Followers

Sunday, January 2, 2011

ബൃന്ദയുടെ കവിതകൾ

brinda
ചുവന്ന ഒറ്റത്തൂവല്‍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പച്ച നിറമുള്ള പക്ഷി മുട്ട .
ഞാന്‍ അതിന്‍മേല്‍
വിരല്‍ തൊട്ട്‌
മഴകണ്ണുകളെ
വിരിയിച്ചെടുക്കും .

അപ്പോള്‍ പ്രഭാതം
ഇങ്ങനെ പറയും .
എന്‍റെ പേര്
പ്രണയം എന്നാണ് .

ഞാന്‍ പ്രണയത്തിലേക്ക്
ഉമ്മകള്‍ കൊണ്ടൊരു
പാലം പണിയും .
ചന്ദന മണമുള്ള പാലം .

ഇന്നലെ
അവന്‍
മഞ്ഞിന്റെ വീട്ടില്‍ നിന്നും
ഒരു കുടന്ന മഞ്ഞുപൂക്കള്‍
എനിക്കായ്‌കൊണ്ട് വന്നു.

കവിത തുടുത്ത വിരലുകളാല്‍
എന്‍റെ മുടിയില്‍ തിരുകി വച്ചു.
നക്ഷത്രങ്ങളെ നുള്ളിയെടുത്ത്
കാതില്‍ പതിപ്പിച്ചു .
നിലാവിനെ തൊട്ടെടുത്തു
നെറുകയില്‍ വച്ചു .

നെറുകയുടെവിസ്ത്രിതി
ചുണ്ടോളം ചെറുതെന്ന് !

പക്ഷികളുടെ നാട്ടിലേക്ക്‌
ഇമചിമ്മല്‍ ദൂരം .
അതിന്റെ ചിറകൊച്ച
എന്റെയും നിന്റെയും
ഹൃദയ മിടിപ്പെന്ന്.

നാം ഒരു വെള്ള പക്ഷിയുടെ
ഹൃദയത്തില്‍ നിന്നും മുളച്ച
ചുവന്ന ഒറ്റ ത്തൂവല്‍

ഭൂമിയുടെ അതിരുകളെ
ഉള്ളിലാക്കി
പച്ച നിറമുള്ള പക്ഷി മുട്ട
ആകാശ ത്തോളം വലുതായി ....
അണ്‌വോളം ചെറുതായി ....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മരം
,,,,,,,,,,,,,,,
ഞാനൊരു വിത്തുതരാം
നിന്‍റെ ഹൃദയത്തില്‍
നട്ടുവളര്‍ത്താന്‍ .

അതിന്റെ വേരുകള്‍
നിന്‍റെ ഉള്ളുലയാതെ കാക്കും .
ചില്ലകള്‍
നിന്നെ തണുപ്പിക്കും .
അതിന്‍മേല്‍
ചാഞ്ഞിരുന്നു
മധുരക്കനികള്‍ ഭക്ഷിച്ചു
നീ ആനന്ടമടയും.

അപ്പോഴേക്കും
നീ മറന്നു കഴിയും
ഈ പ്രണയം
ആരു തന്നു
എന്നത്
....................
ഉമ്മതേന്‍
...............
കവിളത്തൊരു മുഖക്കുരു .
താമര മൊട്ടു പോലെ
ചുവന്നു തുടുത്ത്........
അവന്റെ ചുണ്ടുകള്‍
അരുമയോടെ അതിന്‍മേല്‍ .
വിടര്‍ന്ന മേല്‍ ചുണ്ടിനു മേല്‍
കുസൃതി കാട്ടുന്ന
ഇളം മീശ ,
നിരയൊത്ത മോഹന ദന്തം .

ഇപോള്‍ ഒരു ചോപ്പണിചുണ്ട്
പിടഞ്ഞുണര്‍ന്നു
മീശ ചില്ലകളില്‍ കൊരുത്ത്‌
നുണഞ്ഞ്
അകത്തേക്ക് അകത്തേക്ക് .

തേനിപ്പോള്‍നിന്‍റെ വായില്‍
തേനിപ്പോള്‍ എന്‍റെ വായില്‍

താമര മൊട്ടു ചുവന്നു തുടുക്കെ
ചുണ്ടില്‍
തെനല്ലി
ചോപ്പല്ലി

നിന്‍റെ വായക്ക് എന്ത് മധുരം .
കൊരുത്ത ചുണ്ട് വിടര്‍ത്താന്‍ വയ്യ
അതിനാല്‍ പിന്നെയും പിന്നെയും
മധു നുണഞ്ഞ് ..............
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മഴച്ചുവടെ
,,,,,,,,,,,,,,,,,,,,
വരൂ
നമുക്കീ മഴ ചുവട്ടില്‍
അല്പമൊന്നിരിക്കം.
എത്രയെന്നു വച്ചാണ്
ഞാന്‍ തനിച്ചിരിക്കുന്നത്.

മഴ
നിന്‍റെ നെറുകയില്‍ തൊടുന്നു .
നാസികാഗ്രത്തില്‍
വെണ്മുത്ത്ആയി വിളങ്ങുന്നു .

ഞാന്‍ ചുംബിച്ചിട്ടില്ലാത്ത
നിന്‍റെ ചുണ്ടിലൂടെ
കഴുത്തിലൂടെ ........
ഒഴുകി
ഈ മഴ
എവിടെ പോയാണ് മറയുന്നത് !

ഞാന്‍ നിന്‍റെ മഴയാകട്ടെ ?
നിന്‍റെ നിമ്നോന്നതങ്ങളില്‍
ഉരുള്‍ പൊട്ടല്‍.
ഉപ്പു മധുരങ്ങളുടെ ഇണര്‍പ്പ്
കാറ്റുകളുടെ ഇലയാട്ടം .

ഒടുവില്‍ മഴ കഴിയുമ്പോള്‍
വെള്ള പ്പൊക്കത്തിലൂടെ
നാം ഒഴുകി യകലുന്നത്
ഏതു ദിക്കിലേക്ക് ?
,,,,,,,,,,,,,,,,,,,,,,,,,,,,,

നീ മണം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എന്‍റെ മേലാസകലം നിന്‍റെ മണം .
നിന്‍റെ നാവിന്റെയും വിയര്‍പ്പിന്റെയും മധുരം .

നീ കൊടും കാറ്റായപ്പോള്‍
ഞാനൊരു ചുഴലിക്കാറ്റായി .

കാറ്റും കാറ്റും വേര്‍തിരിക്കുന്നത്
മുഖാമുഖം കാണാവുന്ന
നേര്‍ത്ത നിലാവിതളിലൂടെയാണ് .

ഇപോള്‍ ഏതു രാജ്യത്താണ്
കാറ്റ് ഉണ്ടാകുന്നതെന്ന്
കൃത്രിമോപഗ്രഹങ്ങള്‍ അറിയിക്കുന്നു

നിന്‍റെ ഭൂഖണ്ടത്തില്‍
എങ്ങനെയാണ്
കാറ്റ് പിടിപ്പികേണ്ടതെന്നു
എനിക്കറിയാം .

നീ എങ്ങനെയാണ്
ഇത്രസൌരഭ്യം പുറപ്പെടുവിക്കുന്നത് ?

എന്‍റെ ഓരോ അണുവിലും
നിന്‍റെ മണം .
നീ അടുത്തില്ലെങ്കിലും
നിന്‍റെ മദം.
അതിനാല്‍ ഞാനിന്ന്‌
കുളിക്കുന്നതെയില്ല.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കവാടം
,,,,,,,,,,,,,,,,,,,,,,,,,
നിശബ്ദമായ കടല്‍ യാത്രകള്‍

തീവണ്ടിയുടെ
ഇരമ്പവും കുലുക്കവും പോല്‍
ശബ്ദായമാനം.

ഏറ്റവും ശാന്തമെന്നു തോന്നാവുന്ന തരത്തില്‍ .

നീല തടാകത്തിനുള്ളിലെ
ഹൃദയ ധമനികള്‍ പോലെ
നിന്‍റെ പാദംപതിഞ്ഞ
ഒറ്റയടി പാതകള്‍
അകലേക്ക്അകലേക്ക് ......

ഏറ്റവും വന്യമെന്നു തോന്നാവുന്ന തരത്തില്‍ .

നദീമുഖത്ത് നിന്നും
ആഴിയുടെ അഗാധതയിലേക്ക്‌
വളരെ മെല്ലെ
എന്നാല്‍ ഏറ്റവും വേഗത്തില്‍ .

കടലുകള്‍ ഹൃദയം തുറക്കാറില്ല .
നേരെ നാം
ആഴത്തിലേക്ക് ഇറങ്ങി ചെല്ലുക .

ആഴം
ഒരു പുഞ്ചിരി
നക്ഷത്രങ്ങളെ കൊണ്ട് വരുന്നതുപോലെ .
അധരം
ഹൃദയതിന്മേല്‍ അതിന്റെ
മുദ്ര പതിപ്പികും പോലെ .

കടല്‍ യാത്രകള്‍
നിന്നിലേക്ക്‌
ചിലപ്പോള്‍ എന്നിലെക്കുമുള്ള
തിരകളുടെ
മിനുക്കങ്ങള്‍ ആണ് .
,,,,,,,,,,,,,,,,,,,,,,,,