ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ് :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - നാല്.
"രജനീകാന്തൻ തന്റെ മുറിയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. വാടകയ്ക്ക്
രണ്ട് മുറികൾ എടുത്തിട്ടുണ്ട്. ഒരു ചെറിയ മേശ രണ്ട് കസേര ഒരു കട്ടിൽ ഇവയാണ്
ഒരു മുറിയിൽ. അടുത്തത് അടുക്കളമുറിയാണ്. തറയിൽ കയറ്റ്പായ. ചുമരിൽ ചിത്രങ്ങൾ
തൂക്കിയിട്ടിട്ടുണ്ട്. മുറി വളരെ ശുചിയായി സൂക്ഷിച്ചിട്ടുണ്ട്.
അയാൾ ബി.എ പാസ്സായിട്ടുണ്ട്. ഭേദപ്പെട്ട ഒരു ജോലി കിട്ടി. 100 രൂപ ശമ്പളം.
അതിൽ നിന്നും 25 രൂപ അമ്മയ്ക്കയച്ചുകൊടുക്കും. 30 രൂപ വാടക. ബാക്കികൊണ്ട്
അയാളും ഭാര്യയും സുഖമായി കഴിയും. സന്താനം ഇല്ല.
അടുത്ത വീട്ടിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടു കൂട്ടക്കരച്ചിലാണ്. ശബ്ദം
കൂടുതലായപ്പോൾ രജനി വായന നിർത്തി, വാതുക്കൽ എത്തിനോക്കി. അയൽപക്കത്ത്
താമസിക്കുന്ന ത്രിവിക്രമൻ എന്ന ഒരുത്തനാണ്.
"ഓ, ഈ കുരുത്തം കെട്ട ജന്തുക്കൾ ഒന്നും മിണ്ടാതിരക്വോ, ഞാനങ്ങ്
വന്നാലുണ്ടല്ലോ, എല്ലാറ്റിനേയും ശരിപ്പെടുത്തും. ഒരു സ്ത്രീയുടെ കഠോരമായ
ശബ്ദം."
"ചേട്ടനെന്റെ പാവേകൊണ്ട് പോയമ്മേ" ഒരു പെൺകുട്ടിയുടെ പരാതി.
"അവളെന്തിനാ എന്റെ പടം കീറീത്.
"ഞാൻ കീറില്ലമ്മേ, ചേട്ടൻ നൊണ പറേണ്' ശബ്ദം കൂടികൂടി വന്നു.
"ഞാൻ എല്ലാവർക്കും പാവേം, പടോം തരാം. ദേ, ദേ ഇതാ പിടിച്ചോ" തുടർന്ന്
അടിക്കുന്ന ശബ്ദമാണ് കേട്ടത്.
രജനിയുടെ അടുത്തമുറിയിൽ നിന്നും രമ പുറത്തുവന്നു. വേഗം അയൽ വീട്ടിലേക്കോരോട്ടം.
"എന്തിനാ ഓട്ടം.
"ഗംഗചേച്ചി കുഞ്ഞുങ്ങളെ തല്ലിച്ചതക്കും. ഒന്നും നോക്കി വരട്ടെ."
"ഉം, വേഗം ചെല്ല്. രണ്ട് മൂന്ന് കിട്ടുന്നതും വാങ്ങിക്കൊണ്ട് വേഗം
വന്നേക്കണേ" അയാൾ വായനയിൽ മുഴുകി. പുറത്ത് ചെരുപ്പിന്റെ ശബ്ദം കേട്ട, രജനി
മുഖമുയർത്തി നോക്കിയപ്പോൾ അവിനാശൻ നിൽക്കുനന്നതു കണ്ടു." ഈ സമയം എവിടെ നിന്നു
വരുന്നു" കസേര നീക്കിയിട്ടുകൊണ്ട് ചോദിച്ചു.
ഞാൻ കോളേജിൽ ഇന്റർവ്യൂവിനു പോണ് രമചേച്ചി എവിടെ?
അവൾ പരോപകാരത്തിനുപോയി. ഇതാ വരുന്നു നോക്കു!
രമ രണ്ടു കുട്ടികളുമായി വന്നു കയറി. അവരുടെ കവിളിൽ കണ്ണീർച്ചാലുണ്ടായിരുന്നു.
അവിനാശ്ബാബു എപ്പോൾവന്നു. ഞങ്ങൾ വയ്യിട്ട് അങ്ങോട്ടു വരാനിരിക്കേണ്!
"വരഞ്ഞാന്നു പറയാനാണ് അവിനാശൻ വന്നതു. ഇയാൾക്ക് മണ്ടൂസ് പെണ്ണുങ്ങളെ
ഇഷ്ടമല്ല."
രജനി പറേഞ്ഞതു വിശ്വസിക്കല്ലേ ചേച്ചി" അവിനാശൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എനിക്കെതിരായി പറേഞ്ഞല്ലേ, എന്നെമുന്നിലിരുത്തിക്കൊണ്ട് അസ്സലായി"
"സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കേണ്ടകാലം അതിക്രമിച്ചു.
പുരുഷന്മാർ അവരെക്കൊണ്ട് കുരങ്ങുകളിപ്പിക്കും."
"എനിക്കിവിടെ നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ എന്തിനാണനാവശ്യമായ വാദകോലാഹലങ്ങൾ; ഈ
കുഞ്ഞുങ്ങൾക്ക് ഞാനെന്തെങ്കിലും കൊടുക്കട്ടെ. വിശന്നു വലഞ്ഞിട്ടുണ്ട്" എന്നു
പറഞ്ഞു രമ അടുക്കളയിലേക്കു പോയി. അടുക്കളയിൽ നടക്കുന്നതെല്ലാം ഈ മുറിയിൽ
ഇരുന്നാൽ കാണാം.
ചേച്ചിക്ക് ഈ കുഞ്ഞുങ്ങളെ എവിടുന്നു കിട്ടി.
"എന്റെ പ്രാണേശ്വരിക്കുണ്ടോ കുട്ടികളെ കിട്ടാൻ വിഷമം. ലോകത്തിലെ സകലകുട്ടികളെ
കിട്ടിയാലും മതി വരില്ല."
രമ ഇത് കേട്ട് ചിരിച്ചതേയുള്ളു. ശുദ്ധവസ്ത്രം ധരിച്ച അവർ അഴകുള്ളതായി തോന്നി.
"ബാബു അൽപനേരം ഇരുന്നു വർത്തമാനം അതിനിടയിൽ ഞാൻ എന്തെങ്കിലും ഉണ്ടാകട്ടെ
"ഇയാളൊരു പ്രോഫസ്സറാകാൻ പോകേണ്ട് രമേ"
"ഇവിടെ അടുത്തെങ്ങാനുമാണോ?"
"അല്ല, കുറച്ചു ദൂരെ ഒരു സ്ഥലത്ത്"
"ദേ, ഞാനിപ്പ വരാം.
"ഒന്നും തയ്യാറാക്കണ്ട ചേച്ചീ, ഇതാ ഞാൻ പോകാനൊരുങ്ങേണ്.
"മണ്ടത്തിപ്പെണ്ണുങ്ങൾ ഉണ്ടാക്കുന്നതൊന്നും ബാബൂനിഷ്ടല്ലായിരിക്കും."
"ഞാൻ ചേച്ചിയെ മണ്ടത്തീന്നു കരുതീട്ടില്ല.
"ഒന്നു ചോദിച്ചേ രമ എന്തോരം പഠിച്ചിട്ടുണ്ടെന്ന്.
"ചേച്ചിക്കു പഠിപ്പുണ്ടെന്ന് എനിക്കറിയാല്ലോ'
"ഉണ്ട്, ഉണ്ട് നാടൻ ഭാഷയിൽ പറേണെങ്കിൽ നാലാം ക്ലാസ് ബി.എ വരെ
പഠിച്ചിട്ടുണ്ട്.
"ചേച്ചീ ഇംഗ്ലീഷ് പേപ്പർ വായിക്കണത് ഞാൻ കണ്ടിട്ടുണ്ടല്ലോ"
'വായിക്കേല്ലേ. പടം കാണുകയാണ്. വായിക്കുന്നത് തലതിരിച്ചായിരിക്കും.
കുട്ടികളെ തീറ്റിച്ചു വീട്ടിൽ കൊണ്ടുചെന്നാക്കിട്ട് രമ രണ്ട് പാത്രത്തിൽ
പലഹാരവുമായി വന്നു പാത്രം മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു, "അൽപം പാലുണ്ട്,
ചായയാക്കട്ടെ"
'ചായ വേണ്ട" രജനി പറഞ്ഞു.
രണ്ടുപേരും ആഹാരം കഴിച്ചു. വീട്ടിൽ വേലക്കാർ തയ്യാറാക്കുന്നതിനേക്കാൾ വളരെ
ഹൃദ്യമായി തോന്നി അവിനാശന് അത്.
"പോകാൻ നേരമായി ചേച്ചി. അവിടെ പോയി വന്നതിനുശേഷം നിങ്ങളെ രണ്ട് പേരെയും ഞാൻ
വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാം ഇപ്പോൾ ക്ഷമിക്കണം."
"ഇതിൽ ക്ഷമിക്കാനെന്തുണ്ട്. രമ.
"രജനിയെ ഞാൻ സ്റ്റേഷനിലേക്കു കൂട്ടിന് കൊണ്ടുപോകട്ടെ."
"കൊള്ളാം അതിനെന്റെ അനുവാദമെന്തിന് കൂട്ടുകാരനല്ലേ എവിടെ വേണമെങ്കിലും
കൊണ്ടുപോകാല്ലോ
"നിന്നെ കൊണ്ടുപോണോങ്കിൽ എന്റെ അനുവാദം വേണം, അല്ലേ രമേ'
"വേഗം വസ്ത്രം മാറൂ. വണ്ടി വരാൻ സമയമായി.'
"എനിക്ക് വസ്ത്രം മാറാൻ രണ്ട് മിനിട്ടുപോലും വേണ്ട'
'രജനി വസ്ത്രം മാറുന്നതിനിടയിൽ രമ അയൽപക്കത്ത് ചെന്നു നോക്കിയിട്ടു വേഗം
വന്നു. "പാവം ഗംഗചേച്ചി കുട്ടികളെ നോക്കണം ജോലി. ചെയ്യണം. കഷ്ടം തന്നെ.
"എന്റെ പെമ്പെറന്നോത്തി എത്ര ഭാഗ്യവതി. കുട്ടികളെനോക്കി കഷ്ടപ്പെടേണ്ടല്ലോ."
രമ സിന്ദൂരം കൊണ്ടുവന്നു അവിനാശന്റെ നെറുകയിൽ തൊട്ട് ആശീർവദിച്ചു "ഭഗവാൻ
അനുഗ്രഹിക്കട്ടെ"
"രമേ, ഇയാളെ സൂക്ഷിക്കണം. ഇയാളെ എപ്പോഴും ഇവിടെ വരാൻ അനുവദിക്കരുത്."
"എന്താണത്രേ കാരണം"
"നിന്നെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ എന്റെ നെഞ്ചിൽകൂടെ എലിബാണം
ചീറിപ്പായും.
രമ കൃത്രിമ കോപം കാണിച്ചു, സ്നേഹിതന്മാർ യാത്രയായി.