Followers

Sunday, January 2, 2011

കഥ-അന്നം

c ampuraj

പുഷ്കരൻ ചെമ്മാക്കര ദിനേശ്‌ കമ്പനിയിൽ ബീഡി തെറുക്കുന്ന ശാരദയെ താൻ പണിയെടുക്കുന്ന അത്തിക്കര ദിനേശ്‌ കമ്പനിയിൽ വച്ച്‌ സംഘടനാ നേതാവ്‌ ചാത്തുവേട്ടൻ സാക്ഷിയായി താലിചാർത്തുമ്പോൾ ആളുകൾ തമാശയായി പറഞ്ഞു "രണ്ട്‌ ദിനേശ്‌ ബീഡി ഒന്നിച്ച്‌ വലിക്കുന്നു...."
ബീഡിതെരപ്പിന്റെ താളത്തിൽ ജീവിതം മുന്നോട്ട്‌ പോകുമ്പോൾ അപ്രതീക്ഷിതമായി പലതും തകിടം മറഞ്ഞു രണ്ട്‌ പേരുടെയും ജീവിതത്തിൽ. ദിനേശ്‌ കമ്പനിയിൽ പണിക്കുറവ്‌ മൂലം ജോലിക്ക്‌ സ്ഥിരത കൈമോശം വന്നതോടെ ജീവിതം ചെമ്പ്‌ കണ്ടുകൂടാത്ത തെയ്യത്തെപോലെ അവർക്ക്‌ മുന്നിൽ ഉറഞ്ഞു. അപ്പോഴേക്കും രണ്ട്‌ കുട്ടികൾ അവരുടെ ജീവിതത്തിനൊപ്പം വന്നത്‌ കാര്യങ്ങൾ കൂടുതൽ ദുസ്സഹമാക്കി. മുന്നോട്ടുള്ള വഴിയെകുറിച്ച്‌ വെളിച്ചം കിട്ടാതെ നട്ടം തിരിഞ്ഞു പുഷ്കരൻ. ഒടുവിൽ തെരച്ചു വച്ച ബീഡികൾ തനിക്ക്‌ വേണ്ടി വലിച്ച്‌ ചീട്ടുകളിയിൽ രാവും പകളും വീണു പുഷ്കരൻ!!! ആട്യനും ക്ലാവരും തിരിച്ചും മറിച്ചും ഇടുമ്പോൾ പുറത്തേക്ക്‌ വിടുന്ന ബീഡി പുകയിൽ നിന്ന്‌ പുഷ്കരന്റെ ജീവിതം പുഷ്കരനെ നോക്കും.
നാലാം തരം പഠിക്കുമ്പോൾ അച്ഛൻ പാർട്ടിക്കാരൻ കുഞ്ഞപ്പന്റെ അടുത്ത്‌ ബീഡിക്ക്‌ നൂലുകെട്ടാൻ പറഞ്ഞു വിട്ടു. ഇതറിഞ്ഞ അപ്പുമാഷ്‌ അച്ഛനോട്‌ പറഞ്ഞു: "ഓനെ നല്ലോണം പഠിപ്പിക്കണം, നല്ല പഠിക്കുന്ന ചെക്കനാണ്‌" വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും അതിന്‌ അനുവദിച്ചില്ല! ദിനേശ്‌ ബീഡി കമ്പനിയിലെ സ്ഥിരം തൊഴിലാളിയായി. രാഷ്ട്രീയം, എഴുത്ത്‌, വായന ഇതെല്ലാം ശീലിച്ചതു അവിടെ നിന്നാണ്‌. എല്ലാ സമരത്തിന്റെ മുമ്പിലും പിമ്പിലും പുഷ്കരൻ ഉണ്ടായിരുന്നു. ദിനേശ്‌ കമ്പനിയിൽ ജോലി കുറഞ്ഞതോടെ ഒരു മനുഷ്യൻ എന്ന നിലയിലുള്ള സാധാരണ ജീവിതം പുഷ്കരന്‌ അപ്രാപ്യമായി. അങ്ങനെ കോട്ടപ്പുറത്ത്കാരൻ അന്ത്രുമാനോടൊപ്പം മംഗാലാപുരം പോയി സാധനം കൊണ്ടുവന്നു വിൽക്കുകയായിരുന്നു പുഷ്കരന്റെ തൊഴിൽ.
മംഗലാപുരം വണ്ടിയെത്തിയാൽ കയ്യിലെ ചാക്കുമായി ബന്ധറിലേക്ക്‌ പാച്ചലായി സീസൺകാർ. കച്ചവടക്കാർക്ക്‌ വേണ്ടുന്ന സാധനത്തിന്റെ ഓർഡറെടുത്ത്‌ രാത്രി വണ്ടിയിൽ സാധനങ്ങളുമായി തിരിക്കും. ഈ കൂട്ടിൽ നിന്നാണ്‌ പുഷ്കരന്റെ ചീട്ടുകളി പഠിക്കുന്നത്‌. പിന്നെ അത്‌ ശീലമായി. കുടുംബം മറന്നുള്ള കളിയായി.
അങ്ങനെയുള്ള ഒരു സന്ധ്യയ്ക്ക്‌ മംഗലാപുരത്ത്‌ നിന്നും തിരിച്ചെത്താത്ത പുഷ്കരനെ കാത്ത്‌ ആധി പുണ്ട്‌ ശാരദ നിൽക്കുമ്പോൾ മൊബെയിൽ ലൈറ്റും തെളിച്ച്‌ കുറിക്കാരൻ ഗണേശൻ വീട്ടിലേക്ക്‌ വന്നു. വന്നപാടെ ഗണേശൻ പുഷ്കരനെ അന്വേഷിച്ചു.
'ഓറ്‌ വന്നില്ല'. ശാരദ പറഞ്ഞു.
മണ്ണെണ്ണ വിളക്കിന്റെ കീഴിൽപഠിക്കുകയായിരുന്ന കുട്ടികൾക്ക്‌ കടലമിഠായിയുടെ കെട്ട്‌ കൊടുത്ത്‌ ഗണേശൻ ചായ്പിലിരുന്നു. ശാരദയിൽ ഒന്നു പിടഞ്ഞു.
"നേരം നന്നേ ഇരുട്ടിയില്ലേ നീ പോകുന്നില്ലേ?"
പുഷ്കരൻ വരട്ടെ, കുറിയുടെ പൈസ കുറെ തരാനുണ്ട്‌.
നീ ഇപ്പോൾ പോ, പുലർന്നിട്ട്‌ വാ...
അതിന്‌ സമയം കിട്ടണ്ടേ ശാരദേ, നിന്നെയും ഒന്നു കാണാമെന്നു കരുതി. നീ വിചാരിച്ചാൽ ഞാൻ പണം വേണ്ടെന്ന്‌ വെയ്ക്കാം...
ഗണേശൻ എഴുന്നേറ്റ്‌ അവൾക്കടുത്ത്‌ വന്നു.
ഗണേശാ നീ പോകുന്നുണ്ടോ? ഞാൻ ആളെ കൂട്ടും...
കാര്യങ്ങൾ പന്തിയല്ലെന്ന്‌ കണ്ട്‌ ഗണേശൻ ഇരുട്ടിലേക്ക്‌ നടന്നു.
ഒന്ന്‌ കരഞ്ഞുപോയി ശാരദ.
പിറ്റേദിവസം മക്കളെ സ്കൂളിലേക്ക്‌ അയച്ച്‌ ശാരദ കഞ്ഞിപ്പാത്രത്തിൽ ചോറും കറിയും ഒരുക്കി ഉടുത്തൊരുങ്ങി ചോറ്റുപാത്രവുമായി ചോയ്യംങ്കോട്‌ ബസ്റ്റോപ്പിലേക്ക്‌ നടന്നു. നാലുരൂപയുടെ ടിക്കറ്റെടുത്ത്‌ കുറുഞ്ചേരി റേഷൻകടയുടെ അടുത്ത്‌ ഇറങ്ങി.
"നീ ഏടയാ ശാരദേ പോകുന്നത്‌?" വഴിയിൽ കണ്ട വൃദ്ധൻ അവളോട്‌ ചോദിച്ചു.
"ചീട്ട്‌ കളി സ്ഥലത്തേക്ക്‌"
അവൾ നിസ്സംഗയായി.
കാവിന്റെ മൂലയിൽ മരത്തിന്‌ കീഴിലാണ്‌ കളിക്കുന്നത്‌.
വൃദ്ധൻ വിരൽ ചൂണ്ടി ചിരിച്ചു.
മരത്തിന്‌ ചുറ്റും രണ്ട്‌ മൂന്ന്‌ വൃത്തത്തിൽ കുറേ പേർ ചീട്ട്‌ കളിക്കുന്നുണ്ടായിരുന്നു. അതിലൊരു വൃത്തത്തിൽ പുഷ്കരനെ ദൂരെ നിന്നെ അവൾ കണ്ടു.
ശാരദ ഉച്ചത്തിൽ വിളിച്ചു.
സ്ത്രീ ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും നോക്കി.
പുഷ്കരൻ അവൾക്കടുത്തേക്ക്‌ വന്നു. അവൾ അയാളെ നോക്കി.
പുഷ്കരന്റെ ചുണ്ടിലെ എരിയുന്ന ബീഡി താഴെ വീണു.
അവൾ ചോറ്റുപാത്രം അയാൾക്കു നേരെ നീട്ടി.
"പുഷ്കരേട്ടൻ രണ്ട്‌ ദിവസമായി വീട്ടിലെത്തിയില്ലല്ലോ? ഒന്നും കഴിക്കാതെ എന്തിനാ ഇങ്ങനെ പയിച്ചിറ്റ്‌ കളിക്കുന്നത്‌ എന്നു കരുതി ഞാൻ ചോറുമായി വന്നതാണ്‌."
എരിയുന്ന ദിനേശ്‌ ബീഡി ഉണക്കപ്പുല്ലിൽ കത്തിപടർന്നത്‌ അപ്പോഴായിരുന്നു.