Followers

Monday, February 28, 2011

ധിക്കാരി

sundaram dhanuvachapuram


ചാറ്റമഴപോലിടംവലം തുള്ളുന്ന
ചാപല്യമെന്ന കുരങ്ങേ ജയിപ്പൂ നീ...
നിന്നെക്കയറിട്ടു കൈക്കളൊതുക്കുന്നു
നിന്നെക്കൊളുത്തിട്ടു നാവിൽത്തളയ്ക്കുന്നു
നിന്നെക്കുളിപ്പിച്ചു കാട്ടുന്നു പൊയ്മുഖം
നിന്നെക്കളിപ്പിച്ചു നേടുന്നു കാമിതം
ചാറ്റമഴപോലിടംവലം തുള്ളുന്ന
കാപട്യമെന്ന കുരങ്ങേ ജയിപ്പൂ നീ...
നാവിൽക്കളിക്കുന്ന നിന്നിലൂടല്ലയോ
നാദപ്രപഞ്ചം രചിക്കുന്നു വാഗ്മികൾ
കൈയിൽക്കളിക്കുന്ന നിന്നിലൂടല്ലയോ
കൺകെട്ടുവിദ്യകൾ കാട്ടുന്നു വഞ്ചകർ
പണ്ടേ പിണങ്ങിപ്പിരിഞ്ഞ നിന്നോടെനി-
ക്കുണ്ടായിരുന്ന വെറുപ്പായിരിക്കണം
ഒറ്റയ്ക്കുനേരെ നടക്കുന്നൊരെന്റെയീ
ധിക്കാരമെന്ന ദുഃഖത്തിനു കാരണം
ചാറ്റമഴപോലിടംവലം തുള്ളുന്ന
കാട്ടുകുരങ്ങേ കുരങ്ങേ ജയിപ്പൂ നീ....