Followers

Wednesday, April 14, 2010

ബലിക്കല്ല്‌ambika
ബലിക്കല്ലിനടുത്ത്‌ ചുവരുചാരി സ്മൃതിപഥങ്ങളിലേക്കു ഞാൻ മിഴി തുറന്നു.
എനിക്കു ചുറ്റുമുള്ള എനിക്കൊപ്പമുള്ള ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ എന്നെ തെല്ലും അലോസരപ്പെടുത്തിയില്ല.
സൂര്യവെളിച്ചം തിട്ടപ്പെടുത്തിയറിഞ്ഞ്‌, വേണ്ടിടങ്ങളിൽ വെളിച്ചം സ്ഥാപിച്ചുറപ്പിക്കാൻ, ഒച്ചവെച്ച്‌ ഓടി നടന്ന്‌ ഒപ്പമുള്ളവർക്ക്‌ നിർദ്ദേശം നൽകി വെയിലത്തുരുകി നിൽക്കുന്ന ക്യാമറാമാനോ, എന്റെ വായിൽ നിന്നുമെന്തെങ്കിലും വീഴാൻ കാത്ത്‌, ഫയലും പാഡുമായി അൽപ്പമകലം പാലിച്ച്‌ എന്നാൽ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുന്ന എന്റെ സഹായികളോ എന്റെ കാഴ്ചകൾക്കപ്പുറത്ത്‌ അദൃശ്യമായി നിലകൊണ്ടു.
ആൽത്തറ കഴിഞ്ഞ്‌, തൊട്ടപ്പുറത്തെ മതിൽക്കെട്ടിനപ്പുറത്ത്‌ ഏന്തി വലിഞ്ഞു നിന്നും, മതിലിൽ വലിഞ്ഞു കേറിയും, വെള്ളിത്തിരയിൽ കോൾമയിർ കൊള്ളിക്കുന്ന നായക നടനോ, വിടർന്ന നീണ്ട മിഴികൾക്കറ്റത്ത്‌ കണ്ണീർമുത്തിന്റെ തിളക്കവുമായി തങ്ങളുടെ നെഞ്ചുപൊളിക്കുന്ന നായിക നടിയോ ഉടനടിയൊരു നിമിഷം പൊട്ടിവീണേക്കാമെന്ന ഉൽകണ്ഠയുമായി തുറിച്ചുനോക്കി, അടക്കം പറയുന്ന ആൾക്കൂട്ടമോ എന്റെ ഏകാന്തത്തയിൽ കേറി വന്ന്‌ എന്നെ അലോസരപ്പെടുത്തിയില്ല ഞാനപ്പോഴും ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിൽക്കയായിരുന്നു.
കിണറ്റിൻകരയിൽ തേച്ചുവെളുപ്പിക്കാൻ വെച്ച ഉരുളിയിലെവിടെയെങ്കിലും ഉണങ്ങി പറ്റിപ്പിടിച്ച വറ്റ്‌ കൊത്തിപ്പറിക്കാനെത്തിയ കാക്കകളുടെ ആരവം ചെവിയിലലച്ചപ്പോഴും, പാതി നനഞ്ഞ ചുവന്ന പുളിയിലക്കരയൻ തോർത്ത്‌ അരയിൽ നിന്നൂര്ർന്നുപോവാതെ ഇടയ്ക്കൊന്നു താങ്ങിപ്പിടിച്ച്‌, ബലിക്കല്ലിനടുത്ത്‌ ചുവരുചാരി ഞാനാരേയോ തേടുകയായിരുന്നു.
അച്ഛന്റെ പിറുപിറുക്കലുകൾ കിണറ്റിൻകരയിൽ നിന്നും പറന്നകലുന്ന കാക്കകളുടെ കലപില ശബ്ദത്തിനൊപ്പം കടന്നുപോവുന്നതറിഞ്ഞിട്ടും, അമ്പലക്കുളത്തിനപ്പുറത്തുള്ള നേർത്ത, ചുവന്നപൊടി പാറുന്ന റോഡിലൂടെ വളവു തിരിഞ്ഞെത്തുന്ന സാരിയുടെ തിളക്കത്തിലേക്ക്‌ ഞാൻ ആഹ്ലാദത്തോടെ പിടഞ്ഞു നിന്നു. ഗിൽറ്റുവെച്ച തിളങ്ങുന്ന സാരി വാരിവലിച്ചുടുത്തും, വാരിക്കെട്ടിവെച്ച മുടിക്കെട്ടിൽ നിന്നും വാടിയ മുല്ലപ്പൂക്കളുടെ വല്ലാത്തൊരു ഗന്ധം പ്രസരിപ്പിച്ചും, വിളിച്ചാൽ കേൾക്കാവുന്നയകലത്തിൽ ശ്രീകോവിലിനുള്ളിലേക്ക്‌ പാളി നോക്കി, കൈകൂപ്പി, കണ്ണടച്ച്‌ എന്തൊക്കെയോ പിറുപിറുത്ത്‌, അവർക്കരികിലേക്ക്‌, ഏറെ ഇഷ്ടമുള്ള ആരേയോ ദിവസങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന ചിരിയോടെ ഞാൻ നിന്നു.
നിറഞ്ഞ കണ്ണുതുറന്ന്‌ അൽപ്പം ചുവന്ന ചുണ്ടും പല്ലും വിടർത്തി വിടർന്നൊന്നു ചിരിച്ച്‌, തിളങ്ങുന്ന സാരിയുടെ കോന്തലയഴിച്ച്‌ മുഷിഞ്ഞ ഒന്നു രണ്ടു നോട്ടുകൾ എന്റെ കൈകളിൽവെച്ച്‌, തിരിഞ്ഞ്‌ നടന്ന്‌, പൊടുന്നനെ എന്നെയൊന്നു തിരിഞ്ഞുനോക്കി അവർ തിരക്കിട്ടു നടന്നു. ആൽത്തറയ്ക്കും അമ്പലക്കുളത്തിനുമപ്പുറത്തുള്ള വളവിലേക്ക്‌ അവർ നടന്നു മറഞ്ഞതും, ക്ഷേത്രത്തിനകത്തേക്ക്‌ ഞാനോടിക്കേറി മുഷിഞ്ഞ നോട്ടുകൾ തേവർക്കു മുന്നിൽ ഭണ്ഡാരത്തിലിട്ട്‌, ആശ്വാസത്തോടെ നിശ്വസിച്ച്‌ കിണറ്റിൻ കരയിലേക്കോടി. കുട്ടകത്തിൽ നിന്നും വെള്ളം മുക്കിയെടുത്ത്‌ സ്വർണ്ണംപോലെ തേച്ചുവെളുപ്പിച്ച ഉരുളികൾ കഴുകുന്ന അച്ഛന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക്‌ പാളിനോക്കി കലശക്കൊടങ്ങളും നിലവിളക്കുകളും ഞാൻ തേച്ചു മിനുക്കാനാരംഭിച്ചു.
-എവ്ട്യായ്‌ർന്നൂ ത്ര നേരം...?
-വെർത്തെ....കൊളത്തിന്റട്ത്ത്‌.....
-പണ്യെന്താച്ചാ വയ്ക്ക്വേങ്കി തീർത്തിട്ട്‌ പോയിർന്ന്‌ പഠിച്ചൂടേ നാലക്ഷരം...
-ഉവ്വ്‌....ഇദൊക്കെപ്പോ ഞാൻ മോറിക്കോളാം..
വെട്ടിത്തിളങ്ങുന്ന ഉരുളികൾ തിടപ്പള്ളിക്കടുത്തെ പടിക്കെട്ടിൽ കമിഴ്ത്തി വെച്ച്‌, ക്ഷേത്രമത്തിൽക്കെട്ടിനു പുറത്തെ ഒറ്റമുറി ലൈൻ വീട്ടിലേക്കോടി പുസ്തകങ്ങൾക്കു മുന്നിലിരിക്കുമ്പോൾ അവരായിരുന്നു മനസ്സുനിറയെ.
തിടപ്പള്ളിയിലെ അടുപ്പിനു കീഴെ നീറിക്കത്തുന്ന നനഞ്ഞ വിറകിലേക്ക്‌ ഊതിയൂതി കണ്ണുകൾ ചുവന്ന്‌ നിറഞ്ഞൊഴുകിയപ്പോൾ, അച്ഛൻ വാത്സല്യത്തോടെ പുറത്തു തട്ടി.
-രാമൂട്ടി ണീറ്റോളൂ....കണ്ണുംമോറും ചൊവന്ന്‌ നീറുംന്റെ കുട്ടിയ്ക്ക്‌....
നിറഞ്ഞൊഴുകി നീറുന്ന കണ്ണ്‌ തോർത്തിന്ററ്റത്ത്‌ തുടച്ച്‌, മൂക്കുചീറ്റി ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിന്നപ്പോഴാണ്‌, സ്വപ്നത്തിലെന്ന പോലെ മുത്തുകിലുങ്ങുന്ന മനോഹരമായ ശബ്ദത്തിലേക്ക്‌ അവിശ്വസനീയതയോടെ ഞാനാദ്യമായി അവരെ കണ്ടത്‌.
-തമ്പ്‌രാൻ കുട്ട്യേ....
അൽപ്പം കറുത്തു തടിച്ച, തിളങ്ങുന്ന സാരി വാരിവലിച്ചുടുത്ത ചിരിക്കുന്ന മുഖത്തേക്ക്‌, ഞാനപരിചിത്വത്തോടെ തുറിച്ചു നോക്കി.
-തമ്പ്‌രാൻ കുട്ട്യേ, ദ്‌ തേവർട്ടെ ഭണ്ഡാരപ്പെട്ടീൽട്വോ...?
മുഷിഞ്ഞ രണ്ടുരൂപ നോട്ട്‌ വെച്ചു നീട്ടിയ അവരുടെ മിഴികളിൽ വാത്സല്യം കിനിയുന്നത്‌ ഞാനറിഞ്ഞു.
-കുളിച്ചിട്ടില്ല്യാ...കോവിലിനകത്ത്‌ കേറാൻ വയ്യാഞ്ഞിട്ടാ ട്ടോ...
ഏതോ നിയോഗത്താലെന്നപോലെ ഞാനറിയാതെ, ഞാനാ നോട്ടുവാങ്ങി ഭണ്ഡാരത്തിനടുത്തേക്കോടി. പിന്നെ, നിത്യേന പുലർച്ചേ 'തമ്പ്‌രാൻ കുട്ട്യേ' എന്ന നീട്ടിയുള്ള അവരുടെ മധുരസ്വരത്തിനായി കാതോർത്ത്‌, അവരെ കാത്തു നിൽക്കുന്നതും അവരാ പതിവ്‌ തെറ്റിക്കാതിരിക്കുന്നതും എനിക്കും അവർക്കും പതിവായി. ചിലപ്പോഴൊക്കെ അമ്പലക്കെട്ടിനകത്തിരുന്ന്‌ ഞാൻ മാല കെട്ടുമ്പോഴാവും അവരുടെ പതിഞ്ഞ എന്നാൽ നീട്ടിയുള്ള വിളി കാത്തിരുന്നപോലെ. കെട്ടുന്ന മാലയും പൂക്കളും ഇലയിലിട്ട്‌ ഞാനോടും. അവരാരാണെന്നും, പുലർച്ചേ മുഷിഞ്ഞ വസ്ത്രങ്ങളും, വാടിയ മുല്ലപ്പൂക്കളുടെ ഗന്ധവുമായി അവരെവിടുന്നാണ്‌ വരുന്നതെന്നും, ദിവസവും കുറച്ച്‌ മുഷിഞ്ഞ രൂപനോട്ടുകൾ തേവരുടെ ഭണ്ഡാരത്തിലിടാനായി എന്നെ ഏൽപ്പിക്കുന്നതെന്തിനെന്നും എനിക്ക്‌ മനസ്സിലായില്ല. ഇടയ്ക്കൊക്കെ മാല കെട്ടാനും, വഴിപാടുകളൊരുപാടുള്ളപ്പോൾ പാത്രം മോറാനും സഹായിക്കുന്ന പത്മിന്യേടത്തി വാരസ്യാരാണ്‌ ദഹിപ്പിക്കുംപോലെ തുറിച്ചുനോക്കി, ശാസനയോടെ അടക്കം പറഞ്ഞത്‌.
-രാമൂട്ട്യെന്തിനാ ആ അസത്തിന്റട്ത്ത്ന്ന്‌ പൈസ വാങ്ങി ഭണ്ഡാരത്തിലിട്ന്നദ്‌?
-ഏത്‌ പൈസ...?
ഞാൻ നിഷ്കളങ്കതയോടെ പത്മിന്യേടത്തി വാരസ്യാരെ മിഴിച്ചുനോക്കി.
-ദേ പ്പോ നന്നായേ....ന്റെ ചെറ്‌ വെരളിന്റേത്ര്യേള്ളൂ ചെക്കൻ...മോത്തുനോക്കി നൊണേം പറഞ്ഞൊടങ്ങില്ല്യേ...? ന്നാ കേട്ടോളൂ... അയ്മ്മേന്റെ സത്യല്ല്യാത്ത പൈസ വാങ്ങി ഭണ്ഡാരത്തിലിടണ്ടാ കുട്ടിനി മേലാല്‌...
-ന്താട്ടാല്‌...? അവര്‌ പാവല്ലേ....? ല്ല്യാച്ചാ പൈസയ്ക്ക്‌ സത്യംണ്ടോ?
-ന്താപ്പോ ഇക്കൂട്ട്യേട്‌ ഞാൻ പറയ്യാന്റെ തേവരേ...അദൊന്നും പ്പോ കുട്ടിക്കറീല്ല്യാ...അറീല്ല്യാച്ചാ, അറീണോരു പറഞ്ഞ്‌ തന്നാ അൻസരിയ്ക്ക്യാ....അത്രന്നെ...
കറുത്തിട്ടാണെങ്കിലും, ഈ കുശുമ്പി വാരസ്യാരേക്കാളും എത്രമാത്രം സുന്ദരിയാണ്‌ അവരെന്ന്‌, പത്മിന്യേടത്തി വാരസ്യാരുടെ കുടുക്ക പോലെ വീർത്ത മുഖത്തേക്ക്‌ പാളി നോക്കി ഞാൻ ചിരിയടക്കി.
അവരെ കാത്തു നിൽക്കുമ്പോഴെന്നുമോർക്കും ഇന്നെങ്കിലും അവരുടെ ഊരും പേരും ചോദിക്കണമെന്ന്‌. പക്ഷേ, എന്തുകൊണ്ടോ ഇത്ര വരെ അവരോടൊരക്ഷരം ഉരിയാടാനായിട്ടില്ലെന്നതാണ്‌ നേര്‌.
പുലർച്ചേ, പത്മിന്യേടത്തി വാരസ്യാർ പറഞ്ഞതിന്റത്രയും പൊരുളറിയാനും, അതവരോടു തന്നെ സംശയനിവാരണം നടത്താനുമായി, അച്ഛന്റെ കണ്ണുവെട്ടിച്ച്‌ കാത്തുനിൽപ്പേറെയായിട്ടും, ചെമ്മൺപാതയ്ക്കപ്പുറം അവരുടെ തിളങ്ങുന്ന സാരി പ്രത്യക്ഷമായില്ല പിറ്റേന്നും അതിനു പിറ്റേന്നും അവരെ കാണാത്ത നിരാശയിൽ, പത്മിന്യേടത്തി വാരസ്യാരുടെ കരിനാക്കാവും അവരീവഴിക്ക്‌ വരാത്തതെന്ന്‌, പത്മിന്യേടത്തി വാരസ്യാരോടിനി മേലാൽ ചങ്ങാത്തമില്ലെന്ന്‌ ഞാൻ തിരിച്ചയാക്കി.
ഇനിയിപ്പോ തേവരേയും, എന്നേയും കാണാൻ അവരിനി വരികയുണ്ടാവില്ലെന്ന്‌ വിതുമ്പലോടെ തീർപ്പുകൽപ്പിച്ച്‌, പ്രഭാതങ്ങളിൽ അച്ഛനോട്‌ കള്ളത്തരം കാട്ടാതെ, കഴകത്തിലച്ഛനെ സഹായിച്ച്‌ തിടപ്പള്ളിക്കു ചുറ്റും ഞാൻ കറങ്ങി നടന്നു.
ഓർക്കപ്പുറത്ത്‌ അവരുടെ ശബ്ദമെന്ന തോന്നലിൽ ഞാനോടിച്ചെന്നത്‌, മിഴികളിൽ നിറയെ വാത്സല്യവുമായി നിറഞ്ഞ ചിരിയോടെ എന്നയോ തേവരേയോ അകത്തേക്ക്‌ പാളി നോക്കുന്ന അവർക്കരികിലേക്കാണ്‌. പതിവുപോലെ സാരിയുടെ കോന്തലയിൽ നിന്നും മുഷിഞ്ഞ രൂപ നോട്ടുകൾ നീട്ടി അവർ വിടർന്നു ചിരിച്ചു.
-ഒരാഴ്ച കാണാണ്ടായ്പ്പ്ലയ്ക്കും തമ്പ്‌രാൻകുട്ടി മറന്ന്വോ ന്നെ...
കിലുങ്ങുന്ന ചിരിക്കൊപ്പം ഭഗവാനെ തൊഴുത്‌ അവർ തിരിഞ്ഞു നടന്നതും, അവരോടൊന്നും ചോദിക്കാനായില്ലല്ലോയെന്ന്‌ ഞാൻ ഭണ്ഡാരത്തിനടുത്തേക്കോടുമ്പോൾ പത്മിന്യേടത്തി വാരസ്യാരുടെ കുശുമ്പുവീർത്തുകെട്ടിയ സ്വരം എന്നെ പൊതിഞ്ഞു.
മുഷിഞ്ഞ നോട്ടുകൾ എന്തുകൊണ്ടോ ഭണ്ഡാരത്തിലിടാതെ ഞാനെന്റെ മുറിയിലേക്കോടി. മുറിയുടെ മൂലയിൽ പൊടിപിടിച്ച ഭണ്ഡാരംപോലെ തോന്നിപ്പിക്കുന്ന പഴയൊരു വോട്ടുപെട്ടി പൊടിതട്ടിത്തുടച്ച്‌, മുഷിഞ്ഞ നോട്ടുകൾ ഞാനാദ്യമായി എന്റെ ഭണ്ഡാരത്തിലേക്കിട്ടു.
അവർക്കുമെനിക്കുമിടയിൽ അദൃശ്യമായ ഏതോ ബന്ധത്തിന്റെ നൂലിഴകളായോ, ബന്ധനത്തിന്റെ പ്രതീകമായോ എന്റെ മുറിയുടെ മൂലയിൽ മറ്റാരുടേയും ദൃഷ്ടിയിൽ പെടാതെ ഭണ്ഡാരം നിലകൊണ്ടു.
എല്ലാമാസാന്ത്യത്തിലും ആറേഴുദിവസം 'തമ്പ്‌രാൻ കുട്ട്യേ' എന്ന പുലർച്ചെയുള്ള അവരുടെ വിളികേൾക്കില്ലെന്നതും, ആ ദിവസങ്ങളിലുള്ള കാത്തു നിൽപ്പൊഴിവാക്കി ഏഴാംനാൾ കൃത്യമായി കാത്തുനിൽക്കാനും ഞാൻ തിരിച്ചറിവു നേടി.
ചില ദിവസങ്ങളിൽ ഭഗവാനു മുന്നിൽ നിറമാല തൊഴുത്‌ മതിവരാതെ പിന്നെയും തൊഴുത്‌ എന്തൊക്കെയോ തേങ്ങിപ്പറഞ്ഞ്‌ നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാൻ മറന്ന്‌, ഒരുപാടൊരുപാട്‌ പ്രദക്ഷിണം വെച്ച്‌, ഒടുവിൽ എല്ലാ ശക്തിയും ചോർന്നുപോയപോലെ പ്രാഞ്ചി പ്രാഞ്ചി അവരമ്പലം വിട്ടുപോവുന്നത്‌ ഏതെങ്കിലുമൊരു കോണിൽ നിന്ന്‌ ഞാൻ വിങ്ങലോടെ നോക്കിക്കാണാറുണ്ട്‌.
ഞാൻ മാലകെട്ടി ഭഗവാണ്‌ ചാർത്തുന്ന നാളുകളിൽ 'തമ്പ്‌രാൻ കുട്ടീടെ നിറമാല കേമായ്ട്ട്ണ്ട്‌... നിയ്ക്കത്‌ തൊഴ്താലും തൊഴ്താലും മത്യാവ്ണില്ല്യാട്ടോ'ന്ന്‌ ചിരിച്ച്‌ അവർ നടന്നു മറയുമ്പോൾ, താൻ കെട്ടുന്ന മാല ഭഗവാനു മാത്രമല്ല അവർക്കും വല്യ ഇഷ്ടമാവുന്നല്ലോയെന്ന്‌ ഉള്ളു നിറഞ്ഞു തുടിക്കും.
ചിലപ്പോഴൊക്കെ രാത്രി ശീവേലിയ്ക്ക്‌ തിടമ്പെഴുന്നള്ളിക്കുമ്പോഴും, അതിനൊപ്പം വിളക്കു പിടിച്ച്‌, വിളക്കിന്റെ സ്പന്ദനങ്ങൾ കൈക്കുമ്പിളിലൊതുക്കി നടക്കുമ്പോഴും ഇടങ്കണ്ണിട്ടു കാണാറുണ്ട്‌ നിറമിഴികളുമായി, നാമങ്ങളുരുവിട്ട്‌ പ്രദക്ഷിണത്തിനൊപ്പം കൂടുന്നത്‌. അപ്പോഴൊക്കെ അവരുടെ നീണ്ട മുടിക്കെട്ടിൽ വിടർന്നു ചിരിക്കുന്ന മുല്ലപ്പൂമാലയും, ഉലയാത്ത സാരിയും അവരെകാണാൻ അഴകുണ്ടല്ലോയെന്നും, അവർക്കെപ്പോഴും ഇങ്ങനെ വൃത്തിയായി നടന്നൂടെയെന്നും ഞാൻ പ്രദക്ഷിണ വഴിയിൽ നിലവിളക്ക്‌ മുറുക്കിപിടിച്ച്‌, പ്രാർത്ഥനയിൽ ലയിക്കും. ഏഴ്‌ ജയിച്ച്‌ തറവാട്ടിനടുത്തുള്ള ഹൈസ്കൂളിലേക്കു പോയതും, ആഴ്ചയിലൊരിക്കൽ സ്കൂളില്ലാത്ത ദിവസങ്ങളിൽ അച്ഛനൊരു താങ്ങായി ക്ഷേത്രത്തിലെത്തുമ്പോഴും, പുതിയ വിശേഷങ്ങൾക്കിടയ്ക്ക്‌ അവരെ മറന്നിട്ടോ എന്തോ, അവരെങ്ങനയോ വിസ്മൃതിയിലാണ്ടുപോയി.
വല്യകുട്ടിയാണെന്ന വിചാരങ്ങളിൽ പെട്ടും, മൂക്കിനുതാഴെ നേർത്തു വരുന്ന നിഴലിലേക്ക്‌ നാണിച്ചും, കാലം പുതിയ വഴിയിലൂടെ യാത്രയൊരുക്കുമ്പോൾ അറിയാതെങ്ങനെയോ അവരും മറവിയുടെ കയങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ടു.
-സാർ, വീയാർ റെഡി....സൺലൈറ്റില്‌ ഒരു ഷോട്ടെടുക്കാൻ കഴിഞ്ഞാ...
ബലിക്കല്ലിനടുത്ത്‌ ശിലയായിരുന്ന ഞാൻ ഞെട്ടിത്തെറിച്ചു.
-കൃഷ്ണവേണി....?
-റെഡി സാർ....
ട്രാക്കിട്ട്‌ ട്രോളിയിലുറപ്പിച്ചിരിക്കുന്ന ക്യാമറക്കണ്ണിലൂടെ ഞാനെന്റെ ക്ഷേത്രം കണ്ടു. ആൽത്തറയ്ക്കും, അമ്പലക്കുളത്തിനുമപ്പുറം വളവു തിരിഞ്ഞ്‌, കറുത്ത ടാറുരുകിയൊലിക്കുന്ന പാത ശൂന്യമായി എനിക്കു നേരെ നെടുവീർപ്പിലലിഞ്ഞു.
ആൽത്തറയ്ക്കപ്പുറത്തെ, വർണ്ണപെയിന്റടിച്ച വീടിന്റെ നിറമുള്ള ഗേറ്റു കടന്ന്‌, വലിയ കുടക്കീഴിൽ കൃഷ്ണവേണി നടന്നടുത്തു.
ഞെട്ടിത്തരിച്ച്‌ ഞാനവരെ തുറിച്ചുനോക്കി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ മന്ദഹാസവുമായി, മുഷിഞ്ഞു തിളങ്ങുന്ന സാരി വാരി വലിച്ചുടുത്ത്‌, വാടിയ മുല്ലുപ്പൂക്കളുടെ ഗന്ധവുമായി 'തമ്പ്‌ രാൻ കുട്ട്യേ' എന്ന ചിരിയുമായി അവർ കൈകൂപ്പി നിന്നു.
-മേക്കപ്പ്‌ ഓക്കെയാ സാർ....?
കൃഷ്ണവേണിക്കരികിൽ മേക്കപ്പ്മാൻ തല ചൊറിഞ്ഞു.
ഞാൻ കൃഷ്ണവേണിയെ ഉറ്റുനോക്കി.
അന്ന്‌ ഡിഗ്രികഴിഞ്ഞ്‌ എന്തിനോ വേണ്ടി, നഗരത്തിലെ തിരക്കിലേപ്പോഴോ വെച്ചാണ്‌ അവസാനമായി ഞാനവരെ കണ്ടത്‌.
റോഡിനപ്പുറം, ഇപ്പുറത്തേക്കു വരാനായി വാഹനങ്ങളുടെ ഒഴുക്കൊന്നു നിലയ്ക്കുന്നതും കാത്ത്‌ വിയർത്തൊലിച്ചു നിൽക്കുന്ന അവരെ അമ്പരപ്പോടെയും ആഹ്ലാദത്തോടെയും തിരിച്ചറിഞ്ഞ്‌, തിരക്കിട്ട്‌ അപ്പുറം കടന്ന്‌ ഞാനവർക്കുമുന്നിൽ സൗഹൃദം പങ്കിട്ടു.
ആദ്യമൊരു പകളും, പിന്നെ അവിചാരിതമായൊരു കണ്ടുമുട്ടിലിന്റെ ആഹ്ലാദവുമായി അവർ വിടർന്നു ചിരിച്ചു.
-തമ്പ്‌ രാൻകുട്ടി ന്നെ മറന്നില്ല്യാലോ....
അവരുടെ ചിരിയിൽ ചുവന്ന നിറമില്ലല്ലോയെന്ന്‌, വെളുത്ത ചിരിയിലേക്കും ഒപ്പമുള്ള പെൺകുട്ടിയിലേക്കും ഞാൻ പുഞ്ചിരിച്ചു.
-മോളാ.... പത്തു കഴിഞ്ഞു... ഇനീപ്പോ പഠിക്കാനൊന്നും അയയ്ക്കണില്ല്യാ...തുന്നൽ മേഷീൻ വാങ്ങാൻ ലോൺ കിട്ടുംന്നറിഞ്ഞു-ബാങ്കില്‌....
വെളുത്തു മെലിഞ്ഞ വിടർന്ന മിഴികളുള്ള പെൺകുട്ടി പുഞ്ചിരിച്ചു. ചിരി ചുണ്ടിലെത്തുന്നതിനു മുമ്പെ മിഴികളിലാണല്ലോ വിടർന്നത്തെന്ന്‌ ഞാൻ കൗതുകത്തോടെ മന്ദഹസിച്ചു.
-എനിക്ക്‌ .... എനിക്കൊരു കാര്യം....
ഞാനവരുടെ മുഖത്തെ കരിവാളിപ്പിലേക്ക്‌ വിക്കി.
-ന്താ തമ്പ രാൻ കുട്ട്യേ....
-ന്റെ കൂട്യൊന്ന്‌ വർവ്വോ....? അവിടെ ഞങ്ങടെ മുറിടട്ത്ത്‌.....
അവരുടെ അൽപ്പം കുഴിഞ്ഞുതാണ കണ്ണുകളിലെ വാത്സല്യത്തിനപ്പുറം തെളിഞ്ഞ അവിശ്വസനീയതയിലേക്ക്‌ ഞാൻ ജാള്യതയോടെ മുഖം കുനിച്ചു.
-ന്റെ തമ്പ്‌ രാൻ കുട്ടീം... അയ്യോ....
ബലിക്കല്ലിൽ തിരുമേനി അർപ്പിച്ച നേദ്യച്ചോറിലെ ഓരോ വറ്റും സ്ഥിരമായെത്തുന്ന കാക്കകൾ ഓരോന്നായി കൊത്തിപ്പെറുക്കിയെടുക്കുന്നത്‌, കിണ്ടിയിലെ വെള്ളമൊഴിച്ച്‌ ബലിക്കല്ല്‌ കഴുകാനാവാതെ, കാക്കയ്ക്കു കാവൽ നിന്നിരുന്ന ഷാരടിക്കുട്ടി എന്തുകൊണ്ടോ വർഷങ്ങൾക്കു പിന്നിൽ നിന്നും മനസ്സിൽ നിന്നെത്തി നോക്കി.
ആൽത്തറ ചാരി, ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടന്നപോലെ തളർച്ചയോടെ നിന്ന അവർക്കരികിലേക്ക്‌, പഴയ പൊടിപിടിച്ച വോട്ടു പെട്ടിയുമായി, കാക്കകളുടെ സംരക്ഷകനായിരുന്ന ഇത്തിരിപ്പോന്ന കുട്ടിയുടെ ആഹ്ലാദത്തോടെ ഞാൻ നിന്നു.
-ഇതാ....ഇത്‌ നിങ്ങടെയാ....
-ന്താ ദ്‌...?
വോട്ടുപെട്ടിയുടെ, അല്ല ഭാണ്ഡാരത്തിന്റെ തുരുമ്പിച്ച ചെറിയ പൂട്ട്‌ ആൽത്തറയിൽ തുറിച്ചു നിന്ന കരിങ്കല്ലിൽ മേടിപ്പൊട്ടിച്ച്‌ മുഷിഞ്ഞ നോട്ടുകൾ വാരിയെടുത്ത്‌ ഞാനവർക്കു നീട്ടി.
അവിശ്വസനീയതയിലും അമ്പരപ്പിലും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
-തുന്നൽ മേഷീന്‌ തെകയും... തേവർക്കെന്തിനാ പാവങ്ങൾടെ പൈസാന്ന്‌ തോന്നി എനിയ്ക്കന്ന്‌....
-ന്റെ കുട്ട്യേ...
നിലവിളിയോടെ അവരെന്നെ ചേർത്തണച്ചു. അന്നാദ്യമായി അവരെന്നെ തമ്പ്‌ രാൻ കുട്ട്യേന്ന്‌ വിളിച്ചില്ല.
അടച്ചിട്ട ശ്രീകോവിലിനു നേരെ ഏറെ നേരം നിന്നു തൊഴുത്‌ നിറഞ്ഞൊഴുകുന്ന മിഴികൾ, നരച്ചതെങ്കിലും വൃത്തിയായുടുത്ത വോയിൽ സാരിയിൽ തുടച്ച്‌, പലവട്ടം തിരിഞ്ഞെന്നെ നോക്കി അവരും, മിഴികൾ നിറയെ ചിരിയുമായി പെൺകുട്ടിയും നടന്നകലുന്നത്‌ ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിർന്നിമേഷനായി ഞാൻ നോക്കി നിന്നു.
-സാർ, എനി പ്രോബ്ലം...?
കൃഷ്ണവേണി എനിക്കരികിൽ ആശങ്കാകുലയായി.
-നോ....നതിംഗ്‌...
വിലകുറഞ്ഞ തിളങ്ങുന്ന വാരി വലിച്ചുടുത്ത സാരിയും, എണ്ണമെഴുക്കുള്ള മുടിക്കെട്ടിൽ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധവും, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ നേർത്ത പുഞ്ചിരിയും, ഞാൻ കൃഷ്ണവേണിയുടെ തിളങ്ങുന്ന കണ്ണുകളിൽ സൂക്ഷിച്ചു നോക്കി.
-വേണീ, കണ്ണുകളിലൊരാലസ്യം നിറച്ച്‌....
ഓകെ....ആർ യൂ റെഡി....?
-യാ സാർ....
-ഓകെ....സ്റ്റാർട്ട്‌ ക്യാമറ...
അവർ വളവു തിരിഞ്ഞു വരുന്നതും കാത്ത്‌ ക്യാമറയ്ക്കു പിന്നിൽ ഞാൻ വിദൂരതയിലേക്കുറ്റുനോക്കി.