Followers

Wednesday, April 14, 2010

ഭാവനയുടെ ചന്ദ്രകിരണങ്ങൾ


sheela tomy

അക്ഷരങ്ങളുടെ ആത്മാവിന്റെ വികാരമായും സ്വപ്നമായും കാണുന്ന ഒരു കഥാകാരൻ സപ്തതിയുടെ നിറവിൽ എത്തിയിരിക്കുകയാണ്‌. 'അവകാശവാദങ്ങളില്ലാത്ത നന്മ' എന്ന്‌ പ്രിയങ്കരനായ സി.രാധാകൃഷ്ണൻ വിശേഷിപ്പിച്ച അക്ഷരലോകത്തിന്റെ ഉടമയായ ശ്രീ.എം.കെ.ചന്ദ്രശേഖരനെക്കുറിച്ചാണ്‌ ഞാൻ പറയുന്നത്‌.
എസ്‌.കെ.പൊറ്റക്കാടിന്റെ 'ഇൻസ്പെക്ഷൻ'എന്ന കഥ വായിച്ച്‌ പൊട്ടിക്കരഞ്ഞ ബാലൻ. ക്ലാസിലിരുന്ന്‌ പൊറ്റക്കാടിന്റെ 'നിശാഗന്ധി'വായിച്ചതിന്‌ ആയിരം വട്ടം ഇമ്പോസിഷൻ എഴുതേണ്ടിവന്നവൻ. ആ ബാല്യകൗതുകങ്ങൾ പക്വമതിയായ എഴുത്തുകാരനിലേക്കുള്ള വളർച്ചയുടെ ആദ്യനാമ്പുകളായിരുന്നിരിക്കാം.
എം.കെ.ചന്ദ്രശേഖരന്റെ ആദ്യകൃതി 'തടവറയിലേക്ക്‌ വീണ്ടും' പുറത്തിറങ്ങുന്നത്‌ 1981ലാണ്‌. ചെറുപ്പത്തിലെ എഴുതിത്തുടങ്ങിയെങ്കിലും സമപ്രായക്കാരേക്കാൾ ഏറെ വൈകിയാണ്‌ അദ്ദേഹം എഴുത്തിൽ സജീവമായത്‌. നോവലുകൾ, കഥകൾ, നോവലൈറ്റുകൾ, അനുഭവക്കുറിപ്പുകൾ, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സിനിമക്കും ഡോക്യുമന്ററിക്കും കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്‌. ഇപ്പോൾ പുഴ.കോം ഇന്റർനെറ്റ്‌ മാഗസിന്റെ എഡിറ്ററാണ്‌.
അധികമൊന്നും കൊട്ടിഘോഷിക്കപ്പെടാത്ത ഈ എഴുത്തുകാരൻ ഇന്നും ബഹളമില്ലാതെ, അവകാശവാദങ്ങളൊന്നുമില്ലാതെ സർഗ്ഗപ്രക്രിയ തുടരുകയാണ്‌. പുതിയ എഴുത്തുകാർക്ക്‌ സ്നേഹധനനായ ഗുരുനാഥനും വഴികാട്ടിയുമാണ്‌ അദ്ദേഹം. കഥയില്ലായ്മകളും അഗ്രാഹ്യമായ വാഗ്ധോരണികളും കഥയെന്ന പേരിൽ വായിക്കുവാൻ പലപ്പോഴും നാം വിധിക്കപ്പെടുമ്പോൾ, അവയിൽ നിന്നും വ്യത്യസ്തമായ പാതയിലൂടെ ഐറണികളുടെയും വൈചിത്ര്യങ്ങളുടെയും കാണാകാഴ്ചകളിലേക്ക്‌ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അതെ, അദ്ദേഹത്തിന്റെ കഥകളിൽ കഥയുണ്ട്‌. അത്‌ ലളിതവും സരസവുമായി പറയുന്നുമുണ്ട്‌. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ നമ്മുടെ ആകാംക്ഷ കഥാന്ത്യത്തോളം കെടാതെ നിൽക്കുന്നു. കഥ വായിച്ചു കഴിഞ്ഞാലോ ചിന്തയുടേയോ ചിരിയുടേയോ ഒരു കണിക മനസ്സിൽ ഒരിടത്ത്‌ കുടിയേറുന്നു. സാമൂഹ്യബോധത്തിന്റെ പ്രതിധ്വനി,
സാമൂഹ്യ പ്രതിബന്ധതയുടെ മാറ്റൊലി അദ്ദേഹത്തിന്റെ പല കഥകളിലും കേൾക്കാം. പീഡിപ്പിക്കപ്പെടുന്നവന്റെയും പാർശ്വവൽക്കരിക്കപ്പെടുന്നവന്റെയും ശബ്ദവും നാശോന്മുഖമായ പ്രകൃതിയുടെ രോദനവും അതിൽ മുഴങ്ങുന്നു.
"കാടിന്റെ അഗാധതയിൽ നിന്നും എവിടെയോ ഒരു വൻമരം മറിഞ്ഞു വീഴുന്ന ശബ്ദം. കാടിന്റെ നിലവിളിപോലെ ആ ശബ്ദം വലിയൊരു പ്രതിധ്വനി സൃഷ്ടിച്ചു. ക്രമേണ അതൊരു നേർത്ത തേങ്ങലായ്‌ കെട്ടടങ്ങി" (പാളിപ്പോയ വിപ്ലവത്തിന്റെ കഥ)
ഈ കഥയിൽ ജന്മിമാരുടെ കളപ്പുരകൾ പൊളിച്ച്‌ ധാന്യം കടത്തിയ വിപ്ലവകാരികൾ അരിഞ്ഞുവീഴ്ത്തിയത്‌ ജന്മിയെയല്ല, ഒരു പാവം കാവൽക്കാരനെയായിരുന്നു. കാലാന്തരത്തിൽ ചതിയനായ വിപ്ലവനേതാവിനെ കൊന്ന്‌ നവയുഗത്തിന്റെ നേതാവായ്‌ മാറിയ വേണുവിന്റെ സംഘത്തിലുള്ളത്‌ വിപ്ലവകാരികളല്ല, പകരം കൂപ്പുകോൺട്രാക്ടർമാരും രാഷ്ട്രീയനേതാക്കളുമാണ്‌. ഭൂമികൈയേറ്റങ്ങളും ഭൂസമരങ്ങളും തുടർക്കഥകളാകുമ്പോൾ ഈ കഥ കാലാതിവർത്തിയായ്‌ തന്നെ നിലകൊള്ളുന്നു.
ഇനി കുന്നേക്കായൽ ഗ്രാമത്തിന്റെ കഥ കേൾക്കണോ. (എന്റെ ഗ്രാമം നിങ്ങളുടെയും) സ്വാതന്ത്ര്യലബ്ധിക്കുശേഷം ഓരോ തെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി മാറിമാറി വന്ന ഭരണാധികാരികൾ സ്ഥാപിച്ച തറക്കല്ലുകൾ ഒന്നായി ചേർന്നാണ്‌ ഇവിടൊരു കുന്നുണ്ടായതത്രെ! ഒടുവിൽ തറക്കല്ലുകളെ നിർമ്മാർജ്ജനം ചെയ്യുക, ഗ്രാമത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി വന്ന ഒരു പാർട്ടി അവിടെ വിജയിക്കുന്നു. എന്നിട്ടോ, ആ പാർട്ടിയുടെ ആദ്യ മന്ത്രിസഭാ തീരുമാനം എന്തെന്നറിയണോ? 'കുന്നേക്കായൽ ഗ്രാമത്തിലെ തറക്കല്ലുകൾ നിർമ്മാർജ്ജനം ചെയ്യാൻ സ്ഥാപിക്കുന്ന ഫാക്ടറിയുടെ തറക്കല്ലിടൽ!' അതെ, ഇതു നമ്മുടെ നാടിന്റെ കഥ തന്നെയാണ്‌. പ്രച്ഛനവേഷം കെട്ടിയാടുന്ന നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ പരിഹസിക്കുവാൻ ഇനിയും ഏതു കഥ പറയണം!
മേയറെ കൊതുകു കടിച്ചാൽ, മിസ്‌ നഗരം, അനാവരണം, ദ സിറ്റി, രാമനിലേക്കുള്ള ദൂരം, രക്ഷകന്റെ വിധി, തീക്കാറ്റ്‌ തുടങ്ങിയ കഥകളിലെല്ലാം അധികാരവർഗ്ഗത്തിന്റെ അഴിഞ്ഞാട്ടങ്ങൾക്കും നിഷ്ക്രിയത്വത്തിനുമെതിരെ ആക്ഷേപഹാസ്യത്തിന്റെ അമ്പുകളെയ്യാൻ ധീരനായ ഈ പോരാളി ശ്രമിക്കുന്നുണ്ട്‌.
ആചാര്യന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയ മന്ത്രി കണ്ണു മിഴിച്ചു പോകുന്നു. പ്രതിമക്ക്‌ ആചാര്യനോടല്ല പ്രതിമാനിർമ്മാണത്തിന്റെ സൂത്രധാരണായ അബ്കാരിയോടാണ്‌ കൂടുതൽ സാമ്യം! മാത്രമോ, പ്രതിമയുടെ താഴെയായി അയാളുടെ അബ്കാരി സ്ഥാപനങ്ങളുടെ പട്ടികയും! (അനാവരണം) 'രാജാവു മുണ്ടുടുത്തിട്ടില്ല' എന്ന്‌ നിഷ്കളങ്കമായ്‌ വിളിച്ചു പറയുന്ന കുട്ടി ഇന്നും കഥാകാരനിൽ ഉണർന്നിരിക്കുകയാണ്‌.
'എന്നെ കൊല്ലൂ. താങ്കൾക്കാവില്ലെങ്കിൽ ഗോഡ്സെ ആവാൻ തയ്യാറുള്ള ആരെയെങ്കിലും വിളിക്കൂ. ഇതു ഭാരതമല്ല.' (രാമരാജ്യം) കിണറുകളും പുഴകളും വറ്റിവരണ്ട നാട്‌. ഒരു ഗ്ലാസ്സ്‌ വെള്ളത്തിനായ്‌ യാചിക്കുന്ന ഗാന്ധിജിയോട്‌ ഒരു പയ്യൻ പറയുന്നു, 'വെള്ളമില്ല. വേണമെങ്കിൽ ബ്രാണ്ടിയോ വിസ്കിയോ തരാം'. ഓരോ ആഘോഷങ്ങൾക്കും കോടികളുടെ മദ്യം കുടിച്ചുതീർക്കുന്ന നാട്ടിൽ ഈ തുറന്നെഴുത്ത്‌ അനുവാചകനെ ഒരു വേള ചിന്തിപ്പിച്ചേക്കാം. പാരിസ്ഥിതിക വിനാശമാണോ ധാർമ്മികച്ച്യുതിയാണോ നാടു നേരിടുന്ന വലിയ പ്രതിസന്ധി?
'ബോലോ റാം' എന്ന്‌ അക്രമികൾ ആക്രോശിക്കുമ്പോൾ ഒച്ചവെക്കാൻ പോലുമാവാതെ വാ തുറക്കുന്ന നിസ്സാഹായരുടെ വായിലേക്കു തന്നെ കുന്തവും കഠാരയും കുത്തിയിറക്കുകയായി' (രാമനിലേക്കുള്ള ദൂരം) വർഗീയക്കോമരങ്ങളുടെ ചുടലനൃത്തം തകർത്തെറിഞ്ഞ ഭൂമിയിൽ അവശേഷിക്കുന്നവരെ കാണുവാനെത്തിയ മഹാത്മാവിനെ ആരും തിരിച്ചറിയുന്നില്ല. കഥാകാരന്റെ ദൃശ്യപ്രതീതിയുണർത്തുന്ന വിവരണം സമ്മാനിക്കുന്ന ഞെട്ടലിൽ രാമനിലേക്കുള്ള ദൂരം അരനൂറ്റാണ്ടിന്റെ ദൂരമല്ല സഹസ്രാബ്ദങ്ങളുടെ ദൂരമാണെന്ന്‌ നാം തിരിച്ചറിയുന്നു.
മതപരമായ അപചയങ്ങളും കാപട്യങ്ങളും വിളിച്ചോതുന്ന കഥയാണ്‌ 'രക്ഷകന്റെ വിധി' ഇവിടെ സ്വന്തം അനുയായികൾ രക്ഷകനു നൽകുന്ന മരണവിധി കുരിശുമരണമല്ല. കാലാനുസാരിയായ ബൽറ്റുബോംബാണ്‌ ഇവിടെ രക്ഷയുടെ പ്രതീകം. കാലത്തിനനുസരിച്ച്‌ കഥയും ബിംബങ്ങളും പരിവർത്തന വിധേയമാകുന്നുണ്ട്‌ ഇവിടെ.
നഗരത്തിൽ എന്തെല്ലാമുണ്ട്‌?
'ദി സിറ്റി'യിലൂടെ ഒന്നു നടന്നു നോക്കു. 'റസിഡൻഷ്യൽ സൗധങ്ങളും, ചന്തകളും, ബാങ്കുകളും, സ്കൂളുകളും, രാജവീഥികളും മാത്രമല്ല തെരുവുകളും അഴുക്കുചാലുകളും വേശ്യകളും പിടിച്ചുപറിക്കാരും അധോലോക സംഘങ്ങളും ഒക്കെ ചേർന്നതാണ്‌ സിറ്റി'. ഇവിടെ സെൽഫോണിലൂടെ അധികാരികളുടെ മൗനാനുവാദത്തോടെ നക്ഷത്രവേശ്യാലയം നടത്തിക്കൊണ്ടുപോകുന്ന അജ്ഞാത ആരാണെന്നോ? സിറ്റി കമ്മീഷണറുടെ ഭാര്യതന്നെയാണ്‌. അതിന്റെ നടത്തിപ്പുകാരി.
ഒരു വേശ്യാലയം നാടിനു ചെയ്യുന്ന സേവനങ്ങളെക്കുറിച്ച്‌ വാചാലനാകുന്ന നഗരപിതാവിനെയും ഈ കഥയിൽ കാണാം.
നഗരത്തിന്റെ കഥ പറയുമ്പോൾ തെണ്ടികളുടെ കഥ പറയുന്ന 'ദൈവത്തിന്‌ പ്രിയപ്പെട്ടവർ' എന്ന നോവൽ പരാമർശിക്കാതെ വയ്യ. മലയാള സാഹിത്യത്തിനു ലഭിച്ച തോട്ടികളുടെയും റിക്ഷാക്കാരന്റെയുമൊക്കെ കഥകൾ നിധിപോലെ സൂക്ഷിക്കുന്നവരാണ്‌ നമ്മൾ. ലോകമാസകലമുള്ള ആസ്വാദകർ ഇഷ്ടത്തോടെ സ്വീകരിച്ച സിനിമയാണ്‌ 'സ്ലം ഡോഗ്‌ മില്ല്യെനെയർ' ഇന്ത്യൻ ചേരികളുടെ ദുരവസ്ഥ ലോകത്തിനു മുമ്പിൽ തുറന്നു വച്ചതിനെ ചൊല്ലി വിമർശനങ്ങളും പ്രതിവാദങ്ങളുമുണ്ടായി. എന്തുതന്നെയായാലും, കൊച്ചിയെന്ന മെട്രോ നഗരത്തിൽ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന തിരസകൃതരായ ഒരു കൂട്ടം മനുഷ്യജീവികളുടെ കഥ പറയുവാൻ ഈ കഥാകാരൻ സമയം കണ്ടെത്തിയത്‌ അഭിനന്ദനാർഹമാണ്‌.
മാലിന്യങ്ങൾ ഡമ്പുചെയ്യുന്ന കസ്തൂരിപ്പറമ്പിനരികിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം. അതിനുമുമ്പിൽ ഒരു ബോർഡ്‌-'പരസ്പര സഹായം ദൈവസഹായം'. ആരുടേതെന്നറിയാത്ത ആ കെട്ടിടം ശിവാനന്ദൻ തെണ്ടികളുടെ താവളമാക്കുന്നു. ശിവാനന്ദൻ മുതലാളിയുടെ ബിസിനസ്സിന്‌ എന്തൊക്കെ കളങ്കങ്ങൾ പറഞ്ഞാലും ഒരു ധാരമ്മിക വശമുണ്ടെന്നു കരുതുന്ന വിശ്വസ്ത അനുചരൻ മുരുകൻ. ട്രെയിനിൽ നിന്നും നിരാശ്രയയായി കൈനീട്ടി മുരുകനോടൊപ്പം കൂടിയ വള്ളി ശിവാനന്ദന്റെ പഴയ ഭാര്യ 'സുന്ദരി'യായിരുന്നുവേന്ന്‌ കഥാന്ത്യത്തിൽ അറിയുന്നു. ആരോരുമില്ലാത്തവരുടെ കണ്ണീരും കിനാവുകളും ചാലിച്ചെഴുതിയ നോവലാണിത്‌.
സുന്ദരിക്കു നഷ്ടമായ കുട്ടി നായാടിയുടെ സഞ്ചിയിൽ വളർന്ന്‌ അഞ്ചു വർഷങ്ങൾക്കു ശേഷം അവൾക്കരികിലെത്തിച്ചേരുമ്പോൾ ഒരു മുത്തശ്ശിക്കഥപോലെയോ പണ്ടു പലരും പറഞ്ഞ കഥപോലെയോ തോന്നാമെങ്കിലും തനിക്കുള്ളതെല്ലാം പഴയഭാര്യക്കും, മകനും അവരുടെ സംരക്ഷകനും നൽകി ശിവാനന്ദൻ നടന്നു നീങ്ങുമ്പോൾ ഈ കഥ വ്യത്യസ്തമാകുന്നു. ആ യാത്രാമൊഴി കഥാകാരൻ കുറിക്കുന്നതു നോക്കു. 'ഒരു തൂവൽസ്പർശം ഹൃദയത്തെ തൊട്ടുതലോടുന്നപോലെ എല്ലാ ഭാരങ്ങളും ഞാൻ ഇറക്കിവച്ചു. ഇനി എനിക്കു യാത്രയാകാം. 'ഈ ചെറിയവരിൽ ഒരുവന്‌ നിങ്ങൾ ചെയ്യുന്നതെല്ലാം എനിക്കു തന്നെയാണ്‌ ചെയ്യുന്നത്‌' എന്ന ബൈബിൾ വചനം ഈ നോവലിന്റെ അന്തസത്തയാണ്‌.
'ഒരു കണ്ണീർകണം മറ്റുള്ളവർക്കായ്‌ ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം' (അക്കിത്തം)
ഗന്ധർവസ്പന്ദം
'സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടായാൽ പിന്നെ ചെയ്യാൻ വയ്യാത്തത്തായ്‌, ഒന്നുമില്ല. സ്നേഹമുണ്ടെങ്കിൽ മനുഷ്യന്‌ കാറ്റായിപോലും മാറാം. സ്നേഹം ശക്തിയാണ്‌, പ്രേരണയാണ്‌. ഒന്നിനെ കൂടുതൽ മെച്ചപ്പെട്ടതാണ്‌ അതു മാറ്റിയെടുക്കുന്നു. അതു മനുഷ്യനിലെ നന്മയെ ഉത്തേജിപ്പിക്കുന്നു.' (ആൽകെമിസ്റ്റ്‌ - പൗലോ കൊയ്‌ലോ)
'ശാപം കിട്ടിയ ഗന്ധർവൻ' എന്ന്‌ വെണ്ണിക്കുളം വിശേഷിപ്പിച്ച ചങ്ങമ്പുഴയുടെ കിനാവുകളുടെയും വേദനയുടെയും ലഹരി ചന്ദ്രശേഖരന്റെ തൂലികത്തുമ്പിലൂടെ 'ഗന്ധർവ്വസ്പന്ദ'മായ്‌ പിറവിയെടുത്തു. സ്വപ്നവും യാഥാർത്ഥ്യവും സമ്മേളിക്കുന്ന കാവ്യസമാനമായ ഈ നോവൽ ആഴത്തിൽ വായിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമുണ്ട്‌.
'നീ എല്ലാം ത്യജിക്കുക. ആത്മാവ്‌ മാത്രമായ്‌ വന്നെന്നെ പ്രാപിക്കുക. ആത്മാവിന്റെ സൗന്ദര്യം മാത്രമാണ്‌ ശാശ്വതസത്യം' എനിക്കാ പൊന്നോടക്കുഴൽ മാത്രം മതി എന്നു പറഞ്ഞ ദേവയാനിയുടെ പ്രണയത്താൽ സംഗീതസാന്ദ്രമായിത്തീർന്ന കവി മനസ്സിൽ പിറവിയെടുത്തതെല്ലാം സുന്ദരകാവ്യങ്ങൾ. പ്രണയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന കവിയുടെ മനോഗതം കഥാകാരൻ വിവരിക്കുന്നതു നോക്കു. 'ഭൂഖണ്ഡം മുഴുവൻ ഞാൻ ചുറ്റി സഞ്ചരിച്ചു. നദികളും സമുദ്രങ്ങളും എനിക്കുവേണ്ടി വഴി മാറി. ഞാനേറെ അഹങ്കരിച്ചു. ഇതെന്റെ സാമ്രാജ്യം'
യൗവനസഹജമായ കാമക്രോധങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ട കവിയിൽ നിന്നും വിഷാദാത്മക രാഗങ്ങൾ ഒഴുകാൻ തുടങ്ങുന്നു. കൂട്ടുകാർ, കാമിനിമാർ, മദ്യപാനം നഷ്ടമാക്കിയ ഉദ്യോഗങ്ങൾ,എന്നും പരാതിയും വീർത്തമുഖവുമായ്‌ നിൽക്കുന്ന ഭാര്യ.
'എന്നും സ്വപ്നം കാണാമെന്ന മോഹവുമായ്‌ ഇല്ലാത്ത സങ്കൽപ രഥത്തിലേറി ദന്തഗോപുരത്തിൽ ചേക്കേറിയവർ വളരെ വൈകി ഭൂമിയിലേക്കു കാലെടുത്തു വക്കുമ്പോൾ മാത്രമാണ്‌ നഷ്ടമായതിനെ പറ്റി അറിയുക.' സ്നേഹിച്ചവർക്കൊക്കെ സ്നേഹം നൽകി വീർപ്പുമുട്ടിച്ചവൻ എല്ലാം താൽക്കാലിക ഭ്രമകൽപനകളുടെ പൂർത്തീകരണമായിരുന്നുവേന്ന്‌ അറിഞ്ഞത്‌ ഒടുവിൽ മാത്രം.
ഇരുട്ടിൽ ചുമച്ചു തളർന്നു കിടക്കുമ്പോൾ വെണ്ണിലാവിന്റെ ആശ്വാസവചനം. 'കുന്നും കുഴിയും നിറഞ്ഞവ മാത്രമാണോ ജീവിതം? പരാജയങ്ങളെ വിജയങ്ങളാക്കാൻ കഴിവുള്ളവനേ പൂർണ്ണജീവിതം ലഭിക്കൂ'. ഇവിടെ നോവൽ ദാർശനികതലത്തിലേക്കുയരുകയാണ്‌.
യുദ്ധത്തിൽ തകർന്ന അക്ബർ നഗരത്തെ നോക്കി നിൽക്കുന്ന ഏലിയാ പ്രവാചകൻ പറയുന്നു-'ദൈവങ്ങൾ കണ്ട സ്വപ്നമാണ്‌ ഈ നഗരം. എങ്കിൽ ദൈവങ്ങളെ വിളിച്ചു പറഞ്ഞാലോ, ഈ സ്വപ്നത്തിൽ നിന്നുണരൂ, എന്നിട്ട്‌ പിന്നെയുമുറങ്ങി സുന്ദരമായൊരു സ്വപ്നം വേറെ കാണൂ എന്ന്‌'-(ഫിഫ്ത്‌ മൗണ്ടൻ-പൗലോ കോയ്‌ലോ)
കവിയുടെ അന്ത്യനിമിഷങ്ങളിലെ ചിന്തകൾ കഥാകാരൻ വിവരിക്കുന്ന ഭാഗം ഇതിനു സമാനമാണ്‌. 'ഇനിയുമെനിക്കെഴുതണം. മനുഷ്യവർഗത്തെ അധിക്ഷേപിച്ച്‌ എഴുതിയതിനെയെല്ലാം മാപ്പുചോദിക്കണം. പക്ഷെ, ഈ ഇരുട്ടിൽ ഇനി ആരു വിളക്കു തെളിക്കും' കഥാകാരൻ തെളിച്ച ചന്ദ്രപ്രകാശത്തിൽ നമ്മൾ കാണുന്നു, ശാപം കിട്ടിയ അപ്സരസ്‌ ശാപം കിട്ടിയ ഗന്ധർവനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരിക്കുന്നു! സ്വപ്നത്തിന്റെയും സത്യത്തിന്റെയും അതിർവരമ്പുകൾ നേർത്തില്ലാതാവുകയാണ്‌ ഇവിടെ. കൊയ്‌ലോ പറയുന്നപോലെ ദൈവങ്ങൾ കണ്ട സ്വപ്നമാണോ ഇതും!
ബാല്യത്തിൽ വീട്ടുമുറ്റത്ത്‌ കറ്റമെതിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത പെണ്ണുങ്ങൾ പാടിക്കേട്ട രമണനിലെ വരികളും അതിന്റെ ശിൽപിയും കഥാകാരനെ എത്രമാത്രം സ്വാധീനിച്ചു എന്നതിനു തെളിവാണ്‌ 'ഗന്ധർവസ്പന്ദം'. കവി, ഭാര്യ ലക്ഷ്മി, ദേവയാനി, കൗമാരപ്രണയിനിയായ ചിന്നമ്മു,കൂടുകാരൻ ഇടപ്പള്ളി ഇവരെല്ലാം മനസ്സിൽ കുടിയേറുന്ന കഥാപാത്രങ്ങളാണ്‌. ചുരുക്കം ചില ഭാഗങ്ങൾ മാത്രം ഒന്നുകൂടി ചെത്തിമിനുക്കാമായിരുന്നു എന്നു തോന്നിയാലും ഭാഷനിലനിൽക്കുവോളം നിലനിൽപ്പുള്ള ചങ്ങമ്പുഴക്കവിതകൾ ഇഷ്ടപ്പെടുന്നവർക്ക്‌ 'ഗന്ധർവസ്പണ്ടത്തെ അവഗണിക്കാനാവില്ല.
സ്നേഹവും നഷ്ടപ്രണയവും പ്രതിപാദ്യമാകുന്ന ആർദ്രമായ അനവധി കഥകൾ എം.കെ.ചന്ദ്രശേഖരൻ എഴുതിയിട്ടുണ്ട്‌. ത്രിവേണി, ഒരിക്കൽകൂടി വിട, ആത്മാവിന്റെ നോവുകൾ, നാഴികമണിയുടെ സൂചികൾ- ഇവയെല്ലാം അതിൽ ചിലതു മാത്രം.
വൈരുദ്ധ്യങ്ങൾ വൈവിധ്യങ്ങൾ
ഒട്ടും അസ്വാഭാവികത തോന്നാത്തവിധം തികച്ചും അസാധാരണമായ കഥാപരിസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഥാകാരന്റെ മിടുക്ക്‌ അന്യാദൃശമാണ്‌. ഉദ്വേഗഭരിതമായ ഈ കഥകളൊന്നുപോലും നമ്മെ മടുപ്പിക്കുന്നില്ല എന്നു മാത്രമല്ല, ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ നമ്മെ അതിശയിപ്പിക്കുന്നു.
മാർക്വിസിന്റെ 'ഏകാന്തത്തയുടെ നൂറുവർഷങ്ങളിൽ' മറവിരോഗം ബാധിച്ച മക്കൊണ്ട നിവാസികളെ നാം പരിചയപ്പെടുന്നു. അവർ പശുവിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ ബോർഡ്‌ ഇങ്ങനെയാണ്‌-'ഇതു പശുവാണ്‌. രാവിലെ ഇതിനെ കറക്കണം. പാൽ കുടിക്കാൻ കൊള്ളും'.
'കൂനന്മാരുടെ നഗരം' എന്ന കഥയിൽ കൂന്‌ ഒരു പ്രതീകമായി മാറുകയാണ്‌. രാമാനുജൻ എന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥിയുടെ നൂറാമത്തെ ഇന്റർവ്യൂവാണ്‌ പ്രതിപാദ്യം. തൊഴിലില്ലായ്മ എന്ന വിപത്തും ഇന്റർവ്യൂബോർഡിന്റെ ചില നടപടികളും എങ്ങനെ ഈ നഗരത്തിലെ യുവജനങ്ങളെ കൂനൻമാരാക്കി എന്നു വർണ്ണിക്കുന്നത്‌ രസകരമാണ്‌. ഒപ്പം കൂനുപോലെ നാടിനെ കാർന്നു തിന്നുന്ന തൊഴിലില്ലായ്മാ പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവക്കപ്പെടുന്നു.
വിവാഹനാളിൽ വധുവിനെ പൊന്നുകൊണ്ടുമൂടി പ്രദർശിപ്പിക്കുന്ന ആർഭാഢക്കൊതിക്കെതിരെ പ്രതികരിക്കുകയാണ്‌ 'ലോഹഭാരം' എന്ന കഥ. സദാസമയവും പൂജാമുറിയിൽ കഴിഞ്ഞുകൂടുന്ന മദ്ധ്യവയസ്കയായ ഭാര്യയെ നേരിടുവാൻ അനന്തരാമൻ കണ്ടെത്തുന്ന വഴികൾ നമ്മെ ചിരിപ്പിക്കും (ഒടുവിൽ കിട്ടിയത്‌). എന്നാൽ 'അധിനിവേശത്തിന്റെ വഴികൾ' വായിക്കുമ്പോൾ വീടും ഭാര്യയും പോലും കൈയ്യേറ്റത്താൽ നഷ്ടപ്പെട്ട കഥാപാത്രത്തോടൊപ്പം നമ്മൾ നടുങ്ങുന്നു. ഭൂതകാലത്തിന്റെ പാപഭാരമിറക്കിവച്ച്‌ കുട്ടനോട്‌ മാപ്പിറക്കാൻ വന്ന്‌ പിടികൊടുക്കാതെ ചരമക്കോളത്തിലേക്ക്‌ കടന്നുകളഞ്ഞ വൃദ്ധൻ (ചരമക്കോളത്തിൽ ഒരിടം), അറവുകാരനെ വെട്ടിച്ചോടിയ പ്രതികാരദാഹിയായ അറവുകാള(തോൽവി) നിമിഷാർദ്ധങ്ങളുടെ വ്യത്യാസത്തിൽ തിരിച്ചറിയാതെ തെന്നിമാറുന്ന ഒരു കഥാകൃത്തിന്റെ ഓർമ്മ (വിഷാദപൂർവ്വം വിട), നന്മചെയ്യണമെന്ന മനസ്സുമായ്‌ എന്നും അബദ്ധങ്ങളിൽ ചെന്നുചാടുന്ന അനന്തു (അനന്തു), ഒരു നോവലിസ്റ്റ്‌ എഴുതിയ കഥകളെല്ലാം അറിയാതെ കൊച്ചാപ്പു എന്നയാളുടെ ജീവിതകഥയായ്‌ വന്നപ്പോൾ ഉണ്ടാവുന്ന പൊല്ലാപ്പ്‌ (സങ്കീർണ്ണമായ സമസ്യ), പുരുഷന്റെ പ്രത്യുൽപാദന ശേഷിപോലും വിൽപ്പനച്ചരക്കാവുന്ന കാലത്തെ ദീർഘദർശനം ചെയ്യുന്ന 'മെറ്റിൽഡ ജയ്ൻ' പത്മരാജൻ അഭ്രപാളിയിൽ പകർത്തിയ അപരൻ (ശത്രുവിന്റെ മരണം), സ്വന്തം സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം മരണം ഉറപ്പാക്കുന്ന ഒരാളുടെ കഥ പറയുന്ന 'മടക്കം' അങ്ങനെ നീണ്ടുപോകുന്നു എം.കെ.ചന്ദ്രശേഖരൻ ഒരുക്കുന്ന വൈരുദ്ധ്യം നിറയുന്ന കഥാപരിസരങ്ങളും വൈവിധ്യമാർന്ന ആഖ്യാനങ്ങളും.
ലളിത മുതൽ അരുദ്ധതിവരെ
എം.കെ.ചന്ദ്രശേഖരന്റെ സ്ത്രീ കഥാപാത്രങ്ങളിൽ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്‌. സ്വാമി തീർത്ഥപാദരുടെ ആശ്രമം തേടി സൗപർണികയിലെത്തിയ അസംതൃപ്തനായ തീർത്ഥാടകന്‌ വിസ്മയമായിരുന്നു ലളിത എന്ന പെൺകുട്ടി. കഷ്ടപ്പാടുകളിലും ജീവിതം ധീരമായ്‌ നേരിട്ടവൾ. അവൾ അയാളുടെ ജീവിതത്തിന്‌ പുതിയൊരു ഉൾക്കാഴ്ച നൽകുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം അയാൾ തിരിച്ചെത്തുമ്പോൾ സ്നാനഘട്ടത്തിലെ ചുഴിയിൽ ഒരപകടത്തിൽ അവളുടെ ജീവൻ പൊലിഞ്ഞിരുന്നു. മരണത്തിലും അവൾ വരാനിരിക്കുന്ന തീർത്ഥാടക ലക്ഷങ്ങൾക്കു മൂന്നാര്റിയിപ്പും മാർഗ്ഗദർശനവുമായ്‌ മാറുന്നു. 'ചുഴിയുണ്ട്‌. ഇവിടെ നിങ്ങൾ ഇറങ്ങരുത്‌' എന്ന രണ്ടുവാക്യങ്ങളായ്‌ അവൾ അവിടെ കുടി കൊള്ളുന്നു (പുണ്യക്ഷേത്രം)
'ശിൽപങ്ങളിലെ കവിത പൂർത്തീകരിക്കണമെങ്കിൽ അവൾ കൂടി വേണം. അവൾ ഇല്ലെങ്കിൽ ഈ ശിൽപങ്ങൾ തണുത്തുറഞ്ഞ വികാര രഹിതമായ കുറെ കരിങ്കല്ലുകൾ മാത്രം (അരുന്ധതി) ക്ഷേത്രനഗരിയിലെത്തിയ സഞ്ചാരിയുടെ മനസ്സിൽ ഉദിച്ച നക്ഷത്രമായിരുന്നു അരുന്ധതി. കാവ്യഭംഗി തുളുമ്പുന്ന ഭാവശിൽപം തന്നെയാണ്‌ 'അരുന്ധതി' എന്ന നോവലൈറ്റ്‌. വർഷങ്ങൾക്കു ശേഷം കാണാനെത്തിയ പഴയസുഹൃത്തിനോട്‌ അവൾ അപരിചിതഭാവം നടിക്കുമ്പോൾ കഥ പൂർത്തീകരിക്കാൻ വായനക്കാരനെ ഏൽപ്പിച്ച്‌ കഥാകാരൻ മറയുകയാണ്‌.
'മുലപ്പാലിന്റെ എന്നോ മറന്ന മധുരിമ അയാൾ നുണഞ്ഞു. അയാളുടെ കവിളുകളിൽ കൂടി അതു നുരഞ്ഞൊഴുകി. അയാൾ സ്വാന്ത്വനം കണ്ടെത്തി (മെർക്കാറയിലെ സ്ത്രീ). മറ്റൊരു പ്രഹേളികയാണ്‌ ഈ കഥയിലെ നായിക. എന്തിനു മാർഗരറ്റ്‌ ആത്മഹത്യ ചെയ്തു? ബോധം മറയുംമുമ്പ്‌ അവൾക്കയാളോട്‌ പറയാനുണ്ടായിരുന്നത്‌ എന്ത്‌? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ മനസ്സിൽ അവശേഷിപ്പിക്കുന്നു.
വിചിത്രമായ ഈ സ്നേഹഗാഥ
പക്വമായ തീരുമാനങ്ങളോടെ അച്ഛന്‌ ആശ്വാസമാകുന്ന 'മകൾ' എന്ന കഥയിലെ പെൺകുട്ടിയെ നാം മറക്കില്ല. ഇനിയെങ്കിലും ചേട്ടൻ ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പഠിക്കൂ. എന്നിട്ട്‌ വിവാഹം കഴിക്കൂ. എന്ന്‌ വഴിയാത്രയിൽ കണ്ടുമുട്ടുന്ന പൂർവ്വകാമുകനോടു പറയുന്ന 'സതി'യും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്‌. 'സംഘർഷത്തിന്റെ ദിനങ്ങളിൽ' രതി എന്ന കഥാപാത്രം സാമാന്യമായ കാഴ്ചപ്പുറങ്ങൾക്കപ്പുറം വിഹരിക്കുകയാണ്‌.
പുഴ ആഹ്ലാദത്തോടെ അവളെ തിരിച്ചറിഞ്ഞു. അനന്തമായ കൈകൾ നീട്ടി അവളെ ആശ്ലേഷിച്ചു. അവൾ മറ്റൊരു പുഴയായി (പുഴ) ഇങ്ങനെ പ്രകൃതിയും ഈശ്വരനും ആത്മാവും മുക്തിയും എല്ലാം ഒന്നായ്‌ മാറുന്ന ചില നിമിഷങ്ങൾ ചന്ദ്രശേഖരന്റെ കഥകളിൽ നമുക്കു കണ്ടെത്താം. ചിലപ്പോൾ 'സ്ത്രീ' പ്രകൃതിയുടെ തന്നെ പൂരകമായ്‌ ഭവിക്കുന്നു. 'കടൽ' എന്ന കഥയിൽ കടലിനെ പ്രണയിക്കുന്ന പെൺകുട്ടിയെ നമുക്കു കാണാം.
തകിടം മറിയുന്ന വിശ്വാസപ്രമാണങ്ങൾ
'ഡിവൈൻ കോമഡി'യിൽ ദാന്തേ പറയുന്നു-'യഥാർത്ഥ സ്നേഹം പുറത്തുവരാൻ മനുഷ്യൻ അനുമതി നൽകുന്ന ദിവസം നാം വിശ്വസിക്കുന്ന പലതും തകിടം മറിയും' അങ്ങനെയൊരു തകിടം മറിച്ചിൽ ചന്ദ്രശേഖരന്റെ പല കഥകളിലും നമുക്കു കാണാം.
'നാഴികമണിയുടെ സൂചികൾ' എന്ന കഥയിലേക്കു വരൂ. നാഴിക മണി നാലുമണിക്കു നിശ്ചലമായതും, വിഗ്രഹവും വിഗ്രഹത്തെ പുണർന്നു നിന്ന രാധയുടെയും ഉണ്ണിനമ്പൂതിരിയുടെയും മൃതദേഹങ്ങളും അപ്രത്യക്ഷമായതും വായിക്കുമ്പോൾ ദുരൂഹമായ ഈ കാൽപനിക പ്രണയത്തിൽ പ്രപഞ്ചത്തിന്റെ സ്പന്ദനവും അലിഞ്ഞുചേരുന്നതായ്‌ നാം അറിയുന്നു.
'ബോധിവൃക്ഷം തേടുന്ന ഒരു സിദ്ധാർത്ഥനാവാൻ ഞാൻ കൊതിച്ചു. പക്ഷെ, ഞാൻ കണ്ടെത്തിയ ബോധിവൃക്ഷത്തിന്‌ ശിഖിരങ്ങളില്ലായിരുന്നു. വെറും തടി മാത്രമായ്‌ വെട്ടിനിരത്തപ്പെട്ട ആലിന്റെ ചുവട്ടിൽ തപസ്സുചെയ്യാൻ വിധിക്കപ്പെട്ടവനായ്‌ ഞാൻ മാറി. (വീണ്ടും ഒരുജന്മം തേടി) ആത്മാവിന്റെ ഏകാന്തത്ത ഒരു ഘട്ടത്തിലെങ്കിലും കഥാകാരനും അനുഭവച്ചിട്ടുണ്ടെന്ന്‌ ഈ കഥയിലെ അസ്ഥിത്വ ദുഃഖം പേറുന്ന കഥാപാത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ വേദനയിൽ നിന്നാവാം ഉദാത്തമായ സർഗ്ഗസൃഷ്ടികൾ ഉദ്ഭവിക്കുന്നത്‌. ഈ കഥയുടെ അന്ത്യത്തിൽ, പ്രപഞ്ചത്തിൽ ആരും അന്യരല്ല എന്നു പരമമായ സത്യം കണ്ടെത്തി ആനന്ദനിർവൃതിയിൽ കഥാപാത്രം അന്ത്യനിമിഷത്തെ പുൽകുകയാണ്‌.
തകഴിയുടെ 'വെള്ളപ്പൊക്കത്തിലെ' നായക്കുട്ടിയെ നമുക്കറിയാം. സഹജീവിസ്നേഹത്തിന്റെ ആഴങ്ങളിലേക്കൊഴുകുന്ന 'പുഴ ശാന്തമാകുന്നു' എന്ന കഥയിലുമുണ്ട്‌ ഒരു നായക്കുട്ടി. 'വെള്ളപ്പൊക്കത്തിൽ ഒരു രാത്രിമുഴുവൻ തുരുത്തിൽ കൂട്ടിരുന്ന നായക്കുട്ടിയെ ഉപേക്ഷിച്ച്‌ കൊച്ചുമോൾ പോർവ്വോ!' ആർദ്രമായ്‌ പറഞ്ഞുപോകുന്ന കഥക്ക്‌ വല്ലാത്തൊരു വശ്യതയുണ്ട്‌.
ജീവിതാന്ത്യം വരെ തെറ്റിദ്ധരിക്കപ്പെടുന്ന ഗോവിന്ദമാമയുടെ കഥയാണ്‌ 'സൂര്യോദയം കാണാതെ ഒരു ജന്മം' എന്ന നോവലൈറ്റ്‌. കഥക്കുള്ളിലെ ഉപകഥയിൽ കപ്പൽതട്ടിൽ ക്യാപ്റ്റന്റെ തിരിച്ചുവരവും കാത്ത്‌ പോരാടി നിൽക്കുന്ന കാസാബിയങ്കയെ കാണാം. ചില കടപ്പാടുകളുടെ പേരിൽ തന്നെ വെറുക്കുന്നവർക്കുവേണ്ടി അവസാനനിമിഷം വരെ അദ്ധ്വാനിക്കുന്ന ഗോവിന്ദമാമയെ നാം മറക്കില്ല. ഗോവിന്ദമാമയിൽ നാം മറ്റൊരു കാസാബിയങ്കയെ കണ്ടുവേന്നു വരാം.
എം.കെ.ചന്ദ്രശേഖരന്റെ ഒരു കഥപോലും അലസമായി വായിച്ചുപോകാൻ നമുക്കാവില്ല. അസ്വസ്ഥതയുടെയോ നൊമ്പരത്തിന്റെയോ സംശയത്തിന്റെയോ ചിന്തയുടെയോ ഒരു സ്ഫുലിംഗം മനസ്സിൽ മിന്നിമറിയും.
ആധുനികളോകത്തിന്‌ നഷ്ടമായ്ക്കൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും, സമസ്യകളും, വൈരുദ്ധ്യങ്ങളും എല്ലാം നിറയുന്ന ചാന്ദ്രപ്രകാശമുള്ള കഥകൾ (ഡോ.എം.ലീലാവതിയുടെ ഉപമ) നമ്മെ തേടി വരുന്നതു കാത്തിരിക്കാം.
"കാത്തിരിപ്പ്‌ മിഥ്യയാണെന്നറിഞ്ഞപ്പോഴേക്കും അയാളിലെ യൗവനം വാർന്നുപോയ്‌ കഴിഞ്ഞിരുന്നു." (കുട) 70 വയസ്സിന്റെ നിറവിലും യൗവനം വാർന്നുപോകാത്ത ഭാവനയുമായ്‌, ഗാഢമായ ഹൃദയബന്ധങ്ങളുടെ കാണാച്ചരടുകളുമായ്‌ 'അപരാഹ്നങ്ങളിലെ സന്ദർശക'യെ പോലെ അദ്ദേഹത്തിന്റെ രചനകൾ. ഇനിയും എത്തിച്ചേരട്ടെ.
'കാലത്തിന്റെ കൈയ്യൊപ്പു പതിച്ച ചലച്ചിത്ര പ്രതിഭകൾ എന്ന ക്ലാസിക്‌ സിനിമകളെക്കുറിച്ചുള്ള ആധികാരികമായ പഠനഗ്രന്ഥം അദ്ദേഹത്തിന്റെ ഗവേഷണ നിപുണത വിളിച്ചോതുന്നു. സത്യജിത്‌റെയുടെ ദുർഗയും (പഥേർപാഞ്ജാലി), ചാപ്ലിന്റെ ഹിൻകിലറും (ഗ്രേറ്റ്‌ ഡിറ്റേക്ടർ) കുറോസോവയുടെ 'സെവൻ സമുറായി'യും എല്ലാം സിനിമ കണ്ടിട്ടില്ലാത്തവരുടെ മനസ്സിൽപോലും പതിയുന്ന ശൈലിയിലാണ്‌ അദ്ദേഹത്തിന്റെ രചന. ഇത്തരം ഗ്രന്ഥങ്ങൾ അന്വേഷണകുതുകികൾക്കും ആസ്വാദകർക്കും പ്രിയങ്കരമാകും എന്നു നിസ്സംശയം പറയാം.
'അച്ഛാ, അച്ഛനിനിയും എഴുതണം. എനിക്കു വായിക്കാൻ പറ്റിയില്ലെങ്കിലും അച്ഛനെഴുതുന്നുവേന്നു കേൾക്കുമ്പോൾ-അങ്ങനൊരു വാർത്തക്കായ്‌ ചെവിയോർക്കും! (മകൾ)
ആസ്വാദകർ ഇനിയും അങ്ങയുടെ സാന്ദ്രമായ കഥനങ്ങൾക്കായ്‌ കാത്തിരിക്കുകയാണ്‌. ഗുരുതുല്യനായ കഥാകാരന്‌ ആശംസകളോടെ പ്രണാമം.