Followers

Showing posts with label ismail melati. Show all posts
Showing posts with label ismail melati. Show all posts

Wednesday, February 1, 2012

കൂട്ടിലുറയ്ക്കാത്ത മണൽത്തരികൾ



ഇസ്മയിൽ മേലടി

മരുഭൂമിയ്ക്കും കൂടുവിട്ടവന്റെ മനസ്സിനും
ഒരേ ശൂന്യതയുടെ പരന്നമുഖം
അകത്തും പുറത്തും ഒരേ ജ്വലനം
മണൽക്കുന്നുകളായ്‌ കുമിഞ്ഞുയരാനും
ശൂന്യതയാകാനും ഒരു കാറ്റ്‌ മതി
മറുപ്പച്ചകളുടെ ദൈർഘ്യമാണ്‌
മരുഭൂമികളുടെ ആകർഷണദുരന്തം
അനന്തമായ്‌ പിടിച്ചുവലിയ്ക്കുന്ന പ്രതീക്ഷ
കൂടുവിട്ടുവന്നവന്റെമുന്നിലേകയർ
കുറ്റിയാകട്ടെ നാട്ടിയേടത്തുതന്നെ
മണ്ണതിനെ വീണ്ടും ആഴത്തിലേയ്ക്ക്‌ വലിയ്ക്കുന്നു
സ്വപ്നവും ദുരിതവും കാറ്റിലേറുമ്പോൾ
മനസ്സിൽ മണൽക്കുന്നുകൾ ഉയരുന്നു
വളർന്ന്‌ വളർന്ന്‌ ശിൽപമാകുന്നു
നരച്ചവശ്യത കൈവരിയ്ക്കുന്നു
ദൂരക്കാഴ്ചയിൽ സർപ്പസുന്ദരിയാകുന്നു
ആഞ്ഞ്‌ തിരിഞ്ഞുവീശുന്നവർഷങ്ങൾ
ജീവിതത്തെ നേർപ്പിച്ച്‌ നേർപ്പിച്ച്‌
മനസ്സിൽ ചാലിച്ച്‌ നിമിഷങ്ങളോടലിയിക്കുന്നു
മണൽത്തരികളെപ്പോലെ മനസ്സും
കൂടുവിട്ടുപറന്നുയർന്ന്‌ ദിശതെറ്റുന്നു.

Saturday, October 29, 2011

ജീവിതപാചകം



ഇസ്മയില്‍ മേലടി
പാകമാകാത്ത ജീവിതം
പകുത്തുകിട്ടിയവര്‍
പകച്ചുനില്‍ക്കുമ്പോള്‍
ജീവിതം എങ്ങനെ
വേവിക്കണമെന്നറിയാതെ
പാചകം ചെയ്യുന്നൂചിലര്‍
തൊലികളഞ്ഞ്‌
കഷണങ്ങളായി നുറുക്കാതെ
കഴുകിയെടുക്കാതെ
കിട്ടിയതെല്ലാം
മുഴുവനായെടുത്തിട്ട്‌
തോന്നിയ അളവില്‍
മസാലയും ചേര്‍ത്ത്‌
പാകം ചെയ്ത ജീവിതത്തിന്‌
അലോസരപ്പെടുത്തുന്ന മണം
നാവില്‍ വയ്ക്കാന്‍ കൊള്ളാത്ത രുചി.

Friday, July 29, 2011

കളവീടുകൾ


ഇസ്മയിൽ മേലടി

നന്മയളന്നു
വിളഞ്ഞൊരു
പാടങ്ങൾ
വെട്ടിനിരത്തി-
പ്പകകുത്തിനിറച്ച്‌
നികത്തിയെടുത്തു
കതിരുകളൊക്കെ-
പ്പതിരുകളാക്കി-
ക്കൊത്തിയെടുത്തു
പറന്നു കഴുകൻ
തെങ്ങോലകളിൽ
കാഷ്ഠമിറക്കി
ചാരമിറക്കി-
യുണക്കിയെടുത്തു
കതിരു കരിഞ്ഞു
കളകൾ വളർന്നു
വളർന്നവയൊക്കെ
വീടുകളായി
വീടുകൾ വീടുകൾ
മാത്രമതായി.

Monday, February 28, 2011

ചിന്തേരിട്ട കാലം


ismail melati

കാലത്തിന്‌ ചിന്തേരിടും കാലമിത്‌
നാദത്തിന്‌ നാദമായ്‌ നിലകൊൾക വയ്യ
സ്വരം മിനുക്കിയേ ചൊൽവതുള്ളു
ആശയറ്റാശാരി ചിന്തേരിടുന്നതോ
അമ്മതൻ മുഖം മിനുക്കാൻ
വരത്തന്റെ വാർണീഷും
വർണപ്പൊടിപ്പൂരവും ചേർത്ത്‌
വാർന്നു വീഴുവതഴകായതുമില്ല
ചിന്തേരിടുമാശാരിക്കു മുമ്പിൽ
കുമിഞ്ഞു കൂടുന്നു സാധനങ്ങൾ
ആരാണ്ടെപ്പഴോ ധരിച്ചൊരു മുഖംമൂടി
കുത്തി നടന്ന വടി, രക്താങ്കിത വാളുറ
മാറാല മേയും ബുക്കലമാരകൾ,
പൊടിഞ്ഞു തീരും മേശകൾ
പൂപ്പൽ പിടിച്ച ഡിസ്കുകൾ
വാട വമിക്കും പേനാക്കൂടുകൾ
മഷി വറ്റിയൊടുങ്ങിയ പേനകൾ
മരവിച്ച കൈവിരലുകൾ
ഒടിഞ്ഞു കുത്തിയ മനസ്സുകൾ
ചവച്ചു തുപ്പിയ ചിന്തകൾ
മിനുങ്ങാത്തയമ്മതൻ മുഖം
പാർലറിലേയ്ക്കെടുക്കുവിൻ
പാക്കറ്റിലെത്തിയ, കസ്തൂരി മഞ്ഞളും
രക്തചന്ദനവും കൊണ്ട്‌, തേച്ചു മിനുക്കുവിൻ
തേയ്ക്കുന്തോറുമമ്മ തൻ, മുഖത്തെ ഞരമ്പുകൾ
തടിക്കുന്നു, ചുവക്കുന്നു, സുതാര്യമാകുന്നു
ഞരമ്പിനുള്ളിലോ, എതിർദിശയിലോടും രക്തപ്രവാഹം
നിലവിളിക്കാതെ, നെടുവീർപ്പിടാതെ
ഒന്നു ഞരങ്ങുക പോലും ചെയ്യാതെ
നിശബ്ദയായമ്മ കണ്ണടച്ച്‌.....