Followers

Sunday, January 2, 2011

പൂർണ്ണിമ-ശ്രീരമൺലാൽ

പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - രണ്ട്‌.
അവിനാശന്റെ പിതാവ്‌ സ്ഥലത്തെ പ്രധാനിയായ ഇംപോർട്ട്‌ എക്സ്പോർട്ട്‌ ഏജന്റാണ്‌. പേര്‌ സുമന്തരായർ. 50 കഴിഞ്ഞ പ്രായം. മകന്റെ പഠിപ്പ്‌ കഴിഞ്ഞ്‌ വന്നാൽ ജോലി മകനെ ഏൽപിച്ചിട്ട്‌ സ്വസ്ഥമായി ജീവിതം നയിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാൽ മകൻ ഈ ബിസ്സിനസ്സ്‌ ഇഷ്ടപ്പെട്ടില്ല. അയാൾ ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. കച്ചവടക്കാർ അവരുടെ ഇഷ്ടംപോലെ ചരക്കുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തോട്ടെ. നമ്മൾ എന്തിന്‌ അവരുടെ ഇടയിൽ കയറി ചരട്‌ വലിക്കണം. ഇതാണ്‌ അവിനാശന്റെ നില. "നീ ഒരു ദിവസം ഓഫീസിൽ വന്നിരിക്കും. അപ്പോൾ നിനക്കെല്ലാം മനസ്സിലാകും."
എനിക്കതിൽ താൽപര്യമില്ല; അവിനാശൻ.
എങ്കിൽ നീ വക്കീൽ പത്മനാഭന്റെ കൂടെ പ്രാക്ടീസ്‌ ചെയ്യൂ. ബാരിസ്റ്റർക്ക്‌ ധാരാളം കേസ്‌ കിട്ടും.
രായക്കും വക്കീൽ പത്മനാഭനും സുഹൃത്തുക്കളാണ്‌. രണ്ട്‌ പേർക്കും അന്യോന്യം സഹകരണം ആവശ്യപ്പെട്ട്‌ രണ്ടുകൂട്ടരും കക്ഷികളെ വലവീശിപ്പിടിക്കും. ധനപരമായ കേസുകൾ പത്മാനാഭനെയാണ്‌ രായർ ഏൽപിക്കുന്നത്‌.
ഒരിക്കൽ രായർ അപകടകരമായ ഒരു കേസിൽ പെട്ടു. എല്ലാ വക്കീൽമാരും കൈയൊഴിഞ്ഞു. എന്നാൽ വക്കീൽ പത്മനാഭൻ ആ കേസ്‌ ഏറ്റെടുത്ത്‌ രായർ ജയിലിൽ പോകത്തകത്തവിധത്തിലുള്ള കേസായിരുന്നു, പത്മനാഭൻ സമർത്ഥമായി കേസ്‌ കൈകാര്യം ചെയ്തു. രായർക്ക്‌ അനുകൂലമായ വിധിയുണ്ടായി. അതോടെ പത്മനാഭന്റെ പ്രശസ്തി വർദ്ധിച്ചു. പല കേസുകളും വിധിപറയുംമുമ്പ്‌ പത്മനാഭനോട്‌ ആലോചിക്കുക പതിവായി ന്യായാധിപൻ. ആ പ്രദേശത്തും അന്യസ്ഥലങ്ങളിലും പത്മനാഭൻ ബഹുസാവതനായിത്തീർന്നു.
സ്ത്രീ വിദ്യാഭ്യാസം സ്ത്രീ ജനോദ്ധാരണം, കന്യാപാഠശാല, പ്രസൂതികാലയം, വിധവാസംരക്ഷണമന്ദിരം മുതലായ പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമംകൊണ്ട്‌ ഉയർന്നു വന്നു. സംസ്ഥാനം മുഴുവൻ അദ്ദേഹത്തെ പുകഴ്ത്തി തുടങ്ങി.
അവിനാശൻ പത്മനാഭന്റെ ആഫീസിൽ പോയിത്തുടങ്ങി. എന്നാൽ അൽപദിവസംകൊണ്ട്‌ തന്നെ അയാൾക്ക്‌ മനസ്സിലായി ഈ ജോലി തനിക്ക്‌ പറ്റിയതല്ലെന്ന്‌.
കക്ഷികളെ വെരട്ടുക, ഉള്ളത്‌ ഇല്ലാതാക്കിയും ഇല്ലാത്തത്‌ ഉള്ളതാക്കിയും സ്ഥാപിക്കുക, അതിനുള്ള നിയമവശം പ്രയോഗിച്ച്‌ കക്ഷികളിൽ നിന്നും ധാരാളം പണം വസൂലാക്കുക ഇവ നിന്ദ്യമായിട്ടാണ്‌ അയാൾ കരുത്തിയത്‌, താൻ പഠിച്ചതും ഇവിടെ പ്രയോഗിക്കുന്നരീതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ല.
ഒരിക്കൽ പത്മനാഭൻ അവിനാശനോ ഇങ്ങനെ പറഞ്ഞു. "നോക്കൂ അവിനാശ! നിങ്ങൾ എന്റെ കക്ഷികളോടിങ്ങനെ പെരുമാറാൻ തുടങ്ങിയാൽ എനിക്ക്‌ കക്ഷികൾ നഷ്ടപ്പെടും. പുതിയ കക്ഷികളെ കിട്ടാതാകും. ആഫീസ്‌ പൂട്ടേണ്ടിവരും. ഈ തൊഴിലിൽ നിങ്ങൾക്ക്‌ തീരെ ശുഷ്കാന്തി ഇല്ല. നിങ്ങൾ എന്തിന്‌ നിയമപരീക്ഷയ്ക്ക്‌ പോയി പാസ്സായി. നിങ്ങളുടെ കൈയ്യക്ഷരം നല്ല ഭംഗിയുള്ളതാണ്‌ ആധാരമെഴുത്തോ അദ്ധ്യാപകവൃത്തിയോ ആണ്‌ നിങ്ങൾക്ക്‌ യോജിച്ചതു.
ഒരു പ്രോഫസ്സർ ആകാനായിരുന്നു എന്റെ ആഗ്രഹം. അച്ഛനാണെന്നെ ഈവഴിയ്ക്ക്‌ തിരിച്ചു വിട്ടത്‌.
വക്കീൽ, ഓഫീസർ, അല്ലെങ്കിൽ മില്ലുടമസ്ഥൻ ഇങ്ങനെയുള്ള ജോലിക്ക്‌ അയോഗ്യരായവരാണ്‌ അക്കാലത്ത്‌ അദ്ധ്യാപകവൃത്തിക്ക്‌ പോയിരുന്നത്‌. അദ്ധ്യാപകർക്കു ലഭിച്ചിരുന്നു. തുച്ഛമായ ശമ്പളമാണ്‌ അവരെ അഗണ്യകോടിയിൽ തള്ളിവിട്ടത്‌. പ്രോഫസറെ ജനങ്ങൾ കൂടുതൽ ബഹുമാനിക്കുന്നുണ്ട്‌. എന്നാലും പൊതുവേ അദ്ധ്യാപകരോട്‌ മതിപ്പു കുറവാണ്‌. അയാളാരാണ്‌. ഒരു അദ്ധ്യാപകൻ! എന്നാൽ ജനങ്ങൾ ഒന്നു മനസ്സിലാക്കാത്തത്‌ കഷ്ടമാണ്‌. എല്ലാ ഉയർന്ന നിലയിലുള്ളവരും ആ നിലയിൽ എത്തുന്നതു ഈ അദ്ധ്യാപകർ എത്ര കൽപടയിൽ കാൽ കുത്തിയിട്ടാണെന്ന സത്യം മറക്കാൻ കഴിയുമോ?
"വാസ്തവത്തിൽ നിങ്ങൾക്ക്‌ ഒരു ജോലിയുടെയും ആവശ്യമില്ല. ജീവിക്കാൻ ആവശ്യമായതിൽ എത്രയോ മടങ്ങ്‌ ധനം രായർ സമ്പാദിച്ചിട്ടുണ്ട്‌. ഏന്നാലും ഒരു ജോലിയും ചെയ്യാതെ ഇരുന്നു സുഖിക്കുന്നതും അലസനായി നടക്കുന്നതും മനസ്സിനു സുഖം പ്രദാനം ചെയ്യുന്നതല്ലല്ലോ. എനിക്ക്‌ പരിചയമുള്ള ഒരു കോളേജിൽ ഒരൊഴിവുണ്ട്‌, ഇന്നു തന്നെ ഞാനതു തിരക്കും.
വളരെ നല്ലത്‌, ഞാനൊരുക്കമാണ്‌.
അന്ന്‌ സായം കാലത്ത്‌ വക്കീൽ രായരെക്കണ്ട്‌ വിവരം പറഞ്ഞു. രായർ ഇത്‌ കേട്ട്‌ നിരാശനായി. ഇത്രയും പഠിപ്പുള്ള മകൻ തിരഞ്ഞെടുത്തതു നിസ്സാരജോലിയാണല്ലോ.
പ്രോഫസറുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വക്കീൽ വാചാലമായി പറഞ്ഞു രായരെ കേൾപ്പിച്ചു. രായർ പറഞ്ഞു എന്നാലും മാസ്റ്റർ തന്നല്ലോ, ഒരാൾ ചെറിയ മാസ്റ്റർ, മറ്റേത്‌ വലിയ മാസ്റ്റർ എന്നാലും മാസ്റ്റർ തന്നെയല്ലേ, അവന്റെ ഇഷ്ടം പോലെയല്ലേ കാര്യം നടക്കൂ! തിരിയിൽ നിന്നും പന്തം കൊളുത്താറുണ്ട്‌ എന്റെ മകൻ പന്തത്തിൽ നിന്നും തിരി കൊളുത്തണു. എന്തു ചെയ്യാം ഓരോരുത്തരുടെ തലേലെഴുത്ത്‌" രായർ നെടുവീർപ്പിട്ടു.
നൃത്തം കണ്ട്‌ മടങ്ങിയതിന്റെ പിറ്റേദിവസം അവിനാശനെ വക്കീൽ വീട്ടിൽ വിളിപ്പിച്ചു. വിവരം രജനീകാന്തനെ അറിയിച്ചു. അയാൾ പറഞ്ഞു. "എഴുത്തിൽ വിവരം ഒന്നുമില്ല."
'കേസെന്തെങ്കിലും മുണ്ടാകും" രജനി.
'ഇല്ല അത്‌ ഞാൻ നിർത്തിക്കളഞ്ഞു. വേറെ എന്തെങ്കിലും കാര്യത്തിനാകാം.'
'കഴിഞ്ഞ ദിവസം രാത്രി താൻ ആരുടെ കൂടെയാണ്‌ സവാരിചെയ്തതെന്നു ശിഷ്യനെ അറിയിക്കാനായിരിക്കും.'
'നിങ്ങളത്‌ മറന്നില്ല അല്ലേ. എന്റെ ദൃഢമായ വിലാസം അത്‌ വക്കീൽ പത്മനാഭനല്ലെന്നാണ്‌. വേറെ ആരെങ്കിലുമാകാം. ഇരുട്ടിൽ തോന്നിയതാകാം."
'ലോകം ഒരു തുറന്ന പുസ്തകമാണ്‌ ചങ്ങാതി. പഠിപ്പിക്കാൻ ഒരാളുമില്ല. തനിയെ കണ്ടും അനുഭവിച്ചും പഠിക്കണം. നിങ്ങളൊരു വിചിത്രജീവിതന്നെ സംശയമില്ല. ക്ലിയറിങ്ങ്‌ ജോലി നല്ലതല്ല. വക്കീൽ പണിയും തഥൈവ. നിങ്ങളെന്തിന്‌ ബിലാത്തിയിൽ പോയി. കുറെപണം ചെലവാക്കാൻ മാത്രം. ശ്വാതവീരൻ സാമാനം വാങ്ങാൻ അങ്ങാടിയിൽ പോയപോലെ. അല്ലെങ്കിൽ പാർസൽ ഇംഗ്ലണ്ടിൽപോയി തിരിച്ചുവന്നതുപോലെ കഷ്ടം തന്നെ!
"മതി മതി, സമ്മതിച്ചു. നിങ്ങൾ ലോകം കണ്ടവൻ-ബുദ്ധിശാലി -സമർത്ഥൻ. പോരെ. സമ്മതിച്ചു ഇതൊന്നു നിർത്തൂ.
"അയ്യോ ഞാനാര്‌, ഒരു കൃമി. പക്ഷേ ഞാൻ ധാരാളം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്‌. അവരോടെനിക്ക്‌ ബഹുമാനമുണ്ട്‌.
"ഓ, ഒരുകാര്യം ഞാൻ മറന്നു. നിങ്ങൾ വിവാഹിതനാണ്‌ അതിന്റെ മേന്മകൊണ്ടാകാം നിങ്ങൾ നിങ്ങൾ ലോകംകണ്ടവനെന്നഭിമാനിക്കുന്നത്‌.
"അതെ, അങ്ങനെതന്നെ ധരിച്ചോളു. എന്നാൽ നിങ്ങളെ വിവാഹം ചെയ്യാനിഷ്ടപ്പെടുന്ന യുവതി എവിടെ കിടക്കുന്നു."
എട്ടും പൊട്ടും തിരിയാത്ത പെണ്ണുങ്ങളെ ഞാൻ വിവാഹം ചെയ്യുമെന്നു കരുതുന്നുണ്ടോ.
"ശരി, രമ എട്ടും പൊട്ടും തിരിയാത്തവളാണ്‌ വിദ്യാഭ്യാസവുമില്ല. എന്നാലും അവിനാശൻ അവളിൽ എന്തെല്ലാം കുറ്റവും കുറവും കണ്ടാലും ഞാനതു കണക്കാക്കുന്നില്ല.
"ഈശ്വരാ, ഞാൻ രമചേച്ചിയെ ഉദ്ദേശിച്ചല്ല ഇത്‌ പറഞ്ഞത്‌ ക്ഷമിക്കണം". അവിനാശൻ സംഭ്രമംകൊണ്ട്‌ തൊഴുകൈയോടെ പറഞ്ഞു.
രജനി അവിനാശന്റെ കൈ കവർണ്ണ്‌ കൊണ്ട്‌ പറഞ്ഞു 'ഛെ, ഇതെന്ത്‌ വേഷം കെട്ടൽ, മാപ്പു ചോദിക്കാൻ മാത്രം എന്തുണ്ടായി. എന്ത്‌ പറഞ്ഞാലും സോറി, താങ്ക്‌ യൂ ഈ വകയൊന്നും നമ്മുടെ ഇടയിലുള്ള ആചാര്യമര്യാദകളല്ല. ആത്മാർത്ഥതയില്ലാത്ത ബാഹ്യമാത്രമായ ഈ ആചാരം, ഞാനിഷ്ടപ്പെടുന്നില്ല. വേഗം പോകാനൊരുങ്ങു ആവണ്ടിക്കാരനോടും മാപ്പു പറയേണ്ടിവരും.
രണ്ടു പേരും കുതിരവണ്ടിയിൽ കയറി. രജനിയെന്നയാളുടെ വീട്ടിലാക്കിയ ശേഷം അവിനാശൻ വക്കീലിന്റെ ആഫീസിലേക്ക്‌ തിരിച്ചു. മടക്കത്തിന്‌ തന്റെ വീട്ടിൽ കയറണമെന്നും രമ അവിനാശന്റെ വിശേഷങ്ങൾ ചോദിക്കാറുണ്ടെന്നും രജനി പറഞ്ഞു.
" ആദ്യം നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ വീട്ടിൽ വരൂ"
ഞങ്ങൾ പാവങ്ങൾ. ധനികരുടെ വീട്ടിൽ പോകാൻ ഞങ്ങളുടെ സ്ത്രീകൾക്കു ഭയമാണ്‌.
"മതിയാക്കൂ, മറ്റന്നാൾ ഞാൻ വണ്ടിക്കാരനെ അയക്കും. വണ്ടിക്കാരൻ തനിയെ മടങ്ങി വന്നാൽ പിന്നെ ഞാൻ നിങ്ങളുടെ മുഖത്ത്‌ നോക്കൂല്ല. രജനി ചിരിച്ചു. അയാൾ മനസ്സിൽ പറഞ്ഞു 'സാധു യുവാവ്‌'.
[തുടരും]