Followers

Monday, February 28, 2011

കാവ്യനിള

daya pachalam

വറ്റിയുലർന്നുള്ള മണൽത്തിട്ടയ്ക്കരികിൽ-നിൻ
കണ്ണുനീർച്ചാലുകൾ
മൗനം മയക്കുന്നു
അങ്ങിങ്ങുവഴിനീളെ തടയണയ്ക്കുള്ളിൽ
തളച്ചിടപ്പെട്ടവൾ
എത്രനാൾ ഇവ്വിധം പരിഹാസ്യയായി
എത്രനാൾ ഇവ്വിധം കാവ്യഭംഗമേറി
മഴമേഘം മാനത്ത്‌ കാണുവാനാവാതെ
മഴപ്പക്ഷിക്കൂട്ടങ്ങടവിമേൽപാറാ
തെ
കിഴക്കിന്റെ മാമല നനയാതിരിക്കെ-നീ
കണ്ണീരാൽ വിണ്ണിനെദൈന്യമായ്നോക്കുന്നോ...?
വിവശയായ്‌, ആയുധധാരിക്കുമുമ്പാകെ
വിറകൊണ്ടുകാറ്റിൽ 'അരു'തെന്നുചൊന്നിട്ടും
കേട്ടിട്ടുംകേൾക്കാതെ ബിഭത്സരോരോരോ
തുടിക്കുന്നതരുവിൻ കടയ്ക്കുമഴുവീഴ്ത്തവെ
പിടയുന്നുവോ നിളേ?
പുളയുന്നുവോ?
നോവാൽനിന്റെ കണ്ണീരിലും
രുധിരമുതിരുന്നുവോ?

കരകവിയുമൊരുവേള ഉലഞ്ഞുയരാൻ
കരളുറപ്പുള്ളവളാണെങ്കിലും
കവിയില്ല, കനവില്ല, കാവ്യമില്ല-യിന്നു
കയമില്ല, കരുത്തില്ല, കരുതലില്ല!
കരയുംപേമഴക്കാലം കടുക്കവെ
കരയിലെ കണ്ണീരുമേറ്റുവാങ്ങീടവെ
ഒരു മഹാകാവ്യപ്രവാഹമായ്‌ നീയും
കടലിലേക്കാഞ്ഞു പതിച്ചിടുന്നു;
മാനസമഖിലം ലയിച്ചിടുന്നു....!