Followers

Sunday, January 2, 2011

ഒരു കവിക്ക്‌ സ്വന്തം കവിതയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു



bakkar methala
ചെമ്മനം ചാക്കോയുടെ 'ചിരിമധുരം' എന്ന പുസ്തകത്തെക്കുറിച്ച്‌
ചെമ്മനം ചാക്കോയുടെ കവിതകൾ ആക്ഷേപഹാസ്യത്തിന്റെ അരംകൊണ്ട്‌ മൂർച്ച കൂട്ടിയ സാമൂഹ്യ വിമർശനമാണ്‌. കുഞ്ചൻനമ്പ്യാരുടെ കാവ്യവഴിയെ സമകാലീന മലയാളത്തിൽ പ്രയോഗവൽക്കരിച്ച ചെമ്മനത്തിന്റെ കവിതകളുടെ അന്തർദ്ധാര കറുത്ത ഫലിതം ഉത്പാദിപ്പിക്കുന്ന നോവൂറുന്ന ഒരു ചിരിയാണ്‌. ചിരിയുണർത്തുന്ന വരികൾ, ചിരിയുടെ അലകൾ കെട്ടടങ്ങുന്നതോടെ സമൂഹത്തോടും തന്നോട്തന്നെയും ഒന്നോ അതിലധികമോ ചോദ്യങ്ങളായി രൂപം കൊള്ളുകയും ചിലപ്പോൾ രോഷത്തിന്റെ മുനകൾ കൂർപ്പിക്കുന്ന ചിന്തകളായി ഉയിർക്കൊള്ളുകയും ചെയ്യും.
കവിതയുടെ സാമൂഹ്യ ധർമ്മങ്ങളെക്കുറിച്ച്‌ വേവലാതികൊള്ളുന്ന പ്രയോജനവാദികൾക്കുമാത്രമല്ല, കേവലസൗന്ദര്യവാദത്തിന്റെ മാനദണ്ഡങ്ങൾകൊണ്ട്‌ കവിതയെ സമീപിക്കുന്ന സഹൃദയനുകൂടി ചെമ്മനത്തിന്റെ കവിത സ്വീകര്യമാകുന്നത്‌ മേൽചൊന്നവിധം കവിതയുടെ രസതന്ത്രത്തെ ഫോർമുലേറ്റ്‌ ചെയ്യുന്നതുകൊണ്ടാണ്‌. അതുതന്നെയാണ്‌ കാവ്യാനുശീലനത്തിന്റെ പഴയ രീതി ശാസ്ത്രങ്ങളോട്‌ ആഭിമുഖ്യം പുലർത്തുന്നവരോടും ആധുനികന്റെ വിചാരശീലങ്ങളോടും ഒരേസമയം ഈ കവിത സംവദിക്കുന്നത്‌. വാഗർത്ഥങ്ങൾ പൊതിയാത്തേങ്ങയായിത്തീർന്ന വ്യാജനിർമ്മിതികളുടെ ശവപ്പറമ്പായി മാറുന്ന നവീന കവിതയുടെ വനസ്ഥലികളിൽ ചെമ്മനത്തിന്റെ കവിത ചിരിച്ചൊഴുകുന്ന കുളിരരുവിപോലെ അനുഭവവേദ്യമാകുന്നത്‌ രചനയിലെ ഈ ആർജ്ജവം കൊണ്ടാണ്‌.
ഈവിധം മലയാള കവിതയിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു കവിക്ക്‌, കവിതയുടെ സ്വാധീനശക്തി കുറഞ്ഞു പോയതുകൊണ്ട്‌ സാമൂഹ്യ വൈകല്യങ്ങളുടെ ഹാസ്യവിമർശനം "ഭൂരിപക്ഷത്തിന്റെ ഹൃദയങ്ങളിലെത്തിക്കാൻ നടത്തുന്ന ശ്രമം" എന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ തന്റെനൂറ്‌ കവിതകൾ പരാവർത്തനം ചെയ്ത്‌, കവിതകളുടെ ഗദ്യാവിഷ്കാരമെന്ന പേരിൽ പുസ്തകമാക്കി വിൽക്കേണ്ടി വന്നെങ്കിൽ ഇതിന്റെ കാരണം നാം പരിശോധിക്കേണ്ടതുണ്ട്‌. ഇങ്ങനെയൊരു പരിശോധയുടെഫലം, സ്വന്തംകവിതകളിൽ കവിക്ക്പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്‌ വിളിച്ചു പറയുന്നത്‌. തന്റെ കവിതകളെ കവിതകളായിത്തന്നെ സ്വീകരിച്ച മലയാളി സമൂഹത്തെ വിലയിരുത്തുതിലും കവിക്കു തെറ്റു പറ്റിയിരിക്കുന്നു. മലയാളി സമൂഹത്തിന്റെ കാവ്യാനുശീലനത്തിന്‌ അത്രമാത്രം ക്ഷീണം സംഭവിച്ചോ?
ചെമ്മനത്തിന്റെ കവിതകൾ ഒരിക്കലും ദുർഗ്രഹമല്ല. ലളിതവും ചില സന്ദർഭങ്ങളിൽ അത്‌ ഒരു പരിധിവരെ ഗദ്യാത്മകവുമാണ്‌. അങ്ങനെയുള്ള കവിതകളിൽനിന്നും അതിൽ അന്തർലീനമായ കവിത ചോർത്തിക്കളഞ്ഞ്‌ ഹാസ്യലേഖനമെന്ന പിണ്ഡ രൂപമാക്കിയതോടെ, അത്‌ വായിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ കവിയായ ചെമ്മനം മരിക്കുകയാണ്‌ ചെയ്യുന്നത്‌.
'ഒരു കവി സ്വന്തം കവിതകൾക്ക്‌ ഗദ്യത്തിന്റെ കുപ്പായം തുന്നുന്ന ആദ്യ സംരംഭമായിരിക്കും ഇത്‌.' എന്ന്‌ കവി ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്‌. മലയാളസാഹിത്യത്തിൽ ഇത്തരമൊരു സംരംഭത്തിന്റെ പിതൃത്വം അവകാശപ്പെടാനല്ലാതെ ഈ ഓമനക്കൗതുകംകൊണ്ട്‌ എന്താണ്‌ കാര്യം? ഹാസ്യകവിതകൾക്കല്ലാതെ ഇത്തരമൊരു ഗദ്യവത്ക്കരണ സാധ്യത ഇല്ലെന്ന്‌ ചെമ്മനം പറയുന്നുണ്ട്‌. അതെ, നർമ്മം കലർന്ന കുറിപ്പുകൾ എന്ന നിലക്ക്‌ അലസവായനയ്ക്കുതകുന്ന ഒരു കൃതിയായി ചിരിമധുരം പരിഗണിക്കപ്പെട്ടേക്കാം- പക്ഷേ, അതിന്‌ കവി ബലികൊടുക്കേണ്ടിവന്നത്‌ തന്റെ കവിതയെയാണെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ്‌ അതിന്റെ വേഗത മനസ്സിലാവുക.