Followers

Wednesday, April 14, 2010

പുതിയ ഭാര്യ



mathew nellickunnu
ജനാലയ്ക്കപ്പുറത്തെ മതിൽക്കെട്ടുകളെ മറികടന്ന്‌, അകലെ ഇരമ്പുന്ന കടലിന്റെ മണൽത്തീരങ്ങളിലേക്കയാൾ മനസ്സിനെ അഴച്ചുവിട്ടു. അപ്പോഴും കലമ്പുന്ന പൂച്ച കടിച്ചു കീറുന്നതിനു മുൻപ്‌ കളിപ്പിക്കുന്ന എലിയുടെ തേങ്ങലാണയാൾ കേട്ടത്‌.
തളർന്ന കാലൊച്ചയോടൊപ്പം മരണത്തിന്റെ നൂലിഴകളിലെ സമസ്യകളിൽ പറ്റിപ്പിടിച്ചു തന്നെ സമീപിക്കുന്ന ഭാര്യ.
ഏറെക്കാലത്തെ ആലസ്യവും പരിചരണങ്ങളുമായി അയാളുടെ നിമിഷങ്ങൾ സമന്വയിച്ചിരുന്നു. മരുന്നുകളുടെ രൂക്ഷഗന്ധം നിറഞ്ഞ മുറിയിലെ വായു അയാൾക്ക്‌ അന്യമോ അരോചകമോ ആയിരുന്നില്ല. വലിയ താമസമില്ലാതെ ഒരു നിമിഷത്തിന്റെ ചിത്രം അയാൾ കണ്ടു മുഷിഞ്ഞിരുന്നു. അനിവാര്യമായ ആ നിമിഷത്തിനുവേണ്ടി ഭാര്യ എന്നും പതംപറഞ്ഞു കരയുകയും ചെയ്തു.
അയാളുടെ സാമീപ്യത്തിൽ പലപ്പോഴും അവൾ മുകളിലേക്കു നോക്കിപ്പറഞ്ഞു. 'നീയൊരുത്തൻ എന്നെ ഉപേക്ഷിച്ചോ? എത്രയും വേഗം അങ്ങു വിളിച്ചാൽ മതിയായിരുന്നു'.
ഭാര്യയുടെ ഉച്ചത്തിലുള്ള നിലവിളി അയാളെ ആദ്യമൊക്കെ ഞെട്ടിക്കുകയും അയാൾ അദ്ഭുതത്തോടെ നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു. പിന്നീട്‌ അവളുടെ ആവലാതി കേൾക്കുമ്പോൾ പ്രതികരിക്കാനോ വികാരംകൊള്ളാനോ അയാൾക്കു കഴിയാതെയായി.
പ്രായംകുറഞ്ഞ രണ്ടു മക്കളെ ഇടതും വലതുമിരുത്തി അവരുടെ മുടിയിഴകൾ തഴുകിക്കൊണ്ട്‌, നിശ്ശബ്ദമായി, അകലെയെവിടെയോ കണ്ണുംനട്ട്‌ അവളിരിക്കുന്നത്‌ ഒരിക്കളയാൾ ശ്രദ്ധിച്ചു.
അന്ന്‌ അവൾ കിടക്കവിട്ട്‌ പുറത്തേക്കു വന്നില്ല. അയാൾ സ്വീകരണമുറിയിൽ വളരെനേരം അവളുടെ തളർന്ന കാലടികൾക്കു വേണ്ടി കാത്തു. ഒടുവിൽ മരുന്നുകളുമായി കിടപ്പറയിലേക്കയാൾ ചെന്നു. അയാളുടെ സാമീപ്യം അവൾ അറിഞ്ഞു. ഒരുവശം ചരിഞ്ഞു കിടന്ന അവൾ കണ്ണുകൾ തുറന്ന്‌ എഴുന്നേൽക്കാൻ ശ്രമിച്ചു. അവളുടെ വിഫലശ്രമം കണ്ട്‌ അയാൾ ദുഃഖിതനായി.
'ഉറങ്ങിക്കൊള്ളൂ'. അതിനു മറുപടി പറയാതെ അവൾ തലചരിച്ച്‌ കിടന്നു.
വൈകുന്നേരം സ്കൂളിൽനിന്ന്‌ വന്ന കുട്ടികൾ പതിവുപോലെ അമ്മയുടെയടുത്തോടിയെത്തി. അമ്മ ഉറക്കം തുടർന്നു.
'മമ്മി ഉണരുന്നില്ല.' കുട്ടികളുടെ നിലവിളി അയാളെ മറ്റെവിടെ നിന്നോ ഉണർത്തി.
പിന്നെ പലപ്പോഴും ഭാര്യയുടെ കിടപ്പുമുറിയിൽ ഞരക്കങ്ങളും തേങ്ങലും കേട്ടു. എന്നാൽ ഒഴിഞ്ഞു കിടക്കുന്ന കിടക്കയിൽ ആരെയും അയാൾ കണ്ടില്ല. പക്ഷെ, ആ മുറിയിൽ ഒരു വല്ലാത്ത തണുപ്പും ആരുടെയോ ശ്വാസത്തിന്റെ നേരിയ ശബ്ദവും അയാൾക്ക്‌ അനുഭവപ്പെട്ടു. അവിടെനിന്നു സ്വീകരണമുറിയിലേക്കും പിന്നെ പുറത്തേക്കും അയാൾ വളരെ തിടുക്കത്തിൽ നടന്നു.
പുറത്തെ കാറ്റിനു ചൂടുണ്ടായിരുന്നു. അയാൾ ഏറെക്കാലം ഇരുട്ടിൽ കഴിഞ്ഞവനെപ്പോലെ മേൽവസ്ത്രത്തിന്റെ കുടുക്കുകൾ അഴിച്ച്‌ ചൂടിനും വെളിച്ചത്തിനും വേണ്ടി മുകളിലേക്കു നോക്കി.
സ്കൂൾ ബസ്‌ മുറ്റത്തിനടുത്തുള്ള പാതയിൽ വലിയ ശബ്ദത്തോടെ നിന്നു. അയാൾ മക്കളിലേക്കും നോക്കി.
'നാട്ടിൽ നിനക്കുവേണ്ടി ഞങ്ങളൊരു പെണ്ണിനെ കണ്ടിട്ടുണ്ട്‌.' ജലാർപേട്ടയിലെ സഹോദരിയുടെ ഭർത്താവിന്റെ നിർദേശം അഭികാമ്യമായി അയാൾക്കു തോന്നി. കുട്ടികളെ സുഹൃത്തിന്റെ സംരക്ഷണയിലാക്കി. ഏറെത്താമസിയാതെ നവവധുവിന്റെ വരവായി.
അൻപതിന്റെ കിതപ്പും ഞരക്കവുമുള്ള മധുവിധു 32-കാരിക്ക്‌ ആസ്വദിക്കാൻ പ്രയാസമായിരുന്നു.
'നിങ്ങളെന്തിനാണ്‌ വയസ്സുകാലത്ത്‌ മറ്റുള്ളവരെ കളിപ്പിക്കുന്നത്‌?' കല്യാണം കഴിഞ്ഞ്‌ എട്ടാം മാസത്തിൽ പുതിയ ഭാര്യ ചോദിച്ചു.
'എത്രനാൾ ഈ അന്യനാട്ടിൽ ഞാൻ ഒറ്റയ്ക്കിരിക്കും?'
'എന്താ ഞാൻ പെരനിറഞ്ഞു നിൽക്കുകയായിരുന്നോ? ജലാർപേട്ടയിൽ ചോദിക്കാനും പറയാനും എനിക്കാളുണ്ട്‌.'
നേരത്തെ കരുതിവച്ചിരുന്ന സൂട്ട്കേസുമായി പുതിയ ഭാര്യ പടിയിറങ്ങി. അയാളുടെ സുഹൃത്ത്‌ പാതയിൽ കാറുമായി അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.