Followers

Monday, February 28, 2011

ചിന്തേരിട്ട കാലം


ismail melati

കാലത്തിന്‌ ചിന്തേരിടും കാലമിത്‌
നാദത്തിന്‌ നാദമായ്‌ നിലകൊൾക വയ്യ
സ്വരം മിനുക്കിയേ ചൊൽവതുള്ളു
ആശയറ്റാശാരി ചിന്തേരിടുന്നതോ
അമ്മതൻ മുഖം മിനുക്കാൻ
വരത്തന്റെ വാർണീഷും
വർണപ്പൊടിപ്പൂരവും ചേർത്ത്‌
വാർന്നു വീഴുവതഴകായതുമില്ല
ചിന്തേരിടുമാശാരിക്കു മുമ്പിൽ
കുമിഞ്ഞു കൂടുന്നു സാധനങ്ങൾ
ആരാണ്ടെപ്പഴോ ധരിച്ചൊരു മുഖംമൂടി
കുത്തി നടന്ന വടി, രക്താങ്കിത വാളുറ
മാറാല മേയും ബുക്കലമാരകൾ,
പൊടിഞ്ഞു തീരും മേശകൾ
പൂപ്പൽ പിടിച്ച ഡിസ്കുകൾ
വാട വമിക്കും പേനാക്കൂടുകൾ
മഷി വറ്റിയൊടുങ്ങിയ പേനകൾ
മരവിച്ച കൈവിരലുകൾ
ഒടിഞ്ഞു കുത്തിയ മനസ്സുകൾ
ചവച്ചു തുപ്പിയ ചിന്തകൾ
മിനുങ്ങാത്തയമ്മതൻ മുഖം
പാർലറിലേയ്ക്കെടുക്കുവിൻ
പാക്കറ്റിലെത്തിയ, കസ്തൂരി മഞ്ഞളും
രക്തചന്ദനവും കൊണ്ട്‌, തേച്ചു മിനുക്കുവിൻ
തേയ്ക്കുന്തോറുമമ്മ തൻ, മുഖത്തെ ഞരമ്പുകൾ
തടിക്കുന്നു, ചുവക്കുന്നു, സുതാര്യമാകുന്നു
ഞരമ്പിനുള്ളിലോ, എതിർദിശയിലോടും രക്തപ്രവാഹം
നിലവിളിക്കാതെ, നെടുവീർപ്പിടാതെ
ഒന്നു ഞരങ്ങുക പോലും ചെയ്യാതെ
നിശബ്ദയായമ്മ കണ്ണടച്ച്‌.....