ്ടല്ലോ. അപ്പോൾ ആത്മീയതയൊക്കെ പരണത്തുവച്ചുകളയുമോ?"
"അതെല്ലാം അമേരിക്കൻ സംസ്കാരത്തിന്റെ തിരിമറികൾ എന്ന് കൂട്ടിക്കോള്ളൂ." "നിങ്ങൾ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് കെട്ടിടം പണിതു. അതിൽനിന്നുള്ള വാടകവരുമാനം നിങ്ങളുടെ പോക്കറ്റിൽ പോകുന്നു. അതെടുത്തു നിങ്ങൾ ധൂർത്തടിക്കുന്നു. അതാണൊ സഭാ സ്നേഹവും, ഉദ്ധരിക്കലും. മനുഷ്യസ്നേഹവും?"
"ഞങ്ങൾ, അതായത് എന്റെ പാനൽ അതിന്റെ എല്ലാം അവകാശങ്ങളും ഏറ്റെടുത്തിരിക്കുന്നു." "ആഴ്ചതോറും വാടകക്ക് കൊടുത്ത് കിട്ടുന്ന പണം നിങ്ങൾക്കുവേണം എന്നല്ലേ. ഉദ്ദേശം?"
മൽവാണ് മറുപടി പറയാൻ ഒരു കൂസലും ഇല്ല.
"എന്തിനു സംശയിക്കുന്നു. പൊതുജനം എന്നും കഴുതയാണെന്ന് അറിഞ്ഞുകൂടെ. ഞങ്ങൾ പണം പിരിച്ചു കെട്ടിയ കെട്ടിടം ഇപ്പോൾ ഞങ്ങൾക്ക് സ്വന്തം. വാടകയും മറ്റ് വരുമാനവും ഞങ്ങൾ കൃത്യമായി പങ്കിടുന്നു. ചെലവാക്കുന്നു. ജീവിതം രസകരമാക്കുന്നു."
"അപ്പോൾ തോമമായുടെ സ്ഥാപനം നിങ്ങൾക്ക് സ്വന്തം." സാംസൺ തിരിഞ്ഞു നടന്നു. മൽവാൻ പുറകെകൂടി.
"പൊതുനിരത്തിലൂടെ നടക്കുമ്പോൾ കണ്ടാമൃഗത്തിന്റെ തൊലി എവിടെനിന്നുമാണ് കടമെടുത്തത് എന്ന ചോദ്യം വരാം. അന്ന് കേരളത്തിൽ നിന്നും നാട്ടുകാർ ചൂട്ടും കത്തിച്ച് ഇങ്ങോട്ടു വണ്ടി കയറിയപ്പോൾ എനിക്ക് കാണ്ടാമൃഗം എന്നൊരു പേരും ജനം നൽകിയിരുന്നു." "മൽവാൻ താങ്കളും കൂട്ടരും കൂടി ക്രിസ്തുവിനെ വീണ്ടും ആണിയടിക്കുകയാണൊ. കുരിശുതച്ചനെ വച്ച് സ്ഥിരം പണിതു കൂട്ടുന്നത് കൂടുതൽ പണം പിരിവിനോ? മഹത്തുക്കളെ അന്നത്തെ ജനം ഇരുമ്പുപാര കൊണ്ട് അടിച്ചിരുന്നില്ലേ. കുരിശുകൾ പണിത് ആണിയടിക്കുന്നത് ഒരു വമ്പൻ കാര്യവുമല്ല. മറ്റാർക്കും പറ്റാത്ത കാര്യമല്ലേ ഈ മല്‌വാന്റെ കൈയ്യിലിരുപ്പ് അതാണ്. ഇത് ജനത്തെപ്പറ്റിക്കാനുള്ള ഒരു തറവേല. അത്രതന്നെ."
"എന്തായാലും കൊയ്ത്തുകാലമല്ലേ. ആവോളം അടിച്ചു മാറ്റുക-അതു ജീവിതലക്ഷ്യമാക്കുക. ഇക്കാര്യത്തിൽ എന്നെ വെല്ലാൻ മറ്റാരുമില്ലതന്നെ."
ഈയ്യിടെയായി നാട്ടുകാരുടെ ഇടയിൽ നിന്നും മൽവാനും കൂട്ടരും വിമുക്തിനേടിയിരിക്കുന്നു. തോമമായുടെ സ്ഥാനത്ത് കുറെ കാട്ടുപോത്തുകൾ ആർത്തുവളരുന്നു. എന്തുപറ്റി ആസ്ഥാനത്തിന്, സാംസൺ അടുത്തുള്ള കടയിൽ ആരാഞ്ഞു.
ഏറേതാമസിയാതെ കെട്ടിടം മല്‌വാനും കൂട്ടരും കൂടി പൊളിച്ചു. ഇഷ്ടികയും തടിക്കഷണങ്ങളും അണികളുടെ വീടുകളിലെ കാർഗരാജുകളിലേക്ക് മാറ്റി. ഇത്ര പെട്ടെന്നിതു ചെയ്യാൻ കാരണം ഏതോ കുബുദ്ധികൾ കെട്ടിടം കേസുകൊടുത്ത് സ്വന്തമാക്കുമെന്നുള്ള ആശങ്കയായിരുന്നു. മല്‌വാനും കൂട്ടരും അതിന് പ്രതിവിധി കണ്ടെത്തിയതു ഇങ്ങനെയായിരുന്നു.
അങ്ങിനെ അവർ വിജയപഥം ചൂടുന്നു.