Followers

Sunday, January 2, 2011

ചിന്തയുടെ ജാലകം തുറന്ന്‌


m c rajanarayanan

എം. കെ. ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന കോളത്തെ വിലയിരുത്തുകയാണ്‌ പ്രമുഖ സാഹിത്യ നിരൂപകനായ എം. സി. രാജനാരായണൻ

പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത്‌ ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ ഗ്രാഫ്‌ ഉയരുമ്പോഴും ആഴവും പറപ്പും കുറയാതെ അകക്കാമ്പിൽ ചിന്തയ്ക്കുള്ള വകയൊരുക്കിക്കൊണ്ട്‌ എഴുതിക്കൊണ്ടിരിക്കുന്ന പംക്തി എന്നതാണ്‌ കലാകൗമുദിയിലെ എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലക'ത്തിന്റെ സവിശേഷത.
പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്തെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന 'അക്ഷരജാലകം' മലയാള പത്ര/സാഹിത്യരംഗത്തെ ഏറ്റവും പ്രചാരമുള്ള കോളമാണെന്നത്‌ കേവലയാഥാർത്ഥ്യം മാത്രമാകുന്നു. നിരൂപണരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടാണ്‌ ഹരികുമാർ സാഹിത്യരംഗത്ത്‌ സ്വന്തം ഇടം നേടുന്നത്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ (1984) മനുഷ്യാംബരാന്തങ്ങൾ (1989) കഥ ആധുനികതയ്ക്കു ശേഷം (2000) തുടങ്ങിയ ആദ്യകാല സൃഷ്ടികൾ കൊണ്ടുതന്നെ എം.കെ.ഹരികുമാർ എന്ന സാഹിത്യനിരൂപകൻ സ്വന്തം തട്ടകം കണ്ടെത്തിയിരുന്നു. മറ്റ്‌ നിരൂപകരിൽ നിന്ന്‌ വ്യത്യസ്തമായി ചിന്തയുടെ ജ്വലിക്കുന്ന അക്ഷരങ്ങൾ അണിനിരത്തിക്കൊണ്ടാണ്‌ അദ്ദേഹം രചന നിർവ്വഹിക്കുന്നത്‌. മനനത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ടും.
സാഹിത്യനിരൂപണ പംക്തിയായ 'അക്ഷരജാലക'ത്തിന്‌ വൈജാത്യങ്ങൾക്കൊപ്പംതന്നെചില സജാത്യങ്ങളും എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലവുമായി കാണാവുന്നത്‌ സ്വാഭാവികം. വ്യക്തിഗതമായ അനുഭവങ്ങളല്ല പിൽക്കാല സംഭവങ്ങളെയും അവതരിപ്പിക്കുന്ന എം.കൃഷ്ണൻനായരുടെ ശൈലിയിൽ നിന്ന്‌ ഏറെ ഭിന്നമാണ്‌ എം.കെ.ഹരികുമാറിന്റെ രചനാരീതി. ചില കാര്യങ്ങളിൽ ബോധപൂർവ്വമല്ലാത്ത ചില അടുപ്പങ്ങൾ കാണാമെങ്കിലും രൂപഭാവങ്ങളിലും അന്തഃസ്സത്തയിലും ഏറെ ഭിന്നമാണ്‌ 'അക്ഷരജാലകം' ഉപലംബം ശക്തമായിത്തന്നെ ചൊരിയുന്ന കാര്യത്തിൽ ഇരുവരും. ഒരു ചേരിയിലാകുന്നത്‌. 'കറേജ്‌ ഓഫ്‌ കൺവിക്ഷൻ' കൊണ്ടു മാത്രമാണെന്നു കാണാവുന്നതാണ്‌. സാഹിത്യരംഗത്തെ മലീനസമമാക്കുന്നവരോട്‌, ശുഷ്ക്കമാക്കുന്നവരോട്‌, അശ്രദ്ധയോടെ സൃഷ്ടി നടത്തി സാഹിത്യേതര കാര്യങ്ങളിൽ കണ്ണുവെക്കുന്നവരോടും ദയാദാക്ഷിണ്യമില്ലാതെ വാക്കുകൾ കൊണ്ട്‌ ചാട്ടവാറടി നൽകുന്നതിൽ ഇരുവർക്കും അവരുടേതായ രീതിനീതികളുമുണ്ട്‌. അതിൽ അനുകരണത്തിന്റേതെന്നല്ല, അനുസരണത്തിന്റെ കൂടി അംശം കടന്നു കൂടുന്നുമില്ല. പിന്നെ ഏതാണ്ട്‌ പൊതുസ്വഭാവമുഖം സാഹിത്യപംക്തികളാകുമ്പോൾ (ആനുകാലിക രചകളെ ആശ്രയിച്ച്‌) ചില സജാത്യങ്ങൾ ഒഴിച്ചുകൂടാനാവാത്തതിൽ അതിശയിക്കാനുമില്ല. എങ്കിലും ഭിന്നമായ പാതയിലൂടെ മുന്നേറുവാൻ എം.കെ.ഹരികുമാറിന്‌ കഴിയുന്നു എന്നത്‌ പ്രശംസാവഹമാണ്‌.
ആനുകാലികങ്ങളിലെ സൃഷ്ടികളുടെ വിശകലനവും വിമർശനവുമാകുമ്പോൾ ഇത്തരം പൊതുസ്വഭാവമുള്ള പംക്തികൾക്ക്‌ ചില തലങ്ങളിൽ സമാനതവരുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ രചയിതാവിന്റെ വ്യക്തിപ്രഭാവവും വീക്ഷണവുമനുസരിച്ച്‌ അന്തഃസ്സത്തയിൽ വ്യതിയാനം കൈവരുന്നതായി നിരീക്ഷിക്കാം. സാഹിത്യവാരഫലത്തിലെന്നപോലെ തന്നെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൃഷ്ടികളുടെ നിരൂപണത്തിനോടൊപ്പം ചലനംസൃഷ്ടിച്ച ഗ്രന്ഥങ്ങൾ, രചനയിതാക്കൾ, സംഭവങ്ങൾ, പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നിരീക്ഷണവും അക്ഷരജാലകത്തിൽ മിഴിതുറക്കുന്നു. പരന്നവായനയും അത്‌ സ്വാംശീകരിച്ചുകൊണ്ടുള്ള വാരാവാരമുള്ള എഴുത്തും എഴുത്തുകാരനൊപ്പം വായനക്കാരനെയും ചിന്താനിരതനാക്കുന്നു. ആനുകാലികങ്ങളിലൂടെയുള്ള പ്രയാണത്തിൽ അനുവാചകൻ ഭാഗഭാഗാക്കുകയും ചെയ്യുന്നു.
വ്യക്തിപ്രഭാവത്തിന്റെ ബഹിർസ്ഫുരണവും വ്യത്യസ്തയുടെ കയ്യൊപ്പുമാണ്‌ ഇത്തരം ഒരു പംക്തിക്ക്‌ അനന്യത നൽകുന്നത്‌. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗുണമേന്മയുള്ളതും ഇല്ലാത്തതുമായ രചനകൾ വായിച്ചും കതിരും പതിരും വേർതിരിച്ച്‌ അർഹമായവയ്ക്ക്‌ വേണ്ട പരിഗണന നൽകിയും അനർഹമായവർക്ക്‌ ശാസന കൊടുത്തും എഴുതുന്നത്‌ കഠിനയത്നം തന്നെയാണ്‌. കാരണം ഒരു ആഴ്ച അവസാനിക്കുന്നിടത്ത്‌ മറ്റൊന്ന്‌ തുടങ്ങുകയും അങ്ങിനെ ദിവസങ്ങളുടെ പ്രയാണത്തിനനുസരിച്ച്‌ തൂലിക ചലിക്കേണ്ടതായിവരുകയും ചെയ്യുന്നു. വി.കെ.എൻ പറയുന്നതുപോലെ നേരത്തോട്‌ നേര്‌ കൂടുന്നതുപോലെയാണ്‌ ആഴ്ചയോട്‌ ആഴ്ചകൂടുന്നത്‌! ആനുകാലികങ്ങളിലൂടെ വെളിച്ചം കാണുന്ന കഥാ കവിതാ, ലേഖനങ്ങൾക്ക്‌ പൊതുവെ നിലവാരത്തകർച്ചയുണ്ടെന്ന്‌ സ്ഥിരമായി പറയുകയാണ്‌ അക്ഷരജാലകത്തിലൂടെ എം.കെ.ഹരികുമാർ. വൃഥാ വ്യായാമങ്ങളായി മാറുന്ന രചനകളെ ശക്തമായി വിമർശിക്കുന്നതിനും അദ്ദേഹം ശങ്കിക്കുന്നില്ല.
അതുപോലെ ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ്‌ പ്രധാനമെന്ന്‌ പഴമൊഴിക്ക്‌ പ്രസക്തിയേകുന്ന വിധത്തിലുള്ള സമീപനവും പംക്തി വെളിപ്പെടുത്തുന്നു അതാകട്ടെ വളരെ വിരളമായി മാത്രം കണ്ടുവരുന്ന കാര്യവുമാണ്‌. ആരു പറയുന്നു എന്നു നോക്കിയാണ്‌ എന്തു പറയുന്നു എന്നത്‌ ശ്രദ്ധിച്ചുകൊണ്ടല്ല പലരും പ്രതികരിക്കുന്നതും പ്രതിവചിക്കുന്നതും! എഴുത്തിൽ കലർപ്പ്‌ കലരുന്നത്‌ അങ്ങിനെയാണ്‌. എന്നാൽ ഇതിനെല്ലാം അപവാദമായി ആത്മാർത്ഥതയുടെ കൈമുതലും ശക്തിയും 'അക്ഷരജാലക'ത്തിന്‌ പകരുന്നത്‌ അണയാത്ത പ്രകാശം തന്നെ. പ്രസിദ്ധരായ പല രചയിതാക്കളെയും അതിനിശിതമായിത്തന്നെ വിമർശിക്കുന്ന പംക്തിക്കാരൻ, പുതിയ, നവാഗതരായ എഴുത്തുകാരെ അംഗീകരിക്കുന്നതിൽ ലുബ്ധ്‌ പ്രകടിപ്പിക്കുന്നില്ല.
തകഴിയെപ്പോലൊരു അതികായനായ എഴുത്തുകാരനെ ഇനി കാണാനാകുമെന്ന്‌ തോന്നുന്നില്ല. സത്യസന്ധമായ ജീവിതം അദ്ദേഹത്തിന്‌, പ്രാണവായുപോലെ പ്രിയങ്കരമായിരുന്നു. ഹരികുമാർ എഴുതുന്നു. കഥാസാഹിത്യത്തിലെ രാജശിൽപിയായിരുന്ന ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി സമ്മാനങ്ങൾ തേടിയെത്തിയ മലയാളത്തിന്റെ മഹോന്നതനായ കഥാകാരനെക്കുറിച്ച്‌ ഏറ്റവും ഹ്രസ്വമായി എന്നാൽ ഏറ്റവും മിഴുവുറ്റ രീതിയിൽ എഴുതാൻ എം.കെ.ഹരികുമാറിനു കഴിയുന്നു.
കലാകൗമുദി വാരികയുടെ നാലുപറങ്ങളിലായി (70-74) എല്ലാ ആഴ്ചയും പ്രത്യക്ഷപ്പെടുന്ന 'അക്ഷരജാലക'മെന്ന കലാസാഹിത്യവിമർശന പംക്തിക്ക്‌ വായനക്കാർക്കിടയിൽ വലിയ സമ്മതിയാണുള്ളത്‌ എന്നുകാണാം. പുതിയ അഭിപ്രായങ്ങൾക്കും അറിവുകൾക്കും നിർവ്വചനങ്ങൾക്കുമായി അനുവാചകർ കാത്തിരിക്കുക എന്നത്‌ അപൂർവ്വമായ സംഭവം തന്നെയാണ്‌. ജാതിമത സാമുദായിക രാഷ്ട്രീയ വേലിക്കെട്ടുകളെ മറികടന്നു കൊണ്ട്‌ മനസ്സ്‌ മനസ്സിനോടും ചിന്ത ചിന്തയോടും ചേരുന്ന അപൂർവ്വ പ്രതിഭാസമാണ്‌ ഈ പംക്തിയിലൂടെ വെളിപ്പെടുന്നത്‌.
കോളത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തിയുടെയും രചയിതാവിന്റെയും ഫോട്ടോകൾക്കൊപ്പം പുസ്തകത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോകളും ചേർത്തുകാണാറുണ്ട്‌. അത്‌ കോളത്തിന്‌ ആകർഷണീയത നൽകുന്നഘടകമായി മാറുന്നു. സാധാരണകോളങ്ങളിൽ നിന്ന്‌ ഭിന്നമായി ലേഖനസ്വഭാവവും വിമർശന മൂല്യവും നിരന്തരം കാത്തുസൂക്ഷിക്കുന്ന അവതരണമാണ്‌ 'അക്ഷരജാലക'ത്തിന്‌ സ്വന്തമായുള്ളത്‌. പരിചയംകൊണ്ടും അശ്രാന്തപരിശ്രമം കൊണ്ടും ഉരുത്തിരിഞ്ഞുവന്ന ശൈലി സ്വച്ഛന്ദമായൊരു ഒഴുക്കും വായനാസുഖവും പംക്തിക്ക്‌ പ്രദാനം ചെയ്യുന്നു. തിരയടങ്ങാത്ത സമുദ്രംപോലെ ചിന്തയടങ്ങാത്ത മനസ്സിൽ നിന്ന്‌ ഒഴുകിയെത്തുന്ന വാക്കുകൾക്ക്‌ കരുത്തുണ്ട്‌. പെയ്തൊഴിയാത്ത മേഘാവൃതമായ ആകാശംപോലെ ആശയങ്ങൾ കൂടുകെട്ടിയ മനോ മണ്ഡലങ്ങളിൽ നിന്ന്‌ പെയ്തിറങ്ങുന്ന ഹർഷബിന്ദുക്കൾപോലെ വാക്കുകൾ അനുവാചന മനസ്സിൽ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാകുന്നത്‌ രചനാ ശൈലിയുടെ സവിശേഷതകൊണ്ടു കൂടിയാണ്‌.
പണ്ട്‌ അക്ഷര ശൃവ്യമാധ്യമങ്ങൾ മാത്രമായിരുന്നു വാർത്താവിനിമയ രംഗത്ത്‌ ആധിപത്യം പുലർത്തിയിരുന്നതെങ്കിൽ ഇന്ന്‌ ഇവർക്കു മുന്നിൽ ദൃശ്യമാധ്യമം സജീവസാന്നിധ്യമായിരിക്കുന്നു. ഒരുപക്ഷേ പത്രവായന ഒരു സ്വഭാവമായി തുടരുമ്പോഴും ദൃശ്യമാധ്യമങ്ങളിൽ നിന്ന്‌ അറിയുന്ന നേർക്കാഴ്ചയുടെ വാർത്താവിശേഷങ്ങൾ ഇന്ന്‌ പൊതുസമൂഹത്തെ കൂടുതലായി സ്വാധീനിക്കുന്നു എന്നത്‌ കേവല യാഥാർത്ഥ്യം മാത്രമാണ്‌. read more [click here]