rajanandini
അറിയില്ലെനിക്കൊട്ടുമെ വലിയോരുടെ ലോകവുംഅറിയില്ലെനിക്കൊട്ടുമെ പരിഷ്കരിച്ച സ്നേഹവും
എന്റെ ലോകം ചെറുതല്ലോ ചെറിയോരാണു പാർപ്പതും
കനിവിന്റെ നിറവല്ലോ കുളിരേകുന്നതല്ലല്ലിൽ
വിശപ്പിന്റെ വേതാളങ്ങൾ കനൽ കോരിനിറയ്ക്കവെ
നിറഞ്ഞ സ്നേഹമല്ലയോ ഉറവേറ്റുന്നു പ്രാണനിൽ
കപടങ്ങളാർത്തെത്തുന്നു ഇടയ്ക്കെങ്കിലുമന്റെമേൽ
കരിവാരിപ്പുതപ്പിച്ച് കരഘോഷം മുഴക്കുന്നു
തൃഷ്ണയേറ്റിയ കണ്ഠങ്ങൾ വിളിച്ചാർക്കുന്നു പിന്നെയും
ഇവളല്ലോ നമുക്കുള്ളിൽ വിതയ്ക്കുന്നു വിഷവിത്തുകൾ
സ്വാർത്ഥത്തിൽ മുനസൂചികൾ കുത്തുന്നു ചുറ്റിനുംനിന്ന്
ആൾക്കൂട്ടത്തിൽ നടുകെ നിന്നുരിയുന്നെന്റെ വസ്ത്രവും
കണ്ടു കണ്ണുപൊട്ടന്മാർ ആദ്യം കാണുന്നലോകം പോൽ
കണ്ടു പകച്ചുനിന്നുപോയ് അത്യാധുനിക ലോകത്തെ
പെട്ടെന്നുള്ളഞ്ഞെട്ടലിൽ പൂട്ടിപ്പോകുന്നു കണ്ണുകൾ
അകമെ കാണുന്നുണ്ടു ഞാനെന്റെ ലോകം ചെറുലോകം
അവിടെ കല്ലുദൈവങ്ങൾ മതിയില്ലാതെ വാഴുന്നു
അവിടത്തുകാരെല്ലാരും മണ്ണിൻ മക്കളാകുന്നു.