Followers

Sunday, January 2, 2011

സന്തോഷ് പാലായുടെ കവിതകൾ


ആക്രോശം


ശക്തിയായടിച്ച ഒരു കാറ്റില്‍
എന്റെ വാക്ക്
നാലു പേരെ മലിനപ്പെടുത്തുന്നു

വറ്റിവരണ്ടൊരു
കരയുടെ വക്കില്‍ നിന്നൊരു
മഹാനദി പിറവിയെടുക്കുന്നു

വീട്ടില്‍ പോടാ വീട്ടില്‍ പോടാ
എന്നാക്രോശിക്കുന്നു
മുറ്റത്തു നിന്ന് അമ്മ


ഉച്ചവെയില്‍

ചുട്ടരച്ച ചമ്മന്തിയാണെപ്പം
നോക്കിയാലുമെന്‍
കൊച്ചു ചോറ്റുപാത്രത്തെ
മണക്കുന്നതെന്നെത്തി നോക്കി
പറയുന്നു പകലുകള്‍
തൊട്ടുതൊട്ടൊപ്പമിരുന്നു-
പ്പിലിട്ടത് കട്ടുനക്കുമ്പോള്‍
വട്ടമിട്ടു പറക്കുന്ന
കൊച്ചുവര്‍ത്തമാനത്തി-
ലെത്ര ലോകമിരമ്പിയാര്‍ക്കുന്നു!

സത്യമെന്റെ പത്ത് ബിയില്‍
കുട്ടിമോനിട്ടറിനെ
ഉപ്പ് നൂലില്‍കെട്ടി
നക്കിയുണര്‍ത്തുമ്പോള്‍
തൊട്ടുനില്‍ക്കുന്നു ടീച്ചര്‍
ഉത്തരക്കടലാസെന്നെ
ഉത്തരം മുട്ടിച്ചകത്തുന്നു
ഉച്ചവെയിലന്നും ഉദാസീനനായി
ഉത്തരം തേടിയകലുന്നു.


വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു മരം വച്ചു പിടിപ്പിച്ചിരുന്നു

അത് ആകാശം മുട്ടെ വളരുമെന്നും
അതിന്റെ തണല്‍ ജീവിതം തണുപ്പിക്കുമെന്നും
ഒരു നിഴലായി എപ്പോഴും കൂടെയുണ്ടാവുമെന്നും
അതിനടിയിലിരുന്നാല്‍ ബോധമുദിക്കുമെന്നും
ഉണരുമ്പോള്‍ ഒരു ഇതിഹാസം പിറക്കുമെന്നും
വിശ്വസിച്ചിരുന്നു
ഈ വിശ്വാസങ്ങളിലൊന്നും വിശ്വസിക്കാതിരുന്ന
ഒരു കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നു
അന്ന് നട്ടു വളര്‍ത്തിയതെന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോകാന്‍
തുടങ്ങിയപ്പോഴാണ് മനസ്സിലായത്