arathi rajagopal
തിരക്കൊഴിഞ്ഞ കടപ്പുറത്ത്, എല്ലാം തീരുമാനിച്ചുറച്ച് അവരിരുന്നു, കാമുകനുംകാമുകിയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഒന്നിച്ചു മരിക്കാം.
അതിനാരുടേയും ശീട്ടുവേണ്ടല്ലോ.
തോളോടുതോൾചേർന്ന് തന്റെ പ്രിയതമയെ ചേർത്തുപിടിച്ച് അവനിരുന്നു. ആ
കരവലയത്തിലൊതുങ്ങി അവളും.
അങ്ങകലെ ചക്രവാളസീമയിൽ മിഴിനട്ടിരുന്ന അവർ ഏതോ ഉൽക്കടമായ ചിന്തയിൽ
നിശ്ചലരായിരുന്നു. കടൽക്കാറ്റിന്റെ ഇരമ്പലോ തിരമാലകളുടെ ഹുങ്കാരവമോ ഒന്നും അവരെ
ചലിപ്പിച്ചില്ല.
"നാളെയാണ്, നാളെയാണ് സുഹൃത്തുക്കളെ ഭാഗ്യം നിങ്ങളെ തേടി എത്തുന്നത്. ഇതാ
ഭാഗ്യദേവത നിങ്ങളെ നിങ്ങളെ മാടി വിളിക്കുന്നു. ലോട്ടറിക്കാരന്റെ ശബ്ദം
തൊട്ടരുകിൽ.
സ്ഥലകാലബോധം മറന്നിരിക്കുന്ന യുവമിഥുനങ്ങളെനോക്കി, വാങ്ങണംസർ, ഭാഗ്യം നിങ്ങളെ
തേടി എത്തിയിരിക്കുന്നു. മഹാലക്ഷ്മി ഇതാ എത്തിക്കഴിഞ്ഞു. ഒരു ടിക്കറ്റെടുക്കണം
സാർ.
ദേഷ്യത്തോടെ നോക്കിയ യുവാവിനോട്, സർ ഇതാ കൈഎത്തും ദൂരത്ത് ലക്ഷങ്ങൾ കോടികൾ
നിങ്ങളെ കാത്തിരിക്കുന്നു സർ.
ശല്യം പോകട്ടെ എന്നുകരുതി യുവാവ് പോക്കറ്റിൽ പരതി. പത്തിന്റെ ഏതാനും നോട്ടുകൾ
മാത്രം! മരിയ്ക്കാൻ തീരുമാനിച്ച തങ്ങൾക്കിനി ഇതിന്റെ ആവശ്യമില്ലല്ലോ. കയ്യിൽ
കിട്ടിയ നോട്ട് ലോട്ടറിക്കാരനു നീട്ടി. ടിക്കറ്റുകൊടുത്ത് അയാൾ പറഞ്ഞു.
നാളെ നിങ്ങളൊരു കോടീശ്വരനാകുംസാർ, പിന്നെ എന്തെല്ലാം സൗഭാഗ്യങ്ങൾ സാറിനെ
കാത്തിരിക്കുന്നു.
യുവതി തന്റെ കാമുകനെയും ലോട്ടറിക്കാരനേയും മാറിമാറി നോക്കി. അവൻ അവളുടെ നേരെ
തിരിഞ്ഞു. നിണ്ടിടംപെട്ട ആ നീലനയനങ്ങളിൽ പ്രതീക്ഷയുടെ പുതുപുത്തൻനാമ്പുകൾ !
അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു, 'നോക്കു, നാളത്തെ ഭാഗ്യശാലികൾ
നമ്മൾ ആണെങ്കിലോ?"
പെട്ടെന്ന് ഒരുൾപ്രേരണയാൽ അവൻ അവളെ ചേർത്തുപിടിച്ചു. കാറ്റിൽപാറിപ്പറക്കുന്ന
അവളുടെ മുടിയിഴകൾ മെല്ലെ മാടിഒതുക്കി. പിന്നെ ആ മൂർദ്ധാവിൽ ഉമ്മവച്ചു.
യുവാവിന്റെ ഈ ഭാവമാറ്റം കണ്ട് ഒരു കള്ളച്ചിരിയോടെ ലോട്ടറിക്കാരൻ
നടന്നുനീങ്ങി... ഭാഗ്യം വിൽക്കാനായി, 'നാളെ.....നാളെ....."