Followers

Sunday, January 2, 2011

സ്പെഷ്യല്‍സ്കൂള്‍ സിലബസ്


dhanyadas

റോഡ്‌ ഏറെക്കുറെ ശാന്തമാണ്.

ആകാശത്തേക്ക് പണിക്കുപോവുന്ന കിളികള്‍
കൂട് വിട്ടുണരുന്നതേയുള്ളൂ .
ഓരോ മരത്തിന്റെയും കവരക്കമ്പുകളില്‍
രാത്രി മറന്നുവെച്ചുപോയ
നിലാവിന്റെ ബാക്കിയുണ്ട്.

അകത്തേക്ക് വളഞ്ഞ ചോദ്യങ്ങളുമായി
ഒരു നാലു വയസ്സുകാരി
വിരലുകളില്‍
അവളുടേതായ സംഗീതമൊഴുക്കുന്നുണ്ട്.
നീലഫ്രോക്കിട്ട ഒരു ഗ്രഹത്തില്‍ നിന്നും
ഇറങ്ങിവന്നതെന്ന് തോന്നുമവളെക്കണ്ടാല്‍ .

വര്‍ഷങ്ങള്‍ക്കൊപ്പം നടക്കാന്‍ മടിച്ച
അവളുടെ കുഞ്ഞുശരീരത്തെ
ഒരു മഞ്ഞുകാലത്തിനും കൊടുക്കാതെ
വയലിന്‍പാട്ടിന്റെ വെയിലത്തൂടെ
പിടിച്ചുനടത്തുന്നുണ്ടമ്മ.

ഒരുമ്മ കൊണ്ട് കഴുകിക്കളയണം
അവളുടെ ചെറുവിരലിന്റെയറ്റത്ത്
ആരും കാണാതൊളിപ്പിച്ച
മരുന്നുകറ മുഴുക്കെ.

റോഡ്‌ തിങ്ങിനിറയുന്നു .

പറന്നുപോയ കിളികളില്‍ കുറെയെണ്ണം
പണിയില്ലാതെ തിരികെപ്പോരുന്നു.
മരക്കൊമ്പുകളില്‍ ,
പൊട്ടിച്ചിരികള്‍ പിരിച്ചെടുത്ത കയറുകള്‍
പകലുകളെ വീശിപ്പിടിക്കുന്നു.

ചുണ്ടത്ത് പറ്റിപ്പിടിച്ച
പഞ്ചസാരത്തരികള്‍ തൂത്തുകളഞ്ഞ് ,
പേന കവിയും കൌതുകത്താല്‍
വണ്ടിയിലേക്ക് കയറുംമുന്നേ
അവളെറിഞ്ഞിട്ടുപോയ ഒരു നോട്ടമുണ്ടല്ലോ
അതുമതി,
ഇനിയെഴുതും കവിതകളില്‍ നിന്ന്
പെരുമഴ പെയ്യാന്‍.
--