saju pullan
വിനോദ സഞ്ചാരത്തിനെത്തിയ അർണോൾഡ് സായിപ്പ് കൗതുക കാഴ്ചകൾ കാണാനും നാടൻവസ്തുക്കൾ വാങ്ങാനുമാണ് ടൂറിസം ഗ്രാമത്തിലെ ഇടവഴിയിലൂടെ നടക്കാനിറങ്ങിയത്.
വഴിക്ക് ഇരുവശവും കൊച്ചുവീടുകളും പറമ്പുകളിലെ പച്ചപ്പുകളും കണ്ട് സായിപ്പ്
നടന്നു.
വഴി തീരുന്നിടത്ത് കായൽകരയിലെ വീട്ടിലെ കാഴ്ചകൾ കണ്ട് സായിപ്പ് അത്ഭുതം
കൊണ്ടു.
അടിച്ചുതളിച്ച മുറ്റം. മുറ്റത്തിനിരുവശവും ഭംഗിയുള്ള പൂന്തോട്ടം. തോട്ടത്തിൽ
മൊട്ടിട്ടതും പുഷ്പിച്ചതുമായ റോസാച്ചെടികൾ. അതിന്റെ പരിമളം അവിടമാകെ
പരന്നൊഴുകുന്നു.
ആകർഷണത്തിൽപ്പെട്ടെന്ന പോലെ സായിപ്പ് ആ വീട്ടിലേക്ക് കയറിച്ചെന്നു. തയ്യാറായ
ഭക്ഷണത്തിന്റെ വശ്യഗന്ധം സായിപ്പിനെ സ്വീകരിച്ചു.
അവിടെയുള്ള കാഴ്ചകൾ സായിപ്പ് പ്രത്യേകം ശ്രദ്ധിച്ചു.
അലക്കിയ തുണികൾ അഴയിൽ ആടുന്നു. വീടിനകം തുടച്ച് ശുദ്ധിയാക്കിയതിന്റെ ഈർപ്പം
മാറിയിട്ടില്ല. അടുക്കളയിൽ എന്തൊക്കെയോ വേവുന്നതിന്റെ ശബ്ദവും ഗന്ധവും.
സായിപ്പ് നാലുപാടും നോക്കി. ഇതൊക്കെ ചെയ്യുന്നത് ഏത് യന്ത്രമാണ്! എന്നാൽ
ഒരു യന്ത്രവും സായിപ്പ് അവിടെ കണ്ടില്ല.
സായിപ്പ് കൗതുകപൂർവ്വം നിൽക്കേ ഒരു പുരുഷനും പിന്നിലായി ഒരു സ്ത്രീയും
പൂമുഖത്തേക്ക് കടന്ന് വന്നു. പുരുഷൻ കൈകൂപ്പികൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.
"വെൽക്കം സാർ"
സായിപ്പ് "ഓഹ്" എന്നൊരു ശബ്ദം പുറപ്പെടുവിക്കുക മാത്രം ചെയ്തു. സായിപ്പിന്റെ
ആകാംഷ മറ്റൊന്നിലായിരുന്നു. സായിപ്പ് അഴയിലേക്കും മുറികളുടെ നിലത്തേക്കും
അടുക്കളയിലേക്കും ചൂണ്ടി അയാളോട് ചോദിച്ചു:
"വാട്ട് ദ മേഷിൻ ഡൂയിംഗ് ദിസ് ജോബ്സ് മിസ്റ്റർ....."
പുരുഷനും സ്ത്രീയും സന്തോഷത്താൽ മതിമറന്ന് നിൽക്കുകയായിരുന്നു
ആദ്യമായിട്ടാണ് ഒരു സായിപ്പ് വീട്ടിലേക്ക് കയറി വന്നിരിക്കുന്നത്. ആരും
ചോദിക്കാത്തൊരു ചോദ്യവും ചോദിച്ചിരിക്കുന്നു. സായിപ്പിനെ എങ്ങിനെയും
സന്തോഷിപ്പിക്കണം. സന്തോഷം കൂടുമ്പോൾ സായിപ്പ് തരുന്ന ഡോളറിന്റെ എണ്ണവും
കൂടും.
പുരുഷൻ വിദേശികളെ നേരിടാൻ പഠിച്ച സ്പോക്കൺ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.
"ജോബ്സ് ഡൂയിംഗ് മൈ....മൈ.... ഭാര്യ."
അതു പറയുമ്പോൾ അയാൾ ഭാര്യയെ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു
അത്ഭുതം ഇരട്ടിച്ചു.
"ജോബ്സ് ഡൂയിംഗ് ഭാര്യ.....യൂ മീൻ ദിസ് ഭാര്യെയിംഷീൻ"
അയാൾ പറഞ്ഞു: "യാ....യാ...."
അർണോൾഡ് സായിപ്പ് അപ്പോൾ സ്വന്തം വീടിനെക്കുറിച്ചോർത്തു.
എല്ലാം കുഴഞ്ഞ് മറിഞ്ഞു കിടക്കുന്ന വീട്. പൂവിടാത്ത പൂന്തോട്ടം.
ഭക്ഷണത്തിന്റെ ഗന്ധമുയരാത്ത അടുക്കള. പിന്നെയും എന്തൊക്കെയോ....അതൊക്കെ
നേരെയാക്കാൻ പറ്റിയൊരു മേഷീൻ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതു
കിട്ടിയിരുന്നെങ്കിൽ...തനിക്ക് മാത്രമല്ല തന്റെ നാട്ടിലെ പലർക്കും
ഇതുപോലൊന്ന് ആവശ്യമുണ്ട്. ഇതുപോലുള്ള കുറച്ച് കൂടി വാങ്ങാൻ ഒത്താൽ
അവിടെകൊണ്ടുപോയി അവർക്കതിനെയൊക്കെയും വിൽക്കുകയും ചെയ്യാം...പറയുന്ന വില
കിട്ടും....സായിപ്പ് അയാളോട് ചോദിച്ചു.
"പ്ലീസ് ഗീവ് മി ദിസ് മേഷീൻ - ഡോളേഴ്സ് ഈഫ് യു ആർ റെഡി."
സായിപ്പിന്റെ ചോദ്യം കേട്ടയാൾ ഞെട്ടിപ്പോയി.
എന്തസംബന്ധമാണീ സായിപ്പ് പറയുന്നത്. ഭാര്യയെ സായിപ്പിന് വേണമെന്ന്. ഇതുവരെ
കേട്ടുകേൾവിയില്ലാത്ത ചോദ്യം. അതും വീട്ടിൽ കയറി വന്ന്. ഛെ...ഛെ...
എന്നാൽ സായിപ്പ് പറഞ്ഞ ഡോളറിന്റെ എണ്ണം... താൻ ആയുസ്സ് മുഴുവൻ അധ്വാനിച്ചാലും
സമ്പാദിക്കാൻ കഴിയാത്ത തുകയാണല്ലോ സായിപ്പ് പറഞ്ഞത്. ആ തുക മറ്റൊരു രീതിയിൽ
കാര്യങ്ങൾ ചിന്തിക്കാൻ അയാളെ പ്രേരിപ്പിച്ചു.
എത്രയോ സ്ത്രീകൾ ഈ നാട്ടിൽ നിന്ന് വിദേശത്ത് ജോലിക്ക് പോയിരിക്കുന്നു. ജോലി
ചെയ്തുണ്ടാക്കുന്ന പണം ഭർത്താക്കന്മാർക്കയക്കുന്നു.
ആരുമായൊക്കെയോ ഉള്ള അഞ്ചോ പത്തോ വർഷത്തെ കരാറിൽ ആണ് ജോലിക്ക് പോവുന്നത്.
ഇതിപ്പോ ഒരു ചെറിയ വ്യത്യാസമല്ലേയുള്ളൂ.... ഒരായുഷ്കാലത്തേക്കുള്ള കരാർ ആണെന്ന
വ്യത്യാസം. കരാർ ഉറപ്പിക്കാവുന്നതാണ്.
അയാൾ ഭാര്യയെ നോക്കി. അവൾ അടുക്കളയിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.
ഭാര്യയോട് വിദേശത്ത് ജോലി തരപ്പെട്ടു എന്നു പറയാം. അവൾ സന്തോഷം കൊണ്ട്
തുള്ളിച്ചാടും. വിമാനത്തിൽ കയറിയുള്ള യാത്രയും സായിപ്പുമാരുടെ നാട്ടിലെ ജോലിയും
അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്.
അവളുടെ കൂട്ടുകാരികളിൽ പഠിപ്പുള്ള ചിലർ നഴ്സിംഗ് ജോലിക്കായി സായിപ്പിന്റെ
നാട്ടിൽ പോയെന്നറിയുമ്പോൾ അവൾ പറയാറുണ്ട്. ഒരായയായെങ്കിലും അവിടെ പോകാൻ
പറ്റ്യേരുന്നെങ്കിൽ നമ്മുടെ കഷ്ടപ്പാട് തീർന്നേനെ. ഈ ഓടുമേഞ്ഞ വീട് പൊളിച്ച്
വാർക്കവീട് പണിയണം. ബാക്കി സ്ഥലത്ത് ഒരു റിസോർട്ട് തുടങ്ങണം. ഒരു കാറ്
വാങ്ങണം. എല്ലാം അവളുടെ ആഗ്രഹങ്ങളാ.
സായിപ്പുമായുള്ള കരാർ ഉറപ്പിച്ചാൽ ഒക്കെ നടക്കും. അവൾക്ക് സന്തോഷമാവും.
പിന്നെ കുഞ്ഞുങ്ങളേയും തന്നെയും പിരിഞ്ഞു നിൽക്കുന്നതിന്റെ ചെറിയ സങ്കടങ്ങള്
അവൾക്കുണ്ടാകും. അത് തുടക്കം കുറച്ച് നാളുകളേ ഉണ്ടാവൂ. പിന്നെ എല്ലാ
ശരിയാവും. സായിപ്പിന്റെ നാട്ടിലെ നല്ല നല്ല കാഴ്ചകള് കാണുമ്പോൾ സന്തോഷമാവും
അവൾക്ക്.
അയാൾ സായിപ്പിന്റെ കൈപിടിച്ച് കുലുക്കി തീരുമാനം പറഞ്ഞു.
"യാ...യാ...ഐ ആം റെഡി സർ...."
അർണോൾഡ് സായിപ്പ് പുഞ്ചിരിച്ചുകൊണ്ട് ഒരു പിടി ഡോളറുകൾ അയാൾക്ക് നേരെ
നീട്ടി.
അഡ്വാൻസ് ഡോളർ വാങ്ങി എണ്ണുമ്പോൾ അയാൾ ഓർത്തു.
ടൂറിസം വന്നാൽ നാടൻ വസ്തുക്കൾക്ക് സായിപ്പ് പൊന്നിന്റെ വിലതരും എന്ന്
നേതാക്കന്മാർ പ്രസംഗിച്ചതു എത്ര സത്യമാണ്.