Followers

Sunday, January 2, 2011

കവിയും കവിതയും




sreedevi nair

കാവ്യമോഹനമായൊരു കവിതജനിയ്ക്കുന്നു.
വരദാനമായന്നുകവിയുംപിറക്കുന്നു!
കഥയറിയാതെ ഗദ്യം ജനിയ്ക്കുമ്പോള്‍,
കവികള്‍ മരിക്കുന്നൂ, കദനം നിരത്തുന്നൂ.


കണ്ടതും കേട്ടതും കവിതയായ്ത്തീരുമ്പോള്‍,
കവികള്‍ പെരുകുന്നൂ,കവിതകരയുന്നൂ.
കാണാത്ത അര്‍ത്ഥങ്ങള്‍ തെരയുന്നൂ കവിത,
കാലത്തെക്കാണാതെ അലയുന്നുകവിയും!


കാലഹരണമായ് ത്തീരുന്ന മോഹങ്ങള്‍
കവിതയായ് ത്തീരുന്നു ഇരുളിന്റെ മറവില്‍!
എന്തുമെഴുതുവാന്‍ ഇഷ്ടമായ് തീര്‍ക്കുവാന്‍,
പദവിതന്‍ അര്‍ത്ഥമായ്,തീരുന്നു കവിത.

അധികാരപ്പെരുമകള്‍ കാട്ടുന്നു കവിത,
സല്‍ക്കാരപ്രിയരാകുന്നു കവികള്‍.
നന്നെന്നു പറയുന്നു വാലാട്ടി നടക്കുന്നൂ,
പിന്നൊന്നു മറിയാതെ അകമേ ചിരിക്കുന്നു.


കൈനീട്ടി നില്‍ക്കുന്നൂ,കൈപ്പണം വാങ്ങുന്നൂ,
കാണാതെ നടക്കുന്നൂ,നവവീഥി തേടുന്നു.
മരണമായ് നിറയുന്നൂ ,മനമില്ലാക്കവിതകള്‍,
കാലമേ,കവിതയെ തിരിച്ചൊന്നു നല്‍കുമോ?