Followers

Sunday, January 2, 2011

എഡിറ്റോറിയൽ-മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി


mathew nellickunnu

മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവച്ച കഥ പാടിയത്‌ വയലാർ രാമവർമ്മ. അദ്ദേഹം ആ കവിത രചിച്ചതു 30 വർഷം മുമ്പാണ്‌. അതിനുശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്‌.
മുഖ്യമായും നാലഞ്ചു മതവിഭാഗങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ ഇന്ന്‌ എത്ര മതങ്ങളും ഉപജാതികളും ഉണ്ട്‌. വെറുതെ ഒരു കൗതുകത്തിന്‌ എണ്ണമെടുക്കാം എന്നുവച്ചാൽ പോലും എണ്ണിത്തീരുമോ എന്ന്‌ സംശയമുണ്ട്‌.
അതുപോകട്ടെ, മതങ്ങളും വിശ്വാസങ്ങളും ഇത്ര കണ്ടു വർദ്ധിച്ചിട്ടും ഈ മനുഷ്യരെന്തേ നന്നായില്ല? ഒന്നിനൊന്ന്‌ കൂടിവരികയാണ്‌ പരസ്പരമുള്ള പാരപണിയലും കുതികാൽവെട്ടും. അങ്ങനെവരുമ്പോൾ മതങ്ങളിങ്ങനെ പെരുകുന്നതിന്‌ എന്തു പ്രസക്തി? ഈ മതങ്ങൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തുതരത്തിലുള്ള ആശയങ്ങളാവും?
മറ്റെന്തോ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ്‌ പുത്തൻ മതങ്ങൾ രൂപീകരിക്കപ്പെടുന്നത്‌ എന്നു സംശയിക്കണം? ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ഒരു ഉന്നതവ്യക്തി എന്തെങ്കിലും അഭിപ്രായഭിന്നത ഉടലെടുക്കുമ്പോൾ സ്വയം അടർന്നു മാറുന്നു. സമാനചിന്താഗതിയുള്ള കുറച്ചുപേരെയും അടർത്തി സ്വന്തമാക്കി മറ്റൊരു സമാന്തര മതവിഭാഗമായി പ്രവർത്തനം തുടങ്ങുന്നു; തലമുറകളായി കെടാതെ സൂക്ഷിച്ചുപോന്ന വിശ്വാസ പാരമ്പര്യങ്ങൾ തച്ചുടച്ചുകൊണ്ട്‌!
ഉദ്ദേശ്യവും ആദർശങ്ങളും ശുദ്ധമാണെങ്കിൽ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന അത്രയെങ്കിലും ആളുകൾ സാത്വികന്മാരാകുമായിരുന്നു.

ലക്ഷ്യം ഇത്രമാത്രം, തെറ്റിപ്പിരിഞ്ഞു പോന്ന തനിക്കും ആളായി സമൂഹത്തിൽ വിലസണം. തല്ലിപ്പിരിഞ്ഞുപോയി രൂപപ്പെടുന്ന വിഭാഗങ്ങളും മാതൃവിഭാഗവും തമ്മിൽ പിന്നെ ഉൾപ്പോരുതുടങ്ങുകയായി. ആരാദ്യം, ആരു മുമ്പിൽ എന്നൊക്കെ കിടമത്സരമാണ്‌. അതിനിടയിൽ ആത്മചൈതന്യത്തെ നേടാൻ ആർക്ക്‌, എവിടെ നേരം?!

അസ്വസ്ഥരായ ഇത്രയേറെ ജനം ഇവിടെ തിങ്ങിപ്പാർക്കുമ്പോൾ അനുയായികളെ കിട്ടാൻ എളുപ്പമാണ്‌. എന്തെങ്കിലും പൊടിവിദ്യകൾ കാട്ടാനും കഴിഞ്ഞാൽ ഒരാൾദൈവം കൂടി സൃഷ്ടിക്കപ്പെടുകയായി. അതിന്റെ പേരിൽ വൻപിരിവു നടത്താം. മതത്തിന്റെ കാര്യമെന്നു കേട്ടാൽ ആയിരങ്ങൾ വാരിയെറിയാൻ ആവേശത്തോടെ ചാടിയിറങ്ങുന്നവർ അനവധി. അവരുടെയും മറ്റു സാധാരണക്കാരുടെയും പണം പിരിച്ചെടുത്ത്‌ സ്വന്തമാക്കാനും ധൂർത്തടിക്കാനും എന്തു സൗകര്യം.
യൗവനത്തിൽ തന്നെ ആൾദൈവങ്ങളായ എത്രയോ കപടമുഖങ്ങളാണ്‌ ഈ അടുത്തനാളിൽ തന്നെ പുറത്തറിഞ്ഞത്‌. പേരും പണവും പ്രശസ്തിയും ഒത്തു കഴിഞ്ഞാൽ പിന്നെ ചെയ്യുന്നതിനൊന്നും കടിഞ്ഞാണില്ല. ഭക്തിയുടെ മറവിൽ കാമവും കഞ്ചാവും വിൽക്കാം.
അമർഷം പുകയുന്ന മനുഷ്യരാശി അസ്വസ്ഥതകളെ അകറ്റാൻ ഒരത്താണി തേടി അലയുകയാണ്‌. ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യനെ ആകർഷിച്ചുനിർത്താൻ പദവിക്കും അംഗീകാരത്തിനും കഴിയും.

മതങ്ങൾ പെരുകിയാലും മനുഷ്യനെ നന്നാക്കാൻ അനുവദിച്ചാൽ മതിയായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പ്രഖ്യാപിച്ച ആചാര്യന്മാരും നടന്നുപോയ വഴികളെ പിന്തുടരുന്ന കേരളീയന്റെ ഇപ്പോഴത്തെ മനോഭാവം എന്തായിരിക്കുമോ എന്തോ?
ezhuth online popular link