
shahul hamid k t
സംവിധായകന് സ്റ്റേജിൽ ഇരിപ്പുറച്ചില്ല. മുൻപിൽ തന്റെ സിനിമയിലെ ഗാനത്താൽഇഹലോകബന്ധം നഷ്ടപ്പെട്ട് ഉറഞ്ഞുതുള്ളുന്ന വിദ്യാർത്ഥികൾക്കൊപ്പം സംവിധായകനും
കൂടി. ഒടുവിൽ വിയർത്തൊലിച്ച് നിലത്തുവീണു. കണ്ണുതുറന്നപ്പോൾ തലചുറ്റുന്നതുപോലെ
തോന്നി, ചോരയൊലിക്കുന്ന നാലു വിദ്യാർത്ഥിമുഖങ്ങൾ പ്രദക്ഷിണം വെക്കുന്നതോടൊപ്പം
അയാളോടു പറഞ്ഞു:
ഭരണകൂടം ഞങ്ങളെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട കഴുതകളാക്കുമ്പോഴും നിന്റെ സിനിമ
അതിനെതിരെ ചെറുവിരൽ പോലുമനക്കില്ലല്ലോ....!
മസ്തിഷ്ക്കങ്ങളെ മന്ദിപ്പിക്കുന്ന ഓരോ ഫ്രെയ്മുകളും ഹൃദയങ്ങളെ യാഥാർത്ഥ്യങ്ങളിൽ
നിന്ന് അടിച്ചകറ്റുന്നു.
ഓരോ കോഴ്സിനും വൻ കോഴവാങ്ങുന്നവരെ തിരശ്ശീലയിലൊളിപ്പിച്ച് സമൂഹത്തിലെ
അഴിമതികൾ കാണിച്ചുതന്ന് നീ ഞങ്ങളുടെ പോരാട്ടത്തെ വഴിതെറ്റിക്കുന്നു...
എന്റെ അഭിനയം വിലക്കിയ, പെണ്ണുങ്ങൾ നാടകം കളിക്കേണ്ടെന്ന് പറഞ്ഞ പ്രിൻസിപ്പൽ,
നിന്റെ അഭ്രപാളികളിലെ പെൺരൂപങ്ങളുടെ നാഭിച്ചുഴികളാസ്വാദിച്ചു പറഞ്ഞു: അതാണ്
കാമ്പസ്.
മങ്ങിയ കാഴ്ചയുമായി പിടഞ്ഞെഴുന്നേറ്റപ്പോഴും വിദ്യാർത്ഥികൾ
ആടിത്തിമിർക്കുകയാണ്. ആശ്വാസത്തോടെ ചുവടുകൾ വെക്കാനൊരുങ്ങുമ്പോഴാണ് ആ നാൽവർ
സംഘം ദൂരെ നിൽക്കുന്നുണ്ട് കണ്ടത്. അവർ ഇരട്ടിക്കുന്നതായും അരികിലേക്കുവന്ന്
വളയുന്നതായും തോന്നിയ അയാൾ വിദ്യാർത്ഥികൾക്കിടയിൽ മറഞ്ഞ് കാമ്പസിൽ നിന്നു
രക്ഷപ്പെട്ടു.