Followers

Monday, February 28, 2011

വനം



c p aboobacker
യാത്രിക ഭവാനി നീ

യാമിനിയുടെ മാറില്‍ തലചായ്ചുറങ്ങുക

നിദ്രയില്‍ പ്രശാന്തമായ്

കാമനകളുടെ തോളിലാര്‍ദ്രമായുണരുക

പാവുകള്‍ നെയ്യാനിനി

നെയ്ത്തുകാരനുമായിവരികഭവാനെന്റെ

കാവുകള്‍ തീണ്ടാനിനി-

യമ്പുകള്‍ ചുമലേന്തിവരിക വേട്ടയ്ക്കായി,

കാലുകള്‍ ചലിക്കാതെ

കണ്ണിലെയമ്പാല്‍ വനഗര്‍ഭമെന്തറിയുക

പാലൊഴുകുന്നോ മാനിന്‍

മുലയില്‍? കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്

വനചാരുതകളില്‍

നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍

മൃദുചര്‍മ്മമായ്, ഇനി-

യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-

ലതകളിളം കാറ്റി-

ലാടുന്നൂ, മൃഗപക്ഷിരാശികളൊരുമിച്ചു

പൊയ്കയില്‍ രമിക്കുന്നു

സുഷിരങ്ങളിലൂടെ വനത്തില്‍ പൊഴിയുന്ന

വെളിച്ചം തെളിയുന്നു

യാത്രിക, ഭവാന്റെയീവെറും യാത്രയില്‍ പേടി-

ച്ചോടുകയില്ലീ മാനും

ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും

പക്ഷിയും, ജലധാരാ-

രസലപത്രങ്ങളില്‍ പൊഴിയും മഞ്ഞിന്‍ നേര്‍ത്ത

തബലാനിനദവും

പോവുകഭവാന്‍ കാടും കടന്ന് മലകളില്‍.