Followers

Monday, February 28, 2011

കുമ്പസാരങ്ങൾ


mathew nellickunnu
ഇന്ന്‌ ഏതായാലും അവധിദിവസമാണ്‌ എല്ലാംകൊണ്ടും നല്ലതുതന്നെ. കുറെ സീരിയലുകൾ
കാണാമല്ലോ. നാട്ടിലെ സീരിയലുകൾ എല്ലാവർക്കുമൊരു ഹരമായി മാറിയിരിക്കുകയാണ്‌.
ടെയ്പ്പുകൾ തപ്പിക്കൊണ്ടിരിക്കവെ ഫോൺബെല്ലടിച്ചു.
"ഹലോ ഇത്‌ സാംസൺ"
'അറിയാം. ഞാൻ ജോയി വാകത്താനം. കേട്ടിട്ടുണ്ടാകണം ഇപ്പോൾ കാറുകൾ വിൽക്കുന്നു.
ഇതൊരു സുവർണ്ണാവസരമാണ്‌. സൗകര്യമെങ്കിൽ ഇങ്ങോട്ടൊന്നുവരിക".
പലിശയില്ലാതെ ഒരു കാറുവാങ്ങുന്നത്‌ നല്ലതാണെന്ന്‌ സാംസണും തോന്നി.
ഈയിടെയായി ഒന്നുരണ്ടുപ്രാവശ്യം തന്റെ കാർ വഴിയിൽകിടന്നു.
"തണുപ്പുകാലത്ത്‌ എന്റെ കാർ ഇടയ്ക്കിടെ വഴിയിൽകിടക്കുക പതിവാണ്‌. പോരെങ്കിൽ
രണ്ടുലക്ഷത്തിലധികം മെയിലുകളോടിയ ഒരു പഴയകാർ. അതാണെന്റെ കൈമുതൽ."
വാകത്താനത്തോട്‌ ഡീലറുടെ വിലാസവുംവാങ്ങി ഉടൻതന്നെ അങ്ങോട്ട്‌ യാത്രതിരിച്ചു.
ഡീലറുടെ ആഫീസിനുമുന്നിൽ വാകത്താനം കാത്തുനിൽക്കുന്നു.
അദ്ദേഹമൊരു പൊതുപ്രവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായിട്ടാണ്

അറിയപ്പെടുന്നത്‌. ഇടതുവശം ബെൽറ്റിൽ ബീപ്പർ പിടിപ്പിച്ചിരിക്കുന്നതും വലതുഭാഗം
സെൽഫോൺ തൂക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്‌.
ഞാൻ വാകത്താനത്തിനൊപ്പം പലവിധത്തിലുള്ള കാറുകൾകണ്ട്‌ പാർക്കിംഗ്‌ ലോട്ടിലൂടെ
കറങ്ങിനടന്നു. ഒരു നീലക്കാറിനെ സസൂക്ഷ്മം പരിശോധിക്കവെ വാകത്താനത്തിന്റെ
ബീപ്പർ കരയാൻതുടങ്ങി. ഉടൻതന്നെ നമ്പർനോക്കി സെൽഫോൺ കൈയിലെടുത്തുകഴിഞ്ഞു.
"സുഹൃത്തേ, ക്ഷമിക്കുക. ഞാനിതാവരുന്നു."
അയാൾ ഏതാനും കാറുകൾക്കപ്പുറത്തേക്ക്‌ പോയി. രഹസ്യസംഭാഷണത്തിനുവേണ്ടിയായിരിക്കണം
വലിഞ്ഞത്‌. ഏതാണ്ട്‌ 10 മിനിട്ട്‌ ഞാൻ വിഷണ്ണനായി നിൽക്കവേ വാകത്താനത്തിന്റെ
പൊട്ടിച്ചിരിയും കുശുകുശുക്കലും സെൽഫോൺതരംഗങ്ങളിൽ പൊടിപൊടിക്കുന്നു.
നിന്നുമടുത്തപ്പോൾ ഞാനയാളെ സമീപിക്കാൻ ശ്രമിച്ചെങ്കിലും വാകത്താനം
അകന്നുപോകുന്നു.
ഏതായാലും വൈകിയാണെങ്കിലും വാകത്താനം ക്ഷമചോദിച്ചു കൊണ്ട്‌ മടങ്ങിവന്നു.
"എന്താസുഹൃത്തേ, കാറ്‌ വിൽക്കുന്നതിലും വലുതാണോ ഈ ഫോൺസംഭാഷണം?"
"കാർ വിൽക്കുന്ന ജോലി ഒരു പുകമറയല്ലേ സാംസൺ. ഇതൊക്കെ അപ്പച്ചന്റെ ഒരു
തമാശയാണെന്ന്‌ കൂട്ടിക്കോ. അത്രയേയുള്ളു. കാറ്‌ വിറ്റെങ്കിൽ വിറ്റു. അതിലൊക്കെ
വലുതല്ലേ എന്റെ സാമൂഹ്യസേവനം."
" താങ്കളുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുള്ളത്‌ അപ്പോൾ
ശരിയാണെന്നോ?"
"എന്താണാവോ നിങ്ങൾക്കറിവുള്ളത്‌?"
ഈ ബീപ്പറും സെൽഫോണും അരയിൽ കെട്ടിയിടുന്നത്‌ നാടുനന്നാക്കാനാണെന്ന്‌
കേട്ടിട്ടുണ്ട്‌. പത്രമാസികകളിൽ കാർ പരസ്യത്തോടുകൂടി നിങ്ങളുടെ ചെറുപ്പകാലത്തെ
ഫോട്ടോയിടുന്നത്‌ സ്ത്രീകളെ ലക്ഷ്യംവച്ചായിരിക്കും." സാംസൺ ചോദിച്ചു.
"അല്ലേ, അല്ലെങ്കിലും സ്ത്രീവിഷയത്തിൽ ഞാനൽപം ബലഹീനനാണ്‌. സ്ത്രീകളാണ്‌ ഏന്റെ
ഏറ്റവും പ്രധാന കസ്റ്റമേഴ്സ്‌."
"താങ്കൾ സ്ത്രീവിഷയത്തിൽ അൽപം ബലഹീനനാണെന്നും അവരെ കാണുമ്പോൾ കോൾമയിർകൊണ്ട്‌
ഭാവനാസമ്പന്നനാകുമെന്നും കേട്ടിട്ടുണ്ട്‌."
"അവരെ എളുപ്പത്തിൽ വീഴിക്കാൻ പറ്റും. നിങ്ങളെപ്പോലുള്ള പഹയന്മാരെ വലയിൽകിട്ടാൻ
പ്രയാസമാണ്‌".
വാകത്താനം തുടർന്നു.
"എത്രനേരമാണ്‌ വീട്ടിൽ ഭാര്യയുടെ ചൊൽപ്പടിക്ക്‌ കുത്തിയിരിക്കുക. അവിടെനിന്നും
ചാടാനുള്ള ഒരു കുറുക്കുവഴിയല്ലേ കാർവിൽപനയും മറ്റും. സായിപ്പുകളിക്കുന്നിടത്ത്‌
നമ്മൾ എത്ര കാറുവിൽക്കും. പോരെങ്കിൽ നാലുപേരറിയുന്ന ഒരു ടൈറ്റിലല്ലേയിത്‌.
പത്രത്തിൽ ഫോട്ടോയും വരുന്നില്ലേ. അങ്ങനെ പൊതുജന നേതാവുമാകാമല്ലോ. ഈ
ലേബൽവെച്ച്‌ ഇവിടെ ഞാനൊരു കളികളിക്കും."
"പരസ്ത്രീഗമനത്തിന്‌ ഇത്തരം നാടൻവേലകൾ ഉപകരിക്കുമെന്നും ഭാര്യയ്ക്ക്‌
കച്ചവടത്തിനിറങ്ങിയ ഭർത്താവിനെക്കുറിച്ച്‌ അഭിമാനമാണെന്നും കേൾക്കുന്നുവല്ലോ."
സാംസൺ.
"നിങ്ങൾ പറഞ്ഞത്‌ നൂറുശതമാനം ശരിയാണ്‌. ഭാര്യയെവെട്ടിച്ച്‌ വീട്ടിൽനിന്നും
തടിതപ്പുന്നതിന്‌ മറ്റു വല്ല വഴിയും പറഞ്ഞുതരുവാനുണ്ടോ. സുഹൃത്തേ, കാർ
ഏതെങ്കിലുമിഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾത്തന്നെ തീരുമാനം പറയുക. ഞാനൽപം
തിടുക്കത്തിലാണ്‌."
"പെട്ടെന്നൊരു തീരുമാനം എങ്ങനെ പറയും മിസ്റ്റർ വാകത്താനം. പിന്നീടറിയിച്ചാലും
പോരായോ? സാംസൺ.
തീർച്ചയായും. സമയംപോലെ ആലോചിച്ച്‌ പറഞ്ഞാൽമതി.
എന്താണ്‌ താങ്കൾക്ക്‌ ജോലിക്കിടയിലൊരു തിരിമറി. എങ്ങോട്ടാണിത്ര തിടുക്കത്തിൽ
പോകുന്നത്‌. ഉച്ചയൂണിനും ഉറക്കത്തിനും സമയമായിരിക്കും.?"
"മിടുക്കൻ, എത്ര കൃത്യമായി കാര്യങ്ങൾ കണ്ടെത്തുന്നു. ഇതെങ്ങനെയറിഞ്ഞു?"
"നാട്ടുകാരുടെ വായ്മൊഴികളിൽനിന്നും മനസ്സിലാക്കിയ ചില വിവരങ്ങളാണ്‌." സാംസൺ
പറഞ്ഞു.
"എന്താണ്‌ നാട്ടുകാരുടെ കണ്ടെത്തൽ? അറിയാവുന്നത്‌ പറയുക.
സംശയനിവൃത്തിവരുത്തുന്നതിന്‌ ഈ പാർക്കിംഗ്ലോട്ടിലെ കൂടിക്കാഴ്ച
ഉപകരിച്ചേക്കാം".
"അപ്പോൾ ഉച്ചയൂണും പരസ്ത്രീവ്യായാമവും അതുകഴിഞ്ഞുള്ള പള്ളിയുറക്കവും നടത്തേണ്ട
മുഹൂർത്തം വന്നെത്തിയോ?" സാംസൺ ചോദിച്ചു.
"തീർച്ചയായും. സാംസൺ പറഞ്ഞത്‌ വാസ്തവം. അതിനുള്ള മുഹൂർത്തത്തിന്റെ മണിയടിയാണ്‌
എന്റെ ബീപ്പറിൽ മുഴങ്ങിയത്‌. ഈ കാറുവിൽപനയും ബീപ്പറും സെൽഫോണുമെല്ലാം ഒരു
പുകമറയല്ലേ. ഇത്തരം വേഴ്ചകൾക്ക്‌ ഇവ ഉപകരിക്കുമെന്ന്‌ സാംസൺ മനസ്സിലാക്കുക."
"അപ്പോൾ ഭാര്യ തൊണ്ടിസഹിതം പലപ്രാവശ്യം താങ്കളെ സ്റ്റാൻഡിൽ പിടിച്ചതായും
അപ്പോഴെല്ലാം വിജയകരമായി തടിതപ്പിയതായും കേട്ടിട്ടുണ്ടല്ലോ. അതെങ്ങനെ
സാധിച്ചു?" സാംസൺ.
"അതിനാണോ പഴുതുകളില്ലാത്തത്‌. വീണുകഴിഞ്ഞാൽ കിടന്നുരുളുക. അപ്പോൾ ഭാര്യയുടെ
കൈയിലുള്ള ചൂലിന്റെ അടിയിൽനിന്നും രക്ഷപ്പെടാം. പക്ഷെ ഉരുണ്ടതുകൊണ്ട്‌ ഭാര്യ
അടങ്ങുമെന്ന്‌ കരുതേണ്ട. ഉരുളുമ്പോൾ ടീപ്പോയിൽവെച്ചിരിക്കുന്ന പുസ്തകത്തിൽ
പിടിമുറുക്കിക്കൊള്ളണം.
"എന്തുപുസ്തകം?! ടീപ്പോയിൽ വച്ചിരിക്കുന്ന പുസ്തകത്തിന്‌ എന്തുപ്രാധാന്യം."
സാംസൺ ഉദ്വേഗത്തോടെ ചോദിച്ചു.
"വേദപുസ്തകം. നാം നിത്യേനവായിക്കുന്ന വേദപുസ്തകത്തിന്‌ നമുക്ക്‌ അറിഞ്ഞുകൂടാത്ത
ചില നല്ലകാര്യങ്ങൾകൂടി നൽകുവാൻ കഴിയും."
"അത്‌ എന്തൊക്കെയാണെന്ന്‌ അറിഞ്ഞാൽ എനിക്കും വേദപുസ്തകം എല്ലാ മുറിയിലും
സൂക്ഷിക്കാമല്ലോ."
സാംസൺ പറഞ്ഞു.
"പരസ്ത്രീഗമനത്തിനുശേഷം വീട്ടിലെത്തുന്ന എന്നെ ഭാര്യ പിടികൂടുന്നത്‌
എവിടെവച്ചാണെന്ന്‌ പറയാൻപറ്റില്ലല്ലോ. പിടിക്കപ്പെടുകയും ചൂലുമായി
ആക്രോശിക്കുകയും ചെയ്യുമ്പോൾ നിലത്തുകിടന്ന്‌ ഉരുളുക. എത്രയും പെട്ടെന്ന്‌
വേദപുസ്തകം കൈയിലെടുക്കുക. പാപത്തിൽ ദുഃഖിക്കുകയും മനസ്താപിക്കുകയും
ചെയ്തുകൊണ്ട്‌ വേദപുസ്തകംതൊട്ട്‌ കുമ്പസാരിക്കുക. 'പരസ്ത്രീഗമനം
ഇനിയാവർത്തിക്കുകയില്ല. ഇത്‌ സത്യം.' പല മഹത്‌ വ്യക്തികൾക്കും ഇടയ്ക്കിടെ
സംഭവിക്കുന്ന ഒരു കൈപ്പിഴ. ഈ താളപ്പിഴകൾ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ താങ്കൾ
അറിയുക. ഇത്രയും നമ്പറുകളിട്ടിട്ടും ഭാര്യ അടങ്ങുന്നില്ലെങ്കിൽ മൗനവ്രതം
ആചരിക്കുകയും അത്താഴം മുടക്കുകയും ചെയ്യുക. വേദപുസ്തകം മൗനമായി വായിച്ചുകൊണ്ട്‌
കസാലയിൽ വിശ്രമിക്കുക. ക്രമേണ എല്ലാം നേരെയാകും.
"ഇടയ്ക്ക്‌ ഒരു ചോദ്യം. ഇതിനകം താങ്കൾ എത്രതവണ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്‌?"
സാംസൺ ഇടയ്ക്കുകയറി ചോദിച്ചു.
"എത്രയെന്ന്‌ കൃത്യമായി ഓർമ്മിക്കുവാൻ കഴിയുന്നില്ല. എങ്കിലും നൂറുലധികമെന്ന്‌
കൂട്ടിക്കോളു."
"അപ്പോൾ താങ്കൾക്ക്‌ ഒരു സേഞ്ചൂറിയൻ അവാർഡ്‌ നൽകാൻ ഈ നാട്ടുകാർ
കടപ്പെട്ടവരാണല്ലോ. അതിനുള്ള ഒത്താശകൾക്ക്‌ ഞാൻ മുൻകൈയെടുക്കുന്നതാണ്‌." സാംസൺ
പ്രഖ്യാപിച്ചു.
"നിങ്ങളുടെ നല്ലമനസ്സിന്‌ നന്ദി. അവാർഡ്‌ നിർബന്ധമായി നൽകിയാൽ ഞാൻ വാങ്ങും.
എനിക്ക്‌ വ്യായാമത്തിനും ഉച്ചഭക്ഷണത്തിനും സമയം വൈകിയിരിക്കുന്നു. നിങ്ങളെ
കൂട്ടിനുകൊണ്ടുപോകാൻ കഴിയാത്തതിൽ ദുഃഖമുണ്ട്‌. അപരിചിതർക്ക്‌ പ്രവേശനം
നിഷേധിച്ചിട്ടുള്ള ഒരു പുതിയ പോസ്റ്റാണ്‌ അത്‌. ഭാഗ്യമുണ്ടെങ്കിൽ ഒരുമിച്ച്‌
ഭക്ഷണത്തിനും വ്യായാമത്തിനും ഭാവിയിൽ നമുക്ക്‌ അവസരമുണ്ടായേക്കാം. എന്നാൽ
പിന്നെ കാണാം.
തിടുക്കത്തിൽ വാകത്താനം കാറോടിച്ചുപോയി.
കാറുവാങ്ങുന്ന പദ്ധതി തൽക്കാലം മാറ്റിവച്ച്‌ സാംസൺ വീട്ടിലേക്കുമടങ്ങി.



--