Followers

Sunday, January 2, 2011

കാളിദാസൻ ഒരു ഉപരിവീക്ഷണം


k p sadanandan

ജ്ഞാനപീഠം അവാർഡ്‌ നേടിയ ഗുജറാത്തി കവിയാണ്‌ പ്രോഫ.ഉമാശങ്കർ ജോഷി. ഈ അവാർഡിനർഹനാകുന്നതിനു മുമ്പുതന്നെ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ധിഷണാശാലികൾക്കും കവികൾക്കും ജോഷിയെ അറിയാമായിരുന്നു. മികച്ച ഒരു സാഹിത്യനിരൂപകൻ കൂടിയായ ജോഷിയുടെ പത്രാധിപത്യത്തിൽ മുന്നു പതിറ്റാണ്ടുകളിലേറെക്കാലമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന 'സംസ്കൃതി' എന്ന മാസിക ഗുജറാത്തിസാഹിത്യത്തിന്‌ നവജീവൻ നൽകി. ഒരു തലമുറയുടെ സാഹിത്യവാസനയെ നയിച്ച കവിയാണ്‌ ജോഷി. സ്വയം വലിയ എഴുത്തുകാരനാകുന്നതോടൊപ്പം വലിയ എഴുത്തുകാരെ സൃഷ്ടിക്കുകകൂടി ചെയ്തു അദ്ദേഹം.
ജോഷി ആധുനികമായ ഒരെഴുത്തുകാരനാണ്‌; ഒരിക്കലും ഭാരതീയ പാരമ്പര്യത്തിനു പുറംതിരിഞ്ഞു നിൽക്കാതെ ആധുനികതയുടെ കാറ്റും വെളിച്ചവും ഉൾക്കൊണ്ട എഴുത്തുകാരൻ. ഇന്ത്യുയുടെ മഹത്തായ ഭൂതകാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഉജ്വലമായ കണ്ണിയാണ്‌ അദ്ദേഹം. ജോഷി സാഹിത്യത്തിന്റെ വേരുകൾ ഋഷിപ്രോക്തമായ സംസ്കാരത്തിന്റെ ആഴത്തിലാണെങ്കിലും താൻ ജീവിക്കുന്ന കാലത്തിന്റെ ആകാശത്തിലേക്കാണ്‌ അതു വളർന്നുപൊങ്ങുന്നത്‌.
തിരുവനന്തപുരത്ത്‌ വള്ളത്തോൾ സ്മാരക പ്രഭാഷണപരമ്പരയ്ക്ക്‌ ജോഷിയുടെ സാന്നിധ്യം തിരുവന്തപുരത്തുള്ള മിക്കവാറും എഴുത്തുകാരെ സേനതാളിലേക്ക്‌ കൊണ്ടുവന്നു. വിഷയം കാളിദാസ കവിതയായിരുന്നു- മേഘസന്ദേശം, ശാകുന്തളം, കാളിദാസൻ-ഭാരതസംസ്കാരത്തിന്റെ കവി. കാളിദാസ കവിതയെക്കുറിച്ചുള്ള സവിസ്തരപഠനങ്ങളുമായി പരിചയപ്പെടാത്തവരല്ല മലയാളികൾ. ഒരുപക്ഷേ, നമ്മുടെ കുട്ടികൃഷ്ണമാരാരെപ്പോലൊരു കാളിദാസഭക്തനെ മറ്റൊരു ഭാഷയിലും കണ്ടെന്നുവരില്ല.
കാളിദാസനെക്കുറിച്ച്‌ നിരവധി പഠനമനനങ്ങൾ നടന്ന ഈ നാട്ടിൽ എന്തിനു വീണ്ടും ഇങ്ങനെയൊരു പ്രഭാഷണമെന്ന്‌ ചിലർക്കു തോന്നലുണ്ടാവാം. ഇതുവരെ പറയപ്പെട്ടതിനപ്പുറമുള്ള ഉപരിവീക്ഷണങ്ങൾക്കാവാം പ്രോഫ. ഉമാശങ്കർ ജോഷിയെപ്പോലുള്ള ഒരാളെത്തന്നെ ഈ വർഷത്തെ പ്രഭാഷപരമ്പരയ്ക്കു തിരഞ്ഞെടുത്തത്‌. കാളിദാസകവിതയെക്കുറിച്ച്‌ ഇനി നമുക്കു ലഭിക്കാനുള്ളത്‌ ഇത്തരം ഉപരിവീക്ഷണങ്ങൾ മാത്രമാണല്ലോ. കാളിദാസന്റെ കൃതികൾ ഒറ്റയ്ക്കൊറ്റയ്ക്കെടുത്തുകൊണ്ടുള്ള പഠനങ്ങൾ ഇന്ത്യൻ സാഹിത്യത്തിൽ ധാരാളമുണ്ടായിട്ടുണ്ട്‌. എല്ലാകൃതികളിലൂടെയും നിവരുന്ന കാളിദാസനെയാണ്‌ ജോഷി പ്രഭാഷണത്തിലൂടെ കാട്ടിത്തന്നത്‌. ലോകജനസമൂഹത്തെ ഏക്കാളവും പ്രചോദിപ്പിക്കുന്ന ഒരു ശാശ്വതസംസ്കാരവിഭാവനമായിരുന്നു കാളിദാസന്റെ ജീവിതദൗത്യം. രാമായണത്തിൽ വാല്മീകി വിഭാവനം ചെയ്യുന്ന കുടുംബധർമ്മവും മഹാഭാരത്തിൽ വ്യാസൻ ഉയർത്തിക്കാട്ടുന്ന രാഷ്ട്രധർമ്മവും മാസ്മരികമായി ഏകോപിപ്പിച്ചുകൊണ്ടാണ്‌ കാളിദാസൻ അനശ്വരഭാരതം എന്ന സങ്കൽപം മാനവസമൂഹത്തിനു സമർപ്പിച്ചതു.
ഇന്ത്യൻ കാളിദാസൻ എന്തു നൽകി എന്നു കാണിച്ചുകൊണ്ട്‌ ലോകത്തിന്‌ ഇന്ത്യ എന്താണു നൽകുന്നതെന്ന്‌ പറഞ്ഞുതരികയായിരുന്നു പ്രോഫ.ജോഷി.