kavalam sasikumar
തിളച്ചൊരമ്പിലിക്കിണ്ണം വെണ്ണിലാവായ് തുളുമ്പവേ
ചിരിച്ചു നിന്നു മുല്ലപ്പൂ മുടിയിൽ ചൂടി യാമിനി
കനത്ത ഖേദമെൻ കണ്ഠംനെഞ്ചീലേക്കാഴ്‌നിറങ്ങവേ
നനുത്ത ദേഹമങ്ങങ്ങങ്ങപ്പുപ്പന്താടിയാടിയോ
ചുകപ്പുചോരയിറ്റിച്ചന്നന്തിച്ചോപ്പന്തരിക്കവേ
കറുത്തവാനമെന്തെന്തോ മിഴിനീർ ചാറ്റി നീറവേ
കനിഞ്ഞു നിന്നു കൂമൻ താൻ മൂളൽ നീട്ടിത്തകർക്കവേ
അറിഞ്ഞേനന്നു കേട്ടന്റെ തകരും നെഞ്ചിടിപ്പുകൾ
യക്ഷിപ്പാലകളിൽ പൂക്കൾ നഖം രാകി മിനുക്കവേ
ഉന്മാദത്തേരിലായക്ഷ ഹൃദയം പകരമേറ്റുപോൽ
ഒരു നോക്കേ നോക്കിയുള്ളു പകയാൽ പൊട്ടി ചില്ലതും
ദൃഷ്ടിപാതാൽ നഖം ചീർത്തു വീർത്തു പൊട്ടിയൊലിച്ചുപോൽ
മുറിപ്പാടിൽ കോർത്തൊരമ്പാൽ കൃഷ്ണവർമലിഞ്ഞതും
കൃഷ്ണ കേണു വിളിച്ചപ്പോൾ കർണ്ണനുള്ളിൽ ചിരിച്ചതും
കൂട്ടിവായിച്ച മുത്തശ്ശിക്കുത്തരം മുട്ടുവാനതിൽ
ചേർത്തു കുന്നായ്മയായ് ചോദ്യം *കിമകുർവത ശങ്കര:
ഉറങ്ങി ഉണരാനുണ്ണിക്കമ്മ **കയ്പ്പൂണ്യയെണ്ണയിൽ
ചെമ്പരത്തിപ്പൂവു ചേർത്തു കനവങ്ങനെ വേറെയായ്
ഉറക്കം ഞെട്ടുമുണ്ണിക്കിന്നെല്ലാം വിഭ്രമ കീചകം
കത്തിവേഷക്കലാശങ്ങൾ രസം ബീഭത്സം അത്ഭുതം
(* ഗീതാ ശകലം, ** കയ്യെണ്ണ, കയ്യുണ്ണി...)