Followers

Showing posts with label santhosh pala. Show all posts
Showing posts with label santhosh pala. Show all posts

Tuesday, March 4, 2014

ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന



സന്തോഷ് പാലാ
mcsanthosh@yahoo.com

ടൈംസ്ക്വയറില്‍ ബോളു വീഴാന്‍
കാത്തിരുന്നവര്‍ക്കിട്ട്
ഒരു പണികൊടുക്കാനും
ഞങ്ങള്‍ ടെക്കികള്‍
വെറും കടലാസുപുലികളും
കൂലിയടിമകളുമല്ലെന്ന്
തെളിയിക്കാനുമായി
ഡല്‍ഹിലേക്ക് ചാനല്‍ മാറ്റി
ഒരു ഷോട്ടകത്താക്കി.

പുളകിതമാക്കും പുഞ്ചിരിയാല്‍
എന്നെ ആനയിച്ച്,
ആഘോഷിപ്പിച്ച്
കഴിഞ്ഞ വര്‍ഷം ചെയ്ത സഹായങ്ങളെ
ഒത്തിരി സ്നേഹത്തോടെ ഓര്‍ത്തെടുത്ത
ബന്ധുക്കളെയും കൂട്ടുകാരെയും
കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ,പൊട്ടിച്ചിരിച്ച് ,തൊട്ടുനക്കി
ബെന്‍സുകാറിന്റെ മുന്‍സീറ്റിലേക്കു ചായുമ്പോള്‍
അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നു ഞാനും
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാരെയും പറ്റിച്ചേയെന്നു മക്കളും
മന:സുഖം തീര്‍ത്ത് യാത്ര തുടരുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ബന്ധുക്കളും കൂട്ടുകാരും
വീണ്ടും വീണ്ടും പുഞ്ചിരിക്കുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ഞാനുമെന്റെ കാറും
വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍
അമേരിക്കന്‍ അഭിനയക്കളരിയിലെ
മഹാപ്രതിഭകളായ മലയാളിമനുഷ്യജീവിതങ്ങളെ,
അത്യുല്‍‌പ്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ
അകിടുതാങ്ങികളെ,പാല്‍‌വില്‍പ്പനക്കാരെ,
നിങ്ങളുടെ പ്രതിനിധിയായ
എന്നോടു പൊറുക്കേണമേ...
ദൈവമെ,വിശപ്പില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന
വിപ്ലവത്തിന്റെ വിത്ത്
ഞങ്ങളുടെ മണ്ണിലുണ്ടാകാതെ കാക്കേണമേ...

ഫ്ലോറല്‍ പാര്‍ക്കിലെ കുര്യാച്ചനങ്കിളും
പുതു വര്‍ഷവും
സ്നേഹത്തിന്റെ ചിഹ്നങ്ങളായ പുളിച്ച തെറികള്‍
പൂക്കളായഭിഷേകം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പെ
നിലത്തിരുന്ന ബക്കറ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ഒന്നും മിച്ചമില്ലെന്ന്
ഒളികണ്ണിട്ട് ഉറപ്പാക്കിയിരുന്നു.

ന്യൂഇയര്‍ റെസലൂഷന്‍ അവിടെയിരിക്കട്ടെ.
കുപ്പി മുത്തുന്ന ഫോട്ടോയ്ക്ക്
ഫെയിസ്‌ബുക്കിലൊരു
ലൈക്കടിക്കാന്‍ കരുണയുണ്ടാകേണമേ...

Friday, August 2, 2013

ചില സംസ്ക്കാരചിന്തകള്‍


സന്തോഷ് പാലാ

10 ക വിലയിട്ടാലും
20 ക വിലയിട്ടാലും
100 ക വിലയിട്ടാലും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഔസേഫിന്
സാധനമില്ലാതെ പറ്റില്ലെന്ന്
കാക്കക്ക് നന്നായി അറിയാം.
തുണ്ടുപടത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്,
തുണ്ടം തൂക്കുമീനിന്റെ കാര്യമാണ്

നേഴ്സിങ്ങിന് പഠിക്കുന്ന
മകളെയും കൊണ്ട്
കുമളി ബാലന്‍ പിള്ള സിറ്റിയില്‍ നിന്നു
കോട്ടയം സിറ്റിയില്‍ വന്നിങ്ങിയ
ഏലിക്കുട്ടിച്ചേടത്തി
ട്രെയിന്‍ കണ്ടു
വായും പൊളിച്ചു നില്‍ക്കുമ്പോളാണ്
രാജ് മേനോന്‍ പാസ്റ്റര്‍
സത്യ വേദപുസ്തകത്തില്‍ നിന്നും
പത്തു സത്യങ്ങള്‍
നാഗമ്പടം മൈതാനിയില്‍
പുതുക്കി പണിത്
രക്ഷകനായത്

സംക്രാന്തി വാണിഭത്തിന്
നല്ല ചരക്കുകളൊന്നുമില്ലാത്ത
വിഷമത്തില്‍
വിപണിനിലവാരം
ചര്‍ച്ചചെയ്യാനൊരുങ്ങുന്നു
മണിപ്പുഴ.

തട്ടിദോശയുടെ രുചി
തൊട്ടുനക്കുന്ന
കലക്ട്രേറ്റ് പടിക്കല്‍
എത്തിയപ്പോള്‍
കുമ്മനം
കുമാരിചേച്ചി
പതിവുപോലെ
അവിടെ
ചിരിച്ചു നില്‍പ്പുണ്ട്

മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും
തിരുനക്കരത്തേവരും
മണകാട് മാതാവും
മൈന്‍ഡ് ചെയ്യാതെ
കടന്നുപോയി

2
ഒരു തുത്തുകുലുക്കി തുമ്മിയ ഒച്ചകേട്ടാണ്
ഉണര്‍ന്നത്
മെത്രാന്‍ ദ്വീപിന്റെ അതിരളന്നിരുന്ന്
വേമ്പനാട്ട് കായലില്‍ നിന്നും
ഇത്തിരി വെള്ളം
ഇടം കയ്യുകൊണ്ട്
തെപ്പിയെടുക്കുന്ന
തിരക്കിലായിരുന്നു
പൊടുന്നനെ ഞാന്‍.

ഈ വെള്ളത്തിലെങ്ങാനും
വീണുപോയാലിനിയെന്താവും പുകില്‍?

ഇവിടെത്തന്നെ പൊങ്ങുമോ?
അതോ കുറെ
അകലെയെവിടെയെങ്കിലുമായിരിക്കുമോ
?

ഇന്നലെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍
കടത്തിണ്ണയിലെവിടെയോ കണ്ടിരിന്നുവെന്ന്
കാഞ്ഞിരപ്പള്ളിക്കാരന്‍
ഔസേഫ് മൊഴികൊടുക്കുമോ?
രാജ്‌മേനോന്‍ പാസ്റ്റര്‍ ദൈവസന്നിധിയില്‍
നിന്നൊരാളെ ജനസഹസ്രത്തിന്
കയ്യുയര്‍ത്തിക്കാട്ടീടുമോ?
ഏലിക്കുട്ടിച്ചേടത്തീടെ മകള്‍
വിജയവാഡയിലെത്തുമ്പോള്‍
ട്രെയിനിലിരുന്ന്
എന്റെ വിശേഷങ്ങള്‍ തിരക്കുമോ?
മണിപ്പുഴ ഷാപ്പിലെ
പാവങ്ങളെ
ചാനല്‍ക്കാമറകള്‍
തത്സമയം വിചാരണചെയ്യുമോ?
കുമ്മനം കുമാരിച്ചേച്ചിയുടെ
ഡയറിയിലെങ്ങാനും
എന്റെ നമ്പരോ
പേരോ ഉണ്ടാവുമോ?

കൊട്ടേം പരമ്പും
വാങ്ങാന്‍ പോയ
വിദ്യാസമ്പന്നനെ
സംസ്ക്കാരശൂന്യര്‍
ദാരുണമായി
അപായപ്പെടുത്തിയെന്ന്
വീട്ടുകാര്‍
പരാതിപ്പെടുമോ?


ഉറക്കത്തില്‍ ഉന്തിപുറത്തുചാടിച്ച
പത്രക്കെട്ട് വണ്ടിയില്‍
പുലരിയെ കുത്തിനോവിക്കാനെത്തുന്ന
താളിലെവിടെയെങ്കിലും
ഞാന്‍ ഇതിനകം
വലിയ വാര്‍ത്തയായിരിക്കുമോ?

3
ഒരു രാവുറങ്ങിപകലുദിക്കുമ്പോഴേക്കുമല്ലേ
എല്ലാം തകിടം മറിയുന്നത്?

മരിച്ചവന്റെ മനശാസ്ത്രം
മണത്തെടുക്കാന്‍ ശ്രമിച്ചല്ലേ
സാധാരണക്കാരായ
മനുഷ്യരെല്ലാം
ചിന്തകരാകുന്നത്!?

എന്തായാലും വഞ്ചിയിപ്പോഴും
തിരുനക്കരെത്തന്നെ
എഴുന്നള്ളിച്ചു
കൊണ്ടുപോകാനുള്ളവരെയും
കാത്ത് കാത്തിരുന്ന്
എന്റെ കണ്ണ് കഴയ്ക്കുന്നു...

വെടിവഴിപാട് നടത്തി
മഹാദേവനോട്
കാര്യം ബോധിപ്പിച്ച്
പെട്ടന്നാരോ
വേഗത്തില്‍
എന്റെ നേരെ
നടന്നടുക്കുന്നു.

Wednesday, December 5, 2012

മറുവിളി

സന്തോഷ് പാലാ


നേരം വെളുക്കുന്നു കൂട്ടുകാരാ
നിന്റെ നേരിന്‍ 
വെളിച്ചം
നിഴല്‍ തേടിയെത്തുന്നു
 
കാലം കലര്‍പ്പുമായി 
കൊഞ്ഞനം കുത്തുന്നു
കാണുന്നു ഞാന്‍ 
നിന്റെ ജീവതാളം

ആരാണ്  നിന്നുടെ 
അത്ഭുതക്കാഴ്ചകള്‍ക്കന്ത്യം
വരുത്തിയുന്മാദം
തീര്‍ത്തത്?

ആരാണ്  നിന്നുടെ
ജീവിതസന്ധിയെ
കാലപ്പഴക്കം 
കനപ്പിച്ചറുത്തത്?

വിസ്മയം വിഭ്രാന്തി 
തീര്‍ത്തതിനുത്തരം 
തേടുമ്പോള്‍
എത്ര നിസ്സാരമീ 
ജീവിതമോര്‍ത്തുപോയ്!


ഒരു മിഴിനീര്‍ക്കണ-
മുറങ്ങാതെയിന്നുമീ
മുറിത്തറയിലു-
ണര്‍ന്നിരിക്കുന്നു

ഇരുളിലെവിടെയോ
സ്വരമൊതുക്കിയൊരു 
നിശാശലഭമെന്റെ
നിഴലളന്നിരിക്കലാം

കരുതി നില്‍ക്കുന്നു
നിന്മുന്നില്‍ 
ഞാനെന്റെ കരുതലായി 
കണ്ണിലെ 
കാഴ്‌ചകള്‍ കൂടെയും

നില്‍ക്കനില്‍ക്കയെന്‍ 
സ്നേഹിതാ
നമ്മുടെ ചൊല്‍പ്പടിക്കു
നടക്കുമോ 
സൂര്യനും ചന്ദ്രനും?

അസ്തമിച്ചുവെന്നാരു
ചൊല്ലീടുന്നു
കത്തി നിന്നോരാ 
വിപ്ലവനാളുകള്‍

വര്‍ത്തമാനം 
പറഞ്ഞീടുവാനെത്തുമ്പോള്‍
ഉത്സവാഘോഷം 
മദിക്കുന്നു മാനസ്സേ

കെട്ടിയിട്ടോരു 
ചങ്ങലക്കപ്പുറത്തുറ്റു 
നോക്കുന്നു
ജാലകപ്പാളികള്‍

ഉഗ്രമുന്മാദമൊഴിപ്പിച്ചു 
തീര്‍ക്കുമോ
സ്വപ്ന ഭൂമിക  
വീണ്ടുമെനിക്കായ്

തൊട്ടു തൊട്ടു 
ഞാന്‍ 
നില്‍ക്കുന്നു മണ്ണിതില്‍
വിട്ടുപൊകുവാന്‍ 
വയ്യെന്റെ ചങ്ങാതീ

എത്ര ഇരുട്ടിലും 
ഒത്തനിഴലായി
എത്തുക,
മുന്നില്‍ നടന്നുകൊള്‍ക!

എത്ര ദൂരത്തില്‍ 
നിന്നാകിലും
എന്‍ വിളിക്കൊന്നു 
സമ്മാനിയ്ക്ക
നിന്റെ മറുവിളി!

Tuesday, October 30, 2012

ഓണം ഇപ്പോള്‍ പരിധിക്കകത്താണ്

സന്തോഷ് പാലാ

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട് 
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ 
വാലു തപ്പിയും
കണ്ടതെല്ലാം 
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ 
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ് 
തുഴഞ്ഞ്
ഒരു 
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി 
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ് 
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍ 
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍ 
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി 
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം 
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച് 
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ് 
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

Saturday, October 6, 2012

ഉച്ചവെയില്‍

സന്തോഷ് പാലാ

ചുട്ടരച്ച ചമ്മന്തിയാണെപ്പം 
നോക്കിയാലുമീ
കൊച്ചു ചോറ്റുപാത്രത്തെ 
മണക്കുന്നതെത്തി നോക്കി 
പറയുന്നു പകലുകള്‍.
തൊട്ടുതൊട്ടൊപ്പമിരുന്നു-
പ്പിലിട്ടത് കട്ടുനക്കുമ്പോള്‍
വട്ടമിട്ടു പറക്കുന്ന 
കൊച്ചുവര്‍ത്തമാനത്തി-
ലെത്ര ലോകമിരമ്പിയാര്‍ക്കുന്നു!

സത്യമെന്റെ പത്ത് ബിയില്‍
കുട്ടിമോനിട്ടറിനെ 
ഉപ്പ് നൂലില്‍കെട്ടി
നക്കിയുണര്‍ത്തുമ്പോള്‍
തൊട്ടുനില്‍ക്കുന്നു ടീച്ചര്‍
ഉത്തരക്കടലാസെന്നെ
ഉത്തരം മുട്ടിച്ചകത്തുന്നു
ഉച്ചവെയിലന്നും ഉദാസീനനായി
ഉത്തരം തേടിയകലുന്നു.

Sunday, September 2, 2012

ശിക്ഷ

 സന്തോഷ് പാലാ
mcsanthosh@yahoo.com


രാത്രികാലങ്ങളില്‍
നിലാവിലേക്ക്
ശ്രദ്ധയരുത്;
നിഴലുകളിലേക്കാവട്ടെ
അത്.

വിരൂപമായ നിഴലില്‍
എത്ര നോക്കിയിട്ടും
കണ്ണകളതിലെവിടെയെന്ന്
തിരിച്ചറിയാനാവുന്നുണ്ടോ?

ഒച്ച 
ഉയര്‍ന്നുതാഴുമ്പോള്‍
നിഴലുകളെങ്ങെനെയാവുമത്
വരയ്കുകയെന്നറിയാനാവുന്നുണ്ടോ?

തൊട്ടുനില്‍ക്കുമ്പോള്‍
ഒത്തുചേരുന്ന
ചൂടെവിടയാണതിലുണ്ടാകുകയെന്ന്
അന്വേഷിച്ചിട്ടുണ്ടോ?

പകല്‍ വെളിച്ചത്തില്‍
സൂര്യനെ നോക്കി
ചന്ദ്രനാണെന്നും
രാത്രിയില്‍
തിരിച്ചും പറയുന്നൊരു
നിഴലാണെന്റേത്.

വളര്‍ന്നു വളര്‍ന്നു
വലുതാകുമ്പോഴും
വളര്‍ച്ച മുരടിച്ചു
വലയുന്നൊരെണ്ണം.

ചിന്താക്കുഴപ്പത്തി-
ലുള്ളിലുരുണ്ടുകേറുന്നതും
നാവു കുഴയുന്നതും
തൊണ്ട വരണ്ടുനീറുന്നതുമൊക്കെ-
യടയാളപ്പെടുത്തേണ്ടേ?

സങ്കടങ്ങള്‍ 
എവിടെയെങ്കിലും
പകര്‍ന്നുവെന്ന് വിചാരിച്ച് 
ശിക്ഷിക്കരുതെന്നു പറയാന്‍
മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ്.

Thursday, April 5, 2012

ഒരു മരം ചുറ്റി പ്രേമം


സന്തോഷ് പാലാ  

ശബ്ദമെങ്ങനെ ഒരിടം നിശബ്ദമാക്കുമെന്ന് ഒരു കൊമ്പന്‍ മീശ.  നിശബ്ദമെങ്ങനെ ശബ്ദത്തേക്കാള്‍ വലുതാകുമെന്ന് ഒരു അടുപ്പിന്‍ കലം.  ശബ്ദത്തിനും നിശബ്ദത്തിനുമിടയ്ക്ക്- നിഴല്‍പ്പാലം തീര്‍ത്ത് ഒരു മഷിക്കുപ്പി.  മുന്‍‌വഴിയി- ലൊരേടെത്തുമൊരു കാല്‍പ്പാടും കാണാത്തതിനാല്‍ കടപ്പാടുകളെല്ലാമൊരു ചുമടുതാങ്ങിയിലുപേക്ഷിച്ച് അയാള്‍ മരത്തെ തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചു!  

Saturday, December 31, 2011

കവിതയുടെ വഴി


 സന്തോഷ് പാലാ 

നിദ്രഭേദിച്ചെത്തുന്ന
നിഴല്‍രൂപങ്ങള്‍
ഒരു നിരാലംബന്റെ
കണ്ണ് പൊത്തിക്കുന്നു വ്
യഥിത സങ്കല്‍പ്പങ്ങളി-
ലിഴകള്‍ പാകുന്നു.
മുട്ടി നില്‍ക്കുന്ന
വലിയ എടുപ്പുകളുടെ
ഏകാന്തതയില്‍ എണ്ണിത്തീരാത്ത
നക്ഷത്രങ്ങള്‍ എഴുന്നേറ്റിരുന്ന്
ഉറക്കം കെടുത്തുന്നു.
ഉത്തരം കിട്ടാത്ത സമസ്യകള്‍ ഉത്തരം
തേടി ഉത്‌കണ്ഠകളുടെ
പെരുമഴയില്‍ വിരല്‍ചുറ്റായി
പരിണമിക്കുന്നു, തിളച്ചടുക്കുന്നു.
ചുവപ്പുമഷിയിലെന്‍ കവിതപടരുകയാണ്
കറുത്തപുഷ്പത്തലപ്പിലൊ- രഗ്നിഗോളമായ്...

Thursday, December 1, 2011

അറിഞ്ഞും അറിയാതെയും


സന്തോഷ് പാലാ

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
അടുത്തിരുന്നത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ തൊട്ടപ്പൊളെനിയ്ക്ക്
തോന്നി,
അവളുടെ ചൂട് പൊള്ളുന്നതല്ലെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കാലുരുമ്മിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ നോക്കിയപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ മുഖത്തെക്കാളും സൌന്ദര്യം
കാലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കൈ തലോടിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചോദിച്ചപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ വാക്കുക്കളെക്കാളും ഭംഗി
വിരലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
വിളിച്ചത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചെന്നപ്പോളെനിയ്ക്ക്
തോന്നി,
അവളില്‍ ഒരു ഞാനുണ്ടെന്ന്
അവളമ്മയും ഞാനച്ഛനുമായി
ജീവിച്ചു തുടങ്ങിയെന്ന്!.

Sunday, October 30, 2011

ചോദ്യം

സന്തോഷ് പാലാ


ചിരിപ്പിയ്ക്കുന്ന
ചിന്തകളെപ്പറ്റി,
കനലെരിയുന്ന
കരളിനെപ്പറ്റി,
കണ്ടുതീരാത്ത
കിനാക്കളെപ്പറ്റി,
പറഞ്ഞു കേട്ട
പഴികളെപ്പറ്റി,
ഊര്‍ന്നുവീണ
കണ്ണുനീരിനെപ്പറ്റി,
സ്നേഹിച്ചു തീരാത്ത
നിന്നെപ്പറ്റി,
ഇനി ആരോടാണ് പറയേണ്ടത്?


Friday, September 30, 2011

പകര്‍ച്ച



സന്തോഷ് പാലാ


എത്രയെത്ര
ശിശിരങ്ങളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ മണം?

എത്രയെത്ര
വേനലുകളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ പച്ച?

നിസ്സഹായതയുടെ
കളത്തില്‍
പ്രതിരോധത്തിന്റെ
സഹനം
പ്രത്യക്ഷമായ
ഒരു വിനോദമായി
നിങ്ങള്‍ക്കും
അനുഭവപ്പെട്ടേക്കാം.

മരം
മഞ്ഞിനോട് ചെയ്യുന്നത്
മഞ്ഞ്
മരത്തിനോട് ചെയ്യുന്നത്,
ആകാശത്തെ ചുമക്കുന്നത്
തുടങ്ങി എന്തൊക്കെവേണമെങ്കിലും
എഴുതി തുലയ്ക്കാം.

വേനലിലുണങ്ങി
വര്‍ഷത്തില്‍ നനഞ്ഞ്
വസന്തത്തില്‍ പൂത്ത്
വീണ്ടുമുണങ്ങി-
പ്പൊഴിയുമ്പോഴേക്കും...

മരം മഞ്ഞിനോട്
ചെയ്യുന്നതുപോലെ,
മഞ്ഞ് മരത്തിനോട്
ചെയ്യുന്നതുപോലെ-
യെന്നൊക്കെപ്പറയുവാനാകുമോ?

മണ്ണ് മനുഷ്യനോട്....
മനുഷ്യന്‍ മണ്ണിനോട് ....
എന്നാക്കിമാറ്റീടുമോ?

Sunday, January 2, 2011

സന്തോഷ് പാലായുടെ കവിതകൾ


ആക്രോശം


ശക്തിയായടിച്ച ഒരു കാറ്റില്‍
എന്റെ വാക്ക്
നാലു പേരെ മലിനപ്പെടുത്തുന്നു

വറ്റിവരണ്ടൊരു
കരയുടെ വക്കില്‍ നിന്നൊരു
മഹാനദി പിറവിയെടുക്കുന്നു

വീട്ടില്‍ പോടാ വീട്ടില്‍ പോടാ
എന്നാക്രോശിക്കുന്നു
മുറ്റത്തു നിന്ന് അമ്മ


ഉച്ചവെയില്‍

ചുട്ടരച്ച ചമ്മന്തിയാണെപ്പം
നോക്കിയാലുമെന്‍
കൊച്ചു ചോറ്റുപാത്രത്തെ
മണക്കുന്നതെന്നെത്തി നോക്കി
പറയുന്നു പകലുകള്‍
തൊട്ടുതൊട്ടൊപ്പമിരുന്നു-
പ്പിലിട്ടത് കട്ടുനക്കുമ്പോള്‍
വട്ടമിട്ടു പറക്കുന്ന
കൊച്ചുവര്‍ത്തമാനത്തി-
ലെത്ര ലോകമിരമ്പിയാര്‍ക്കുന്നു!

സത്യമെന്റെ പത്ത് ബിയില്‍
കുട്ടിമോനിട്ടറിനെ
ഉപ്പ് നൂലില്‍കെട്ടി
നക്കിയുണര്‍ത്തുമ്പോള്‍
തൊട്ടുനില്‍ക്കുന്നു ടീച്ചര്‍
ഉത്തരക്കടലാസെന്നെ
ഉത്തരം മുട്ടിച്ചകത്തുന്നു
ഉച്ചവെയിലന്നും ഉദാസീനനായി
ഉത്തരം തേടിയകലുന്നു.


വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു മരം വച്ചു പിടിപ്പിച്ചിരുന്നു

അത് ആകാശം മുട്ടെ വളരുമെന്നും
അതിന്റെ തണല്‍ ജീവിതം തണുപ്പിക്കുമെന്നും
ഒരു നിഴലായി എപ്പോഴും കൂടെയുണ്ടാവുമെന്നും
അതിനടിയിലിരുന്നാല്‍ ബോധമുദിക്കുമെന്നും
ഉണരുമ്പോള്‍ ഒരു ഇതിഹാസം പിറക്കുമെന്നും
വിശ്വസിച്ചിരുന്നു
ഈ വിശ്വാസങ്ങളിലൊന്നും വിശ്വസിക്കാതിരുന്ന
ഒരു കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നു
അന്ന് നട്ടു വളര്‍ത്തിയതെന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോകാന്‍
തുടങ്ങിയപ്പോഴാണ് മനസ്സിലായത്